കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ സിൻഡിക്കറ്റ് അംഗങ്ങളുടെ നാമനിർദേശം പിൻവലിച്ച് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് കേരള ഹൈക്കോടതി ശരിവെച്ചു. സർക്കാർ നടപടിയെ ചോദ്യം ചെയ്ത് മുൻ സിൻഡിക്കറ്റ് അംഗങ്ങളും കേരള യൂണിവേഴ്സിറ്റി മുൻ പ്രോ-വൈസ് ചാൻസലറുമായ പ്രൊഫ. ഡോ. പി.പി. അജയകുമാർ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച റിട്ട് ഹർജി ഹൈക്കോടതി തള്ളി. ഇതോടെ പുതിയ സംസ്ഥാന സർക്കാർ പുനഃസംഘടിപ്പിച്ച സിൻഡിക്കറ്റിന് തുടരാൻ കോടതി അനുമതിയായി.
2025 മാർച്ച് 14-ലെ സർക്കാർ ഉത്തരവുപ്രകാരം സിൻഡിക്കറ്റ് അംഗങ്ങളായി നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ നാമനിർദേശം പിൻവലിച്ചുകൊണ്ട് ഓഗസ്റ്റ് ഒന്നിനാണ് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചു. എന്നാൽ, തങ്ങളുടെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നാമനിർദ്ദേശം പിൻവലിച്ച സർക്കാർ നടപടിയെ ചോദ്യം ചെയ്താണ് മുൻ അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് 2026 നവംബർ 11-ന് പുറപ്പെടുവിച്ച വിധിയിലാണ് സർക്കാർ നടപടി നിയമപരമായി ശരിവെച്ച് ഹർജി തള്ളിയത്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആക്ട്, 2021-ലെ 25, 26 വകുപ്പുകൾ വിശദമായി പരിശോധിച്ച കോടതി, സർക്കാർ നാമനിർദേശം ചെയ്യുന്ന സിൻഡിക്കറ്റ് അംഗങ്ങൾക്ക് നിർബന്ധമായും നാലുവർഷത്തെ കാലാവധി ഉറപ്പുനൽകുന്ന വ്യവസ്ഥ നിയമത്തിലില്ലെന്ന അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
നാലുവർഷത്തിലൊരിക്കൽ സിൻഡിക്കറ്റ് പുനഃസംഘടിപ്പിക്കണമെന്ന് മാത്രമാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്ന അംഗങ്ങളുടെ കാലാവധി സംബന്ധിച്ച് പ്രത്യേകമായ ഉറപ്പ് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ല. അതിനാൽ, നാലുവർഷം പൂർത്തിയാകുന്നതുവരെ സിൻഡിക്കറ്റ് അംഗങ്ങളായി തുടരാൻ തങ്ങൾക്ക് നിയമപരമായ അവകാശമുണ്ടെന്ന ഹർജിക്കാരുടെ വാദം നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
സർക്കാരിന് നാമനിർദേശം ചെയ്യാനുള്ള അധികാരം നൽകുന്ന നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ, നേരത്തേ നൽകിയ നാമനിർദേശങ്ങൾ പുനഃപരിശോധിക്കാനും പിൻവലിക്കാനും പുതിയ അംഗങ്ങളെ ഉൾപ്പെടുത്താനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. നാമനിർദേശം ചെയ്ത അധികാരിക്ക് അത് പിൻവലിക്കാനോ മാറ്റം വരുത്താനോ ഉള്ള അധികാരം അന്തർലീനമാണെന്ന നിയമതത്വവും വിധിയിൽ പരിഗണിച്ചു.
നാമനിർദ്ദേശം പിൻവലിച്ച നടപടി ഹർജിക്കാരുടെ വ്യക്തിപരമായ യോഗ്യതയെയോ പ്രഗത്ഭരെന്ന നിലയിലുള്ള അംഗീകാരത്തെയോ ബാധിക്കുന്നതല്ലെന്നും അവർക്കെതിരെ അഴിമതി, ക്രമക്കേട് തുടങ്ങിയ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും കോടതി പ്രത്യേകം പരാമർശിച്ചു.
സർക്കാരിന്റെ ഉത്തരവുകളിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.
സർവകലാശാലയ്ക്കു വേണ്ടി അഡ്വ. ഗിരിജ കെ. ഗോപാൽ, ഹൈക്കോടതിയിൽ ഹാജരായി. സിൻഡിക്കറ്റിനു വേണ്ടി സീനിയർ അഭിഭാഷകൻ അഡ്വ. ജോർജ് പൂന്തോട്ടവും ഹർജിക്കാർക്കുവേണ്ടി സീനിയർ അഭിഭാഷകൻ അഡ്വ. എൽവിൻ പീറ്ററും ഹാജരായി. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മുഹമ്മദ് ഷായും സ്റ്റേറ്റ് അറ്റോർണി അനൂപ് വി. നായരും സർക്കാറിന് വേണ്ടി ഹാജരായി
Tags : High Court Upholds Nattuvishesham Districtnews