ജൈവകൃഷിയിൽ കൂട്ടായ്മയുടെ വിജയഗാഥയുമായി 93 കുടുംബങ്ങൾ
Monday, July 21, 2025 12:29 PM IST
രാസവളങ്ങളോ കീടനാശിനിയോ അല്പംപോലും ഉപയോഗിക്കാതെ തന്നാണ്ടുവിളകൾ ജൈവകൃഷിരീതിയിൽ ഉത്പാദിപ്പിച്ച് കാർഷികസമൃദ്ധിയുടെ പാഠങ്ങൾ നൽകുകയാണ് കുടയത്തൂർ പഞ്ചായത്തിലെ കോളപ്ര ഗ്രാമം.
ഉണർവ് റെസിഡന്റ്സ് അസോസിയേഷന് കീഴിലുള്ള 93 കുടുംബങ്ങളാണ് കൂട്ടായ്മയുടെ ഇഴകൾ നെയ്ത് വിജയഗാഥ രചിക്കുന്നത്. 2020-ലാണ് റെസിഡന്റ്സ് അസോസിയേഷൻ ആരംഭിച്ചത്. തന്നാണ്ട് വിളകളായ ചേന, ചേന്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ, 1800 ചുവട് മരച്ചീനി എന്നിവയാണ് ഈ വർഷം കൃഷി ചെയ്തിരിക്കുന്നത്.
ചാണകം, ചാരം, തേയിലച്ചണ്ടി, പച്ചിലവളം എന്നിവയാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. അസോസിയേഷനിലെ അംഗങ്ങൾ എല്ലാവരും ചേർന്നാണ് കൃഷി ചെയ്യുന്നത്. അവധി ദിവസങ്ങളിൽ കുട്ടികളെയും കൃഷികാര്യങ്ങളിൽ പങ്കെടുപ്പിക്കും.
പുതുതലമുറയെ കൃഷിയോട് ആഭിമുഖ്യമുള്ളവരായി വളർത്തുന്നതിനാണ് ഇവരെ കൃഷിയുമായി ബന്ധപ്പെടുത്തുന്നത്. വിവിധ വീടുകളിൽനിന്ന് ശേഖരിച്ച വിത്തുകൾ ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കോട്ടയം ചുള്ളി, ആന്പക്കാടൻ എന്നീ ഇനങ്ങളാണ് മരച്ചീനി കൃഷിക്ക് ഉപയോഗിക്കുന്നത്.
മറ്റു വിളകളും നാടൻ ഇനങ്ങളാണ്. രണ്ടര ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. 2023-ൽ കരനെൽക്കൃഷിയുമുണ്ടായിരുന്നു. കൂത്താട്ടുകുളത്തുനിന്ന് വാങ്ങിയ കരനെൽ വിത്തിന്റെ വിതയും പരിപാലനവും ഇവർ തനിച്ചാണ് നിർവഹിച്ചിരുന്നത്.
കൂട്ടായ്മയിലെ കുടുംബങ്ങളുടെ ഉപയോഗശേഷം മിച്ചം വരുന്ന ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച് വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ളവർ ഇവിടെയെത്തി ഉത്പന്നങ്ങൾ നേരിട്ട് വാങ്ങുന്നതും പതിവാണ്.
റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസിസ് കരിന്പാനി, സെക്രട്ടറി അഡ്വ. അഞ്ജന ചന്ദ്രൻ പടിഞ്ഞാറേ ചോനാട്ട്, മാത്യു കരിന്പാനി, പ്രസാദ് മന്നാട്ട്, ചന്ദ്രൻ പടിഞ്ഞാറേ ചോനാട്ട്, ഹരികുമാർ പൊട്ടനാംകുന്നേൽ, ജയൻ ശശിവിലാസം, ഗോപാലപിള്ള പടിഞ്ഞാറേ ചോനാട്ട്, സുരേഷ് കോലത്ത് എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.
ഓണത്തിന് പച്ചക്കറി സ്റ്റാളും ക്രിസ്മസിന് കേക്കുമേളയും അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. പാലാ മരിയസദനത്തിലെ അന്തേവാസികൾക്ക് മാസംതോറും അരിയും മരച്ചീനിയും ഉൾപ്പെടെ ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകും.
70 വയസായ ഹരികുമാർ പൊട്ടനാംകുന്നേലിന്റെ നേതൃത്വത്തിൽ പുരുഷന്മാരുടെ തിരുവാതിര ഗ്രൂപ്പും സ്ത്രീകളുടെ നേതൃത്വത്തിൽ ഫ്യൂഷൻ ഡാൻസ് ഗ്രൂപ്പും ഇവിടെയുണ്ട്. ലഹരിവിരുദ്ധ കാന്പയിൻ, പ്രാദേശിക വികസനത്തിനായുള്ള ഇടപെടൽ എന്നിവയ്ക്കും ഇവർ നേതൃത്വം നൽകുന്നു.
ഗ്രാമത്തെ പച്ചപ്പണിയിക്കാനും കൂട്ടായ്മയിലൂടെ കാർഷികസമൃദ്ധി എന്ന ആശയം പകരാനും അംഗങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്കുകൊള്ളാനും കഴിയുന്നുവെന്നതാണ് ഉണർവ് റെസിഡന്റസ് അസോസിയേഷനെ വേറിട്ടതാക്കുന്നത്.