ചെറുനാരകം ഗുണദായകം
Thursday, October 9, 2025 11:57 AM IST
ഔഷധ സമൃദ്ധിയുടെ ഔന്നത്യത്തിലുള്ള ചെറുനാരകത്തിന്റെ ഗുണം ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗത്തും ഘോഷിക്കപ്പെടുന്നുണ്ടെങ്കിലും ആയുർവേദത്തിൽ ഇതു സമാനതകളില്ലാത്ത ഫലമാണ്.
ദേവപൂജയ്ക്കും മംഗളകർമങ്ങൾക്കും ഉപയോഗിക്കുന്ന നാരങ്ങയ്ക്ക് "Nature's Care All' എന്ന് ഒരു അപരനാമവുമുണ്ട്. ശാഖോപശാഖകളായി രണ്ടര മീറ്റർവരെ പൊക്കത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് നാരകം.
തമിഴ്നാട്, മഹാരാഷ്ട്ര, കർണാടകം, കേരളം എന്നിവിടങ്ങളിൽ വിപുലമായി കൃഷി ചെയ്തുവരുന്ന നാരകത്തിൽ മുള്ളുകളുണ്ട്. ഇതിന്റെ പത്രകക്ഷത്തിൽനിന്നാണ് മുള്ളുകൾ പുറപ്പെടുന്നത്.
ഇതിന്റെ പൂവുകൾ വെളുത്തതും ചെറുതുമാണ്. ഹൃദ്യമായ സുഗന്ധമുള്ള ഇതിന്റെ ഇലകളും ഫലവും ആരോഗ്യവർധകമാണ്. ഇതിന്റെ ഫലം ആദ്യം പച്ചനിറത്തിലും പാകമാകുന്പോൾ മഞ്ഞനിറത്തിലും കാണപ്പെടുന്നു.
ഔഷധവീര്യംകൊണ്ട് അദ്വിതീയമായ ഒരു സ്ഥാനം ചെറുനാരങ്ങയ്ക്കുണ്ട്. കേരളത്തിൽ എല്ലാ കാലത്തും ലഭിക്കുന്ന ഈ ഔഷധഫലം ഉപയോഗിച്ച് അച്ചാറുകൾ, പാനീയങ്ങൾ എന്നിവ മലയാളികളായ നാം ഉണ്ടാക്കി പ്രയോജനപ്പെടുത്തുന്നു.
ചെറുനാരങ്ങയെ "ജംബീരകുല'ത്തിലാണ് ആയുർവേദം ഉൾപ്പെടുത്തിയിരിക്കുന്നത്. "റൂട്ടേസി' സസ്യകുടുംബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചെറുനാരകത്തിന്റെ ശാസ്ത്രനാമം സിട്രസ് ഔറാന്റിഫോളിയ (Citrus aurantifolia) എന്നാണ്. ഇതിന്റെ ഫലം ഔഷധയോഗ്യമാണ്.
• പല പേരുകൾ
ചെറുനാരകത്തിന് നിംബുകഃ, ജംഭകഃ, ജംബീരഃ എന്നിങ്ങനെ സംസ്കൃതത്തിലും ’ലൈം’ എന്ന് ഇംഗ്ലീഷിലും പേരുകളുണ്ട്.
• രസാദിഗുണങ്ങൾ
അമ്ലരസവും ഗുരുസ്നിഗ്ധ ഗുണവും ഉഷ്ണവീര്യവും വിപാകത്തിൽ അമ്ലവും അടങ്ങിയതാണ് ആയുർവേദ വിധിപ്രകാരം ഇതിന്റെ രസാദിഗുണങ്ങൾ.
• രാസഘടകങ്ങൾ
വിറ്റമിൻ-സിയുടെ കലവറയായ ചെറുനാരങ്ങയിൽ ധാതുലവണങ്ങൾ, സിട്രിക് അമ്ലം, വിറ്റമിൻ-ബി, പൊട്ടാഷ് എന്നിവ അടങ്ങിയിരിക്കുന്നു.
നാരങ്ങയുടെ തൊലിയിൽ മഞ്ഞനിറമുള്ള ഒരു ബാഷ്പതൈലവും കാണപ്പെടുന്നു.
• ഔഷധഗുണങ്ങൾ
കുളിക്കാനുള്ള സോപ്പുകൾ, ഡിറ്റർജന്റുകൾ, ക്ലീനിംഗ് സൊലൂഷനുകൾ എന്നിവ ഉണ്ടാക്കാൻ നാരങ്ങ ഉപയോഗിക്കുന്നു.
അണുനാശക ശക്തിയുള്ള ഈ ഔഷധഫലം ദഹനശേഷി വർധിപ്പിക്കുകയും രോഗപ്രതിരോധ ശക്തി നിലനിർത്തുകയും ചെയ്യുന്നു.
• ഔഷധപ്രയോഗങ്ങൾ
ചുമ ശമിപ്പിക്കാൻ: ഒരു കഷണം ചെറുനാരങ്ങനീര് രണ്ടു സ്പൂണ് തേൻ ചേർത്ത് രണ്ടു മണിക്കൂർ ഇടവിട്ട് കഴിക്കുക.
• തുമ്മൽ, പീനസം എന്നിവയുടെ ശമനത്തിന്
ചെറുനാരങ്ങയും രക്തചന്ദനവും ചേർത്ത് വെളിച്ചെണ്ണ കാച്ചി തലയിൽ പതിവായി തേക്കുക.
• മുഖക്കുരു മാറാൻ
രാവിലെ കുളിക്കുംമുന്പും വൈകിട്ട് കിടക്കുന്നതിനുമുന്പും മുഖത്ത് നാരങ്ങാനീരു പുരട്ടുക.
• മുഖസൗന്ദര്യത്തിനും മാർദവത്തിനും
ചെറുനാരങ്ങാനീരും തേനും ചേർത്ത് പതിനഞ്ചു മിനിറ്റ് മുഖം തിരുമ്മുക. അര മണിക്കൂർ കഴിഞ്ഞ് മുഖം പച്ചവെള്ളത്തിൽ കഴുകുക.
• ചിക്കൻപോക്സ് പ്രതിരോധത്തിന്
ഒരു നാരങ്ങയുടെ നീരിൽ 8 ഗ്രാം ശർക്കര ചേർത്ത് രണ്ടു പ്രാവശ്യം കഴിക്കുക.
• തേൾ കുത്തിയാൽ
തുളസിയില (കുറച്ച്) ചാലിക്കാൻ ആവശ്യമായ നാരങ്ങാനീരിൽ തുളസിയില അരച്ച് മുറവിൽ മൂന്നുനേരം പുരട്ടുക.
• വയറുകടി ശമിക്കാൻ
ഒരു ഗ്ലാസ് നാരങ്ങാവെള്ളം പ്രഭാതഭക്ഷണത്തിനു മുന്പു കഴിക്കുക.
• വയറിളക്കം ശമിക്കാൻ
കട്ടൻചായയിൽ ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിച്ചു കുടിക്കുക.
• അതിസാരം ശമിക്കാൻ
ചൂടുവെള്ളത്തിൽ ചെറുനാരങ്ങാ നീരും തേനും അല്പം ഉപ്പും ചേർത്ത് ഇടയ്ക്കിടയ്ക്കു കഴിക്കുക.
• ദഹനക്കുറവ്, അരുചി, എന്നിവ മാറാൻ
ആഹാരത്തിനുമുന്പ് ഒരു നാരങ്ങയുടെ നീര് അല്പം പഞ്ചസാര ചേർത്തു കഴിക്കുക.
• വായ്നാറ്റം/മോണരോഗം എന്നിവ മാറാൻ
ദന്തധാവനത്തിനുശേഷം നാരങ്ങാവെള്ളം കുടിക്കുന്നതും കവിൾകൊള്ളുന്നതും നന്ന്.
• അകാലനര മാറാൻ
ചെറുനാരങ്ങാനീരിൽ തേൻ ചേർത്ത് തലയോട്ടിയിലും മുടിയിലും നന്നായി പുരട്ടി അരമണിക്കൂർ കഴിഞ്ഞ് പച്ചവെള്ളത്തിൽ കഴുകുക.
• ദുർമേദസ്, പൊണ്ണത്തടി എന്നിവ മാറാൻ
നിത്യവും രാവിലെ വ്യായമത്തിനുശേഷം ചെറുനാരങ്ങാനീരും തേനും ചേർത്തു കഴിക്കുക.
• തേമൽ മാറാൻ
ചെറുനാരങ്ങാനീരും ഗന്ധകവും ചേർത്ത് പുരട്ടുക.
• താരൻ മാറാൻ
വെളിച്ചെണ്ണയും സമം നാരങ്ങാനീരും ചേർത്ത് ചൂടാക്കി ചെറുചൂടോടെ തലയിൽ തേക്കുക.
• വട്ടച്ചൊറി ഭേദമാകാൻ
ഒരു ചെറുനാരങ്ങയുടെ നീര്, ഒരു നുള്ള് പൊൻകാരം, ഗന്ധകം എന്നിവ സംയോജിപ്പിച്ച് രണ്ടുനേരം വട്ടച്ചൊറിയുള്ള ഭാഗത്തു പുരട്ടുക.
• ചുണങ്ങ് മാറാൻ
ഒരു നാരങ്ങയുടെ നീര്, ഒരു ടീസ്പൂണ് തുളസിനീര് എന്നിവ അല്പം വെളിച്ചെണ്ണയിൽ ചേർത്ത് വറ്റിച്ച് തലയിൽ തേക്കുക. ഇരുപതു മിനിറ്റ് കഴിഞ്ഞു കുളിക്കുക.
പ്രഫ. കെ. നസീമ
ഫോൺ: 9633552460