പ്രതീകാത്മക ചിത്രം
കർഷകരെ ആകർഷിക്കാൻ കമ്പനികൾ
കുമരകം: അപ്പർ കുട്ടനാട്ടിലെ നെൽപാടങ്ങളിൽ പുഞ്ചക്കൃഷിക്ക് ഒരുക്കങ്ങൾ ആരംഭിച്ചു. കൃഷിയുടെ പ്രാരംഭ നടപടിയായ പമ്പിംഗ് ലേലം ഏറെക്കുറെ പൂർത്തിയായി. ലേലംകൊണ്ട കോൺട്രാക്ടർ വൈദ്യുത കണക്ഷൻ തരപ്പെടുത്തുന്ന നെട്ടോട്ടത്തിലാണ്.
ചില പാടശേഖരങ്ങളിൽ വെള്ളം വറ്റിക്കുന്ന ജോലികൾ തുടങ്ങി. വെള്ളം വറ്റിക്കഴിഞ്ഞാലുടൻ ഉഴവ് നടത്തി നിലം ഒരുക്കലിലേക്ക് കടക്കും. വെള്ളം വറ്റിച്ചുതുടങ്ങുന്നതോടെ ആമ്പൽ വസന്തത്തിനവസാനമാകും.
വാഗ്ദാനങ്ങളുടെ വല വിരിച്ച് കമ്പനികൾ
കള, കീടനാശിനി കമ്പനികൾ കർഷകരെ ആകർഷിക്കാൻ വല വിരിച്ചു തുടങ്ങി. പഞ്ചായത്തുതലത്തിൽ കർഷകരുടെ യോഗങ്ങൾ വിളിച്ച് തങ്ങളുടെ ഉത്പനങ്ങൾ പരിചയപ്പെടുത്തുന്ന തിരക്കിലാണ് കന്പനി പ്രതിനിധികൾ. അപ്പർ കുട്ടനാട്ടിൽ 5000 ഹെക്ടർ നിലത്ത് പുഞ്ചകൃഷി ഇറക്കിവരുന്നു.
കഴിഞ്ഞ പുഞ്ച സീസണിൽ 1000 ടൺ രാസ കീട, കളനാശിനികൾ ഉപയോഗിച്ചതായിയാണ് വിവരം. ഒരു കൃഷിക്ക് മാത്രം കുറഞ്ഞത് മൂന്ന് തവണ കളനാശിനിയും അഞ്ചു തവണ കീടനാശിനിയും പ്രയോഗിക്കുന്നുണ്ട്. ഇക്കുറി വ്യാപാരം വർധിപ്പിക്കാനുള്ള മത്സരത്തിലാണ് കമ്പനികൾ.