വിള സമൃദ്ധം സുരേഷിന്റെ വീട്ടുമുറ്റം
വിള സമൃദ്ധം സുരേഷിന്റെ വീട്ടുമുറ്റം
Saturday, September 28, 2019 4:59 PM IST
സുരേഷിന്റെ വീട്ടുമുറ്റത്ത് വിളസമൃദ്ധിയാണ്. 50 സെന്റില്‍ വിളയുന്നത് അപൂര്‍വതകളുള്ള വിളകള്‍. മുന്‍വശത്തെ മതിലിനകത്ത് ഏഴിനം കറിവേപ്പുകള്‍ നട്ടു പിടിപ്പിച്ചിരിക്കുന്നു. കര്‍ഷകന്‍ ഉള്‍പ്പെടെയുള്ള കൃഷി മാസികകളുടെ ആദ്യപതിപ്പുമുതല്‍ സൂക്ഷിക്കുന്ന സുരേഷ് ഇവയില്‍ നല്‍കുന്ന ലേഖനങ്ങള്‍ വായിക്കുകയും കര്‍ഷകരെ നേരിട്ട് പോയി കാണുകയും ചെയ്യുന്നു. ഈ അന്വേഷണത്തിനിടയില്‍ തൈകളും സംഘടിപ്പിക്കും. തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് സംഘടിപ്പിച്ചതാണ് കറിവേപ്പ്. വലുതും ചെറുതുമൊക്കെ ഇലയുള്ള ഇവയില്‍ ചിപ്‌സിനൊപ്പം ഇട്ടുവറുത്താല്‍ പച്ചക്കളര്‍ നഷ്ടപ്പെടാത്ത ഇനം വരെയുണ്ട്.

മഞ്ഞള്‍ പത്തിനം

കോഴിക്കോട് ഇന്ത്യന്‍ സുഗന്ധവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ച പ്രതിഭ, പ്രഗതി ഇനങ്ങള്‍ ഉള്‍പ്പെടെ 10 ഇനം മഞ്ഞളുകള്‍ സുരേഷ് തന്റെ കൃഷിയിടത്തില്‍ വളര്‍ത്തുന്നു. കേദാരം, ഓണാട്ടുകരയില്‍ കൃഷിചെയ്യുന്ന ആലപ്പി സുപ്രീം, സുവര്‍ണ, സുദര്‍ശന, കേരള സര്‍വകലാശാലയുടെ ശോഭ, നാടന്‍ ഇനങ്ങള്‍ എന്നിവയെല്ലാം ഇവിടെ ആര്‍ത്തു വളരുന്നു. മഞ്ഞക്കൂവ എന്നു തെറ്റിധരിപ്പിച്ച് ചിലര്‍ കസ്തൂരിമഞ്ഞള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഇവരണ്ടും അടുത്തടുത്ത് വളര്‍ത്തുന്നുണ്ട് സുരേഷ്. കിഴങ്ങുമുറിച്ചാല്‍ രണ്ടും ഒരുപോലിരിക്കും എന്നാല്‍ ഇല നോക്കിയാല്‍ തിരിച്ചറിയാം. മഞ്ഞക്കൂവയുടെ ഇലയുടെ നടുവില്‍ കടുത്ത മെറൂണ്‍ കളറുണ്ടാകും. ഇലകളുടെ സൈഡില്‍ മഞ്ഞക്കളറുമുണ്ടാകും. എന്നാല്‍ യഥാര്‍ഥ കസ്തൂരി മഞ്ഞളിന്റെ ഇലയ്ക്ക് മുഴുവന്‍ പച്ചപ്പായിരിക്കും.

പറമ്പിന്റെ വശങ്ങളിലായി റോബസ്റ്റ, ചന്ദ്രഗിരി കാപ്പിയിനത്തിലെ 40 ചെടികള്‍ വളര്‍ത്തുന്നു. ചന്ദ്രഗിരി കാപ്പി ചട്ടിയിലും വളര്‍ത്താവുന്നതാണ്. കാണുന്നവരെ ഇത് ബോധ്യപ്പെടുത്താന്‍ ചട്ടിയിലും ഇവ വളര്‍ത്തുന്നുണ്ട്.

കൈരളി, തേവം, പെപ്പര്‍തെക്കന്‍, നാടന്‍ ഇനങ്ങളില്‍പ്പെട്ട കുരുമുളകുകളും കൃഷി ചെയ്യുന്നു. വീട്ടിലേക്കുള്ള വഴിയില്‍ വലിയ ചെടിച്ചട്ടികളില്‍ കുറ്റിക്കുരുമുളകു ചെടികളും കായ്ച്ചു കിടക്കുന്നു. തിപ്പലിയില്‍ ഗ്രാഫ്റ്റ്‌ചെയ്ത് കുറ്റിക്കുരുമുളക് ഉത്പാദിപ്പിക്കുന്നതും സുരേഷ് തന്നെ.

അര്‍ക്ക രക്ഷക് ഇനത്തില്‍പ്പെട്ട പച്ചമുളകാണ് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നത്. കീടനാശിനികള്‍ ഉണ്ടാക്കാനും മറ്റുമായി എരിവു കൂടിയ ഇനം നീലക്കാന്താരി കൃഷി ചെയ്യുന്നു.

കൂട്ടിലെ അരയന്നം

കൃഷിയിടത്തിനടുത്ത കൂട്ടില്‍ രണ്ട് അരയന്നങ്ങളെ വളര്‍ത്തുന്നു. ഒരു സീസണില്‍ എട്ടു മുട്ടകള്‍ ലഭിക്കും ഒരുമുട്ടയ്ക്ക് 80 രൂപവച്ച് കൊത്തിക്കുന്നവര്‍ക്കാണ് ഇതു നല്‍കുന്നത്. മുട്ടത്തോടിന് കട്ടി കൂടുതലുള്ളതിനാല്‍ ഇന്‍കുബേറ്ററില്‍ ഇത് വിരിയാന്‍ ബുദ്ധിമുട്ടാണ്. 45 ദിവസം അടയിരുന്ന് അരയന്നം തന്നെ ഇത് വിരിയിക്കണം.


പച്ചക്കറികളെല്ലാം

പച്ചക്കറികളെല്ലാം സുരേഷ് തന്റെ കൃഷിയിടത്തില്‍ വിളയിക്കുന്നു. ചീര, പടവലം, ഏത്തവാഴ, പയര്‍, കൈതച്ചക്ക, സൗഹൃദച്ചീര, ചായമന്‍സ തുടങ്ങി ഓരോ സീസണിലും കൃഷി ചെയ്യുന്ന വിളകളെല്ലാം സൂരേഷ് തന്റെ കൃഷിയിടത്തില്‍ വിളയിക്കുന്നു. ആനയ്ക്ക് തീറ്റയ്ക്കും തേനീച്ചയ്ക്ക് പൂമ്പൊടിക്കുമായി പനയും വളര്‍ത്തുന്നു. തേനീച്ചപ്പെട്ടികളില്‍ നിന്ന് വീട്ടിലേക്കാവശ്യമുള്ള തേന്‍ ലഭിക്കുന്നു.

പഴവര്‍ഗങ്ങളുടെ അതുല്യ ശേഖരം

റോസപ്പുളി, വിവിധയിനം പ്ലാവുകള്‍, അരമീറ്റര്‍ പൊക്കത്തില്‍ കായ്ക്കുന്ന ഇന്റര്‍സി അടയ്ക്ക, ഗ്രാഫ്റ്റ് പ്ലാവുകള്‍, റംബുട്ടാന്‍, ചെറുനാരകം തുടങ്ങിയവയെല്ലാം ഇവിടെ മനോഹരമായി വളരുന്നു. തന്റെ 35 വര്‍ഷത്തെ കൃഷിയില്‍ നിന്നും പരിശീലന ക്ലാസുകളിലൂടെ ലഭിച്ച അനുഭവസമ്പത്തില്‍ നിന്നും കൃഷിയില്‍ പരീക്ഷണങ്ങള്‍ നടത്തി മുന്നേറുകയാണ് സുരേഷ്. തേനീച്ചവളര്‍ത്തല്‍, ജൈവകൃഷി, കോഴിവളര്‍ത്തല്‍, ബഡ്ഡിംഗ് ആന്‍ഡ് ഗ്രാഫ്റ്റിംഗ്, മഴമറ നിര്‍മാണം, ആടുവളര്‍ത്തല്‍ എന്നിവയിലെല്ലാം ശാസ്ത്രീയ പരിശീലനം നേടിയിട്ടുമുണ്ട് സുരേഷ്. വിവിധ സ്ഥലങ്ങളില്‍ കൃഷിയുമായി ബന്ധപ്പെട്ട ക്ലാസുകളുമെടുക്കുന്നുണ്ട്. ബിഎസ്‌സി ബോട്ടണി കുട്ടികള്‍ക്കാവശ്യമായ ഇനങ്ങള്‍ ലാബ് ആവശ്യത്തിനായും നല്‍കുന്നുണ്ട് ആലപ്പുഴ എസ്ഡി കോളജിലെ മുന്‍ ലാബ് അസിസ്റ്റന്റായ സുരേഷ്.

സ്വന്തമായി നിര്‍മിക്കുന്ന വളങ്ങളാണ് കൃഷിയിടത്തില്‍ സുരേഷ് ഉപയോഗിക്കുന്നത്. അടിവളമായി കോഴിക്കാഷ്ഠവും ആട്ടിന്‍ കാഷ്ഠവും ഉപയോഗിക്കുന്നു. ഇലകള്‍, പുല്ലുകള്‍ എന്നിവ ചെടികളുടെ ചുവട്ടില്‍ ആവശ്യാനുസരണമെത്തിക്കുന്നു. സമീപത്തെ കുളത്തില്‍ നിന്നും കുഴല്‍ക്കിണറില്‍ നിന്നുമാണ് ജലസേചനം. വീടുകളില്‍ പഴത്തോട്ടം വേണ്ടവര്‍ക്ക് അത് നിര്‍മിച്ചു നല്‍കുന്നുമുണ്ട് സുരേഷ്.

ഫോണ്‍: സുരേഷ്- 94474 68077.
ലേഖകന്റെ ഫോണ്‍- 93495 99023.