മട്ടുപ്പാവില്‍ കൃഷിവിപ്ലവം തീര്‍ത്ത് ശശീന്ദ്രന് - സുമതി ദമ്പതികള്‍
Monday, September 29, 2025 12:40 PM IST
മട്ടുപ്പാവില്‍ സമ്മിശ്ര കൃഷിയിലൂടെ വ്യത്യസ്തരാവുകയാണ് ദന്പതികൾ. കൊന്നത്തടി പഞ്ചായത്തിലെ വടയാറ്റുകുന്നേല്‍ ശശീന്ദ്രന് - സുമതി ദമ്പതികളാണ് തങ്ങളുടെ മട്ടുപ്പാവിലെ വ്യത്യസ്ത കൃഷിയിലൂടെ ശ്രദ്ധേയരാകുന്നത്.
ഒരു മട്ടുപ്പാവില്‍ എന്തെല്ലാം കൃഷി ചെയ്യാം എന്നു ചോദിക്കുന്നവരോട് എന്താണ് ഇവിടെ കൃഷി പാടില്ലാത്തതെന്ന മറുചേദ്യമാണ് ഇവരുടേത്. മട്ടുപ്പാവില്‍ പാഷന്‍ഫ്രൂട്ട് മുതല്‍ അടതാപ്പ് വരെയുണ്ട്.
നാലുതരം പാഷന്ഫ്രൂട്ടുകള്, റെഡ് ലേഡി ഉള്‍പ്പെടെയുള്ള പപ്പായകൾ, പയര്‍, പാവല്‍, കുമ്പളം തുടങ്ങിയ വിവിധയിനം പച്ചക്കറികളും ഈ മട്ടുപ്പാവില്‍ സമൃദ്ധമായി വിളഞ്ഞ് നില്‍ക്കുന്നുണ്ട്.
കഴിഞ്ഞ പത്തു വര്‍ഷമായി ഇവര്‍ മട്ടുപ്പാവിലെ വ്യത്യസ്ത കൃഷിയുമായി മുന്നോട്ടുപോകുന്നു. വീട്ടാവശ്യത്തിനുള്ള മുഴുവന്‍ പച്ചക്കറികളും ഇവിടെനിന്നാണ് വിളയിക്കുന്നത്. തികച്ചും ജൈവരീതിയിലാണ് കൃഷി പരിപാലനം.
ഉപയോഗശൂന്യമായ ബക്കറ്റും ചാക്കില്‍ മണ്ണു നിറച്ചുമൊക്കെയാണ് കൃഷി ചെയ്തിരിക്കുന്നത്. സ്ഥലപരിമിതിയുടെ പേരില്‍ കൃഷിയെ മാറ്റിനിര്ത്തുന്നവര്ക്കുള്ള മാതൃകകൂടിയാണ് ഈ ദമ്പതിമാരുടെ മട്ടുപ്പാവ് കൃഷി.