മകള്‍ക്കുവേണ്ടി കേക്കുണ്ടാക്കിയ അമ്മ
മകള്‍ക്കുവേണ്ടി കേക്കുണ്ടാക്കിയ അമ്മ
Monday, March 30, 2020 3:02 PM IST
മൂന്നുവയസുകാരിയായ മകള്‍ക്ക് പേസ്ട്രി കേക്കുകളുടെ മധുരം നുണയാന്‍ ഏറെ ഇഷ്ടമായിരുന്നു. എന്നാല്‍ ബേക്കറികളില്‍ നിന്ന് വാങ്ങുന്ന പ്രിസര്‍വേറ്റീവ് ചേര്‍ന്ന കേക്ക് കുഞ്ഞിന് എങ്ങനെ നല്‍കുമെന്ന ചിന്തയിലായിരുന്നു നീന പ്രഗീഷ് എന്ന അമ്മ. ആ ചിന്തയില്‍ നിന്നാണ് കലര്‍പ്പില്ലാത്ത കേക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ എന്ന ആശയം നീനയ്ക്ക് ഉണ്ടായത്. കുക്കറില്‍ വച്ച് ആദ്യമുണ്ടാക്കിയ ആ പ്ലംകേക്കില്‍ നിന്ന് ആദീസ് ലിറ്റില്‍ കാസില്‍, ദ കംപ്ലീറ്റ് കേക്ക് ഷോപ്പ് എന്ന സംരംഭത്തിലേക്ക് നീന എത്തിയിട്ട് രണ്ടു വര്‍ഷമായി. കേക്ക് വില്‍പനയില്‍ നിന്ന് മാസം 20,000 രൂപവരെ സമ്പാദിക്കുന്ന നീന പ്രഗീഷിന്റെ വിജയഗാഥ വായിക്കാം...

മകള്‍ക്കായി ആദ്യ കേക്ക്

മകള്‍ ആദി വൈഗയ്ക്കുവേണ്ടിയാണ് ഞാന്‍ ആദ്യമായി കേക്കുണ്ടാക്കുന്നത്. മോള്‍ക്ക് പേസ്ട്രി കേക്കുകളോട് വളരെയധികം ഇഷ്ടമാണ്. ബേക്കറികളില്‍ നിന്നു കേക്ക് വാങ്ങിക്കൊടുക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. പിന്നെ പാചക പുസ്തകങ്ങളില്‍ കാണുന്നതൊക്കെ ചെയ്തു നോക്കുന്ന ശീലമുണ്ടായിരുന്നു. അങ്ങനെയാണ് മൂന്നു വര്‍ഷം മുമ്പ് കുക്കറില്‍ വച്ച് ഒരു പ്ലം കേക്ക് ഉണ്ടാക്കിയത്. കേക്ക് ആദ്യം രുചിച്ചത് ഭര്‍ത്താവ് പ്രഗീഷ് രാജായിരുന്നു. അദ്ദേഹം നല്ല അഭിപ്രായം പറഞ്ഞതോടെ എനിക്ക് ആത്മവിശ്വാസമായി. തുടര്‍ന്ന് കേക്ക് ബേക്കിംഗ് ക്ലാസുകളിലും അഡ്വാന്‍സ്ഡ് ക്ലാസുകളിലും പോയി കേക്ക് ഉണ്ടാക്കുന്നതൊക്കെ നന്നായി പഠിച്ചു.

പിന്നെ ഉണ്ടാക്കിയ കേക്കുകള്‍ എന്റെ കൂട്ടുകാര്‍ക്കും ഭര്‍ത്താവ് ജോലി ചെയ്യുന്ന പോലീസ് സ്റ്റേഷനിലുമൊക്കെ കൊടുത്തു. എല്ലായിടത്തുനിന്നും വളരെ നല്ല അഭിപ്രായമാണ് കിട്ടിയത്.

ആദീസ് ലിറ്റില്‍ കാസിലിന്റെ പിറവി

പ്ലം കേക്കിനെക്കുറിച്ച് നല്ല അഭിപ്രായം കിട്ടിയതോടെ പേസ്ട്രി കേക്കുകളുടെ നിര്‍മാണത്തിലേക്ക് നീന ശ്രദ്ധിച്ചു തുടങ്ങി. പേസ്ട്രി കേക്കുകള്‍ ഉണ്ടാക്കി കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സമ്മാനിച്ചു. ആ മധുരം നുകര്‍ന്നവരുടെ വാക്കുകള്‍ നീനയിലെ പാചകക്കാരിക്ക് പ്രോത്സാഹനമേകുന്നതായിരുന്നു. അങ്ങനെയാണ് ഒന്നരവര്‍ഷം മുമ്പ് ആദീസ് ബേക്ക് ഹൗസ് എന്ന ബിസിനസ് സംരംഭത്തിന്റെ തുടക്കം.

പിറന്നാളിനും, വിവാഹാവശ്യത്തിനുമുള്ള ഓര്‍ഡറുകള്‍ നീന സ്വീകരിച്ചു തുടങ്ങി. ഓര്‍ഡറുകളുടെ എണ്ണം കൂടിയതോടെ ആത്മവിശ്വാസവും വര്‍ധിച്ചു. 2019ല്‍ അമറവശത്സ െഘശേേഹല ഇമേെഹല വേല ഇീാുഹലലേ ഇമസല ടവീു എന്ന ഫേസ് ബുക്ക് പേജ് തുടങ്ങി. അതിലൂടെയായി പിന്നീടുള്ള കേക്ക് വിപണി. കേക്കുകളുടെ ഓണ്‍ലൈന്‍ വിപണിയും നീന തന്നെയാണ് നടത്തുന്നത്.

കേക്കിന്റെ മധുരം നുണഞ്ഞവര്‍ വീണ്ടുമെത്തും

തികച്ചും പ്രകൃതിദത്തമായ ഫലങ്ങള്‍ ഉപയോഗിച്ചാണ് നീന കേക്കുകള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഒരിക്കല്‍ ഈ മധുരം നുണഞ്ഞവര്‍ വീണ്ടും നീനയുടെ കേക്കുകള്‍ തേടിയെത്തുന്നു. കൂട്ടുകാരും അവരുടെ ബന്ധുക്കളും ഭര്‍ത്താവിന്റെ പോലീസ് സുഹൃത്തുക്കളുമൊക്കെയായിരുന്നു ആദ്യമൊക്കെ കേക്ക് വാങ്ങാനെത്തിയിരുന്നത്. ഫേസ്ബുക്ക് പേജ് തുടങ്ങിയതോടെ സമീപ ജില്ലകളില്‍ ഉള്ളവര്‍ ഓര്‍ഡര്‍ നല്‍കിത്തുടങ്ങി. കേക്കിന്റെ സീസണ്‍ ആയാല്‍ പ്രതിദിനം പത്തു കേക്കുകള്‍ വരെ ഉണ്ടാക്കിയിുണ്ടെന്ന് നീന പറയുന്നു.



വെറൈറ്റി കേക്കുകള്‍

ഹോം മെയ്ഡ് റെഡ് വെല്‍വറ്റ് കേക്ക്, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, പ്ലം കേക്ക്, മാര്‍ബിള്‍ കേക്ക്, ബനാന കേക്ക്, കാരറ്റ് കേക്ക്, കാരറ്റ് ഡേറ്റ്‌സ് കേക്ക്, ഫ്‌ളേവേര്‍ഡ് കേക്കുകളില്‍ ഓറഞ്ച്, മാംഗോ, പൈനാപ്പിള്‍, സ്‌ട്രോബറി എന്നിങ്ങനെ നീളുന്നു കേക്കുകളുടെ നിര. ചോക്കലേറ്റ് കേക്കുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. കേക്കുകളുടെ തൂക്കം അനുസരിച്ചാണ് വില ഇടുന്നത്. ചോക്കലേറ്റ് കേക്കുകള്‍ക്ക് ഒരു കിലോയ്ക്ക് 900 രൂപയാണ് വില. പേസ്ട്രി കേക്കുകള്‍ക്ക് 500 രൂപ മുതല്‍ വില വരും. ഹോം മെയ്ഡ് ചോക്കലേറ്റുകളാണ് ആദീസം ബേക്ക് ഹൗസിലെ മറ്റൊരു വിഭവം. കിലോയ്ക്ക് 550 രൂപ മുതലാണ് ഇതിന്റെ വില.

പിറന്നാള്‍ ആഘോഷത്തിനും വിവാഹത്തിനുമൊക്കെയായി തീം മെയ്ഡ് കേക്കുകളും നീന ഉണ്ടാക്കി നല്‍കാറുണ്ട്. കുട്ടികള്‍ക്കായി ബാര്‍ബി, മിനിയണ്‍ മോഡലുകളിലുള്ള കേക്കുകളും ഉണ്ടാക്കി നല്‍കുന്നു.

പ്രതിമാസം 20,000 രൂപയ്ക്ക് മുകളിലുള്ള വരുമാനം കേക്ക് വിപണിയില്‍ നിന്ന് തനിക്ക് ലഭിക്കുന്നുണ്ടെന്ന് നീന പറഞ്ഞു. ഭര്‍ത്താവിനെ ആശ്രയിക്കാതെ കേക്ക് ഉണ്ടാക്കാനുള്ള വിഭവങ്ങളെല്ലാം ഈ തുകയില്‍ നിന്ന് ലഭിക്കുമെന്ന് അവര്‍ പറഞ്ഞു.

പ്രചോദനമായി അമ്മ

മലപ്പുറം തിരൂര്‍ നായരുവീട്ടില്‍ പരേ തനായ വേലായുധന്‍ - സുഭദ്ര ദമ്പതികളുടെ മകളായ നീനയ്ക്ക് പാചകത്തില്‍ പ്രചോദനമായത് അമ്മ തന്നെയാണ്. നഴ്‌സായി വിരമിച്ച അമ്മ സുഭദ്ര മക്കള്‍ക്കായി എന്നും എന്തെങ്കിലും നാടന്‍ പലഹാരങ്ങള്‍ ഒരുക്കി വയ്ക്കുമായിരുന്നു. അന്നു മുതല്‍ നീനയ്ക്ക് പാചകത്തിനോട് ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു. എന്നാല്‍ വിവാഹ ശേഷമാണ് കേക്ക് വിപണിയിലേക്ക് കടന്നത്.

കടല്‍ കടന്ന കേക്കുകള്‍

നീന ഉണ്ടാക്കിയ കേക്കുകള്‍ വിദേശ രാജ്യങ്ങളിലേക്കും കൊണ്ടുപോയിട്ടുണ്ട്. നീനയുടെയും ഭര്‍ത്താവിന്റെയും സുഹൃത്തുക്കളാണ് ഖത്തര്‍, ദുബായ് എന്നീ വിദേശ രാജ്യങ്ങളിലേക്ക് കേക്ക് ഓര്‍ഡര്‍ ചെയ്തത്. പിറന്നാള്‍, വിവാഹ കേക്കുകളാണ് ഇങ്ങനെ കടല്‍ കടന്നത്.

ഭര്‍ത്താവിന്റെ പിന്തുണ

എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഭര്‍ത്താവ് പ്രഗീഷ് രാജിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ് കേക്ക് വിപണി നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നതെന്ന് നീന പറയുന്നു. മകള്‍ ആദിവൈഗ കേന്ദ്രീയ വിദ്യാലയ പോര്‍ട്ട് സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

സീമ മോഹന്‍ലാല്‍