സംഗീതം എന്ന ജീവാമൃതം
പുരുഷന്മാര്‍ മാത്രം സംഗീതക്കച്ചേരി നടത്തിയിരുന്ന അഥവാ നടത്തുവാന്‍ അനുവാദമുണ്ടായിരുന്ന തിരുവനന്തപുരത്തെ നവരാത്രി മണ്ഡപത്തിലെ നവരാത്രി സംഗീതോത്സവത്തില്‍ ആദ്യമായി നിറഞ്ഞ സ്ത്രീനാദം പ്രഫ. പാറശാല ബി. പൊന്നമ്മാളിന്റെതാണ്.

വിപ്ലവകരമായ ഒരു സംഗീത തുടക്കം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ആ നാദാര്‍ച്ചന 2006ലാണ് തുടക്കംകുറിച്ചത്. കര്‍ണാടകസംഗീതം ജീവശ്വാസമാക്കിയ, സാത്വികതയുടെ ആള്‍രൂപമായ പാറശാല പൊന്നാള്‍ ടീച്ചറിന് ഇനിയും ഒേട്ടറെ ബഹുമതികളുണ്ട്. സ്ത്രീശക്തീകരണത്തെക്കുറിച്ച് പ്രസംഗങ്ങള്‍ നടത്താത്ത ടീച്ചര്‍, സ്ത്രീശക്തിയുടെ ജീവിക്കുന്ന തെളിവാണ്.

ശ്രീ സ്വാതിതിരുനാള്‍ സംഗീതകോളജിലെ ആദ്യവിദ്യാര്‍ഥിനികളില്‍ ഒരാളായ പൊന്നാള്‍ കേരളത്തിലെ ആദ്യ സംഗീതകോളജ് അധ്യാപികയും (സ്വാതിതിരുനാള്‍ സംഗീതകോളജ്) ആദ്യ വനിതാ പ്രിന്‍സിപ്പലുമാണ് (തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ്).

ബ്രാഹ്മണസ്ത്രീകള്‍ പുറത്തിറങ്ങുന്നതുപോലും വിമര്‍ശിക്കപ്പെിരുന്ന ഒരു കാലത്ത് ടീച്ചര്‍ സംഗീതക്കച്ചേരികള്‍ നടത്തുകയും ഉന്നത ഉദ്യോഗം ഭരിക്കുകയും ചെയ്തത്. ദക്ഷിണേന്ത്യയില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തരായ കര്‍ണാടക സംഗീതജ്ഞരില്‍ ഒരാളായ പാറശാല പൊന്നമ്മാളിനെ 2017ല്‍ പദ്മശ്രീ നല്കി രാജ്യം ആദരിച്ചിരുന്നു. ഗായകരത്‌നം, സ്വാതി പുരസ്‌കാരം, മദ്രാസ് മ്യൂസിക് അക്കാദമി പുരസ്‌കാരം, കേന്ദ്രകേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ആറിനു നവരാത്രി മണ്ഡപത്തില്‍ പതിവുതെറ്റിക്കാതെ പൊന്നമ്മാള്‍ ടീച്ചര്‍ പാടി. 94ാമത്തെ വയസിലാണ് തേവാരക്കെിലെ സരസ്വതി ദേവിക്കു മുന്നില്‍ നീണ്ട മണിക്കൂറുകള്‍ സംഗീതജ്ഞ പാടിയത്. പാറശാലയിലെ ഒരു അഗ്രഹാരത്തില്‍ ജനിച്ച്, ഭാരത സംഗീതത്തോളം വളര്‍ന്ന പ്രഫ.പാറശാല ബി. പൊന്നാളിന്റെ സംഗീത ജീവിതത്തിലേക്ക്...

? നവരാത്രിക്കാലത്ത് പ്രശസ്തമായ നവരാത്രി സംഗീതോത്സവത്തില്‍ പതിവുമുടക്കാതെ പതിന്നാലാമത്തെ തവണയാണ് പാറശാല പൊന്നമ്മാള്‍ ടീച്ചര്‍ പാടുന്നത്. അല്ലെങ്കില്‍ സ്ത്രീനാദം നിറയ്ക്കുന്നത്. എന്തുപറയുന്നു.
= അദ്ഭുതമാണ് എനിക്ക്. ദേവിയുടെ അനുഗ്രഹംകൊണ്ട് ഇത്ര വര്‍ഷങ്ങള്‍ മുടങ്ങാതെ പാടുവാന്‍ കഴിഞ്ഞു. എന്റെ ഗുരുക്കന്മാരുടെയും അച്ഛനമ്മമാരുടെയും അനുഗ്രഹവും ഇതോടുചേര്‍ത്തുണ്ട്.

? തിരുവിതാംകൂര്‍ രാജഭരണകാലം മുതല്‍ തുടര്‍ന്നുവന്നിരുന്ന ഒരു കീഴ്‌വഴക്കത്തെയാണ് 2006ല്‍ നവരാത്രി സംഗീതോത്സവത്തിനു പാടിക്കൊണ്ട് പാറശാല പൊന്നമ്മാള്‍ തിരുത്തിക്കുറിച്ചത്. പഴയ ആചാരങ്ങള്‍ക്കു നടുവില്‍ ജീവിക്കുന്ന ടീച്ചറിനെപ്പോലൊരു വ്യക്തി എങ്ങനെയാണ് ആ ദൗത്യം ഏറ്റെടുത്തത്.
= തീര്‍ച്ചയായും വലിയ പ്രതിസന്ധി തന്നെയായിരുന്നു. മഹാഗുരുക്കന്മാര്‍ പാടിയിരുന്ന മണ്ഡപമാണ്. അവിടെ കാലങ്ങളായി നിലനില്ക്കുന്ന ആചാരത്തെ മറികടക്കുക എന്നത് എന്നെപ്പോലൊരാള്‍ക്കു സാധാരണഗതിയില്‍ ചിന്തിക്കുവാന്‍ പോലും കഴിയില്ല. മണ്ഡപത്തില്‍ ടീച്ചര്‍ പാടണം എന്നുപറഞ്ഞ് 2006ല്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗവും പ്രശസ്ത സംഗീതജ്ഞനുമായ പ്രിന്‍സ് അശ്വതി തിരുനാള്‍ രാമവര്‍മ എന്നെ സമീപിക്കുമ്പോള്‍ ഞാന്‍ വലിയ ധര്‍മസങ്കടത്തിലായി. സരസ്വതീദേവിക്കു മുന്നില്‍ സ്ത്രീകള്‍ പാടുന്നതില്‍ എന്താണ് തെറ്റ് എന്ന രീതിയില്‍ തമ്പുരാന്‍ കാര്യങ്ങള്‍ വിശദീകരിച്ചുതന്നു. സ്ത്രീകള്‍ പൊതുവേദിയില്‍ പാടുന്നതോ പുരുഷനൊപ്പം തുല്യസ്ഥാനം വഹിക്കുന്നതോ അചിന്തനീയമായിരുന്ന കാലത്ത് തുടങ്ങിയ ആചാരത്തിനു കാലോചിതമായ മാറ്റം അനിവാര്യമാണെന്നുള്ള കാര്യവും പലരും പറഞ്ഞു. പ്രിന്‍സും ശിഷ്യരും വീട്ടുകാരും സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചപ്പോള്‍ സരസ്വതീദേവിയെ ധ്യാനിച്ചുകൊണ്ട് നവരാത്രി മണ്ഡപത്തില്‍ ഞാന്‍ പാടി. എങ്കിലും ഉള്ളില്‍ ഒരു പിടയല്‍ ഉണ്ടായിരുന്നു. നൂറ്റാണ്ടിനപ്പുറം തുടങ്ങി, ഇത്രകാലം നിലനിന്ന ഒരാചാരം എന്റെ സ്വരംകൊണ്ട് തിരുത്തപ്പെടുകയാണല്ലോ. ദേവിയുടെ നിയോഗമാണ് എന്നു വിശ്വസിച്ചാണ് ശങ്കരാഭരണം രാഗത്തിലെ 'ദേവീ ജഗജനനി' എന്ന സ്വാതിതിരുനാള്‍ കൃതി പ്രാര്‍ഥനയോടെ മുഖ്യകൃതിയായി പാടിയത്. പിന്തുടര്‍ന്നുള്ള വര്‍ഷങ്ങളിലെല്ലാം ദേവിക്കു മുന്നില്‍ സംഗീതോത്സവത്തില്‍പാടുവാന്‍ സാധിച്ചു. രണ്ടര മണിക്കൂറാണ് കച്ചേരി. ഈ വര്‍ഷവും ദേവിയുടെ അനുഗ്രഹംകൊണ്ട് ദേവിസ്തുതികള്‍ പാടുവാന്‍ കഴിഞ്ഞു.
ശിഷ്യയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സംഗീത വിഭാഗം മേധാവിയുമായ ഡോ. എന്‍ മിനിയും ഒപ്പം പാടി.

? പിന്നീടുവന്ന പദ്മശ്രീ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങളും വന്‍ സംഗീത അരങ്ങുകളും സരസ്വതി ദേവിയുടെ അനുഗ്രഹത്തിന്റെ സാക്ഷ്യമാണെന്ന് ആരാധകരും ശിഷ്യരും പറയുന്നുണ്ടല്ലോ.
= അത് കേള്‍ക്കുമ്പോള്‍ വളരെ സന്തോഷമുണ്ട്. ധാരാളം അംഗീകാരങ്ങള്‍ തേടിവന്നു. ആഹ്ലാദങ്ങള്‍ ദേവിക്കു സമര്‍പ്പിക്കുന്നു. ഇതിനിടയില്‍ മകള്‍ കമലയുടെ വേര്‍പാടും ഉണ്ടായി. എല്ലാ വേദനകളും ദേവിയുടെ പാദങ്ങളില്‍ സമര്‍പ്പിച്ച് കച്ചേരി തുടരുകയാണ്.


? ജീവിതത്തില്‍ നേരിട്ട ആഘാതങ്ങള്‍ അതിജീവിക്കുന്നത് സംഗീതംകൊണ്ടാണല്ലോ.
= അതേ. കുഞ്ഞായിരുന്നപ്പോള്‍ ഞങ്ങളെ വിട്ടുപോയ മകള്‍ ലളിത. പിന്നെ അകാലത്തില്‍ നഷ്ടപ്പെട്ട മക്കളായ രാമസ്വാമി, കമല. ഭര്‍ത്താവിന്റെ വേര്‍പാട്. അങ്ങനെ വേദനകള്‍ ഒരുപാടുണ്ട്. എല്ലാ ദുഃഖങ്ങളും മറന്ന് ഈശ്വരപാദത്തില്‍ സ്വയം സമര്‍പ്പിക്കുവാനുള്ള എന്റെ ജീവനാദമാണ് സംഗീതം.


? പഴയകാലത്ത് അഗ്രഹാരത്തില്‍നിന്ന് ഒരു സ്ത്രീ പുറംലോകത്തെത്തുമ്പോള്‍ വിലക്കുകള്‍ ഉണ്ടായിരുന്നില്ലേ.
= വളരെ യാഥാസ്ഥിതികമായിരുന്ന ഒരു സമൂഹത്തിനുള്ളില്‍ തന്നെയാണ് ഞാന്‍ ജീവിച്ചത്. എന്നാല്‍ ദൈവാനുഗ്രഹംകൊണ്ട് എനിക്കൊരു ബുദ്ധിമുച്ചും ഒരുകാലത്തും നേരിടേണ്ടിവന്നിില്ല. എന്റെ സംഗീതയാത്രകളിലൊന്നും ഒരു വാക്കുകൊണ്ടുപോലും ആരും വേദനിപ്പിച്ചിട്ടുമില്ല. ആകാശവാണിയില്‍ പാടുമ്പോഴും വലിയ സംഗീത അരങ്ങുകളില്‍ പാടുമ്പോഴും ഉദ്യോഗത്തിനു പോകുമ്പോഴും പൊതുവേ യാഥാസ്ഥിതികരായ അഗ്രഹാരവാസികള്‍ പ്രോത്സാഹിപ്പിച്ചിട്ടെ ഉള്ളൂ. പണ്ട് അഗ്രഹാരത്തിലെ അമ്മമാര്‍ പറയുമായിരുന്നു, കണ്ടില്ലേ, പൊന്നമ്മാള്‍ നടന്നുപോകുന്നത്. വലിയ ഉദ്യോഗസ്ഥയാണെന്നു പറയുകയേ ഇല്ല. സംഗീതത്തിന്റെ ശക്തികൊണ്ടാകാം എന്നും സമൂഹം എന്റൊപ്പം നിന്നു. എന്റെ കുടുംബവും സമൂഹവും എന്നെ പിന്തുണച്ചതുകൊണ്ടാണ് സംഗീതരംഗത്ത് വിജയിക്കുവാന്‍ സാധിച്ചത്.

? ഭാരതത്തിലെ സംഗീതപ്രതിഭകളായ സംഗീതജ്ഞരുടെ കീഴില്‍ സംഗീതം പഠിക്കുവാന്‍ സാധിച്ച ഒരു സംഗീതജ്ഞകൂടിയാണ് പൊന്നമ്മാള്‍. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍...
= ഏറ്റവും വലിയ ഈശ്വരാധീനംതന്നെയായി കാണുന്നു. ശ്രീ സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ (ഇന്നത്തെ സംഗീത കോളജ്) എം.എ. കല്യാണകൃഷ്ണ ഭാഗവതര്‍, സി.എസ്. കൃഷ്ണ അയ്യര്‍, സീതാരാമയ്യര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, എം.വി. നാരായണ ഭാഗവതര്‍, കെ.എസ്. നാരായണസ്വാമി, കുമാരസ്വാമി ഭാഗവതര്‍ തുടങ്ങിയ പ്രമുഖ ഗുരുക്കന്മാരുടെ കീഴില്‍ പഠിക്കുവാന്‍ കഴിഞ്ഞു. ശെമ്മാങ്കുടി സ്വാമിയുടെ കീഴില്‍ ഗുരുകുല വിദ്യാഭ്യാസപ്രകാരം സംഗീതം അഭ്യസിക്കുവാനുള്ള ഭാഗ്യവും ലഭിച്ചു.

? സംഗീത ഇതിഹാസം ശൊങ്കുടി ശ്രീനിവാസ അയ്യരുടെ പ്രിയശിഷ്യ
= ജന്മപുണ്യമായി കാണുന്നു. സ്വാമിക്കു മുന്നില്‍ കുമ്പിടുന്നത് ഈശ്വരനെ വണങ്ങുന്നതുപോലെയാണ്. എപ്പോഴും ഈശ്വരനാമജപവും സംഗീതവുമായി മാത്രമേ സ്വാമിയെ കണ്ടിുള്ളൂ.

? ആദ്യ സംഗീതകോളജ് അധ്യാപിക, ആദ്യ പ്രിന്‍സിപ്പല്‍ എന്നീ സ്ഥാനങ്ങള്‍ ടീച്ചറിനാണ്
= ഒന്നും എന്റെ നിശ്ചയമല്ലല്ലോ. എല്ലാം ദൈവനിയോഗങ്ങള്‍. നേരത്തെ പറഞ്ഞതുപോലെ എന്തെങ്കിലും ഞാന്‍ നേടിയിട്ടുണ്ടെങ്കില്‍ ഈശ്വരന്റെയും എന്റെ അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹംകൊണ്ടാണെന്നും വിശ്വസിക്കുന്നു.

കുട്ടിക്കാലത്ത് ആദ്യം എന്നെ സംഗീതം പഠിപ്പിച്ച പശമുപിള്ള ഭാഗവതര്‍, പിന്നീട് സംഗീതം പകര്‍ന്നുനല്കിയ വൈദ്യനാഥ അയ്യര്‍ മുതലുള്ള എല്ലാ ഗുരുക്കന്മാരെയും ഞാന്‍ സ്മരിക്കുന്നു. ഹെഡ്മാസ്റ്ററായിരുന്ന എന്റെ അച്ഛന്‍ മഹാദേവ അയ്യര്‍ വലിയ സംഗീതാസ്വാദകനായിരുന്നു. അമ്മ ഭഗവതി അമ്മാളിനും നല്ല സംഗീതജ്ഞാനമുണ്ടായിരുന്നു. കുറച്ചു സംഗീതം പഠിക്കണം എന്നല്ലാതെ വലിയ സ്വപ്‌നങ്ങളോ ലക്ഷ്യങ്ങളോ ഉണ്ടായിരുന്നില്ല. ദൈവം എന്നെ ഇവിടെക്കൊണ്ട് എത്തിച്ചതാണ്.

കുടുംബം എന്ന ശക്തി
ഭര്‍ത്താവ് ദേവനായക അയ്യര്‍ നല്കിയ പിന്തുണ ഏറ്റവും പ്രധാനമാണ്. മക്കളായ രാമസ്വാമി, മഹാദേവന്‍, കമല, സുബ്രഹ്മണ്യന്‍ എന്നിവര്‍ ഒരു കാര്യത്തിലും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല.

ജീവസംഗീത സായാഹ്നം

ബിഎസ്എന്‍എലില്‍നിന്നു വിരമിച്ച മകന്‍ മഹാദേവനും കുടുംബത്തിനുമൊപ്പം വലിയശാലയിലെ അഗ്രഹാരത്തിലാണ് ഇപ്പോള്‍ താമസം. മകന്‍, മരുമകള്‍ പദ്മ, ചെറുമക്കളായ ലളിത, ലക്ഷ്മി എന്നിവരുടെ സ്‌നേഹവും പരിചരണവും എപ്പോഴുമുണ്ട്. ലളിതയും ലക്ഷ്മിയും നന്നായി പാടും. കുട്ടികളെ ഞാന്‍ തന്നെയാണ് പാ് പഠിപ്പിക്കുന്നത്. ഇളയ മകന്‍ സുബ്രഹ്മണ്യന്‍ (റിസര്‍വ് ബാങ്ക് മുന്‍ ഉദ്യോഗസ്ഥന്‍), ഭാര്യ പ്രഭ, രാമസ്വാമിയുടെ ഭാര്യ മരതകം എല്ലാവരുടെയും സ്‌നേഹത്തണല്‍ ഈ ജീവിതസായാഹ്നത്തിലുണ്ട്.

എസ്. മഞ്ജുളാദേവി
ഫോട്ടോ ടി.സി ഷിജുമോന്‍