ദീപിക കളർ ഇന്ത്യ പെയിന്റിംഗ് മത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ശ്രീപുരം പാസ്റ്ററൽ സെന്ററിൽ ക്രൈംബ്രാഞ്ച് എസ്പി കെ.വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂർ: വിദ്യാർഥികൾ സ്വപ്നം കാണാൻ പഠിക്കണമെന്ന് ജില്ല ക്രൈംബ്രാഞ്ച് എസ്പി കെ.വി. വേണുഗോപാൽ. ‘ദീപിക കളർ ഇന്ത്യ' ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ആദരവും കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾ സ്വപ്നം കാണാൻ പഠിക്കണമെന്നും സമൂഹത്തിൽ ഒരുപാട് കുറ്റകൃത്യങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലഹരിയിലേക്കും മറ്റ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിലേക്കും പോകാതെ കലയെ സ്നേഹിച്ച് അതൊരു ലഹരിയായെടുത്ത് മുന്നോട്ടുപോകണം. ഇങ്ങനെയുള്ള കുട്ടികൾക്ക് അവരുടെ കഴിവിനനുസരിച്ച് പിന്തുണ നൽകാൻ രക്ഷിതാക്കൾ തയാറാകണമെന്നും വേണുഗോപാൽ പറഞ്ഞു.
അമ്പതിനായിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത കളർ ഇന്ത്യ മത്സരത്തിൽ വിജയികളായ കണ്ണൂർ ജില്ലയിലെ കെജി, എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള സമ്മാനങ്ങളാണ് വിതരണം ചെയ്തത്.
ശ്രീപുരം ജൂനിയർ കോളജ് ആൻഡ് ഹൈസ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അയോണ അധ്യക്ഷത വഹിച്ചു. വിസ്മയ അമ്യൂസ്മെന്റ് പാർക്ക് മാർക്കറ്റിംഗ് മാനേജർ വി.വി. നിധിൻ, ദീപിക അഡ്വർടൈസ്മെന്റ് മാനേജർ പി.ജെ. മാത്യു, സീനിയർ ബിസിനസ് മാനേജർ റെക്സി എം. ഐപ്പ് എന്നിവർ ആശംസകളർപ്പിച്ചു. ദീപിക അസി. ജനറൽ മാനേജർ (സർക്കുലേഷൻ) ജോർജ് തയ്യിൽ സ്വാഗതവും സീനിയർ ഏരിയ മാനേജർ (സർക്കുലേഷൻ) ബാബു പതിപ്പള്ളിൽ നന്ദിയും പറഞ്ഞു.
Tags :