"സേഫ്റ്റി ഓവര്‍വ്യൂ' ഫീച്ചറുമായി വാട്സ്ആപ്
Monday, August 11, 2025 12:06 PM IST
പരിചയമില്ലാത്തവര്‍ വ്യക്തികളെ അനുവാദമില്ലാതെ വാട്സ്ആപ് ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നത് പലപ്പോഴും സുരക്ഷയ്ക്ക് ഭീഷണിയാണ്. ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്ക് യാതൊരു കുറവുമില്ലാത്ത ഇക്കാലത്ത് ഇത്തരം അപരിചിത ഗ്രൂപ്പുകളില്‍ അംഗമായാല്‍ ഒരു പക്ഷേ വലിയ വിലതന്നെ നല്‍കേണ്ടി വന്നേക്കാം.
ഇത്തരം നീക്കം തടയാനുള്ള പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്. ഉപഭോക്താക്കള്‍ പരിചിതമല്ലാത്തതുമായ ഗ്രൂപ്പുകളില്‍ അംഗമാകുന്നത് തടയുന്നതിനായുള്ള പുതിയ "സേഫ്റ്റി ഓവര്‍വ്യൂ' ഫീച്ചറാണ് വാട്സ്ആപ് അവതരിപ്പിച്ചത്.
കോണ്ടാക്ട് ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ ഉപഭോക്താവിനെ ഒരു ഗ്രൂപ്പില്‍ ചേര്‍ക്കുന്ന സമയത്താണ് സേഫ്റ്റി ഓവര്‍ വ്യൂ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുക. കോണ്ടാക്ട് ലിസ്റ്റിലില്ലാത്ത ഒരാള്‍ നിങ്ങളെ ഗ്രൂപ്പില്‍ ചേര്‍ത്താല്‍ പുതിയ ഫീച്ചര്‍ ആ ഗ്രൂപ്പിനെ കുറിച്ചുള്ള പ്രധാന വിവരങ്ങളെല്ലാം നിങ്ങളെ കാണിക്കും.
ആരാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത്, ഗ്രൂപ്പില്‍ എത്രപേര്‍ അംഗങ്ങളാണ് തുടങ്ങിയ വിവരങ്ങളും പൊതുവായ സുരക്ഷാ ടിപ്പുകളും കാണാം. അത് വായിച്ചതിന് ശേഷം ഗ്രൂപ്പില്‍ തുടരുകയോ പുറത്തുപോവുകയോ ചെയ്യാം. അതുവരെ ഗ്രൂപ്പിലെ നോട്ടിഫിക്കേഷനുകളൊന്നും കാണില്ല.
ഇന്ത്യയില്‍ ഈ ആഴ്ച പുതിയ ഫീച്ചര്‍ എത്തും. ഗ്രൂപ്പ് ഇന്‍വിറ്റേഷനുകള്‍ കൂടുതല്‍ സുതാര്യമാക്കാനാണ് ഈ ഫീച്ചറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.