കോവിഡ് കാലത്തെ രാഷ്ട്രീയപാഠങ്ങള്‍
ചൈനയിലെ വുഹാന്‍ നഗരത്തില്‍ പൊിപ്പുറപ്പെട്ട കൊറോണ എന്ന വൈറസ് ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധി തീര്‍ക്കുന്നു. സാമ്പ്രദായികമായ എല്ലാറ്റിനെയും തച്ചുതകര്‍ത്ത് ഒരു പുത്തന്‍ ജീവിതക്രമത്തിലേക്കു മനുഷ്യരാശിയെ എത്തിക്കുകയാണു കോവിഡ് 19. ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവരെ ഈ മാറ്റം എപ്രകാരം ബാധിക്കുന്നു എന്ന അന്വേഷണം അനിവാര്യമാകുന്നു.

ആരവങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കുമിടയില്‍ ജീവിതം മുന്നോട്ടുനയിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സമൂഹത്തിന്റെ സ്പന്ദനങ്ങളും ആവശ്യങ്ങളുമറിഞ്ഞു ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്ന സാമൂഹ്യപ്രവര്‍ത്തകരുടെയും ജീവിതങ്ങളെ കോവിഡ് 19 എങ്ങനെ പുനര്‍നിര്‍വചിക്കുന്നു എന്നതും ചിന്തനീയമാണ്.

നയം വ്യക്തമാക്കുന്നു

മമ്മൂട്ടി -ശാന്തികൃഷ്ണ താരജോഡി അനശ്വരമാക്കിയ ബാലചന്ദ്രമേനോന്‍ ചിത്രം 'നയം വ്യക്തമാക്കുന്നു' ഒരു രാഷ്ട്രീയക്കാരന്റെ ജീവിതപശ്ചാത്തലങ്ങളുടെ നേര്‍ചിത്രമാണ്. ചിത്രത്തിലുടനീളം ഒരു രാഷ്ട്രീയക്കാരന്റെ തിരക്കുപിടിച്ച ജീവിതത്തെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. സമരങ്ങളും പൊതുപ്രശ്‌നങ്ങളും പാര്‍ട്ടി മീറ്റിംഗുകളുമൊക്കെ കവര്‍ന്നെടുക്കുന്ന സിനിമയിലെ 'പിഎസി'ന്റെ സമയത്തില്‍ നിന്നും അല്‍പം സ്വകാര്യ സമയങ്ങള്‍ ആഗ്രഹിക്കുന്ന 'വാവ' ഒരു രാഷ്ട്രീയക്കാരന്റെ സാധാരണ ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്‌കരണമായിരുന്നു.

ഈപശ്ചാത്തലത്തിലാണു ലോക്ക്ഡൗണ്‍ നമ്മുടെ രാഷ്ട്രീയനേതൃത്വത്തെ അക്ഷരാര്‍ഥത്തില്‍ അടച്ചുപൂട്ടലിനു വിധേയമാക്കിയത്. വീടിന്റെ സ്വകാര്യതയില്‍ ജീവിതപങ്കാളിയോടും മക്കളോടുമൊപ്പമിരിക്കാന്‍ അവര്‍ പലരും നിര്‍ബന്ധിതരായി. മകള്‍ സാറായോടൊപ്പം കളികളില്‍ ഏര്‍പ്പെടുന്ന ഹൈബി ഈഡന്‍ എംപിയും ഭാര്യയോടും മക്കളോടുമൊപ്പം പച്ചക്കറികള്‍ നടാനും പരിപാലിക്കാനും സമയം കണ്ടെത്തിയ അന്‍വര്‍ സാദത്ത് എംഎല്‍എയുമൊക്കെ സാമൂഹ്യമാധ്യമങ്ങളില്‍ കൗതുകമുള്ള ചിത്രങ്ങളായി. വായിച്ച പുസ്തകങ്ങള്‍ പങ്കുവച്ചും കൃത്യസമയങ്ങളില്‍ സാമൂഹ്യമാധ്യമ ചര്‍ച്ചകള്‍ സംഘടിപ്പിച്ചുമൊക്കെയാണു മുന്‍ എംപി പി.രാജീവും സി.പി. ജോണും ലോക്ക്ഡൗണ്‍ കാലത്തെ ഫലപ്രദമാക്കാന്‍ ശ്രമിച്ചത്. സ്റ്റേ ഹോം, ബ്രേക്ക് ദി ചെയിന്‍ എന്ന സര്‍ക്കാര്‍ ആഖ്യാനത്തോടുള്ള തങ്ങളുടെ നയം വ്യക്തമാക്കുകയായിരുന്നു അതെല്ലാം.

ചില ശ്രദ്ധേയ കാഴ്ചകള്‍

ടെലിവിഷന്‍ സീരിയലുകള്‍ അരങ്ങുവാണിരുന്ന പ്രൈം ടൈമിലേക്ക് 'ആറുമണി വാര്‍ത്ത'യുമായി കടന്നുവന്ന നമ്മുടെ മുഖ്യമന്ത്രിയെ കേരളം അക്ഷരാര്‍ഥത്തില്‍ ഓരോ ദിനവും കാത്തിരുന്നതു ലോക്ക്ഡൗണിലെ കനമുള്ള കാഴ്ചയായി. മുഖ്യന്റെ പുതിയ മുഖം ജനം സ്വീകരിക്കുക തന്നെ ചെയ്തു. എന്നും ആള്‍ക്കൂട്ടങ്ങള്‍ക്കും ആരവങ്ങള്‍ക്കുമിടയില്‍ മാത്രം ജീവിച്ചിട്ടുള്ള ഉന്‍ചാണ്ടിയെന്ന കുഞ്ഞൂഞ്ഞ്, പുതുപ്പള്ളി വീട്ടിലെ ഓഫീസ് മുറിയിലിരുന്നു ലോകം മുഴുവനുമുള്ള മലയാളികളുടെ പ്രശ്‌നങ്ങളിലും ആവശ്യങ്ങളിലും ഇടപെടുകയായിരുന്നു.

ദേശീയതലത്തിലും നേതാക്കളുടെ ലോക്ക്ഡൗണ്‍ ദിനങ്ങള്‍ സമാനമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശ്വാസവും പ്രത്യാശയും നല്‍കുന്ന അഭിസംബോധനകള്‍ക്കായി രാജ്യം കാതോര്‍ത്തു. രാഷ്ട്രീയക്കാരന്റെ സാമ്പ്രദായിക രീതികള്‍ക്കപ്പുറം രഘുറാം രാജനെയും അഭിഷേക് ബാനര്‍ജിയെയും പോലുള്ള സാമ്പത്തിക വിദഗ്ധരോടും ഒപ്പം പലായനം ചെയ്യേണ്ടിവരുന്ന തൊഴിലാളികളോടും പൊതുജനങ്ങളോടുമൊക്കെ സംവദിക്കുന്ന രാഹുല്‍ഗാന്ധിയുടെ കരുതലും ഇക്കാലത്തിന്റെ നേതൃനന്മയെ അടയാളപ്പെടുത്തുന്നതായി.


നേതാക്കളുടെ മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകള്‍ ട്രോളന്മാര്‍ ഉത്സവമാക്കുന്നതും ലോക്ക്ഡൗണില്‍ കണ്ടു. കാഴ്ചകളും കാഴ്ചപ്പാടുകളും മാറുകയാണ്; കൊറോണക്കാലത്തെ കണക്കുകള്‍പോലെ അതിവേഗത്തില്‍..!


എം.ലിജു
ഡിസിസി പ്രസിഡന്റ്, ആലപ്പുഴ

ലോക്ക്ഡൗണിന്റെ ആദ്യദിനങ്ങളിലെ ആശയക്കുഴപ്പങ്ങളെ മാറ്റിനിര്‍ത്തിയാല്‍ വളരെ വേഗം ദൈനംദിന പ്രവര്‍ത്തനങ്ങളുടെ താളം കണ്ടെത്തുകയായിരുന്നു എന്നിലെ രാഷ്ട്രീയപ്രവര്‍ത്തകന്‍. കോവിഡ് 19ന്റെ കാലത്ത് അനിവാര്യമായ ലോക്ക്ഡൗണിന്റെ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടാനായി എന്നാണു വിശ്വാസം.

ഡെന്നീസ് കെ.ആന്റണി
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്,യുവഗ്രാമം ചെയര്‍മാന്‍

കൊറോണ വൈറസ് വ്യാപനം ഒരു പുത്തന്‍ രാഷ്ട്രീയ സംസ്‌കാരവും രൂപപ്പെടുത്തുകയാണ്. തിരക്കുകള്‍ ക്കിടയില്‍ നഷ്ടപ്പെട്ടിരുന്ന സൗഹൃദങ്ങളെ തിരിച്ചുപിടിക്കാന്‍ ആദ്യദിനങ്ങള്‍ ഉപകരിച്ചെങ്കില്‍, തുടര്‍ന്നങ്ങോട്ടു വിശ്രമമില്ലാത്ത നാളുകളായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെയും യുവഗ്രാമത്തിന്റെയും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടു അനേകര്‍ക്ക് അതിജീവനത്തിന്റെ വഴികളൊരുക്കാന്‍ ശ്രമിച്ചു. ഒറ്റപ്പെട്ടുകിടക്കുന്ന ആദിവാസി ഊരുകളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ ഒരുക്കാനായതുള്‍പ്പെടെ ലോക്ക്ഡൗണ്‍ കാലഘട്ടത്തിലെ അഭിമാനസ്മൃതികളേറെ.

അഡ്വ. ഷിജി ശിവജി
വനിതാ കീഷന്‍ അംഗം, എറണാകുളം

യാത്രകള്‍ പരമാവധി ഒഴിവായതുകൊണ്ടു ലോക്ക്ഡൗണില്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിച്ചതിന്റെ സന്തോഷം ഉണ്ടായിരുന്നു. എന്നാല്‍ വനിതാ കീഷന്‍ അംഗമെന്നുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ യാതൊരു വീഴ്ചയും വരാതെ ശ്രദ്ധിച്ചു. സാങ്കേതിക സൗകര്യങ്ങളുടെ സാധ്യതകള്‍ അതിനായി ഉപയോഗിച്ചു.

ജിഫിന്‍ ജോര്‍ജ്
ജേര്‍ണലിസം അധ്യാപകന്‍, ഗവേഷകന്‍, തൃശൂര്‍

കോവിഡ് കാലം രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും വിവിധ ജനപ്രതിനിധികള്‍ക്കും ജോലി ഭാരിച്ചതായിരുന്നു. സമൂഹ അടുക്കളകള്‍, ഭക്ഷ്യവസ്തുക്കളുടെ വിതരണം, മരണവീടുകളിലെ പ്രത്യേക ക്രമീകരണങ്ങള്‍, പ്രവാസികളുടെ ക്വാറന്‍ൈറന്‍ തുടങ്ങി ഇക്കാലഘത്തില്‍ അവര്‍ക്ക് ഉത്തരവാദിത്തങ്ങളേറെ.

ഡിജിറ്റല്‍ സ്‌പേസ് നന്നായി ഉപയോഗിക്കാന്‍ കഴിഞ്ഞവര്‍ കളം നിറഞ്ഞു എന്നുള്ളതാണു മറ്റൊരു പ്രധാന സവിശേഷത. സൂം മീറ്റിംഗുകളും ലൈവ് സ്ട്രീമിംഗുകളുമൊക്കെയായി പാര്‍ട്ടികളും നേതാക്കളും നിറഞ്ഞു നിന്നു. സ്വന്തം കൈയില്‍ നിന്നും സ്‌പോണ്‍സര്‍മാരിലൂടെയും പണം കണ്ടെത്തി ചില രാഷ്ട്രീയനേതാക്കള്‍ സാമൂഹ്യ ഇടപെടല്‍ നടത്തിയതു ശ്രദ്ധേയമായി. യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയറും ഡിവൈഎഫ്‌ഐയുടെ റീസൈക്കിള്‍ കേരളവുമൊക്കെ രാജ്യത്തിനു തന്നെ മാതൃകയായെന്നു പറയാം.

സെമിച്ചന്‍ ജോസഫ്