അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങള്‍.
എഴുകോണ്‍ : എഴുകോണ്‍ റെയില്‍വേ സ്റ്റേഷന് മുമ്പില്‍ പോലീസിന്റെ നോ പാര്‍ക്കിംഗ് ബോര്‍ഡ് ഉണ്ടെങ്കിലും വകവ യ്ക്കാതെ വാഹന പാര്‍ക്കിംഗ് . റോഡിന്റെ ശോചനീയാവസ്ഥ, റെയില്‍വേ കോമ്പൗണ്ട് ഗ്രില്‍ കെട്ടി അടച്ചതോടെ റോഡരികിലുണ്ടായ സ്ഥലകുറവ് എന്നിവ കാരണം ഗതാഗതക്കുരുക്കും റോഡില്‍ അപകടങ്ങളും പതിവാകുന്നു.
നോ പാര്‍ക്കിംഗ് ബോര്‍ഡിനോട് ചേര്‍ന്ന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടാണ് ആള്ക്കാര് ട്രെയിനില്‍ കയറിപ്പോകുന്നത്. പോകുന്നവര്‍ വൈകുന്നേരമാകുമ്പോളാണ് വാഹനങ്ങൾ എടുക്കാനെത്തുന്നത്.
റെയില്‍വേ സ്റ്റേഷന്റെ കവാടത്തോട് ചേര്‍ന്ന് ഹരിത കര്‍മസേന ശേഖരിച്ച മാലിന്യ കൂനകളും കാണാം. ഇതിനോട് ചേര്‍ന്നാണ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു നിര്‍മിച്ച ഉദ്ഘാടനം കഴിയാത്ത വെയ്റ്റിംഗ് ഷെഡ് സ്ഥിതി ചെയ്യുന്നത്.
ഇത് മരം വീണ് പൊളിഞ്ഞുനില്ക്കുകയാണ്. കൂടാതെ കെഎസ്ഇബിയുടെ പഴയ ട്രാന്‍സ്ഫോര്‍മര്‍, സ്വകാര്യ വ്യക്തികള്‍ അടുക്കി വച്ചിരിക്കുന്ന വിറകുകൂന എന്നിവയുമുണ്ട്.
സമീപത്തെ വീടുകളുടെ ഗേറ്റിനു മുന്‍പിലും മറ്റും നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വഴിയടച്ച് വാഹനങ്ങള്‍ ലോക്ക് ചെയ്ത് വച്ചിട്ട് പോകാറാണ് പതിവ്.
ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.