പത്മശ്രീ നിറവില്‍ പങ്കജാക്ഷിയമ്മ
മോനിപ്പള്ളി - കോട്ടയം, എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗ്രാമങ്ങളുടെ അയല്‍ക്കാരി. ഈ മോനിപ്പള്ളിയില്‍ ആലപുരം റൂട്ടില്‍ അര കിലോമീറ്ററോളം പിന്നിട്ടാല്‍ മോനിപ്പള്ളി ഭഗവതിയുടെ ദൃഷ്ടികാടാക്ഷത്തില്‍ പരിലസിക്കുന്ന മണ്ണാണ്. ഇവിടെ തെക്കുദിശയില്‍ വളഞ്ഞുംപുളഞ്ഞുമുള്ള ടാര്‍റോഡില്‍ കയറ്റിറക്കങ്ങളും റബര്‍ തോട്ടങ്ങളും പിന്നിട്ട് കാല്‍നടമാത്രം സാധ്യമായ വീട്ടുമുറ്റങ്ങളിലൂടെ കയറിയിറങ്ങിയാല്‍ മൂഴിയ്ക്കല്‍ വീട്ടിലെത്താം. എന്തിനാണ് ഈ വീട്ടിലേക്കുള്ള വഴി പറഞ്ഞതെന്നല്ലേ? ഈ വീട്ടിലേക്കാണ് ഇക്കുറി പത്മശ്രീ കടന്നെത്തിയത്. അദ്ഭുതപ്പെടേണ്ട, വഴിയും പുഴയുമില്ലാത്ത വീട്ടിലേക്ക് തന്നെ, നോക്കുവിദ്യ പാവകളിയെന്ന കലാരൂപത്തിന്റെ രാജ്യത്തെതന്നെ അവകാശികളായ പങ്കജാക്ഷിയമ്മയുടെ കുടുംബത്തിലേക്ക്. പത്മശ്രീയെത്തിയതോടെ ലോകത്തിന് മുന്‍പില്‍ അദ്ഭുതമായിരിക്കുകയാണ് ഈ അമ്മ.

ഏഴിലംപാലയുടെ രണ്ടടി നീളമുള്ള കമ്പില്‍ ഉയര്‍ത്തിയ പാവകള്‍ കഥപറയുന്ന കലയാണിത്. കഥ രാമായണമോ മഹാഭാരതമോ സാമൂഹിക വിഷയങ്ങളോ ആകാം. ഒരു കാര്യം മാത്രം ചിട്ടയാണ്. കണ്ണൊന്ന് പിഴച്ചാല്‍ മൂക്കിനും ചുണ്ടിനുമിടയിലെ ഇത്തിരിസ്ഥലത്ത് ഉയര്‍ന്നുനിന്ന് കളിക്കുന്ന പാവയുടെ സ്ഥിതി മറ്റൊന്നാകും. ചുറ്റും കൂടിനില്‍ക്കുന്ന കലാപ്രേമികളുടെ ദീര്‍ഘനിശ്വാസങ്ങള്‍പോലും കലാകാരിയുടെ ഏകാഗ്രതയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന കലയാണിത്.

അച്ഛനില്‍ നിന്ന് സ്വായത്തമാക്കിയ കല

പങ്കജാക്ഷിയമ്മയുടെ മുഖത്ത് സദാ കുരുന്നുകളെപ്പോലെ നിഷ്‌കളങ്കമായ പുഞ്ചിരിതന്നെയാണ്. കാലത്തിന്റെ പ്രയാണം ഓര്‍മയ്ക്ക് ചെറിയ മങ്ങലേല്‍പ്പിച്ചിട്ടുണ്ടെങ്കിലും കലയുടെ കഴിഞ്ഞകാലത്തെക്കുറിച്ച് ചിലപ്പോള്‍ ചിലതെല്ലാം തെളിഞ്ഞുനില്‍ക്കും. ഇപ്പോള്‍ വയസ് 84. ഈ കല അഭ്യസിക്കാന്‍ തുടങ്ങിയിട്ട് ഏഴ് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഉരുളികുന്നം മൂഴിയ്ക്കല്‍ വീട്ടില്‍ പിതാവ് ശങ്കരനില്‍ നിന്ന് നേടിയെടുത്ത നോക്കുവിദ്യപാവകളിയാണ് വിവാഹത്തിലൂടെ പങ്കജാക്ഷിയ മോനിപ്പള്ളിയിലേക്ക് കൂടെകൂട്ടിയത്. ഭര്‍ത്താവ് മോനിപ്പള്ളി മൂഴിയ്ക്കല്‍ പരേതനായ ശിവരാമപണിക്കര്‍ക്ക് കലയോട് സ്‌നേഹമായിരുന്നുവെന്നുമാത്രമല്ല, വലിയ പ്രോത്സാഹനമായിരുന്നു. പങ്കജാക്ഷിയമ്മയുടെ ശിക്ഷണത്തില്‍ വളര്‍ന്ന കൊച്ചുമകളും പങ്കജാക്ഷിയമ്മയും പാവകളിക്കായി ഉപയോഗിക്കുന്ന പാവകള്‍ ശിവരാമപണിക്കരാണ് ഉണ്ടാക്കുന്നത്. ഇതുകൊണ്ടുമായില്ല, ഓര്‍മകളുടെ തെളിമയില്‍ പങ്കജാക്ഷിതന്നെ പറയും തന്റെ പാട്ടുകളെല്ലാം ഭര്‍ത്താവ് എഴുതിയതാണെന്ന്. മകള്‍ രാധാമണിക്കൊപ്പമാണ് ഇപ്പോള്‍ പത്മശ്രീ പങ്കജാക്ഷിയുടെ താമസം.

ഓണക്കളിയില്‍ നിന്ന്

പണ്ടുകാലത്ത് ഓണത്തിന് ഞങ്ങള്‍ വീടുകളിലെത്തി പാവകളി നടത്തും. അതുകൊണ്ട് ഓണക്കളിയായി ഇത് കണ്ടിരുന്നു. വീടുകളിലെത്തി കളി നടത്തുമ്പോള്‍ സന്തോഷത്തില്‍ അവര്‍ പ്രതിഫലം നല്‍കും. ക്ഷേത്രങ്ങളിലെത്തി നടത്തിയാലും പ്രതിഫലം ഉറപ്പാണ്. ഓര്‍മ്മയുടെ തെളിനീരില്‍ പങ്കാജാക്ഷിയുടെ പുഞ്ചിരിക്ക് പത്തരമാറ്റ് തിളക്കം.

കളികള്‍ ഇങ്ങനെ

കാഴ്ചക്കാരെ കൈയിലെടുക്കുകയെന്നതാണ് ലക്ഷ്യം. എന്നാല്‍ ഇമചിമ്മാതെയും ഏകാഗ്രത കുറയാതെയും ബാലന്‍സ് നിലനിര്‍ത്തിയും വേണം കല കാഴ്ചവയ്ക്കാന്‍. മൂക്കിനും മേല്‍ച്ചുണ്ടിനുമിടയിലുള്ള കമ്പില്‍ ഉയര്‍ന്നുനില്‍ക്കുന്ന വിളക്കില്‍ തിരിതെളിക്കുന്നതോടെയാണ് കളി ആരംഭിക്കുക. ഇത് കാണുമ്പോള്‍ തന്നെ കാഴ്ചക്കാര്‍ ശ്വാസമടക്കിയിരിക്കും. രണ്ടുതിരിയിട്ട വിളക്ക് കമ്പില്‍ ഉയര്‍ത്തിനിറുത്തുന്ന രംഗം കഴിഞ്ഞാല്‍ പിന്നെ ഗരുഡനാണ് താരം. ഇതൊക്കെ വമ്പന്‍ എന്ന് കരുതിയാല്‍ തെറ്റി. വമ്പന്‍ അവതരണങ്ങളുടെ ആമുഖം മാത്രമാണിത്.


ശ്വാസമടക്കുന്ന ആലുംകിളി

അക്ഷരാര്‍ഥത്തില്‍ കാഴ്ചക്കാര്‍പോലും ശ്വാസമടക്കി പോകുന്ന അവതരണമാണ് ആലുംകിളി. പാഞ്ചാലി സ്വയംവരവുമായി ബന്ധപ്പെട്ട ആലില്‍ മറഞ്ഞിരിക്കുന്ന കിളിയെ അമ്പെയ്ത് വീഴ്ത്തുന്ന കഥയാണിത്. കഥ കേള്‍ക്കാന്‍ എളുപ്പമാണ്. ഇവിടെ കാണുന്ന ഏകാഗ്രത കണ്ണിലും കമ്പിലും മാത്രമല്ല, മനസിലും ശരീരത്തിലും ഏകാഗ്രത പുലര്‍ത്തുന്നതുപോലെയാണിത്. കമ്പില്‍ ഉയര്‍ന്ന് നില്‍ക്കുന്ന വൃക്ഷരൂപത്തില്‍ ഒളിച്ചിരിക്കുന്ന കിളികളെ പുറത്തെടുക്കാന്‍ ആകെയുള്ളത് നാക്കിലുയര്‍ത്തുന്ന ഈര്‍ക്കില്‍ മാത്രമാണ്. നാക്കിന്റെ ചലനത്താല്‍ ഈര്‍ക്കില്‍ കിളികളെ പുറത്തെത്തിക്കുമ്പോള്‍ കരഘോഷം ശക്തമാകും.കുരങ്ങനും നെല്ലുകുത്തും പിന്നെ യുദ്ധവും

സാഹസവും ഏകാഗ്രതയുമൊക്കെ വില്ലന്‍ വേഷം കെട്ടുന്നുവെങ്കിലും കാഴ്ചയ്ക്ക് അതിര്‍വരമ്പില്ലെന്നതാണ് ഈ കലയുടെ ആകര്‍ഷണം. കമ്പില്‍ ഉയര്‍ന്നുനില്‍ക്കുന്ന പാവ നെല്ലുകുത്തുന്നത് ഏറെ രസകരമാണ്. ഒരു രസച്ചരടിലാണ് ഇതിന്റെ മറിമായം. പുരാണങ്ങളിലെ യുദ്ധങ്ങള്‍വരെ ഈ കലയില്‍ വ്യക്തമായി തെളിയുമെന്നതും പ്രത്യേകത തന്നെ. തടി അറുപ്പുകാരനെപ്പോലുള്ള സാമൂഹിക കഥകളും ഇവിടെ പെയ്തിറങ്ങും.

കഠാരയുടെ വാള്‍ത്തലയില്‍ നൃത്തം

വായില്‍ കടിച്ചുപിടിച്ച കഠാരയുടെ വായ്ത്തലയില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന കമ്പിലുയര്‍ത്തുന്ന പാവക്കൂം നൃത്തം ചെയ്യുന്നു. ഇത് കണ്‍കെട്ടോ എന്ന് തോന്നിപ്പോകും ചിലപ്പോള്‍. ഇമചിമ്മാതെ നോക്കിനില്‍ക്കുന്നവര്‍ ശ്വാസം കഴിക്കാന്‍ പോലും മറന്നുപോകുന്നതുപോലെ ഏകാഗ്രതയുടെ ആള്‍രൂപമായി ഇവിടെ കലാകാരി മാറുകയാണ്.

പരിശീലനമില്ലാതെ മുന്നോട്ടില്ല

കഠിനമായ പരിശീലനമില്ലാതെ മുന്നോട്ടുപോകാനില്ലെന്നതാണ് ഈ കലയുടെ പ്രത്യേകത. മച്ചിങ്ങ ഈര്‍ക്കിലില്‍ കുത്തിവച്ചായിരുന്നു പരിശീലനമെന്ന് പങ്കജാക്ഷി പറയുന്നു. അച്ഛനും അമ്മയും വല്യച്ചനുമൊക്കെ ഈ കല അഭ്യസിച്ചിരുന്നതായി അവരുടെ ഓര്‍മയിലുണ്ട്. കനം കുറവായതിനാലാണ് പാലക്കമ്പില്‍ പാവകളുണ്ടാക്കുന്നത്. പരിശീലനത്തിനിടയില്‍ കമ്പുകൊണ്ട് മേല്‍ച്ചുണ്ടിന് മുകളില്‍ മുറിവുകളുണ്ടാകാമെങ്കിലും നിരന്തരപരിശ്രമത്തില്‍ അത് തഴമ്പായി മാറും. വേറിട്ട ഇനങ്ങളെ രംഗത്തെത്തിച്ച് കൈയടിയും കാശും വാങ്ങിയിരുന്ന കാലവും പങ്കജാക്ഷിയയ്ക്ക് കൂട്ടായിട്ടുണ്ട്.

അന്യംനില്‍ക്കുന്ന പാരമ്പര്യം

തുടിതാളത്തിന്റെ സംഗീതമാധുരിയില്‍ കാഴ്ചക്കാരെ ആദ്ഭുതപ്പെടുത്തുന്ന ഈ പാരമ്പര്യ കലയറിയുന്ന ഒരാള്‍ മാത്രമേ ഇന്ന് പങ്കജാക്ഷിയമ്മയ്‌ക്കൊപ്പമുള്ളൂവെന്നതാണ് സ്ഥിതി. പുതുതലമുറയുടെ വൈമുഖ്യത്തില്‍ പങ്കജാക്ഷിയയുടെ കൊച്ചുമകള്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് വിദ്യാര്‍ഥിനി കെ.എസ് രഞ്ജിനി മാത്രമാണ് ഈ കലയ്ക്കായി ഒറ്റയാള്‍ പോരാട്ടം നടത്തുന്നത്. പത്മ്രശീയെത്തിയതോടെ കലയും വളരുമെന്ന കണക്കുകൂലിലാണ് ഈ മിടുക്കി.

അംഗീകാരങ്ങള്‍ മുന്‍പും

ഫോക്‌ലോര്‍ അക്കാദമി അംഗീകാരവും ഫ്രാന്‍സ് യാത്രയുമൊക്കെ പങ്കജാക്ഷിയമ്മയെതേടി ഇതിനുമുമ്പും എത്തിയിരുന്നു. ഇപ്പോള്‍ പത്മശ്രീ ലഭിച്ചതിനെക്കുറിച്ച് ചോദിച്ചാല്‍ സന്തോഷമല്ലേ എല്ലാവര്‍ക്കുമെന്ന ചോദ്യവും മുഖത്ത് മായാത്ത പുഞ്ചിരിയും മറുപടിയാകും. അതുകൊണ്ടുതന്നെ ഇനിയെന്ത് എന്ന ചോദ്യം ഈ പശ്രീക്ക് മുന്നില്‍ ഉയരുന്നില്ല.

ബെന്നി കോച്ചേരി
ഫോട്ടോ: അനൂപ് ടോം