താമരശേരി: കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഏഴാമത് ഇഎസ്എ കരട് വിജ്ഞാപനത്തിന്റെ തുടര്‍ച്ചയായി സംസ്ഥാന സര്‍ക്കാര്‍ സെപ്റ്റംബര്‍ 24ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രതിസന്ധിയാകുമെന്ന് പശ്ചിമഘട്ട ജനസംരക്ഷണ സമിതി കുറ്റപ്പെടുത്തി.കരടു വിജ്ഞാപനത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 1400 ചതുരശ്രകിലോമീറ്റര്‍ ഇഎസ്എ ഏരിയ കുറഞ്ഞുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും നിരവധി വില്ലേജുകളിലെ വനവിസ്തൃതി കരട് വിജ്ഞാപനത്തില്‍ പ്രസിദ്ധപ്പെടുത്തിയതിനേക്കാളും അധികമാണ്. വനംവകുപ്പിന്റെ കണക്കിലുള്ളതിനേക്കാളും വര്‍ധനവാണ് കാണിച്ചിരിക്കുന്നത്.ജില്ലയില്‍ കോടഞ്ചേരി, നെല്ലിപ്പൊയില്‍, തിനൂര്, കാവിലുംപാറ, ചെമ്പനോട തുടങ്ങിയ വില്ലേജുകളില്‍ ഇത് പ്രകടമാണ്.
സംസ്ഥാനസര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടിലെ 98 വില്ലേജുകളില്‍ 25ലധികം വില്ലേജുകളില്‍ ഇത്തരത്തില്‍ യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ വനഭൂമി വര്‍ധിപ്പിച്ചാണ് നല്‍കിയിരിക്കുന്നത്. ഓരോ വില്ലേജിലും നിലവില്‍ വനംവകുപ്പിന്റെ കൈവശമുള്ള വനഭൂമിയുടെ അടിസ്ഥാനത്തില്‍ മാത്രം ഇഎസ്ഐ പ്രഖ്യാപനം നടത്തേണ്ട സാഹചര്യമുള്ളപ്പോള്‍ അധിക വനഭൂമി റിപ്പോര്‍ട്ടില്‍ കാണിച്ചാല്‍ അന്തിമവിജ്ഞാപനത്തോടെ ആ വില്ലേജില്‍ അത്രയും അധിക വനം കണ്ടെത്തേണ്ട സാഹചര്യം സംജാതമാകും.
സംസ്ഥാനം നല്‍കിയിരിക്കുന്ന ശിപാര്‍ശ സ്വീകരിച്ച് കേന്ദ്രം പുറപ്പെടുവിക്കുന്ന ഔദ്യോഗിക അന്തിമ വിജ്ഞാപനത്തിന്റെ പിന്‍ബലത്തില്‍ വനംവകുപ്പിന് ഇല്ലാത്ത ഈ വനത്തിനുവേണ്ടി അവകാശവാദം ഉന്നയിക്കാം. ഇത് മതിയായ രേഖകളുള്ള കര്‍ഷകരുടെ ഭൂമിയെ അനാവശ്യ തര്‍ക്കങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും തള്ളിവിടുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ചെയര്മാന് താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം വയലില്‍, ജനറല്‍ സെക്രട്ടറി ഡോ. ചാക്കോ കാളംപറമ്പില്‍, ട്രഷറര്‍ ടെന്നിസണ്‍ ചാത്തംകണ്ടത്തില്‍, ഭാരവാഹികളായ ജോയി കണ്ണന്‍ചിറ, ബോസ് പുരയിടത്തില്‍, നിതീഷ് കട്ടിപ്പാറ, ഷിനോയി അടയ്ക്കാപാറ, അഡ്വ. ജോര്‍ജ് കിഴക്കനാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.