പ്രാദേശിക രാഷ്ട്രീയത്തിലെ വനിതാമികവ്
പ്രാദേശിക രാഷ്ട്രീയത്തിലെ വനിതാമികവ്
വികസനഭൂമികയില്‍ പുതിയ ഉയരങ്ങളിലേക്കു കുതിക്കുന്ന ആലുവ നഗരസഭയുടെ അഭിമാനതാരമാണ് ലിസി എബ്രഹാം. പ്രളയവും പ്രതിസന്ധികളും തളര്‍ത്തിയ ആലുവയെ അതിജീവനത്തിന്റെ പുത്തന്‍ ചിറകുകള്‍ നല്‍കി ഉണര്‍ത്താനായത് ലിസി എബ്രഹാം എന്ന നല്ല നേതാവിന്റെ നേതൃപാടവത്തിന്റെ പ്രകാശനം കൂടിയാണ്.

1911ല്‍ തിരുവിതാംകൂറിലെ ഒരു പട്ടണമെന്ന നിലയില്‍ ടൗണ്‍ സാനിറ്ററി കൗണ്‍സിലും, പിന്നീട് ടൗണ്‍ ഇംപ്രൂവ്‌മെന്റ് കിറ്റിയും ഭരിച്ചുപോന്ന ആലുവ 1921ലാണു നഗരസഭയായി ഉയര്‍ത്തപ്പെത്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരായിരുന്നു ആരംഭ കാലത്ത് കൗണ്‍സില്‍ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പ് സംവിധാനം നിലവില്‍ വന്ന ശേഷം അധികാരത്തിലെത്തിയ ആദ്യ മുനിസിപ്പല്‍ കൗണ്‍സിലിന്റെ ചെയര്‍ മാന്‍ എം.കെ.ഖാദര്‍പിള്ളയായിരുന്നു. നഗരസഭയുടെ രണ്ടാമത്തെ വനിതാ ചെയര്‍പേഴ്‌സണ്‍ എന്ന ഖ്യാതിയും ലിസി എബ്രഹാമിനുണ്ട്. ദീപികയുടെ ലീഡര്‍ഷിപ്പ് ആന്‍ഡ് സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡാണ് ഇപ്പോള്‍ ലിസിയെ തേടിയെത്തിയിരിക്കുന്നത്.

സുവര്‍ണകാലം

ആലുവ നഗരസഭയുടെ 2017- 18 കാലയളവ് സുവര്‍ണകാലമാണെന്നു പറയാം. ജനകീയാസൂത്രണ പദ്ധതി നിര്‍വഹണത്തില്‍ 118 ശതമാനം നിര്‍വഹിച്ച് ആലുവ നഗരസഭ പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്തും എറണാകുളം ജില്ലയില്‍ ഒന്നാം സ്ഥാനത്തും എത്തിയതു ലിസി എബ്രഹാമിന്റെ സാരഥ്യത്തിലാണ്. സര്‍ക്കാര്‍ തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള ആലുവ നഗരസഭ കൗണ്‍സിലിന് മറ്റൊരു പൊന്‍തൂവല്‍ കൂടിയാണ് ദീപികയുടെ അംഗീകാരം.

കേരളത്തിലെ ഏറ്റവും ചെറിയ പണങ്ങളില്‍ ഒന്നായ ആലുവയുടെ വികസനം എപ്പോഴും സ്ഥലപരിമിതികൊണ്ട് മുന്നോട്ട് പോകാനാകാതെ വന്നിട്ടുണ്ട്. എന്നാല്‍ ആലുവയുടെ വികസന സാധ്യതകള്‍ കണ്ടെത്തി അവ അച്ചടക്കത്തോടെ നടപ്പിലാക്കിയെന്നതാണ് നഗരസഭ കൗണ്‍സിലിന്റെ നേട്ടം.

തൊട്ടടുത്ത പഞ്ചായത്തില്‍ ഒരേക്കറോളം സ്ഥലം കണ്ടെത്തി ഭവനരഹിതര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുന്നതും ആലുവയിലെ സ്ഥലപരിമിതി മൂലമാണ്. സാറ്റലൈറ്റ് നഗരപ്രദേശമായി ഈ മേഖല അറിയപ്പെടും. കെഎസ് ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍, പുതിയ കോടതി സമുച്ചയം, മാര്‍ക്കറ്റ് സമുച്ചയം എന്നിവയുടെ നിര്‍മാണവും ഈ വര്‍ഷം ആരംഭിക്കും.

അതേസമയം പ്രളയം ഏല്‍പിച്ച ആഘാതത്തിലൂടെ നഗരസഭ അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയും കടന്നുപോകുന്ന കാലഘട്ടം കൂടിയാണിത്. 2018ല്‍ പെരിയാര്‍ കരകവിഞ്ഞൊഴുകിയപ്പോള്‍ പാതി മുങ്ങിയ ആലുവ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. അതിനെ പൂര്‍വസ്ഥിതിയിലാക്കാന്‍ ലിസി എബ്രഹാമിനു കഴിഞ്ഞത് കാല്‍ നൂറ്റാണ്ട് പിന്നിട്ട രാഷ്ട്രീയ ജീവിതം മുതല്‍ക്കൂട്ടായിരുന്നതിനാല്‍ തന്നെയാണ്.

നികുതി വരുമാനം കുത്തനെ കുറഞ്ഞതോടെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍പോലും കഴിയാതെ വന്ന സാഹചര്യമുണ്ടായി. ആലുവ ശിവരാത്രി മണപ്പുറം പൂര്‍വസ്ഥിതിയിലാക്കാന്‍ ലക്ഷങ്ങള്‍ ചെലവിടേണ്ടിവന്നു. വീടുകളിലേയും വ്യാപാര ശാലകളിലെയും മാലിന്യകൂമ്പാരം നഗരവീഥികളില്‍ നിറഞ്ഞപ്പോള്‍ അത് മുഴുവനായും നീക്കിയത് ആലുവ നഗരസഭയുടെ നേതൃത്വത്തിലായിരുന്നു.


ആലുവയുടെ സുവര്‍ണകാലവും പ്രതിസന്ധി നിറഞ്ഞ കാലവും മറികടന്നു നഗരസഭാ കൗണ്‍സിലിനെ മാതൃകാപരമായി നയിക്കുകയാണു ലിസി എബ്രഹാം.

രാഷ്ട്രീയത്തിലേക്ക്

തോക്കാട്ടുകരയിലെ വാര്‍ഡ് വനിത സംവരണമായപ്പോള്‍ സ്ഥാനാര്‍ത്ഥിയായാണു രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.പിതാവ് കെ. ഐ എബ്രഹാമിന്റെ രാഷ്ട്രീയ പാരമ്പര്യമാണ് ഏക കൈമുതല്‍. സെന്റ് ആന്‍സ് ദേവാലയത്തിലെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതും ജനമനസറിയാന്‍ സഹായമായി.

1995ലാണ്ആദ്യം കൗണ്‍സിലറായി ജയിക്കുന്നത്. അതിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ജയിച്ചതോടെ സ്ഥിരം സമിതികളുടെ അധ്യക്ഷയുമായി. ഇതിനിടയില്‍ കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് ഭാരവാഹിത്വങ്ങളും വഹിച്ചിുണ്ട്. ഇത്തവണയാണ് നഗരസഭയുടെ അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത്.

സന്തോഷങ്ങള്‍

നഗരസഭയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷയായിരുന്നപ്പോഴാണ്. കൊച്ചി മെട്രോയില്‍ വരെ കുടുംബശ്രീയംഗങ്ങള്‍ എത്തിയതില്‍ ലിസി എബ്രഹാമിനുമുണ്ട് അഭിമാനിക്കാനുള്ള വക. സൗജന്യമായ സ്ഥലത്ത് അംഗന്‍വാടികള്‍ നിര്‍മിക്കാനായത് മറ്റൊരു സന്തോഷം. പ്രളയം ഏറ്റവും വലിയ വെല്ലുവിളിയായി. വരവ് നിലച്ചതു നഗരസഭയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. സ്വന്തം വീടടക്കം വെള്ളത്തിലായി. രണ്ടാം വര്‍ഷവും ഏതാനും വാര്‍ഡുകളെ മഴക്കെടുതി ബാധിച്ചു. അനുഭവങ്ങള്‍ കാരണമാണ് ഇത്ത വണ വയനാടിലും മലപ്പുറത്തും ദുരിതാശ്വാസവസ്തുക്കള്‍ എത്തിക്കാന്‍ മുന്നിട്ടിറങ്ങിയത്.

വിവാഹം

രണ്ടു സഹോദരിമാരും സഹോദരന്മാരുമുള്ള എനിക്ക് പിതാവിന്റെ വേര്‍പാടിനു ശേഷം കുടുംബ ചുമതല ഏറ്റെടുക്കേണ്ടി വന്നതോടെ വിവാഹം മറക്കേണ്ടിവന്നു. ഇനി അങ്ങനെയൊരു ആഗ്രഹവുമില്ല. സമൂഹസേവനവുമായി പൊതുരംഗത്തു നിറഞ്ഞു നില്‍ക്കണമെന്നാണു ആഗ്രഹം.

സ്വപ്‌നങ്ങള്‍

ആലുവ മാര്‍ക്കറ്റിനു പുതിയ കെട്ടിടം. അതാണ് അടുത്ത ലക്ഷ്യം. ആലുവ നഗരത്തില്‍ പുതിയ കോടതി കെട്ടിട സമുച്ചയവും കെഎസ്ആര്‍ടിസി ടെര്‍മിനലും വരുന്നത് ആലുവയുടെ മുഖഛായ തന്നെ മാറ്റും. ഭവനരഹിതര്‍ക്കു വീടു നിര്‍മിക്കാന്‍ വാങ്ങിയ ഒരേക്കര്‍ സ്ഥലത്ത് ഉടന്‍ വീടുകളുയരും.

പുത്തന്‍ ദര്‍ശനങ്ങളും ജനകീയ പരിവേഷവും സമര്‍പ്പിത സേവനവും കരുത്താക്കി ലിസി എബ്രഹാം ആലുവയുടെ അധ്യക്ഷയും ആവേശവുമായി കൂടെയുണ്ട്.

ബോബന്‍ ആലുവ