പെെനാപ്പിൾ ഗോൾഡ്
Friday, September 26, 2025 10:46 AM IST
“ഗുണനിലവാരം ഒട്ടും കുറയ്ക്കാതെ തനിമ നിലനിർത്തണമെന്ന നിർബന്ധ ഉള്ളതിനാൽ അതിനു വിട്ടുവീഴ്ചയില്ല. അപ്പോൾ വില അല്പം കൂടുന്നത് സ്വാഭാവികം”. പ്രദർശന ശാലകൾ വഴി ഉത്പന്നങ്ങൾ പരിചയപ്പെടുത്തി ഉപഭോക്താക്കളെ കീഴടക്കുന്ന വാഴക്കുളം വടകോട് മുണ്ടൻചിറ ജോണ് മാത്യുവിന്റെ വിപണനമന്ത്രം ഇതാണ്.
പൈനാപ്പിളിന്റെ പറുദീസയായ വാഴക്കുളത്ത് കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന ജോണ് മാത്യു പ്രവാസിയായിരുന്നു. സിരകളിലോടുന്ന കർഷക രക്തം കാർഷിക മേഖലയിലെ നൂതന പദ്ധതികൾക്ക് നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
പൈനാപ്പിൾ പഴമായി മാത്രം ഉപയോഗിക്കുന്നതിൽ നിന്നു വ്യത്യസ്തമായി ന്ധഡ്രൈ ഫ്രൂട്സ്’ വിഭാഗമായി മാറ്റി വിവിധ മൂല്യവർധിത ഉല്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള ശ്രമം ആരംഭിച്ചു. ഇതോടെ ഡ്രൈഡ് പൈനാപ്പിൾ അച്ചാർ, സ്നാക്സ്, മിഠായി തുടങ്ങിയവ വിവിധങ്ങളായ രുചി ഭേദങ്ങളോടെ രൂപപ്പെട്ടു.
വൃത്താകൃതിയിൽ മുറിച്ചുണക്കിയ സ്വാഭാവിക പൈനാപ്പിൾ പഴത്തിന് മധുരിമ അല്പം കൂട്ടുന്നതിനായി പഞ്ചസാര ചേർത്തുണക്കിയത്, എരിവു ചേർത്തത്, സ്നാക്സ് രൂപത്തിൽ മധുരമുള്ളതും എരിവു കലർത്തിയതും പൈനാപ്പിൾ മിഠായി, പൈനാപ്പിൾ കോർ(കൂഞ്ഞിൽ) കാൻഡി മധുര മുള്ളതും എരിവുള്ളതും കുരുമുളകു ചേർത്തതും തേൻ ഉപയോഗിച്ചുള്ളത് എന്നിങ്ങനെ വിവിധങ്ങളായി പൈനാപ്പിളിന്റെ വേഷപ്പകർച്ച.
വ്യത്യസ്തങ്ങളായ പൈനാപ്പിൾ അച്ചാറുകളും നിർമിക്കുന്നു. സ്വാഭാവികം, മുളകിട്ടത്, കുരുമുളകു ചേർത്തത് എന്നിങ്ങനെയാണ് അച്ചാറുകൾ.

"ഗോൾഡൻ ബൈറ്റ്സ്’ എന്ന ബ്രാൻഡിലാണ് ഉല്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. വിവിധ കാർഷികമേളകളിലും പ്രദർശനങ്ങളിലും ഇവ പരിചയപ്പെടുത്തുന്പോൾ കണ്ടു, കേട്ട്, രുചിച്ച്, ചിരിച്ച് കടന്നു പോകുന്നവർ പ്രദർശനം മുഴുവൻ കണ്ട് മടങ്ങിവന്ന് ഇവയും ഒപ്പം ഫോണ് നന്പറും വാങ്ങിപ്പോകുന്നതു പതിവാണെന്നും ഇദ്ദേഹം പറയുന്നു. ആവശ്യക്കാർക്ക് നേരിട്ടും കൊറിയർ വഴിയും എത്തിച്ചു നൽകും.
എ ഗ്രേഡിലുള്ള പൈനാപ്പിളാണ് ഡീ ഹൈഡ്രേഷൻ പ്രോസസിലൂടെ ഡ്രൈഡ് ഫ്രൂട്ട് ആക്കാൻ ഉപയോഗിക്കുന്നത്. അതിൽ തന്നെ പൈനാപ്പിളിന്റെ മധുരമുള്ള താഴ്ഭാഗമേ (പകുതിയോളം) ഉപയോഗിക്കൂ.
ശരാശരി 15-20 കിലോ നല്ല നിലവാരമുള്ള പൈനാപ്പിൾ ഉണക്കിയെടുക്കുന്പോൾ ഒരു കിലോ ഡ്രൈ ഫ്രൂട്ടാണ് ലഭിക്കുക. മഴ കൂടുതലുള്ളപ്പോഴത്തെ പൈനാപ്പിൾ ഉണക്കിയാൽ ഗുണനിലവാരം കുറഞ്ഞു കാണുന്നുണ്ട്. ഫലത്തിൽ വില ഉയർന്നു നിൽക്കുന്പോഴത്തെ പൈനാപ്പിളാണ് കൂടുതൽ യോജിച്ചത്.
24 മണിക്കൂർ തുടർച്ചയായ പ്രോസസിംഗിന് ഇലക്ട്രിക് ഡ്രെയറാണ് ഉപയോഗിക്കുന്നത്. ന്യൂഡൽഹി ഭാരത് മണ്ഡപത്തിലെ ആഹാർ എക്സിബിഷൻ, വേൾഡ് ഫുഡ് ഇന്ത്യ എക്സിബിഷൻ തുടങ്ങിയ പ്രദർശനങ്ങളിൽ ഇദ്ദേഹത്തിന്റെ കരവിരുതിൽ പൈനാപ്പിളിന് സ്റ്റാർ വാല്യു ലഭിച്ചു.
കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ കാക്കനാട്, കളമശേരി ഫെസ്റ്റ്, കാർഷിക-പ്രദർശന മേളകളിലൊക്കെ സ്ഥിര സാന്നിധ്യമാണ് ഈ പൈനാപ്പിൾ പ്രേമി. പ്ലാവിൻ ചക്ക, പപ്പായ തുടങ്ങിയവയും ഉണക്കിയെടുത്ത് അച്ചാറുകളും കാൻഡികളും നിർമിച്ചിട്ടുണ്ട്.
ലഭ്യമാകുന്ന സ്ഥലങ്ങളിൽ പൈനാപ്പിൾ കൃഷി ചെയ്യുന്നു. 600 വിയറ്റ്നാം പ്ലാവ്, 400 റെഡ് ലേഡി പപ്പായ, 20 മാവ് എന്നിവ ഡ്രൈഫ്രൂട്ട്സ് നിർമിക്കാൻ കൃഷി ചെയ്തു പരിപാലിക്കുന്നു.
ഹോം നഴ്സിംഗ് ഏജൻസി നടത്തുന്ന മാർഗരറ്റാണ് ഭാര്യ. മക്കൾ: ബംഗളുരുവിൽ എസ്എൻസി ലാവ്ലിൻ അറ്റ്കിൻസിലെ സിവിൽ എൻജിനിയർ ജെനി മറിയ, വാഴക്കുളത്ത് ഡെബോറ ഹാൻഡ്ലർ സാനിറ്ററി ബിസിനസുകാരനായ എബി മാത്യു.
കൂടുതൽ അറിയാൻ: ജോണ് മാത്യു ഫോണ്: 9645801349, 9995801340.