വൈകല്യങ്ങളെ കീഴടക്കിയ മത്സ്യകൃഷി
Saturday, October 19, 2019 3:49 PM IST
ശരീരത്തിന് തളര്‍ച്ച ബാ ധിച്ചെങ്കിലും തളരാത്തമനസുമായ് കൃഷിയില്‍ സജീവമാണ് പെരുമ്പാവൂര്‍ അറയ്ക്കപ്പടി പിറംപിള്ളിക്കുടി വീട്ടില്‍ ഉനൈസ് അബുബക്കര്‍. ഡിഗ്രിവരെ വീട്ടിലിരുന്ന് പഠിച്ച ഇദ്ദേഹത്തിന് ചെറുപ്പം മുതലേ കൃഷിയോട് വലിയ താത്പര്യമായിരുന്നു. ഇതാണ് കാര്‍ഷിക രംഗത്ത് പടിപടിയായി സജീവമാകാന്‍ ഉനൈസിനെ പ്രേരിപ്പിക്കുന്നതും. 2017 മുതലാണ് തന്റെ അഞ്ചേക്കറില്‍ കൃഷികള്‍ ചെയ്തു തുടങ്ങിയത് . റബര്‍ മരങ്ങള്‍ കീഴടക്കിയ കൃഷിയിടത്തിലേക്ക് ജാതിയും പ്ലാവും കശുമാവും മാവുകളുമെല്ലാം എത്തിയതോടെ റബര്‍ മരങ്ങളുടെ എണ്ണം എഴുന്നൂറായി ചുരുങ്ങി.
പത്തു സെന്റുള്ള കൃത്രിമ കുളത്തില്‍ തിലാപ്പിയയുടെ നാലു വിളവെടുപ്പ് കഴിഞ്ഞു. ഇപ്പോള്‍ പരീക്ഷണമെന്ന നിലയില്‍ രണ്ടായിരം വാളക്കുഞ്ഞുങ്ങളെയാണ് ഇട്ടിരിക്കുന്നത്.
അംഗവൈകല്യമുള്ളവര്‍ക്കും ശാരീരികാസ്വസ്ഥതകള്‍ ഉള്ളവര്‍ ക്കും വലിയ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ചെയ്യാന്‍ കഴിയുന്ന ഒന്നാണ് മത്സ്യകൃഷി. ചെറുപ്പം മുതലേ മീനുകളോട് ഉണ്ടായിരുന്ന താത്പര്യമാണ് മുപ്പത്തിയൊന്നുകാരനായ ഇദ്ദേഹത്തെ ഇതിലേക്കെത്തിച്ചത്. ഇതിനു നിമിത്തമായത് പറമ്പിലൂടെ ടവര്‍ ലൈന്‍ പോയപ്പോഴാണെന്ന് മാത്രം. ഫലവൃക്ഷങ്ങളെല്ലാം വെട്ടിമാറ്റിയപ്പോള്‍ അവിടെ ഒരു മീന്‍കുളം നിര്‍മിച്ചു. കൂടാതെ വീടിനോടു ചേര്‍ന്ന് ചെറിയൊരു കുളവും ഒരുക്കി. മത്‌സ്യക്കുഞ്ഞുങ്ങളെ ഒരുമാസം പ്രായമാകുന്നതുവരെ വളര്‍ത്തി വില്‍ക്കുന്നതിനാണ് ഈ കുളം ഉപയോഗിക്കുന്നത്. അക്വേറിയത്തിലെ ഷാര്‍ക്ക് എന്നറിയപ്പെടുന്ന മത്സ്യമാണ് മലേഷ്യന്‍ വാള. അയ്യായിരത്തോളം കുഞ്ഞുങ്ങളെ ഒരു സീസണില്‍ വില്‍ക്കുന്നുണ്ട്.
2011 ലെ സെന്‍സസ് പ്രകാരം ഇ ന്ത്യയില്‍ ശാരീരികമായി അസ്വസ്ഥതകള്‍ ഉള്ള രണ്ടു കോടിയിലേറെ ജനങ്ങളുണ്ട്. ഇവര്‍ക്കും ഇത്തരത്തില്‍ ജീവിതത്തില്‍ സജീവമാകാമെന്നു കാണിക്കുകയാണ് ഉനൈസ്. ഇലക്ട്രിക് വീല്‍ചെയറില്‍ പറമ്പിലൂടെ സഞ്ചരിച്ചാണ് ഉനൈസ് കൃഷി കാര്യങ്ങള്‍ നോക്കുന്നത്. മഴക്കാലത്ത് വീടിനു പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടാണ്. ചെളിയിലൂടെ വീല്‍ ചെയറില്‍ സഞ്ചരിച്ചാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഊഹിക്കാമല്ലോ. എങ്കിലും ഒരു വെയില്‍ വന്ന് സഞ്ചാരപഥം ഉണങ്ങിയാല്‍ ഉടനെ മത്സ്യങ്ങളുടെ മുന്നിലെത്തും.
ആസാം വാള
ശുദ്ധമായ മത്സ്യം ലഭ്യമല്ലാതായതോടെ വളര്‍ത്തു മത്സ്യങ്ങള്‍ക്ക് ഡി മാന്‍ഡ് കൂടി വരികയാണ്. രാസവസ്തുക്കളില്‍ മുക്കിയതും പഴകിയതും വിഷലിപ്തവുമായ മത്‌സ്യങ്ങളാണ് കൂടുതല്‍. ശവശരീരം കേടാകാതെ സൂക്ഷിക്കുന്ന ഫോര്‍മലിനില്‍ മത്സ്യങ്ങള്‍ സൂക്ഷിക്കുന്ന വാര്‍ത്തകളും വരുന്നു. ഇവ ഭക്ഷിക്കുമ്പോഴുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങള്‍ വളര്‍ത്തുമത്‌സ്യങ്ങള്‍ കഴിക്കുന്നതിലൂടെ ഉണ്ടാകുന്നില്ല. നല്ല മത്സ്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൈവരീതിയില്‍ മീനുകളെ വളര്‍ത്തുന്നത്. രാസവസ്തുക്കള്‍ കലരാതെയുള്ള മത്സ്യ ഉത്പാദനം കൊണ്ട് ലാഭം കുറയുമെങ്കിലും മീന്‍ ഭക്ഷിക്കുന്നവര്‍ക്ക് ആ രോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന സന്തോഷമാണ് ഈ യുവകര്‍ഷകനുള്ളത്.
ഇന്നത്തെ കാലാവസ്ഥയില്‍ ചെ ലവുകള്‍ ചുരുക്കി ഫലപ്രദമായി കൃഷിയിറക്കാവുന്ന ഒരു മത്സ്യമാണ് ആസാം വാള. ഒരു ചതുരശ്രമീറ്ററില്‍ ഇരുപത്തിയഞ്ച് കുഞ്ഞുങ്ങളെ വരെ നിക്ഷേപിക്കാം. ചോറു മുതല്‍ പി ണ്ണാക്കു വരെ എന്തും ഭക്ഷിക്കും. വലിയ കൃഷിക്കാര്‍ കോഴിവേസ്റ്റ് ആണ് തീറ്റയായി നല്‍കുന്നത്. ജലത്തിന് മുകളില്‍ വന്ന് ശുദ്ധവായു ശ്വസിക്കാനുള്ള കഴിവുണ്ട്. സൂര്യപ്രകാശം അത്യാവശ്യമാണ്. ആവശ്യാനുസരണം ജല പരിപാലനം നടത്തണം. മറ്റു മീനുകളെ അപേക്ഷിച്ച് ജലം കൂടുതല്‍ അഴുക്കാകുമ്പോള്‍ മാത്രം അടിയില്‍ നിന്ന് ഇരുപതു ശതമാനം ജലം ഭക്ഷ്യവിസര്‍ജ്യങ്ങളും അവശിഷ്ട ങ്ങളും ചേര്‍ത്ത് നീക്കം ചെയ്യണം. പുതിയ വെള്ളം ഒഴിക്കണം. പൂര്‍ണമായും ജൈവരീതിയില്‍ മീനുകളെ സംരക്ഷിക്കുന്നതു കൊണ്ട് പ്രത്യേക പ്രോട്ടീന്‍ ഫീഡാണ് ഉനൈസ് നല്‍കുന്നത്. ദിവസത്തില്‍ രണ്ടു നേരം തീറ്റ നല്‍കിയാല്‍ ആറു മാസം കൊണ്ട് ഒന്നര കിലോയ്ക്കു മുകളില്‍ തൂക്കം വരും.
കുളപരിപാലനം
താരതമ്യേന കുറഞ്ഞ ചെലവില്‍ പരിമിതമായ സൗകര്യങ്ങളില്‍ ബുദ്ധിമുട്ടില്ലാതെ മത്സ്യങ്ങളെ വളര്‍ത്താന്‍ കഴിയും. മത്സ്യക്കുളങ്ങളുടെ ഉപരിതലത്തില്‍ പാട ഉണ്ടാകാന്‍ അനുവദിക്കരുത്. തീറ്റ കൂടിയാലും കാറ്റടിക്കാതിരുന്നാലും പാടയുണ്ടാകും. ഇത് പൊട്ടിച്ചു കളയുകയോ വെള്ളം ചീറ്റിച്ച് നശിപ്പിക്കുകയോ ചെയ്യണം.
ജല ഊഷ്മാവ് 25-28 ഡിഗ്രി സെല്‍ ഷ്യസ് ആയി നിലനിര്‍ത്താന്‍ ശ്രമിക്കണം. അല്പം കൂടിയാലും കുറഞ്ഞാലും ആസാംവാളയ്ക്ക് പ്രശ്‌നമില്ല. മീനുകള്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എയറേഷന്‍ സംവിധാനം അത്യാവശ്യമാണ്. ജലശുദ്ധീകരണത്തിനായി വിവിധതരം ബാക്ടീരിയകളെ ഉപയോഗിക്കാവുന്നതാണ്. ഇ.എം. സൊലൂഷനാണ് ഉനൈസ് ഉപയോഗിക്കുന്നത്. മീനുകളുടെ എണ്ണം, വലിപ്പം ഇവ നോക്കി തീറ്റ ക്രമീകരിക്കണം. കൂടുതല്‍ നല്‍കിയാല്‍ അവ കുളത്തിനടിയില്‍ അടിഞ്ഞു കൂടും. കൂടാതെ മത്സ്യ വിസര്‍ജ്യവും അടിയിലെത്തും. ഇവയുടെ അളവു കൂടിയാല്‍ വായുവിന്റെ അളവു കുറഞ്ഞ് മീനുകള്‍ക്ക് ജീവഹാനിവരെ സംഭവിക്കാം. കുളങ്ങ ളുടെ ശുദ്ധീകരണവും മീനുകളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ദിവസവും നിരീക്ഷണം നടത്തി പോരായ്മകള്‍ പരിഹരിച്ചാല്‍ മത്സ്യകൃഷി ആദായകരമാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
വൈകല്യങ്ങളെ മറന്ന് സന്തോഷത്തോടെ മത്സ്യക്കൃഷിയില്‍ പുത്തന്‍ പാഠങ്ങള്‍ സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണ് ഈ യുവാവ്. ഇപ്പോള്‍ തരിശ് കിടക്കുന്ന ഒരേക്കറിന് മുകളിലുള്ള പാടത്തെ ഒരു മല്‍സ്യ നഴ്‌സറിയാക്കാനുള്ള പദ്ധതിയും ഇദ്ദേഹത്തിനുണ്ട്. വ്യത്യസ്തങ്ങളായ കൃഷി രീതിയിലൂടെ സമൂഹത്തിന് മുന്നില്‍ താനും ഒരു നല്ല കര്‍ഷകനാണെന്ന് തെളിയിക്കാന്‍ ഈ യുവാവിന് കഴിഞ്ഞിട്ടുണ്ട്. മത്സ്യകര്‍ഷകനെന്ന പേരില്‍ നാട്ടിലറിയപ്പെടുന്ന ഇദ്ദേഹത്തിന് കൂടുതല്‍ സന്തോഷവും ആനന്ദവും പകരുന്നത് രണ്ടു വയസായ മകളാണ്.
ഫോണ്‍: 9744300944
നെല്ലി ചെങ്ങമനാട്