ഭരണി നെല്ലി: ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യാൻ കഴിവുള്ള ഒരൗഷധം
സുരേഷ്കുമാർ കളർകോട്
Wednesday, October 8, 2025 12:15 PM IST
ഭരണി നക്ഷത്രക്കാരുടെ നക്ഷത്ര വൃക്ഷമാണ് നെല്ലി. ഔഷധ ഗുണങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന നെല്ലി ആയുർവേദ മരുന്നുല്പാദനത്തിന് ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകമാണ്. യൂഫോർബിയേസി കുടുംബത്തിൽപ്പെട്ട നെല്ലി ഫിലാന്തസ് എംബ്ലിക്ക (phyllantas emblica) എന്ന ശാസ്ത്രനാമത്തിലാണ് അറിയപ്പെടുന്നത്.
തണൽ വിരിച്ച് പന്തലിച്ച് മനോഹരമായി നിൽക്കുന്ന വൃക്ഷമാണ് നെല്ലി. ആരോഗ്യവും സൗന്ദര്യവും ഒരുപോലെ പ്രദാനം ചെയ്യാൻ കഴിവുള്ള ഒരൗഷധം. ഏതു ഭൂപ്രദേശത്തും വലിയ പരിചരണം ആവശ്യമില്ലാതെ വളർത്തുവാൻ പറ്റുന്നതാണ് നെല്ലി.
വിത്തു മുളച്ചുണ്ടാക്കുന്ന തൈകളും, ഗ്രാഫ്റ്റ് തൈകളും, ബഡ് തൈകളും ലഭ്യമാണ്. വിത്ത് മുളപ്പിച്ച തൈകൾ വളർന്ന് ഫലം ലഭിക്കുവാൻ കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാൽ ബഡ്, ഗ്രാഫ്റ്റ് തൈകളാണ് നടുന്നതെങ്കിൽ മൂന്നാം വർഷം മുതൽ കായ്ച്ചു തുടങ്ങും.
ഗ്രാഫ്റ്റ് ചെയ്തതോ ബഡ് ചെയ്തതോ ആയ ചെടികൾ മാതൃവൃക്ഷത്തിന്റെ എല്ലാ സവിശേഷതകളും ഉണ്ടാകും. ഭരണി നക്ഷത്രത്തിൽപ്പെട്ട അംഗങ്ങളുള്ളവരുടെ വീട്ടിൽ ഒരു നെല്ലിമരം നട്ടുപരിപാലിക്കുന്നത് നല്ലതാണ്. കൂടുതൽ സ്ഥലമുള്ളവർ ഒരു കാർഷിക വിളയായും നെല്ലി നട്ടുവളർത്താം.
ഒരു വർഷം പ്രായമായ തൈകളോ ബഡ് തൈകളോ ആണ് നടാൻ ഉത്തമം. നല്ല നീർവാഴ്ചയും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലമാണ് നെല്ലി നടുവാൻ അനുയോജ്യം. മേയ്-ജൂണ് മാസമാണ് തൈകൾ നടുവാൻ പറ്റിയ സമയം.
ഒരു മീറ്റർ ചതുരത്തിൽ കുഴിയെടുത്തതിനുശേഷം ഡോളോമൈറ്റ് അല്ലെങ്കിൽ കുമ്മായം വിതറിയതിനുശേഷം പത്തുകിലോ ചാണകപ്പൊടി, അരകിലോ വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് നന്നായി മിശ്രണം ചെയ്തതിനുശേഷം കുഴിയുടെ നടുഭാഗത്ത് നടാം.
ആണ്ടിൽ രണ്ട് തവണയെങ്കിലും ജൈവ വളങ്ങൾ കൊടുക്കണം. നന്നായി ജനുവരി-ഫെബ്രുവരി മാസങ്ങളിൽ പൂക്കുകയും നവംബർ ഡിസംബർ മാസങ്ങളിൽ കായ്കൾ പാകമായി വിളവെടുക്കുകയും ചെയ്യാവുന്നതാണ്.
നെല്ലിയുടെ ഒരേ വൃക്ഷത്തിൽ തന്നെ ആണ്-പെണ് പൂക്കൾ ഉണ്ടാക്കും. ഉരുണ്ട വെൽവെറ്റ്കുടപോലെ പൂക്കൾ കാണപ്പെടും. ആണ് പൂക്കളെക്കാൾ എണ്ണത്തിൽ കുറവായാണ് പെണ് പൂക്കൾ കാണുന്നത്.
പൂങ്കുലയിൽ ദളങ്ങളില്ല, ബാഹ്യദളങ്ങൾ അഞ്ചോ ആറോ കാണപ്പെടും. മൂന്ന് സംയുക്ത കേസരങ്ങളും അണ്ഡാശയത്തിൽ മൂന്ന് അറകളും കാണാം. ഇലകൾക്ക് എട്ട് മുതൽ പത്ത് മില്ലി മീറ്റർ നീളവും രണ്ട് മുതൽ മൂന്ന് മില്ലിമീറ്റർ വീതിയും ഉണ്ട്.
തവിട്ടു നിറഞ്ഞ പച്ചയാണ് ഇലയുടെ നിറം. കടുപ്പവും ബലമുള്ളതുമായ തടിയാണ് നെല്ലിയുടേത് ചുവപ്പുനിറത്തോടുകൂടിയ തടി പെട്ടെന്ന് പൊട്ടിച്ചിന്നും. ഫർണീച്ചർ നിർമാണത്തിന് നെല്ലിയുടെ തടി ഉപയോഗിച്ചു വരുന്നു.
നെല്ലിയുടെ തൊലിയിൽ പത്തൊൻപത് ശതമാനവും ഇലയിൽ ഇരുപത്തിരണ്ട് ശതമാനം ടാനിൻ ഉണ്ട്. വിളയാത്ത കായിൽ ടാനിന്റെ അളവ് കൂടുതലായിരിക്കും. നെല്ലിക്കായ് ഉണക്കിയാലും ഉപ്പിലിട്ടാലും വിറ്റാമിൻ നഷ്ടപ്പെടാറില്ല. നെല്ലിക്കാക്കുഴന്പ് മധ്യഭാരതത്തിൽ പാത്രനിർമാണത്തിന് ഉപയോഗിച്ചിരികുന്നു.
പെക്റ്റിൻ, വിറ്റാമിൻ സി, ബി കോംപ്ളക്സ്, കാൽസ്യം, ഇരുന്പിന്റെ അംശം, സെല്ലു ലോഡ്, ആൽബുമിൻ, പഞ്ചസാര, പ്രോട്ടീൻ, റെസിൻ, അന്നജം, ടാനിക് അമ്ളം, ഗൈനിക് അമ്ളം എന്നിവയും അടങ്ങിയിരിക്കുന്നു.
തൊലിപ്പുറത്തുണ്ടാകുന്ന അലർജി, അമ്ള പിത്തം, മൂത്രതടസം, പ്രമേഹം, മുടികൊഴിച്ചിൽ, രുചിയും ദഹനശക്തിയും വർദ്ധിപ്പിക്കുന്നു.
നെല്ലിയ്ക്കാ കൊണ്ട് കഷായം വെച്ച് കവിൾക്കൊള്ളുന്നത് വായ്പുണ്ണിന് നല്ലതാണ് കൂടാതെ നാഡികൾക്ക് ബലം നൽകുകയും ശരീരഭാഗം കുറയ്ക്കുവാൻ സഹായിക്കുകയും വാർധക്യം വൈകിപ്പിക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ജലദോഷവും ചുമയും ചെറുക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
ആയുർവേദത്തിന്റെ ഔഷധങ്ങളിൽ ഒന്നായ ച്യവനപ്രാശത്തിന്റെ പ്രധാന ചേരുവകളിൽ ഒന്നാണ് നെല്ലിക്ക. കേരളത്തിൽ കിണറുകൾ നിർമ്മിക്കുന്പോൾ അടിയിൽ നെല്ലിപ്പലകയിട്ട് കിണർ നിർമ്മിച്ചിരുന്നത് ശുദ്ധമായ തെളിഞ്ഞ വെള്ളം ലഭിക്കുന്നതിന് വേണ്ടിയാണ്.
കലങ്ങിയ വെള്ളത്തിൽ നെല്ലിമരത്തിന്റെ ചെത്തു പൂളുകളോ നല്ല കന്പുകളോ ഇട്ടാൽ നല്ല വെള്ളം ലഭിക്കും. നെല്ലിയ്ക്കായുടെ ഔഷധ ഗുണത്തെപ്പറ്റിയും ചികിത്സയെക്കുറിച്ചും ചരകസംഹിതിയിൽ ധാരാളം വിവരിച്ചിട്ടുണ്ട്.
എത്രത്തോളം നെല്ലിക്കാ ഭക്ഷിക്കുന്നുവോ അത്രത്തോളം യവനയുക്തനായി ജീവിച്ചിരിക്കും. "നെല്ലിയ്ക്കാ വെള്ളത്തിൽ കുളിച്ചിടില സംശയം ജരാനരകൾ നീങ്ങീടും, നൂറ്റാണ്ടുകളിരുന്നീടും' അഷ്ടാംഗഹൃദയം.
ഇത്രയേറെ ഔഷധ പ്രാധാന്യമുള്ള ഈ വൃക്ഷത്തെ ഭരണി നക്ഷത്രക്കാർ ക്രമമായ പരിചരണത്തിലൂടെ ചട്ടിയിലും വളർത്താവുന്നതാണ്.