ലിനിയുടെ നേച്ചർലി മാജിക്ക്
Friday, October 3, 2025 5:08 PM IST
മൂല്യ വർധിത ഉത്പന്നങ്ങൾക്ക് കേരളത്തിലും പുറത്തും അനന്തസാധ്യതയാണുള്ളത്. ഇതു പ്രയോജനപ്പെടുത്തി മികച്ച വരുമാനം നേടുക, നാടൻ വിഭവങ്ങൾ ഉപയോഗിച്ച് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് മൂല്യ വർധിത ഉത്പന്നങ്ങളുടെ നിർമാണത്തിലേക്ക് ലിനി ബിജു പുളിക്കലിന്റെ രംഗപ്രവേശം.
പവർഹൗസിന്റെ നാടായ മൂലമറ്റത്ത് സ്ത്രീ ശക്തീകരണത്തിന്റെയും ഉത്പന്ന വൈവിധ്യത്തിന്റെയും കൃത്യമായ ആസൂത്രണത്തിന്റെയും തനതായ വഴി കണ്ടെത്തി വിജയഗാഥ രചിക്കുകയാണ് ഈ വീട്ടമ്മ.
എളിയ തുടക്കം
2000ത്തിൽ ഇഞ്ചി സത്ത് നിർമിച്ചായിരുന്നു ലിനിയുടെ തുടക്കം. പാലാ കൊടുന്പിടി ഗ്രാമനികേതനിലായിരുന്നു ഉത്പന്നം വിൽപന നടത്തിയിരുന്നത്. ഹോർട്ടികോർപ്പും വ്യവസായ വകുപ്പും പഴവർഗ സംസ്കരണത്തിലും മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിലും നൽകിയ പരിശീലനത്തിൽ പങ്കെടുത്തിരുന്നു.
പിന്നീട് പടിപടിയായി പുതിയ മൂല്യ വർധിത ഉത്പന്നങ്ങൾ നിർമിക്കാൻ ആരംഭിച്ചു. ഇപ്പോൾ ബീറ്റ്റൂട്ട്, മുന്തിരി, ജാതിക്ക, ഓറഞ്ച്, പൈനാപ്പിൾ, ചാന്പങ്ങ, ഞാവൽ പഴം എന്നിവയുടെ സത്ത് നിർമിച്ചു വരുന്നു.
ഇതിനുപുറമേ തേൻ നെല്ലിക്ക, തേൻ വെളുത്തുള്ളി, തേൻ പഴം, ചക്ക കട്ലറ്റ്, ചക്ക മിക്സർ, ചക്ക പക്കാവട, ചക്കക്കുരു പായസം, ചക്കപ്പഴം കേക്ക്, ചീനിക്കിഴങ്ങ് ഹൽവ എന്നീ മൂല്യ വർധിത ഉത്പന്നങ്ങളും നിർമിക്കുന്നു.
നേരത്തേ നിർമിച്ചിരുന്ന ഇഞ്ചി സത്ത് ജിഞ്ചർ ഷോട്ട് എന്ന പേരിലാണ് ഇപ്പോൾ പുറത്തിറക്കുന്നത്.
ജിഞ്ചർ ഷോട്ട്
നാടൻ ഇഞ്ചി കഴുകിയെടുത്ത് തൊലികളഞ്ഞ് അരിഞ്ഞെടുത്ത ശേഷം ജാതിക്ക, കറുവപ്പട്ട, ഗ്രാന്പൂ എന്നിവ ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും വെള്ളവും ഉപയോഗിച്ച് തിളപ്പിച്ചെടുത്താണ് ജിഞ്ചർ ഷോട്ട് നിർമിക്കുന്നത്.
500 ഗ്രാമിന് 125 രൂപ, 250 ഗ്രാമിന് 65 രൂപ എന്നിങ്ങനെയാണ് വില. ദഹനത്തെ സഹായിക്കുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഉത്തമമാണിത്.
ജാതിക്ക സത്ത്
ജാതിക്ക മുറിച്ച് ചെറിയ കഷണങ്ങളാക്കും. പിന്നീട് തിളപ്പിച്ചാറിയ വെള്ളത്തിൽ കറുവപ്പട്ടയും ഗ്രാന്പുവും ചേർത്ത് വായു കടക്കാത്ത ചില്ലു ഭരണിയിൽ അടച്ച് 21 ദിവസം കഴിയുന്പോൾ അരിച്ചെടുത്താണ് ജാതിക്ക സത്ത് നിർമിക്കുന്നത്.
സന്ധികളുടെയും പേശികളുടെയും വേദന കുറയ്ക്കുന്നതിനും ദഹനത്തിനും സഹായകം. ആന്റി ഓക്സിഡന്റുകൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
പൈനാപ്പിൾ സത്ത്
പൈനാപ്പിളിന്റെ പുറംതൊലി കളഞ്ഞ് കഴുകിയെടുത്ത് മുറിച്ചശേഷം പഞ്ചസാരയും സുഗന്ധവ്യഞ്ജനങ്ങളും താതിരിപ്പൂവും ചേർത്ത് അഞ്ചുദിവസം ചില്ലുഭരണിയിൽ അടച്ചു വച്ചാണ് പൈനാപ്പിൾ സത്ത് എടുക്കുന്നത്.
വിറ്റാമിൻ സിയും എയും ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിൽ ആന്റിഓക്സിഡന്റുകളും ഇതിലുണ്ട്. പ്രതിരോധശേഷി പ്രദാനം ചെയ്യാനും സഹായകം. മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്.
തേൻ നെല്ലിക്ക
നെല്ലിക്ക കഴുകിയെടുത്തശേഷം ആവി കയറ്റി തുടച്ചെടുക്കും. തുടർന്ന് ചില്ലു ഭരണിയിലിട്ട് ആവശ്യത്തിന് തേൻ ചേർത്ത് 15 ദിവസം വച്ചാൽ തേൻ നെല്ലിക്കയായി. പ്രകൃതിദത്തമായ ആന്റിബയോട്ടിക്കാണിത്.
കേശ സംരക്ഷണത്തിനും ചർമകാന്തിക്കും നല്ലതാണ്. വിറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായകം.
തേൻ വെളുത്തുള്ളി സത്ത്
വെളുത്തുള്ളി വെയിലത്ത് ഉണക്കിയെടുത്തശേഷം ചില്ലു ഭരണിയിലിട്ട് തേൻ ചേർത്ത് എടുത്താൽ തേൻ വെളുത്തുള്ളി ഉണ്ടാക്കാം. ദഹന സഹായത്തിനു പുറമേ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും അണുബാധ ചെറുക്കാനും ഇത് നല്ലതാണ്.
വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സന്പന്നം. ഹൃദയാരോഗ്യത്തിനും സഹായകം.

ചക്ക കട്ലറ്റ്
ചക്കച്ചുള അരിഞ്ഞെടുത്ത് ആവി കയറ്റി തണുത്തു കഴിയുന്പോൾ മിക്സിയിൽ അടിച്ചെടുത്തശേഷം ചുവന്നുള്ളി, കറിവേപ്പില, പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവ ചേർക്കും. പിന്നീട് അരിപ്പൊടി മേന്പൊടിയായി ചേർത്ത് ഷേയ്പ്പ് ചെയ്ത് എണ്ണയിൽ വറുത്തെടുത്താൽ ചക്ക കട്ലറ്റായി.
വിറ്റാമിൻ എ, സി എന്നിവ ഇതിലുണ്ട്. പ്രോട്ടീൻ സന്പന്നമാണ്. ദഹനത്തിനു സഹായകം. ചക്കച്ചുളയിലെ നാരുകൾ ആന്റിഓക്സിഡന്റുകൾ എന്നിവ രക്തസമ്മർദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്. പ്രതിരോധശേഷി വർധിപ്പിക്കാനും ഉത്തമം.
ചക്കക്കുരു പായസം
ചക്കക്കുരുവിന്റെ പുറംതൊണ്ട് കളഞ്ഞ് കുക്കറിൽ വേവിച്ചെടുത്തശേഷം മിക്സിയിൽ അരച്ചെടുക്കും. പിന്നീട് തേങ്ങാപ്പാൽ, ശർക്കര എന്നിവയ്ക്കൊപ്പം അരിപ്പൊടി മേന്പൊടിയായും ഏലയ്ക്ക, ജീരകം, ചുക്ക്, കശുവണ്ടി പരിപ്പ്, മുന്തിരി ഉണങ്ങിയത് എന്നിവയും ചേർത്ത് നെയ്യിൽ വറുത്തെടുത്താൽ രുചികരമായ ചക്കക്കുരു പായസമായി.
ചീനിക്കിഴങ്ങ് ഹൽവ
ചീനിക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് മിക്സിയിൽ അരച്ചെടുക്കും. ഇതിനുശേഷം ഉരുളിയിൽ നെയ്യൊഴിച്ച് വരട്ടിയെടുക്കും. തുടർന്ന് ശർക്കരപ്പാനി ചേർത്ത് വറ്റിവരുന്പോൾ തേങ്ങാപ്പാലിൽ കോണ്ഫ്ളവർ പൊടിയും നെയ്യും ചേർത്ത് വറ്റിച്ചശേഷം ഏലയ്ക്കാപ്പൊടിയിട്ട് ഉരുളിയിൽനിന്ന് എടുത്താൽ സ്വാദിഷ്ഠമായ ചീനിക്കിഴങ്ങ് ഹൽവ ഉണ്ടാക്കാം.
ബ്രാന്റഡ് ഉത്പന്നം
മരിയ അഗ്രിഫുഡ് പ്രോഡക്ട്സിന്റെ ഉത്പന്നങ്ങൾ നേച്ചർലി എന്ന ബ്രാന്റിലാണ് വിപണനം നടത്തുന്നത്. പ്രാദേശിക മാർക്കറ്റിനു പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉത്പന്നങ്ങൾക്ക് ഓർഡർ ലഭിക്കുന്നുണ്ട്.
വിദേശത്ത് പഠനത്തിനും ജോലിക്കും പോകുന്നവർ ഇതിൽ പല ഉത്പന്നങ്ങളും വാങ്ങിക്കൊണ്ടുപോകുന്നത് പതിവാണ്. ഇതിനുപുറമേ മൂലമറ്റം സെന്റ് ജോർജ് പള്ളിക്ക് മുന്നിലുള്ള വീട്ടിലെത്തി വാങ്ങുന്നവരുമുണ്ട്. നാടൻ ചെറുതേൻ, വൻതേൻ എന്നിവയുടെ വിൽപനയും ഉണ്ട്. ഓണ്ലൈൻ മാർക്കറ്റിംഗിലേക്ക് കിടക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്.
ഭർത്താവ് ബിജു സെബാസ്റ്റ്യന്റെയും മക്കളായ സിസ്റ്റർ ലിബി മരിയ എഫ്സിസി, ലിയ അമൽ, ലീ സെബാസ്റ്റ്യൻ, ലിയോ ഫ്രാൻസിസ് എന്നിവരുടെയും ലിയയുടെ ഭർത്താവ് അഡ്വ. അമൽ ജോഷിയുടെയും പ്രോത്സാഹനവും പിന്തുണയുമാണ് ലിനിയുടെ കരങ്ങൾക്ക് ശക്തി പകരുന്നത്.
ലിനി-ഫോണ്: 9526765418