കൊട്ടാരക്കര: കൊട്ടാരക്കരയിൽ വൻമയക്കുമരുന്നു വേട്ട. കൊട്ടാരക്കര കെഎസ്ആർടിസി ബസ്റ്റാൻഡിന് മുൻവശം ഇന്നലെ രാത്രി 11. 30 ഒാടെയാണ് 98.04 ഗ്രാം ബ്രൗൺ ഷുഗറും 38 ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി പിടിയിലായത്. വിപണിയിൽ ഉദ്ദേശം 30 ലക്ഷം രൂപ വില വരുന്ന ബ്രൗൺഷുഗർ കൊട്ടാരക്കര പൊലിസും റൂറൽ ഡാൻസഫ് ടീമും നടത്തിയ സംയുക്ത നീക്കത്തിന് ഒടുവിലാണ് പിടികൂടിയത്. ആസാമിലെ നാഗോൺ ജില്ലയിലെ ഉറപ്പു എന്ന സ്ഥലത്ത് താമസിക്കുന്ന റബ്ബുൽ ഇസ്ലാം(25 )ആണ് അറസ്റ്റിൽ ആയത്.
കൊല്ലം റൂറൽ ജില്ലാ പൊലിസ് മേധാവി ഷാജി സുഗുണനു ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ പിടിയിലായത്. കെഎസ്ആർടിസി ബസിൽനിന്ന് ഇറങ്ങി പുറത്തേക്ക് വന്ന ഇയാളെ കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റേഷൻ സമീപം ഉണ്ടായിരുന്ന പൊലിസ് വലയിൽ ആക്കുകയായിരുന്നു. ഇയാളുടെ ബാഗ് പരിശോധിച്ചതിൽ എട്ടു പ്ലാസ്റ്റിക് ബോക്സുകളിൽ ഓരോ ബോക്സിലും പ്ലാസ്റ്റിക് കവറിൽ പായ്ക്ക് ചെയ്ത നിലയിലായിരുന്നു ബ്രൗൺഷുർ ഉണ്ടായിരുന്നത്.
വിപണിയിൽ ഇത് ഒരു ഗ്രാം,അര ഗ്രാം എന്ന രീതിയിൽ ചെറിയ ഡപ്പികളിലാക്കി വൻ വലയ്ക്ക് വിൽക്കുകയാണ് പതിവെന്നും ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി. കൊല്ലം റൂറൽ പൊലിസ് ജില്ലയിൽ ഇത് ആദ്യമാണ് ബ്രൗൺഷുഗരുമായി ഒരാൾ പിടിയിലാകുന്നത്.
കഴിഞ്ഞമാസം ഒന്നാം തീയതി 400 ഗ്രാം എംഡിഎം എ യുമായി ഒരാളും അതിന് രണ്ടാഴ്ച മുമ്പ് 150 ഗ്രാം എംഡിയുമായി മൂന്നു യുവാക്കളും കൊട്ടാരക്കരയിൽ പൊലിസ് പിടിയിലായിരുന്നു.
കൊട്ടാരക്കര എസ്ഐ ഹേമന്തകുമാർ, എസ്ഐ അംജിത് കൊട്ടാരക്കര ഓഫിസിലെ വിനീഷ്, കൊല്ലം റൂറൽ നർക്കോട്ടിക് സെല്ലിലെ ഗ്രേഡ് എസ്ഐ മുജീബ്, കൊല്ലം റൂറൽ ഡാൻസഫ് ടീമിലെ സബ് ഇൻസ്പെക്ടർമാരായ എച്ച്. ഷാനവാസ്, മനീഷ് റൂറൽ ഡാൻസഫ് അംഗങ്ങൾ എന്നിവരും ഈ നിരീക്ഷണത്തിലും അറസ്റ്റ് ചെയ്യുന്നതിലും പ്രവർത്തിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Tags : narcotic drugs Nattuvishesham Districtnews