സ്റ്റിച്ചിംഗ് യൂണിറ്റ് ബിസിനസ് ഡെവലപ്മെന്റ് പ്ലാൻ യോഗം നഗരസഭാ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ശ്രീകണ്ഠപുരം: നഗരസഭയിലെ ഹരിതകർമസേന അംഗങ്ങളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുമായി കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ സഹായത്തോടെ സ്റ്റിച്ചിംഗ് യൂണിറ്റ് തുടങ്ങുന്നു. പദ്ധതിയുടെ ബിസിനസ് ഡെവലപ്മെന്റ് പ്ലാൻ സംബന്ധിച്ച യോഗം ശ്രീകണ്ഠപുരം നഗരസഭാ ഹാളിൽ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നഗരസഭയുടെ നേതൃത്വത്തിൽ പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ 10,12,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പുള്ളിമാൻകുന്ന് എംസിഎഫ് കേന്ദ്രത്തിലെ വനിതാവ്യവസായ കെട്ടിടത്തിലാണ് സ്റ്റിച്ചിംഗ് യൂണിറ്റ് പ്രവർത്തനമാരംഭിക്കുക. ആവശ്യമായ തയ്യൽ മെഷീനുകൾ, ഓവർലോക്ക് മെഷീൻ, കട്ടിംഗ് ടേബിൾ, ഇസ്തിരിപ്പെട്ടി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും യൂണിറ്റിൽ ഒരുക്കും.
ഹരിതകർമസേന അംഗങ്ങൾക്ക് സ്ഥിരമായ വരുമാനമാർഗം സൃഷ്ടിക്കുന്നതിനും സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനും പദ്ധതി സഹായകമാകും.ഹെൽത്ത് സ്റ്റാൻഡിംഗ് ചെയർപേഴ്സൺ പി. നൂറുദ്ദീൻ, സെക്രട്ടറി പി.എൻ. അനീഷ്, എച്ച്.ഐ പ്രേമരാജൻ, പി.എച്ച്.ഐ. സതീഷ് ഹരിതകർമസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പദ്ധതി സോഷ്യൽ എക്സ്പെർട്ടുമാരായ ടി.ജെ. ജെയ്സൺ, കെ. മുജീബ്, പി. അപർണ എന്നിവർ പദ്ധതിയുടെ ലക്ഷ്യങ്ങൾ, പ്രവർത്തനരീതി, സാധ്യതകൾ എന്നിവ വിശദീകരിച്ചു.
Tags : Stitching unit Nattuvishesham DistrictNews