പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കീം പ്രവേശന പരീക്ഷ എഴുതുന്ന ടൈപ്പ് വണ്‍ പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് മണിക്കൂറിന് 20 മിനിറ്റ് വീതം അധികസമയം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അധികസമയം അനുവദിക്കുകയെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ അറിയിച്ചു.
പരീക്ഷയ്ക്കിടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ (ഹൈപ്പോഗ്ലൈസീമിയ, ഹൈപ്പർഗ്ലൈസീമിയ) മൂലം വിദ്യാർഥികൾക്ക് നേരിടേണ്ടിവരുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് അധികസമയം അനുവദിക്കുന്നത്. കൂടാതെ ഇൻസുലിൻ പെൻ, ഇൻസുലിൻ പന്പ്, ഷുഗർ ടാബ്ലെറ്റുകൾ, വെള്ളം, തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണ സംവിധാനമായ സിജിഎംഎസ്, ലഘുഭക്ഷണങ്ങൾ, പഴങ്ങൾ എന്നിവ പരിശോധനയ്ക്കുശേഷം പരീക്ഷാഹാളിൽ കൈവശം സൂക്ഷിക്കാനും കീം പരീക്ഷാർഥികൾക്ക് അനുമതിയുണ്ട്.
ടൈപ്പ് വണ്‍ ഡയബറ്റിസ് ഫൗണ്ടേഷൻ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മിഷണറുടെ റിപ്പോർട്ട് പരിഗണിച്ചും ധനകാര്യ വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും അംഗീകാരം ലഭിച്ചുമാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്. 2027-ലെ കീം പ്രോസ്പെക്ടസിൽ വ്യവസ്ഥ ഉൾപ്പെടുത്തി തീരുമാനം നടപ്പാക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കും.
ടൈപ്പ്-വണ്‍ പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രഫഷണൽ കോളജുകളിലും നടത്തുന്ന പരീക്ഷകളിൽ മണിക്കൂറിന് 20 മിനിറ്റ് അധികസമയം അനുവദിച്ച് നേരത്തേ സർക്കാർ ഉത്തരവിറക്കിയിരുന്നു.
Tags : 20 extra minutes Diabetes patients Type 1 Education Learning Teaching School Classroom Students SpecialEducation Literacy Language Study Scholarships Examination RightToEducation