ആർ. ആൽവിൻ. ആദിലക്ഷ്മി സനേഷ്. നിവേദ് സുധീർ
കൽപ്പറ്റ: വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് ജില്ലയിൽ നിന്നു മൂന്ന് വിദ്യാർഥികൾ അർഹരായി.
വിവിധ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് ആദിലക്ഷ്മി സനേഷ്, ആർ. ആൽവിൻ, നിവേദ് സുധീർ എന്നിവരാണ് അർഹരായത്.
ആറ് മുതൽ 11 വയസ് വരെയുള്ള പൊതുവിഭാഗത്തിലാണ് ആദിലക്ഷ്മി സനേഷ് പുരസ്കാരത്തിന് അർഹയായത്. കൽപ്പറ്റ ജീനിയസ് ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ദേശീയ, അന്തർദേശീയ റിക്കാർഡുകൾ ആദിലക്ഷ്മി കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്റർനാഷണൽ സ്റ്റാർ കിഡ്സ് അവാർഡിലെ സ്റ്റാർ അച്ചീവർ പുരസ്കാരം, രബീന്ദ്ര രത്ന പുരസ്കാർ എന്നിവ നേടിയിട്ടുണ്ട്.
ഇന്റർനാഷണൽ ബുക്ക് ഓഫ് റിക്കാർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ്, ഇൻജീനിയസ് ബുക്ക് ഓഫ് റിക്കാർഡ്സ്, ഇൻഫ്ളുവൻസർ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കാർഡ്സ്, ലണ്ടൻ ബുക്ക് ഓഫ് റിക്കാർഡ്സ് എന്നിവയിലും ഇടം നേടിയിട്ടുണ്ട്.12 മുതൽ 18 വയസുവരെയുള്ള പൊതുവിഭാഗത്തിലാണ് ആർ. ആൽവിൻ പുരസ്കാരത്തിന് അർഹനായത്. പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. സൈക്ലിംഗ് പോളോയിൽ ദേശീയതലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. 12 മുതൽ 18 വയസുവരെയുള്ള ഭിന്നശേഷി വിഭാഗത്തിലാണ് നിവേദ് സുധീറിന് പുരസ്കാരം ലഭിച്ചത്. പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ് വിദ്യാർഥിയാണ്. ജാസ് ഡ്രംസ് അവതരിപ്പിച്ച് ശ്രദ്ധ നേടിയ നിവേദ് അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ പ്രധാന അതിഥിയായി പങ്കെടുത്ത് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
ബ്ലോക്ക്തല ഭിന്നശേഷി സർഗ മേളയിൽ പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന കാർണിവൽ ഓഫ് ദി ഡിഫറന്റ് ഭിന്നശേഷി സർഗോത്സവത്തിലേക്ക് നിവേദിന് സെലക്ഷൻ ലഭിച്ചിട്ടുണ്ട്. ജേതാക്കൾക്ക് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ശിശുദിനാഘോഷത്തിൽ വനിതാ ശിശു വികസന മന്ത്രി ബിന്ദുകൃഷ്ണ പുരസ്കാരം വിതരണം ചെയ്യും.
Tags : Three students Nattuvishesham Districtnews