അക്രമികൾ തകർത്ത തട്ടുകട
കുണ്ടറ: വടയ്ക്ക് ഉപ്പില്ലെന്നു പറഞ്ഞ് തട്ടുകട തകർത്തതായി പരാതി. ആക്രമണത്തിൽ കടയുടമയ്ക്കും തൊഴിലാളിക്കും പരിക്ക്. ആലുംമൂട്ടിലാണ് സംഭവം. മാരകായുധങ്ങളുമായി എത്തിയ ഗുണ്ടകൾ തട്ടുകട അടിച്ചു തകർക്കുകയും തിളച്ച എണ്ണ കടയിലെ തൊഴിലാളിയുടെ ദേഹത്ത് ഒഴിച്ചതായും പരാതിയിൽ പറയുന്നു. ആക്രമണം തടഞ്ഞ കടയുടമയെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു പരുക്കേൽപ്പിക്കുകയും വടിവാളുകൊണ്ട് വെട്ടിപ്പരു ക്കേൽപിക്കാൻ ശ്രമിച്ചതായും പരാതിയിലുണ്ട്.
ഇന്നലെ വൈകിട്ട് 5.30ന് പെരുമ്പുഴയ്ക്ക് സമീപം ആലുംമൂട് ജംഗ്ഷനിലാണ് അതിക്രമം ഉണ്ടായത്. കടയുടമ കൊല്ലം പള്ളിമുക്ക് സ്വദേശി ജെ. നാസിം, തൊഴിലാളി മോഹനൻ എന്നിവർക്കാണു പരിക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് ലഹരി വിൽപനയും ഗുണ്ടാ പ്രവർത്തനങ്ങളും നടത്തുന്ന യുവാവും സുഹൃത്തുമാണ് അക്രമം നടത്തിയ തെന്നു കടയുടമയും തൊഴിലാളിയും കൊട്ടിയം പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.
കടയിൽ എത്തിയ അക്രമികൾ പരിപ്പുവടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞു തട്ടിക്കയറുകയായിരുന്നുവെന്ന് ജെ.നാസിം പറഞ്ഞു. വാക്കേറ്റം മൂർഛിച്ചതോടെ അക്രമികൾ പലഹാരങ്ങൾ വലിച്ചെറിഞ്ഞു. ഇതു തടയുമ്പോഴാണ് മോഹനന്റെ ദേഹത്തേക്ക് തിളച്ച എണ്ണ ഒഴിച്ചതതെന്നും ഉടമ പറഞ്ഞു.
Tags : allegation Nattuvishesham Districtnews