ഓണവിപണിയിൽ താരമായി ചെങ്ങാലിക്കോടനും പ്രഗതിയും
Tuesday, October 7, 2025 1:43 PM IST
തൃശൂരിന്റെ ഓണം സ്പെഷൽ ചെങ്ങാലിക്കോടനും ഹൈബ്രിഡ് പാവയ്ക്കയും നൽകിയ മികച്ച വിളവിൽ മഴ നൽകിയ തിരിച്ചടി മറക്കുകയാണ് കാർഷിക സംസ്കൃതി കർഷകക്കൂട്ടം. ഓണം ലക്ഷ്യമിട്ടു നട്ട പയർ, വെണ്ട, വഴുതന പച്ചക്കറിയിനങ്ങൾ കനത്ത മഴയിൽ നശിച്ചു പോയി.
എന്നാൽ, കാർഷിക സംസ്കൃതിയുടെ ജില്ലാ കോ-ഓർഡിനേറ്ററും കാര്യാട്ടുകരയിലെ കർഷകനുമായ അരവിന്ദാക്ഷൻ മാഷിന്റെ പാവയ്ക്കാത്തോട്ടം അതിശക്തമായ മഴയെ അതിജീവിച്ചു. കാർഷിക സർവകലാശാല വികസിപ്പിച്ച ഹൈബ്രിഡ് പാവൽ ഇനമായ പ്രഗതിയാണ് മികച്ച വിളവ് നൽകിയത്.
അഞ്ചുസെന്റിലെ പാവയ്ക്ക പന്തലിൽ നിറയെ പാവയ്ക്ക വിളവെടുക്കാൻ പാകത്തിനു കിടക്കുന്നു. ആകെ 62 തൈകളേ പരീക്ഷണാടിസ്ഥാനത്തിൽ നട്ടു നോക്കിയുള്ളൂവെങ്കിലും പന്തലിൽ മുഴുവൻ പടർന്നിട്ടും ഇടതൂർന്നു സ്ഥലമില്ലാതെ ഞെരുങ്ങി കിടക്കുകയാണ് ഇവ.
ഒന്നരമാസംകൊണ്ട് പൂവിട്ട് രണ്ടുമാസത്തിനകംതന്നെ വിളവെടുക്കാൻ പാകമായി. മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണ് വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തത്. ആദ്യദിനംതന്നെ 22 കിലോഗ്രാം പാവയ്ക്ക വിളവെടുത്തു.
തുടർന്നുള്ള ഓരോ വിളവെടുപ്പിലും 21, 22, 20 എന്നിങ്ങനെ കിലോഗ്രാം വിളവു ലഭിച്ചു. വി.എസ്. സുനിൽകുമാർ ചെയർമാനും കെ. അരവിന്ദാക്ഷമേനോൻ ജില്ലാ കോ-ഓർഡിനേറ്ററും കെ.കെ. രാജേന്ദ്രബാബു ജനറൽ കണ്വീനറുമായാണ് വി. കെ. മോഹനൻ കാർഷിക സംസ്കൃതി കർഷകകൂട്ടം പ്രവർത്തിക്കുന്നത്.
കൂട്ടായ്മയിലെ പുല്ലഴി ആലാട്ട് ചന്ദ്രനാണ് ഓണം സ്പെഷൽ ആയ ചെങ്ങാലിക്കോടൻ നേന്ത്രവാഴ കൃഷി ചെയ്തു വിജയിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മുള്ളൂർക്കരയിലെ ഒന്നര ഏക്കർ കൃഷിയിടത്തിലാണ് 800 ഓളം ചെങ്ങാലിക്കോടൻ വാഴകൾ നട്ടിരിക്കുന്നത്.
ഇതിൽ ഓഗസ്റ്റ് ആദ്യവാരം മുതൽ ചെറിയ രീതിയിൽ വിളവെടുപ്പ് ആരംഭിച്ചെങ്കിലും ഓണവിപണി ലക്ഷ്യമിട്ടാണ് 500 ഓളം കുലകൾ വെട്ടിയത്. ന്ധആദ്യം കിലോയ്ക്ക് 75 രൂപ നിരക്കിലാണ് വില കിട്ടിയത്. ഓണം അടുത്തപ്പോൾ 100 വരെയായി. ഇതിന്റെ ഭംഗിയും സ്വാദുമാണ് ഡിമാൻഡ് കൂട്ടുന്നത്.
ഓണത്തിനു കാഴ്ചക്കുലകളായി കൊണ്ടുപോകാൻ വരുന്നവർ ചിലപ്പോൾ മോഹവില തരും. 12 -13 കിലോ തൂക്കമേ എന്റെ കൃഷിയിടത്തിലെ ചെങ്ങാലിക്കോടൻ കുലകൾക്കുള്ളൂ. ജൈവവളമാണു പ്രധാനമായും ഉപയോഗിക്കുന്നത്. അത്യാവശ്യത്തിനു മാത്രമാണു പൊട്ടാഷ് പ്രയോഗിക്കുന്നത്.
അതുകൊണ്ടുതന്നെ തൂക്കം അല്പം കുറവാണ്. രാസവളം ഉപയോഗിച്ചാൽ തൂക്കം കൂടുതൽ കിട്ടും. പക്ഷേ, ജൈവ ഉല്പന്നങ്ങൾ തേടിവരുന്നവരെ നാം കബളിപ്പിക്കാൻ പാടില്ലല്ലോ’ - ചന്ദ്രൻ പറഞ്ഞു. തൃശൂർ ജില്ലയിലെ തലപ്പള്ളി താലൂക്കിലെ എരുമപ്പെട്ടി, വേലൂർ, വരവൂർ, വടക്കാഞ്ചേരി, മുള്ളൂർക്കര, കൈപ്പറന്പ് പ്രദേശങ്ങളിലാണു ചെങ്ങാലിക്കോടൻ വാഴ പ്രധാനമായും കൃഷിചെയ്യുന്നത്.
"വാഴ കുലച്ച് ഒരു മാസം കഴിയുന്പോഴേക്കും കുടപ്പൻ (കൊപ്ര) ഒടിച്ച് വാഴയിലകൾ (വാഴക്കൈ)കൊണ്ട് പൊതിഞ്ഞു കെട്ടും. അതിനുമുകളിലായി ചാക്കിട്ടു മൂടും. ഭംഗി കിട്ടുന്നതിന്റെ പ്രധാന രഹസ്യമിതാണ്. കൂടാതെ കിളികളിൽ നിന്നുള്ള സംരക്ഷണം കിട്ടുന്നതോടൊപ്പം കായ പൊട്ടാതിരിക്കാനും ഇത് ഉപകരിക്കും.
കാഴ്ചക്കുലകൾക്കുവേണ്ടി പ്രത്യേകം നിർത്തുന്ന കുലകളുടെ കുടപ്പൻ ഒരു മാസം കഴിയുന്പോൾ ഒടിക്കാറില്ല.'- ചന്ദ്രന്റെ കൃഷി ഉപദേഷ്ടാവും മൂന്നു പതിറ്റാണ്ടിലധികമായി ചെങ്ങാലിക്കോടൻ കർഷകനുമായ പപ്പേട്ടൻ (മേലൂട്ട് പത്മനാഭൻ) പറഞ്ഞു.
വിത്ത്, നടീൽ
സാധാരണ ഒക്ടോബർ മാസത്തിലാണു ചെങ്ങാലിക്കോടൻ തൈകൾ നടുക. ഇതിനു രണ്ടോ മൂന്നോ ആഴ്ച മുന്പ് ഒന്നരയടി ആഴത്തിലും രണ്ടടി വീതിയിലും ജെസിബിക്ക് വാരം കോരും. ഇതിൽ കുമ്മായം ഇട്ട് മണ്ണിന്റെ അമ്ലഗുണം കുറയ്ക്കും.
തലേവർഷം മാതൃവൃക്ഷത്തിൽനിന്നും എടുത്ത് നന്നായി ഉണക്കി വച്ചിരിക്കുന്ന കന്നുകൾ ചാണകവെള്ളത്തിലും കുമിൾ രോഗം വരാതിരിക്കാൻ സ്യൂഡോമോണസിലും മുക്കിയശേഷമാണു നടുക. വാരത്തിനു മുകൾവശത്തായി കറിക്ക് ഉപയോഗിക്കുന്ന ഉണക്ക പയർ വിതയ്ക്കും.
ഒരു മാസത്തിനകംതന്നെ വാഴയുടെ മൂന്നോ നാലോ ഇല വിരിയും. ഇതോടെ ആട്ടിൻകാഷ്ഠം, കുറച്ച് ചാരം, അല്പം ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവയിട്ട് തിണ്ട് ഇടിച്ചുകൊടുക്കും. ഒപ്പം വാഴയ്ക്കു നൈട്രജൻ ലഭിക്കാൻ പയർചെടികൾ വലിച്ച് വളമായിട്ടശേഷമാണു മണ്ണിറക്കിക്കൊടുക്കുക.
അപ്പോഴേക്കും ഡിസംബർ മാസം ആകും. അതോടെ ചാലുകീറിയോ ഡ്രിപ്പ് ഇറിഗേഷൻ വഴിയോ നന ആരംഭിക്കും. പിന്നീട് ഓരോ 30 ദിവസം കഴിയുന്പോഴും ജൈവവളങ്ങൾ നൽകും. പല തവണയായി പരമാവധി 400 ഗ്രാം പൊട്ടാഷ് നൽകും.
ഏഴാം മാസം കുലവരും. കുല വന്ന് ഒരു മാസംകൊണ്ട് പടലകൾ വിരിഞ്ഞുകഴിയും. അതോടെയാണ് വാഴയില ഉപയോഗിച്ച് പൊതിഞ്ഞു കെട്ടുക. ആകെ 10-11 മാസം കൊണ്ട് വിളവെടുക്കാം.
പ്രത്യേക പരിചരണം
മറ്റു നേന്ത്രവാഴകളെ അപേക്ഷിച്ച് കൂടുതൽ പരിചരണംവേണ്ട ഇനമാണ് ചെങ്ങാലിക്കോടൻ. ആറ്റുനേന്ത്രൻ പോലുള്ള ഇനങ്ങളെ അപേക്ഷിച്ച് ഉയരവും വണ്ണവും കുറവാണിവയ്ക്ക്. 12-14 അടി ഉയരമേ വരൂ. പെട്ടെന്ന് കീടബാധ ഉണ്ടാകാനിടയുള്ള ഇനമാണിത്.
ഒരുതരം കറുത്ത വണ്ട് പിണ്ടിയിൽ വന്നു കുത്തും. ഇതിലൂടെ പിണ്ടിപ്പുഴു അകത്തുകടന്നാൽ അതു കുലവരെ ചെന്നെത്തും. അതിനാൽത്തന്നെ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ഓരോ വാഴയുടെ അരികിലും എത്തണം. ആഴ്ചയിൽ 2-3 നനയെങ്കിലും കൊടുക്കണം.
ഭാര്യ പ്രീതിയും മൂത്തമകൻ ആദർശും ചന്ദ്രനോടൊപ്പം കൃഷിയിടത്തിലുണ്ട്. ഇളയ മകൻ അഭിനന്ദിന് ഐടി മേഖലയിലാണു ജോലിയെങ്കിലും അച്ഛന്റെ കാർഷികസംരംഭങ്ങൾക്ക് പിന്തുണയേകുന്നു.
കെ. അരവിന്ദാക്ഷമേനോൻ: ഫോണ്: 9847202930