സ്റ്റാര്‍ട്ടപ്പ് സംരംഭമായി മൂല്യവര്‍ധിത നഴ്‌സറി
കാര്‍ഷികരംഗത്തെക്കുറിച്ച് എന്തുപറഞ്ഞാലും ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ചിലതാണ് മൂല്യവര്‍ധനയും സ്റ്റാര്‍ട്ടപ്പും. നഴ്‌സറി മേഖലയിലും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കും മൂല്യവര്‍ധനയ്ക്കുമൊക്കെ അനന്തസാധ്യതകളുണ്ട്. ഇവ യെക്കുറിച്ച് കേരള കാര്‍ഷികസര്‍വകലാശാല വെള്ളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളജിന്റെ അസോസിയറ്റ് ഡീന്‍ ഡോ. സി. നാരായണന്‍കുട്ടിയുമായി കര്‍ഷകന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടോം ജോര്‍ജ് നടത്തിയ അഭിമുഖത്തില്‍ നിന്ന്.

ഛത്തീസ്ഗഡില്‍ ഒരു യാത്ര പോയ സമയത്താണ് ഗ്രാഫ്റ്റഡ് പച്ചക്കറിത്തൈകളുടെ വിപണി നേരിട്ടു കണ്ടറിഞ്ഞത്. ഗുജറാത്തി കമ്പനിയായ വിഎന്‍ആര്‍ സീഡ്‌സാണ് പച്ച ക്കറി തൈകളും ഗ്രാഫ്റ്റഡ് തൈകളും വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതില്‍ മുന്‍നിരയിലുള്ളത്. വിത്തുവാങ്ങി നട്ട് തൈകള്‍ ഉത്പാദിപ്പിക്കുക എന്നത് കര്‍ഷകര്‍ക്ക് ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇതില്‍ ഒന്നാമത്തേത് നല്ല വിത്തുകള്‍ക്ക് നല്‍കേണ്ടിവരുന്ന വിലതന്നെയാണ്. വന്‍ വില നല്‍ കി വിത്തുവാങ്ങി നട്ടാല്‍ തന്നെ 70-80 ശതമാനമേ കിളിര്‍ക്കൂ എന്ന് വിത്തുത്പാദന കമ്പനികള്‍ തന്നെ പറയുന്നുണ്ട്. മണ്ണില്‍ നട്ട് പറിച്ചു നടുന്ന രീതിയാണ് സാധാരണ കര്‍ഷകര്‍ പിന്‍തുടരുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ വളക്കൂറു കൂടുതലുള്ള ഭാഗത്തു വളരുന്ന തൈകള്‍ പെട്ടെന്നു വളരുകയും കുറഞ്ഞഭാഗത്തുള്ളവയുടെ വളര്‍ച്ച കുറയുകയും ചെയ്യും. ഒരുമിച്ചുള്ള വിളവെടുപ്പ് അസാധ്യമാകുന്നതിനാല്‍ ഉത്പാദനത്തെ ഇതു ബാധിക്കും. എലി, വിട്ടില്‍ തുടങ്ങിയ നിരവധി കീടങ്ങളുടെ ആക്രമണം മൂലം ചെടികള്‍ നശിക്കുകയും ചെയ്യും. മണ്ണിലൂടെ പടരുന്ന ബാക്ടീരിയല്‍ വാട്ടം പോലുള്ള രോഗങ്ങളും വില്ലനാകാം.

ഇവിടെയാണ് ഗുണമേന്മയു ള്ള തൈകള്‍ നല്‍കുന്ന നഴ്‌സറികളുടെ പ്രസക്തി. കിളിര്‍ക്കാത്ത വിത്തിന്റെയും കീടാക്രമണത്തില്‍ നശിക്കുന്നതിന്റെയുമൊക്കെ കണക്കെടുക്കുമ്പോള്‍ വിത്തു വാങ്ങുന്നതും തൈകള്‍ വാങ്ങി നടുന്നതും തമ്മില്‍ ചെലവിലുള്ള വ്യത്യാസം അധികം വരുന്നുമില്ല. പാവയ്ക്ക പോലുള്ള പച്ചക്കറികളുടെ വിത്തു നട്ടാല്‍ കിളിര്‍ക്കണമെങ്കില്‍ 7-8 ദിവസമെടുക്കും. നട്ടതില്‍ 70 ശതമാനമേ മുളയ്ക്കാന്‍ സാധ്യതയുള്ളൂ. ഇതില്‍ തന്നെ ചിലത് തൊഴിലാളികള്‍ തന്നെയാണ് ഇത്തരം ജോലികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇത്തരത്തില്‍ ഒരു വനിതയ്ക്ക് ഒരുദിവസം 1000 മുതല്‍ 1600 വരെ തൈകള്‍ ഒരു ദിവസം ഗ്രാഫ്റ്റ് ചെയ്യാനാകും. ഇതിന് കര്‍ഷകര്‍ സംഘടിച്ചെത്തിയാല്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും പരിശീലനം നല്‍കാനുമാകും. സര്‍വകലാശാലയില്‍ നടത്തിയ പരീക്ഷണത്തില്‍ ഗ്രാഫ്റ്റിംഗ് നടത്താത്ത തൈയില്‍ നിന്ന് നാലു കിലോ ഉത്പാദനമുണ്ടായപ്പോള്‍ നടത്തിയ ഒരു തൈയില്‍ നിന്ന് ആറു കിലോ ലഭിച്ചു. 20-25 ശതമാനം ഉത്പാദന വര്‍ധനവ് ഇതില്‍ നിന്നു ലഭിക്കുമെന്നതാണ് കണക്ക്. സാധാരണ തൈയ്യില്‍ നിന്ന് മൂന്നുമാസംവരെ വിളവു ലഭിക്കുമ്പോള്‍ ഗ്രാഫ്റ്റഡില്‍ നിന്ന് ഒരുമാസം കൂടി അധികം വിളവെടുക്കാനാകും. വടക്കന്‍ കര്‍ണാടകത്തിലെ നെയ്ച്ചര്‍ മേഖലയില്‍ നടത്തപ്പെടുന്ന ഗ്രാഫ്റ്റഡ് പച്ചക്കറിത്തൈകളുടെ കൃഷി ഇതു തെളിയിക്കുന്നുണ്ട്.

കേരളത്തിലെ ഗ്രാഫ്റ്റിംഗ്

കേരളത്തില്‍ രോഗസാധ്യതകള്‍ ഏറെയുള്ള തക്കാളി, മുളക്, വഴുതന, കാപ്‌സിക്കം, വെള്ളരി വര്‍ഗങ്ങള്‍ എന്നിവയിലെല്ലാമാണ് ഗ്രാഫ്റ്റിംഗ് നടക്കുന്നത്. തക്കാളിയും വഴുതനയും ചുണ്ടയിലാണ് ഗ്രാഫ്റ്റ് ചെയ്യുന്നത്. മുളകും കാപ്‌സിക്കവുമെല്ലാം ഇവയുടെ തന്നെ പ്രതിരോധ ശേഷിയുള്ള ഇനങ്ങളിലാണ് ഗ്രാഫ്റ്റ് ചെയ്യുന്നത്. സാധാരണ പച്ചക്കറിത്തൈകള്‍ രണ്ടു രൂപയ്ക്ക് വില്‍ക്കുമ്പോള്‍ ഗ്രാഫ്റ്റഡ് നാലു രൂപയ്ക്ക് വില്‍ക്കാമെന്നതാണിതിന്റെ പ്രത്യേകത.

സംരംഭമാക്കുമ്പോള്‍...

1. പരിചയം
ഗ്രാഫ്റ്റഡ് പച്ചക്കറിത്തൈകളുടെ നഴ്‌സറി സംരംഭമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ പലതാണ്. സാധാരണ തൈകള്‍ ഉത്പാദിപ്പിച്ച് പരിചയമുള്ളവരായിരിക്കണം ഗ്രാഫ്റ്റഡ് മേഖലയിലേക്ക് തിരിയേണ്ടത്. അല്ലാതെ നേരേ ഗ്രാഫ്റ്റഡ് തൈകള്‍ ഉത്പാദിപ്പിക്കാന്‍ നോക്കിയാല്‍ ഈ രംഗത്തെ അജ്ഞത ചിലപ്പോള്‍ പരാജയ കാരണമാകാം.

2. പോളിഹൗസ്
ഉത്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന തൈകളുടെ എണ്ണത്തിനനുസരിച്ചുള്ള പോളിഹൗസ് നിര്‍മിക്കുകയാണ് രണ്ടാമത്തേത്. ഏഴു സെന്റുള്ള ഒരു പോളിഹൗസില്‍ നിന്ന് മാസം 1-1.5 ലക്ഷം തൈകള്‍ ഉണ്ടാക്കാന്‍ സാധിക്കും. ഇത്തരത്തില്‍ വര്‍ഷം 7-8 തവണ തൈകളുടെ ഉത്പാദനം നടത്താം. വര്‍ഷം ഒമ്പതു ലക്ഷം തൈകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനാകും. ഒരു തവണ തൈ ഉത്പാദിപ്പിച്ച് വിതരണ പരുവമാകുന്നതിന് ഒരു മാസം മതിയാകും. രണ്ടു പോളിഹൗസുണ്ടെങ്കില്‍ വര്‍ഷത്തില്‍ എല്ലാമാസവും തൈ ഉത്പാദനം നടത്താം.

3. മണ്ണില്ലാ മിശ്രിതം
തൈകള്‍ ഉത്പാദിപ്പിക്കാന്‍ ചകിരിച്ചോറ്, വെര്‍മിക്കുലേറ്റ്, പെര്‍ലൈറ്റ് എന്നിവചേര്‍ത്ത മണ്ണില്ലാമിശ്രിതമാണ് നല്ലത്. മണ്ണിലൂടെയുള്ള രോഗങ്ങളുടെ വ്യാപനം തടയാന്‍ ഇതു സഹായിക്കും. മണ്ണിന്റെ അത്ര ഘനമില്ലാത്തതിനാല്‍ ചെടികള്‍ വാഹനങ്ങളില്‍ കയറ്റി കൊണ്ടു പോകാനും സൗകര്യമാണ്. ചെടിയുടെ വേരുകള്‍ മിശ്രിതത്തിലേക്ക് വേഗമിറങ്ങും. ചെടിയുടെ തണ്ടില്‍ പിടിച്ച് ചെറുതായൊന്നു വലിച്ചാല്‍ പ്രോട്രേയില്‍ നിന്ന് ഇത് വേരിനും മിശ്രിതത്തിനും ഇളക്കം തട്ടാതെ ഇളക്കി മണ്ണില്‍ നടുകയുമാകാം. മൂന്ന്, ഒന്ന്, ഒന്ന് എന്ന അനുപാദത്തില്‍ വേണം ചകിരിച്ചോര്‍, വെര്‍മിക്കുലേറ്റ്, പെര്‍ലൈറ്റ് എന്നിവ യോജിപ്പിക്കേണ്ടത്. അതായത് മൂന്നു ബക്കറ്റ് ചകിരിച്ചോറിന് ഓരോ ബക്കറ്റ് വെര്‍മിക്കുലേറ്റും പെര്‍ലൈറ്റും. തൂക്കം നോക്കിയാകരുത് അനുപാദം നിശ്ചയിക്കുന്നത്. സാധാരണ ചകിരിച്ചോറില്‍ വെള്ളമൊഴിച്ച് കറകളഞ്ഞുവേണം എടുക്കാന്‍. ഇതിനു ശേഷം ഈ ചകിരിച്ചോര്‍ അല്‍പം വെള്ളത്തില്‍ കലക്കി ഇതിന്റെ പി.എച്ചും(പൊട്ടെഷ്യല്‍ ഹൈഡ്രജന്‍, ഇസിയും( ഇലക്ട്രിക്കല്‍ കണ്ടക്ടിവിറ്റി) അളക്കണം. 2000 രൂപകൊടുത്താല്‍ ഇവ അളക്കുന്ന പിഎച്ച്, ഇസി മീറ്റര്‍ ഓണ്‍ലൈനായി വാങ്ങാന്‍ പറ്റും. ഇത് ചകിരിച്ചോര്‍ കലക്കിയ വെള്ളത്തില്‍ മുക്കിയാല്‍ ഇവ രണ്ടും അളക്കാം. പോട്ടിംഗ് മിശ്രിതത്തില്‍ ഇടേണ്ട ചകിരിച്ചോറിന് പിഎച്ച്-5.5-6.5 റേഞ്ചിലാണ് വേണ്ടത്. ഇസി ഒന്നരയും ആവശ്യമാണ്.


4. പ്രോട്രേ തെരഞ്ഞെടുക്കല്‍
വിത്തുപാകാനുള്ള പ്രോട്രേ തെരഞ്ഞെടുക്കുകയാണ് അടുത്തപടി. 1.5 ഇഞ്ച് ആഴവും ഒരിഞ്ച് വ്യാസവുമുള്ള കുഴികളുള്ള ട്രേയാണ് തെരഞ്ഞെടുക്കേണ്ടത്. ട്രേയുടെ അടിഭാഗത്ത് നീര്‍വാര്‍ച്ചയ്ക്കുള്ള സുഷിരങ്ങള്‍ ഉണ്ടാകണം. രാവിലെ ചെടികള്‍ക്കു നനയ്ക്കുന്നതാണ് നല്ലത്. വൈകുന്നേരം നനച്ചാല്‍ രാത്രിയിലെ കുറഞ്ഞ താപനിലയും അന്തരീക്ഷ ഈര്‍പ്പവും നനവും എല്ലാമായി കീടങ്ങളെ ചെടിയിലേക്ക് ആകര്‍ഷിക്കാനിടയുണ്ട്. രാവിലെ നനച്ചാല്‍ വെയില്‍ കൊണ്ട് ചെടി വൈകുന്നേരം ഉണങ്ങുന്നതിനാല്‍ ഇത്തരം രോഗസാധ്യത ഒഴിവായി കിട്ടും.

5. ചെടിയുടെ വളര്‍ച്ച കൂട്ടാം, കുറയ്ക്കാം
വിത്തു മുളപ്പിക്കാന്‍ പ്രോട്രേയില്‍ ഇടുമ്പോള്‍ പോട്ടിംഗ് മിശ്രിതത്തില്‍ യാതൊരു വളങ്ങളും ചേര്‍ക്കരുത്. ചെടിമുളച്ച് രണ്ടില പ്രായം മുതല്‍ എന്‍പികെ 19-19-19 വെള്ളത്തില്‍ ലയിപ്പിച്ച് പൂപ്പാളി ഉപയോഗിച്ച് ഇലയിലും ചുവട്ടിലും ഒഴിച്ചു കടുക്കണം. ഇത് അഞ്ചുഗ്രാം പത്തുലിറ്റര്‍ വെള്ളത്തില്‍ കലക്കിയാണ് ആദ്യദിനം ഒഴിക്കേണ്ടത്. പിന്നീട് നാലു ദിവസം ഇടവിട്ട് ഇതേ അളവു വെള്ളത്തില്‍ അഞ്ചുഗ്രാം വീതം കൂട്ടികൂട്ടി വളം ലയിപ്പിച്ച് ഓരോ നാലു ദിവസ ഇടവേളകളിലും തളിക്കണം. ചെടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കണമെങ്കില്‍ ഇടവേള രണ്ടു ദിവസമാക്കാം. ചെടിയുടെ വളര്‍ച്ച താമസിപ്പിക്കണമെങ്കില്‍ എന്‍പികെ നല്‍കുന്ന ഇടവേള വര്‍ധിപ്പിച്ചാല്‍ മതി.

6. മിസ്റ്റ് ചേംബര്‍ അനിവാര്യം
ഗ്രാഫ്റ്റ് ചെയ്ത പച്ചക്കറി തൈകള്‍ നഷ്ടപ്പെടാതെ വളര്‍ത്തിയെടുക്കാന്‍ പോളിഹൗസിനുള്ളില്‍ തന്നെ മിസ്റ്റ് ചേമ്പര്‍ സംവിധാനം വേണം. കമ്പു കൊണ്ടോ വെല്‍ഡു ചെയ്‌തോ ഒക്കെ ഇതു നിര്‍മിക്കാം. ഒരു വലിയ ബോക്‌സു രൂപത്തിലുള്ള ഈ ബോക്‌സ് മസ്ലിന്‍ തുണികൊണ്ടോ പ്ലാസ്റ്റിക്കുകൊണ്ടോ മറച്ച് 90 ശതമാനം ഈര്‍പ്പം നിലനിര്‍ത്തത്തക്ക രീതിയില്‍ പോളിഹൗസില്‍ സൂക്ഷിക്കണം. ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ ഇതിലേക്കാണ് വയ്‌ക്കേണ്ടത്. ആദ്യദിവസം വാടുന്ന തൈകള്‍ രണ്ടാം ദിവസം നിവരും. ഈസമയത്ത് അടിയിലെ ചെടിയില്‍ നിന്നും ആഹാരം വലിക്കാന്‍ ഇവര്‍ക്കാകില്ല. അന്തരീക്ഷ ഈര്‍പ്പത്തില്‍ നിന്ന് ഇലവഴി വെള്ളം വലിച്ചുവേണം രണ്ടുദിവസം ഇവയ്ക്ക് നിലനില്‍ക്കാന്‍. അതിനാലാണ് 90 ശതമാനം ഈര്‍പ്പം ചേമ്പറില്‍ വേണമെന്നു പറയുന്നത്. ഗ്രാഫ്റ്റ് ചെയ്ത് അഞ്ചാം ദിവസം മുതല്‍ തൈ നേരെ നില്‍ക്കും. ആറാം ദിവസം മിസ്റ്റ് ചേമ്പറില്‍ നിന്നും തൈ പുറത്തെടുത്ത് പോളിഹൗസിലേക്കുമാറ്റാം. അവിടെ നാലുദിവസം വച്ച് ഹാര്‍ഡനിംഗ് ചെയ്തശേഷം കൃഷിയിടത്തിലേക്ക് മാറ്റി വയ്ക്കാം.

ശീതകാല പച്ചക്കറി തുലാമഴയ്ക്കും

പോളിഹൗസ് നഴ്‌സറിയുണ്ടെങ്കില്‍ ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവയുടെയെല്ലാം തൈകള്‍ തുലാവര്‍ഷസമയത്ത് ഉത്പാദിപ്പിക്കാം. ഇങ്ങനെ ചെയ്താല്‍ മഴയവസാനിച്ച് നവംബറില്‍ 25 ദിവസം പ്രായമുള്ള തൈ നടാം. ശീതകാലം വളരെ ചുരുങ്ങിയ കേരളത്തില്‍ ഈ സമയത്തു തന്നെ നല്ല വലിപ്പമുള്ള കായകള്‍ വിളവെടുക്കുന്നതിന് ഇതു സഹായിക്കും. 70 ദിവസമാണ് കാബേജ് പോലുള്ള പച്ചക്കറികള്‍ വിളവെടുപ്പു പ്രായമെത്തുന്നതിനു വേണ്ടത്. 25 ദിവസം പ്രായമായ തൈകള്‍ നട്ടാല്‍ ബാക്കി 45 ദിവസം മതി കൃഷിയിടത്തില്‍ നിന്നുള്ള വിളവെടുപ്പിന്. നവംബര്‍ ആദ്യം മുതല്‍ ഡിസംബര്‍ 15 വരെയാണ് കേരളത്തില്‍ ശീതകാല പച്ചക്കറി നടാന്‍ പറ്റിയ സമയം. സിസംബര്‍ 15 നു നട്ടാല്‍ ഫെബ്രുവരി 15 നകം വിളവെടുക്കണം. നവംബര്‍ മുതല്‍ ഫെബ്രുവരി 15 വരെ കേരളത്തിലെ രാത്രി താപനില 19 നും 22 നും ഇടയ്ക്കായിരിക്കും. ഈ സമയമാണ് ശീതകാല പച്ചക്കറിക്ക് അനുയോജ്യം.

കര്‍ഷകര്‍ ഒരു സംഘമായി എത്തുകയാണെങ്കില്‍ ഗ്രാഫ്റ്റിംഗുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ പഠിപ്പിച്ചു നല്‍കും. ഒരു കോഴ്‌സ് രൂപത്തില്‍ ഇത് ആരംഭിക്കുന്നതിനും പദ്ധതിയിട്ടുവരികയാണെന്നും ഡോ. സി. നാരായണന്‍ കുട്ടി പറഞ്ഞു. ഫോണ്‍: ഡോ. സി. നാരായണന്‍കുട്ടി-9495634953.

ടെയ്‌ലര്‍ മെയ്ഡ് തൈകള്‍

നമ്മള്‍ തയ്യല്‍കാരനെക്കൊണ്ട് അളവെടുപ്പിച്ച് വസ്ത്രങ്ങള്‍ തുന്നിക്കുന്നതു പോലെ കൃഷിക്കാരന്റെ ആവശ്യപ്രകാരം തൈകള്‍ ഉത്പാദിപ്പിക്കുന്നതിനാണ് ടെയ്‌ലര്‍ മെയ്ഡ് തൈകള്‍ എന്നു പറയുന്നത്. ഛത്തീസ്ഗഡില്‍ കര്‍ഷകരുടെ ആവശ്യപ്രകാരം അഞ്ചു ദിവസവും നാലിലകളും ഉള്ള തൈകള്‍, പത്തു ദിവസവും ആറിലകളും ഉള്ള തൈകള്‍ ഇങ്ങനെയൊക്കയാണ് തൈ ഉത്പാദനം നടക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇത്തരം ആശയങ്ങളൊന്നും കടന്നുവന്നിട്ടില്ല. കര്‍ഷകര്‍ ഓര്‍ഡര്‍ നല്‍കുന്ന ഇനങ്ങള്‍ തന്നെ വിശ്വസ്തതയോടെ ഉത്പാദിപ്പിക്കുന്നു എന്നതാണ് ഛത്തീസ്ഗഡിന്റെ പ്രത്യേകത. ഈ വ്യവസായം മുന്നോട്ടു പോകുന്നതും ഇതുകൊണ്ടു തന്നെ.