കിടപ്പറയിലെ ജീവിതം
എന്റെ അടുത്ത് കൗണ്‍സലിംഗിനായി എത്തിയ ദമ്പതികളായിരുന്നു ജീവനും ലക്ഷ്മിയും. ലക്ഷ്മി വീ ട്ടമ്മയാണ്. ജീവന്‍ ഐടി പ്രഫഷണലും. വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷമായി. ദിവസങ്ങള്‍ക്കു മുമ്പ് ലക്ഷ്മി ആഹത്യാശ്രമം നടത്തിയിരുന്നു. അങ്ങനെയാണ് കൗണ്‍സിലിംഗിനായി എത്തിയത്. എന്റെ മുന്നിലിരുന്ന ദമ്പതികള്‍ ആദ്യം സംസാരിക്കാന്‍ വിമുഖത കാട്ടി. എന്നാല്‍ തുടര്‍ച്ചയായുള്ള എന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ വെളുത്തു മെലിഞ്ഞ ആ പെണ്‍കുട്ടി ദുരിതങ്ങളുടെ കഥ പറഞ്ഞു തുടങ്ങി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഭര്‍ത്താവ് തന്നെ മാനഭംഗപ്പെടുത്തുന്നുവെന്ന് 26കാരിയായ ആ പെണ്‍കുട്ടി നിറകണ്ണുകളോടെ എന്നോടു പറഞ്ഞു. ദമ്പതികള്‍ തമ്മില്‍ സ്‌നേഹത്തോടെയുള്ള ലൈംഗികബന്ധം ഇതുവരെ തങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. അശ്ലീല സൈറ്റുകള്‍ സ്ഥിരമായി കാണാറുള്ള ഭര്‍ത്താവ് അതിലെ രീതികള്‍ ചെയ്യാനാണ് പ്രേരിപ്പിക്കാറ്. ലക്ഷ്മി പറഞ്ഞു.

രണ്ടാമത്തെ കേസില്‍ കൗണ്‍സലിംഗിനായി എത്തിയത് ഉന്നത സര്‍ക്കാര്‍ ഉദ്യോഗം വഹിക്കുന്ന ദമ്പതികളായ അരുണും സൗമ്യയുമായിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറു വര്‍ഷമായി. മക്കളില്ല. ഒരിക്കല്‍ പോലും ഇവര്‍ തമ്മില്‍ ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നു കൗണ്‍സലിംഗില്‍ മനസിലായി.

ഈ രണ്ടു കേസുകളിലും ഭര്‍ത്താക്കന്മാര്‍ അശ്ലീല സൈറ്റുകള്‍ക്ക് അടിമകളാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു.

മയക്കുമരുന്നു പോലെ ലഹരി നല്‍കുന്നത്

പോര്‍ണോഗ്രഫി ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. ഗ്രീക്ക് ഭാഷയില്‍ പ്രോസ്റ്റിറ്റിയൂട്ട് എന്ന് അര്‍ഥം വരുന്ന പോര്‍ണ എന്ന വാക്കും റിക്കാര്‍ഡ് ചെയ്യുക എന്നര്‍ഥം വരുന്ന ഗ്രാഫൈന്‍ എന്ന വാക്കും കൂടിച്ചേര്‍ന്നതാണ് പോര്‍ണോഗ്രഫി.

കൊറോണക്കാലത്ത് മറ്റു ബിസിനസുകള്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ പോര്‍ണോഗ്രഫി കമ്പനികള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു.

ലോക്ക് ഡൗണിനുശേഷം പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ ഭാരതത്തില്‍ 95 ശതമാനം വര്‍ധന ഉണ്ടായിുണ്ട്. അശ്ലീല സൈറ്റുകള്‍ സ്ഥിരമായി കാണുന്നവര്‍ക്ക് ഇതൊരു ലഹരിയാണ്. ഇത്തരക്കാര്‍ക്ക് ലോക്ക് ഡൗണിനുശേഷം ഈ സ്വഭാവം മാറ്റാന്‍ ബുദ്ധിമുട്ട് ഉണ്ടായിരിക്കും എന്നതില്‍ സംശയമില്ല. ഇത് അവരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കാമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

അശ്ലീല സൈറ്റുകള്‍ക്ക് അടിമയാകുന്നവരുടെ തലച്ചോറിന്റെ ഘടനാപരമായ മാറ്റവും മയക്കുമരുന്നിന് അടിമയായിട്ടുള്ളവരുടെ തലച്ചോറിന്റെ ഘടനാപരമായ മാറ്റവും വളരെ സാമ്യമുള്ളതാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇങ്ങനെ ജീവിതങ്ങള്‍ തകര്‍ക്കുന്ന ഒരു വിപത്തായി ഈ അശ്ലീല സൈറ്റുകള്‍ മാറിയിരിക്കുന്നു.

ലൈംഗികതയെക്കുറിച്ച് പറയാന്‍ മടി

ലൈംഗികതയെ കുറിച്ച് സംസാരിക്കാന്‍ ഇന്നും മടി കാണിക്കുന്ന സമൂഹമാണ് നമ്മുടേത്. ലൈംഗികതയെക്കുറിച്ച് കുഞ്ഞുങ്ങള്‍ സംസാരിച്ചാല്‍ അതിന് മറുപടി നല്‍കാന്‍ മാതാപിതാക്കള്‍ക്ക് മടിയാണ്. സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് പലയിടത്തും ക്ലാസുകള്‍ ഇല്ല. ഹൈസ്‌കൂള്‍ തലത്തില്‍ പ്രത്യുത്പാദന വ്യവസ്ഥയെക്കുറിച്ച് പഠിപ്പിക്കാന്‍ അധ്യാപകര്‍ മടി കാണിക്കുന്നതു കാണാം.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി

വിവാഹം ജീവിതത്തിലെ പുതിയ അധ്യായമാണ്. ഉത്തരവാദിത്വമില്ലാത്ത യൗവന ജീവിതത്തില്‍ നിന്ന് പങ്കാളിയുമായുളള പുതുജീവിതത്തിലേക്ക് കടക്കുമ്പോള്‍ പലരിലും ആശങ്ക കാണാറുണ്ട്. പ്രത്യേകിച്ച് ലൈംഗിക ജീവിതത്തെക്കുറിച്ചും സ്ത്രീകളുടെ ജീവശാസ്ത്രത്തെക്കുറിച്ചും ശരിയായ അവബോധമില്ലായ്മയില്‍ നിന്നാണ് പലരും കുടുംബജീവിതത്തിലേക്ക് കടക്കുന്നത്.

ഇന്ന് പലയിടത്തും പ്രീ മാരിറ്റല്‍ കോഴ്‌സുകളുണ്ട്. പക്ഷേ അവിടെ പലപ്പോഴും ഈ രംഗത്ത് വിദഗ്ധര്‍ അല്ലാത്തവരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഇവര്‍ യുവതീയുവാക്കള്‍ക്കിടയില്‍ അശാസ്ത്രീയമായ കാര്യങ്ങള്‍ കുത്തിവയ്ക്കുന്നു.

യുവജനങ്ങള്‍ക്ക് സ്വാഭാവികമായി പോണ്‍സൈറ്റുകളിലും ലൈംഗികതയെ കുറിച്ച് ശരിയായി അറിവില്ലാത്ത കൂട്ടുകാര്‍ക്കിടയിലും അഭയം തേടുന്ന അവസ്ഥയുണ്ടാകുന്നു.

പ്രശ്‌നങ്ങള്‍ കൂടുതല്‍ പുരുഷനില്‍

അശ്ലീല സൈറ്റുകള്‍ കാണുന്ന പുരുഷന്മാരിലാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ലിംഗത്തിന്റെ ബലക്കുറവു മൂലം ബന്ധപ്പെടാന്‍ പറ്റാതെ വരുക, ശീഘ്രസ്ഖലനം, കൂടുതല്‍ സമയമെടുക്കുക, പങ്കാളിയുമൊത്തുള്ള ലൈംഗികബന്ധത്തിനു താല്‍പര്യമില്ലായ്മ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഇത്തരക്കാരില്‍ കാണപ്പെടുന്നു.


ആസ്വാദകരമായിട്ടുള്ള കാര്യം ചെയ്യുമ്പോള്‍ സുഖം അനുഭവപ്പെടുന്നത് ഡോപ്പമൈനിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ തലച്ചോറില്‍ നിന്ന് സ്വതന്ത്രരാകുന്നതുകൊണ്ടാണ്. തലച്ചോറിലെ റിവാര്‍ഡ് സെന്ററുകള്‍ അശ്ലീല വീഡിയോകള്‍ കാണുമ്പോള്‍ പ്രതികരിക്കുന്നു. അതുകൊണ്ടാണ് അശ്ലീല സൈറ്റുകള്‍ കാണുമ്പോള്‍ ചിലര്‍ക്കെങ്കിലും ഉത്തേജനം ഉണ്ടാകുന്നത്.

സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍

അശ്ലീല സൈറ്റുകള്‍ സ്ഥിരമായി കാണുന്ന സ്ത്രീകളില്‍ രതിമൂര്‍ച്ഛയില്‍ എത്താന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നു. മാനസിക സമ്മര്‍ദ്ദം, അപകര്‍ഷതാബോധം, ഒടുവില്‍ വിവാഹമോചനം എന്നിവയിലേക്ക് നയിക്കുന്നു.

ഇതൊന്നുമല്ല ജീവിതം

സ്ഥിരമായി അശ്ലീല സൈറ്റുകള്‍ കാണുന്നവര്‍ ബന്ധപ്പെടുമ്പോള്‍ അത്തരത്തിലുള്ള വീഡിയോകളില്‍ കാണുന്നപ്പോലെ ചെയ്യാന്‍ താല്‍പര്യം കാണിക്കുന്നു. വീഡിയോയിലെ പോലുള്ള പൊസിഷനുകള്‍ ചെയ്യാന്‍ പങ്കാളിയെ നിര്‍ബന്ധിക്കുന്നതായും കാണാറുണ്ട്. പങ്കാളിയില്‍ ആര്‍ക്കെങ്കിലും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ഉണ്ടെങ്കില്‍ ഇരുവരും തുറന്നു സംസാരിക്കുക. കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ സെക്‌സ് തെറാപ്പിസ്റ്റിനെ കണ്ട് ചികിത്സ തേടണം.

തെറ്റിധാരണ പലവിധം

അശ്ലീല സൈറ്റുകള്‍ കാണുന്നവരില്‍ സംഭോഗത്തിനായി എടുക്കുന്ന സമയദൈര്‍ഘ്യത്തെക്കുറിച്ച് തെറ്റിധാരണ ഉണ്ടാകാറുണ്ട്. അശ്ലീല വീഡിയോകളില്‍ ഇത് 50 മിനിറ്റുവരെ നീണ്ടു നില്‍ക്കാറുണ്ട്. ഇതുകണ്ടിട്ട് തങ്ങളുടെ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കാത്തതെന്താണെന്ന് പങ്കാളിയെ കുറ്റപ്പെടുത്തുന്നവരും വിരളമല്ല. എന്നാല്‍ അശ്ലീല വീഡിയോകളില്‍ സ്‌ക്രിപ്റ്റ് അനുസരിച്ച് പല സമയങ്ങളിലായ ഷൂട്ട് ചെയ്തവ ഒന്നിച്ചു കാണിക്കുകയാണെന്ന വസ്തുത പലര്‍ക്കും അറിയില്ല. ലൈംഗിക അവയവങ്ങളുടെ ഉത്തേജനം നീണ്ടു നില്‍ക്കാനുള്ള പല മരുന്നുകളും ഇതില്‍ ഉപയോഗിക്കാറുമുണ്ട്.

സ്‌നേഹത്തിന്റെ പങ്ക്

അശ്ലീല വീഡിയോകളില്‍ കാണാത്ത ഒന്നാണ് ലൈംഗികതയിലെ സ്‌നേഹത്തിന്റെ പങ്ക്. ലൈംഗികതയിലേക്ക് സ്ത്രീയെയും പുരുഷനെയും എത്തിക്കുന്നതില്‍ വ്യത്യാസം ഉണ്ട്. ആരോഗ്യവാനായ ഒരു പുരുഷന് കാഴ്ച, സ്പര്‍ശനം എന്നിവയിലൂടെ പെട്ടെന്ന് ലൈംഗികോത്തേജനത്തിലേക്ക് എത്താന്‍ കഴിയും. ഇതുകൊണ്ടാണ് അശ്ലീല വീഡിയോകള്‍ കാണുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നതും. പങ്കാളിയുടെ നല്ല ഗുണങ്ങളായ സഹായ മ്യൂസ്‌കത, സഹാനുുഭൂതി, സംരക്ഷണം എന്നിവയൊക്കെയാണ് സ്ത്രീയെ ഉത്തേജിതയാക്കുന്നത്.

എല്ലാത്തിനും ഉപരിയായി പങ്കാളികള്‍ തമ്മിലുള്ള തുറന്ന സംസാരവും മാനസികമായ ഐക്യവുമാണ് ശരിയായ ലൈംഗികതയുടെ അടിസ്ഥാനം.

അശ്ലീല സൈറ്റുകളെ വിശ്വസിക്കല്ലേ

വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന പലരും ആശ്രയമായി കാണുന്നത് അശ്ലീല സൈറ്റുകളെയാണ്. ഇവിടെ നിന്ന് ലൈംഗികതയെക്കുറിച്ചുള്ള അറിവു ലഭിക്കുമെന്ന തെറ്റുധാരണയാണ് പലര്‍ക്കും. ഇത്തരം വിഡിയോകള്‍ തേടി പോകുമ്പോള്‍ അതിലെ അഭിനേതാക്കളുടെ ഭാവങ്ങളും ശബ്ദങ്ങളുമാണ് നാം കാണുന്നത്. അതിലുള്ളവര്‍ ആസ്വദിക്കുന്നതുപോലെ നമുക്കും ആവാമെന്ന ധാരണയുമായാണ് സൈറ്റിനു പുറത്തേക്ക് കാഴ്ചക്കാരന്‍ എത്തുന്നത്.

എന്നാല്‍ ഇത്തരം വീഡിയോകള്‍ സ്‌ക്രിപ്റ്റ് ചെയ്യപ്പെതാണെന്ന സത്യം കാഴ്ചക്കാരന്‍ മനസിലാക്കുന്നില്ല. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സംവിധായകനും രചയിതാവുമൊക്കെ ഈ അശ്ലീല വീഡിയോകളുടെ ആവിഷ്‌ക്കരണത്തിനു പിന്നിലുണ്ട്. ഒരു ആക്ഷന്‍ ചിത്രംപോലെയാണ് ഇതെല്ലാമെന്ന് കാഴ്ചക്കാരന്‍ അറിയാതെ പോകുന്നു.

കിരണ്‍ കെ.ജി
ഫോറന്‍സിക് ന്യൂറോ സൈക്കോളജിസ്റ്റ്, മൈന്‍ഡ്‌സ്‌കേപ്പ് കൗണ്‍സലിംഗ് സെന്റര്‍, തൃശൂര്‍

തയാറാക്കിയത്:
സീമ മോഹന്‍ലാല്‍