മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ നിയമം
മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ നിയമം
Tuesday, January 28, 2020 11:23 AM IST
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വയോജനങ്ങളുടെ എണ്ണം ദ്രുതഗതിയില്‍ വര്‍ധിക്കുന്ന സംസ്ഥാനമാണ് കേരളം. പ്രായമായവരുടെ എണ്ണം കൂടുന്നതനുസരിച്ച് അവര്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങളും വര്‍ധിക്കുന്നു. സ്വന്തം കുടുംബത്തില്‍ പോലും അവഗണനയും പീഡനവും സഹിച്ച് ദുരിതജീവിതം തള്ളിനീക്കുന്ന വയോജനങ്ങളുടെ എണ്ണം കേരളത്തില്‍ കൂടുതലാണ്. പീഡനങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും രക്ഷ നേടുന്നതിന് സ്വന്തം അവകാശങ്ങളെക്കുറിച്ച് വയോജനങ്ങള്‍ക്ക് ബോധ്യം വരേണ്ടതുണ്ട്.

നിയമ പരിരക്ഷ

വയോജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവരെ പീഡനങ്ങളില്‍ നിന്നും രക്ഷിക്കുക എന്നിവ ലക്ഷ്യമാക്കി നമ്മുടെ രാജ്യത്ത് പ്രാബല്യത്തില്‍ വന്ന നിയമമാണ് മാതാപിതാക്കളുടേയും, മുതിര്‍ന്ന പൗരന്മാരുടേയും സംരക്ഷണത്തിനും ക്ഷേമത്തിനും ഉളള നിയമം (2007) ങമശിലേിമിരല മിറ ണലഹളമൃല ീള ജമൃലിെേ മിറ ടലിശീൃ ഇശശ്വേലി െ അര േ 2007.

ഈ നിയമപ്രകാരം മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉചിതമായ സംരക്ഷണവും പരിചരണവും ലഭിക്കാനുള്ള അവകാശം ഉണ്ട്. മാതാപിതാക്കള്‍ ആരാണെന്നും മുതിര്‍ന്ന പൗരന്മാര്‍ ആരാണെന്നും ഈ നിയമം കൃത്യമായി നിര്‍വചിക്കുന്നുണ്ട്. സ്വന്തം അച്ഛനുമമ്മയും മാത്രമല്ല കുട്ടികളെ ദത്തെടുക്കുന്നവര്‍ രണ്ടാനച്ഛന്‍, രണ്ടാനമ്മ എന്നിവരും മാതാപിതാക്കളുടെ നിര്‍വചനത്തില്‍പ്പെടുന്നു.

ഈ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുവാന്‍ മാതാപിതാക്കള്‍ക്ക് 60 വയസ് പൂര്‍ത്തിയാകണം എന്നില്ല. 60 വയസ് കഴിഞ്ഞവരെയാണ് നിയമപ്രകാരം മുതിര്‍ന്ന പൗരരായി കണക്കാക്കുന്നത്.

നിയമപകാരം മാതാപിതാക്കളുടെ സംരക്ഷണം മക്കളുടേയും മുതിര്‍ന്ന പൗരരുടെ സംരക്ഷണം ബന്ധുക്കളുടേയും ഉത്തരവാദിത്വമാണ്. മക്കളും ബന്ധുക്കളും സംരക്ഷിക്കുന്നില്ലെങ്കില്‍ അവരില്‍ നിന്നും സംരക്ഷണത്തുക ലഭിക്കുവാന്‍ മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൗരര്‍ക്കും അവകാശമുണ്ട്. മാതാപിതാക്കള്‍ക്ക് സംരക്ഷണചെലവ് നല്‍കാനുള്ള ബാധ്യത മക്കള്‍ക്കാണ് . മക്കള്‍ എന്ന നിര്‍വചനത്തില്‍ മകനും മകളും മാത്രമല്ല പേരക്കുട്ടികളും ഉള്‍പ്പെടുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ഈ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നില്ല.

മക്കളോ പേരക്കുട്ടികളോ ഇല്ലാത്ത മുതിര്‍ന്ന പൗരന്‍ ആണെങ്കില്‍ ബന്ധുവില്‍ നിന്ന് സംരക്ഷണചെലവ് ലഭിക്കുവാന്‍ അവകാശമുണ്ട് . ബന്ധുവെന്നാല്‍ മക്കളില്ലാത്ത മുതിര്‍ന്ന പൗരരുടെ സ്വത്ത് കൈവശംവച്ചിരിക്കുന്നതോ അല്ലെങ്കില്‍ അവരുടെ സ്വത്തില്‍ പിന്‍തുടര്‍ച്ചാവകാശം ഉള്ളതോ ആയ പ്രായപൂര്‍ത്തിയായ വ്യക്തിയാണ്. അതായത് തൊഴിലില്‍ നിന്നോ സ്വത്തില്‍ നിന്നോ സ്വയം സംരക്ഷണചെലവ് കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയിലുള്ള മാതാപിതാക്കള്‍ക്ക് മക്കളില്‍ നിന്നും, മക്കളില്ലാത്ത മുതിര്‍ന്ന പൗരര്‍ക്ക് ബന്ധുക്കളില്‍ നിന്നും സംരക്ഷണചെലവ് ലഭിക്കുവാന്‍ അവകാശമുണ്ട് എന്നര്‍ഥം .

സംരക്ഷണ ചെലവ് എന്ത്?

സംരക്ഷണ ചെലവെന്നാല്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വൈദ്യസഹായം, ചികില്‍സ എന്നിവയ്ക്കുള്ള ചെലവാണ്. ശരിയായ പരിപാലനം, വിനോദം, വിശ്രമം എന്നിവ വാര്‍ധക്യ കാലത്ത് ലഭിക്കേണ്ടതും നിയമപ്രകാരം ഓരോ വ്യക്തിയുടേയും അവകാശമാണ്.

എവിടെ പരാതി നല്‍കാം

മക്കളോ ബന്ധുക്കളോ സഹായിക്കാന്‍ തയാറില്ലാതെ വരുമ്പോള്‍ ഇവരില്‍ നിന്നും സംരക്ഷണ ചെലവ് ലഭിക്കാന്‍ മാതാപിതാക്കളും മുതിര്‍ന്ന പൗരരും മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ അപേക്ഷ സമര്‍പ്പിക്കണം.

ആര്‍ഡിഒ അഥവാ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ആണ് മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആയി പ്രവര്‍ത്തിക്കുന്നത്. മാതാപിതാക്കള്‍ക്കോ മുതിര്‍ന്ന പൗരനോ െ്രെടബ്യൂണലില്‍ നേരി് പരാതി നല്‍കാം. നേരിട്ട് പരാതി നല്‍കാനുളള കഴിവില്ലെങ്കില്‍ അവര്‍ അധികാരപ്പെടുത്തിയ ഏതെങ്കിലും ഒരു വ്യക്തിക്കോ രജിസ്‌ട്രേഡ് സംഘടനയ്‌ക്കോ അപേക്ഷ നല്‍കാം. മെയിന്റനന്‍സ് ടൈബ്യൂണലിന് സ്വമേധയാ കേസ് എടുക്കുവാനുള്ള അധികാരവുമുണ്ട്.

സംരക്ഷണ ചെലവിനുള്ള അപേക്ഷ ലഭിച്ചാല്‍ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എതിര്‍കക്ഷികളെ നോട്ടീസ് അയച്ച് വിളിപ്പിക്കും. തെളിവെടുപ്പ് നടത്തി വാദം കേട്ടശേഷം സംരക്ഷണചെലവ് നല്‍കുവാന്‍ എതിര്‍കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കും.

സാധാരണ കേസുകളില്‍ കാണുന്ന കാലതാമസം ഇത്തരം കേസുകളില്‍ ഉണ്ടാകാറില്ല. ഒരു പരാതി ലഭിച്ചു കഴിഞ്ഞാല്‍ പരമാവധി 90 ദിവസത്തിനുള്ളില്‍ പ്രസ്തുത പരാതി തീര്‍പ്പാക്കേണ്ടതാണ്. മെയിന്റന്‍സ് അലവന്‍സായി ഒരു മാസം പരമാവധി 10,000 രൂപ വിധിക്കാന്‍ ട്രൈബ്യൂണലിന് അധികാരമുണ്ട്. ട്രൈബ്യൂണല്‍ വിധിച്ച സംഖ്യ ഉത്തരവ് വന്ന് ഒരു മാസത്തിനുള്ളില്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ എതിര്‍ കക്ഷികള്‍ ഡെപ്പോസിറ്റ് ചെയ്യണം.


ശിക്ഷ

കേസ് വിധിയായതിനുശേഷവും എതിര്‍ കക്ഷികള്‍ അപേക്ഷകന് സംരക്ഷണ ചെലവ് നല്‍കുന്നില്ലെങ്കില്‍ അക്കാര്യം അറിയിച്ചു കൊണ്ട് മൂന്ന് മാസത്തിനകം അപേക്ഷ നല്‍കണം. തുക ഈടാക്കാനായി ട്രൈബ്യൂണല്‍ എതിര്‍കക്ഷികള്‍ക്ക് വാറന്റ് പുറപ്പെടുവിക്കും. എന്നിട്ടും തുക നല്‍കുന്നില്ലെങ്കില്‍ എതിര്‍ കക്ഷിയെ ഒരു മാസമോ അല്ലെങ്കില്‍ സംരക്ഷണ ചെലവ് കൊടുക്കുന്നതുവരെയോ എതാണോ ഇതില്‍ കുറവ് അത്രയും കാലം ജയില്‍ ശിക്ഷ അനുഭവിക്കണം.

വിചാരണ നടക്കുമ്പോള്‍ തെളിവെടുപ്പിനും രേഖകള്‍ വരുത്തി പരിശോധിക്കുന്നതിനും മറ്റും െ്രെടബ്യൂണലിന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെയും സിവില്‍ കോടതിയുടെയും അധികാരങ്ങള്‍ ഉണ്ടായിരിക്കും. എതിര്‍കക്ഷി ഹാജരായില്ലെങ്കില്‍ എക്‌സ് പാര്‍ട്ടിയായി വിധി പ്രഖ്യാപിക്കുവാനുള്ള അധികാരം ട്രൈബ്യൂണലില്‍ നിക്ഷിപ്തമാണ്. ട്രൈബ്യൂണലിന്റെ അപ്പീല്‍ അധികാരി ജില്ലാകളക്ടര്‍ ആയിരിക്കും. 60 ദിവസത്തിനകം അപ്പീല്‍ നല്‍കണം. അപ്പീലിന്‍മേലുളള തീരുമാനം 30 ദിവസത്തിനുള്ളില്‍ കൈക്കൊള്ളേണ്ടതാണ്.
ഇരു കൂട്ടര്‍ക്കും സ്വീകാര്യമാണെങ്കില്‍ ട്രൈബ്യൂണലിന് പ്രസ്തുത പരാതി അനുരഞ്ജന ചര്‍ച്ചകള്‍ക്കായി ഒരു കണ്‍സീലിയേഷന്‍ ഓഫീസര്‍ക്ക് കൈമാറാം. ട്രൈബ്യൂണല്‍ വിധിച്ച സംഖ്യ ഉത്തരവ് വന്ന് ഒരു മാസത്തിനുള്ളില്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ എതിര്‍ കക്ഷികള്‍ ഡെപ്പോസിറ്റ് ചെയ്യണം .
എതിര്‍കക്ഷി ഹാജരായില്ലെങ്കില്‍ എക്‌സ് പാര്‍ട്ടിയായി വിധി പ്രഖ്യാപിക്കും.

നിയമപ്രകാരം മെയിന്റനന്‍സ് ഓഫീസറുടെ സേവനം ലഭ്യമാണ്. ജില്ലാ സാമൂഹ്യ നീതി ഓഫീസറാണ് മെയിന്റനന്‍സ് ഓഫീസര്‍. ഹര്‍ജിക്കാര്‍ ആഗ്രഹിക്കുന്ന പക്ഷം അവരെ ട്രൈബ്യൂണലിലും അപ്പലറ്റ് ട്രൈബ്യൂണലിലും പ്രതിനിധീകരിക്കാന്‍ മെയിന്റന്‍സ് ഓഫീസര്‍ക്ക് ബാധ്യതയുണ്ട്.

സ്വത്ത് കൈമാറ്റം അസാധുവാക്കാം

വയസാവുമ്പോള്‍ മക്കള്‍ തങ്ങളെ നന്നായി നോക്കുമെന്ന് വിശ്വസിച്ച് സ്വത്ത് മക്കളുടെ പേരില്‍ എഴുതിനല്‍കുന്ന മാതാപിതാക്കളുണ്ട്. എന്നാല്‍ വൃദ്ധരായ മാതാപിതാക്കളുടെ സ്വത്തും സമ്പാദ്യവും കിട്ടിയ ശേഷം അവരെ സംരക്ഷിക്കാത്ത മക്കളും കുറവല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വത്ത് കൈമാറ്റം അസാധുവാക്കാനുള്ള വ്യവസ്ഥയാണ് നിയമത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത. സംരക്ഷിച്ചുകൊള്ളാം എന്ന വ്യവസ്ഥയില്‍ ഇഷ്ടദാന പ്രകാരവും മറ്റും സ്വത്ത് കൈവശപ്പെടുത്തിയശേഷം മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നില്ലെങ്കില്‍ ആ സ്വത്ത് കൈമാറ്റം റദ്ദ് ചെയ്യുന്നതിനും ആധാരം അസാധുവാക്കി പ്രഖ്യാപിക്കുന്നതിനും ട്രൈബ്യൂണലിന് അധികാരമുണ്ട്. അതുവഴി മക്കളുടെ പേരില്‍ എഴുതിയ സ്വത്ത് മുതിര്‍ന്ന പൗരര്‍ക്ക് തന്നെ തിരികെ ലഭിക്കും.

ആരാധനാലയങ്ങളിലും തെരുവുകളിലും ആശുപത്രികളിലും മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം കൂടി വരുന്നു. അത്തരം വ്യക്തികളെ കര്‍ശനമായി ശിക്ഷിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. മുതിര്‍ന്ന പൗരരെ സംരക്ഷിക്കുകയോ നാടു കടത്തുകയോ ചെയ്യുന്നത് മൂന്നു മാസംവരെ തടവോ 5,000 രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. ഓരോ പോലീസ് സ്‌റ്റേഷനിലും മുതിര്‍ന്ന പൗരരുടെ, പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്നവരുടെ പട്ടിക തയാറാക്കി സൂക്ഷിക്കണം. മുതിര്‍ന്ന പൗരരുടെ പരാതികള്‍ പോലീസ് ഗൗരവമായി പരിഗണിക്കണ മെന്നും നിര്‍ദ്ദേശമുണ്ട്.

കേരള സര്‍ക്കാറിന്റെ മുതിര്‍ന്ന പൗരരുടെ സംസ്ഥാന നയത്തിലും 60 വയസ് കഴിഞ്ഞവരുടെ സംരക്ഷണവും ക്ഷേമവും ലക്ഷ്യമാക്കി നിരവധി നിര്‍ദ്ദേശങ്ങളുണ്ട്. 'വാര്‍ധക്യ കാലം സ്വന്തം വീട്ടില്‍' എന്ന സന്ദേശമാണ് നയം മുന്നോട്ടുവയ്ക്കുന്നത്. ഏതൊരാളും വാര്‍ധക്യത്തില്‍ സ്വന്തം കുടുംബത്തില്‍ തന്നെ ജീവിക്കണമെന്നും മറ്റു മാര്‍ഗങ്ങളൊന്നും തന്നെ ഇല്ലാതെ വരുമ്പോള്‍ മാത്രമേ ഒരാളെ വൃദ്ധസദനത്തിലേയ്ക്ക് അയയ്ക്കാവൂ എന്നും സംസ്ഥാന നയം നിര്‍ദ്ദേശിക്കുന്നു. ഈ നയപ്രകാരം വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ ചുമതല ആയിരിക്കും.

അഡ്വ. വിമല്‍കുമാര്‍ എ.വി
കേരളാ ഹൈക്കോടതി