ചട്ടിയിലും നിലത്തും വളര്‍ത്താം ആന്തൂറിയം
ചട്ടിയിലും നിലത്തും വളര്‍ത്താം ആന്തൂറിയം
Tuesday, March 5, 2019 3:13 PM IST
അരേസിയ സസ്യകുലത്തിലെ ആകര്‍ഷണീയമായ ഒരംഗമാണ് ആന്തൂറിയം. ആന്തൂറിയം എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ഥം 'വാലുള്ള പൂ' എന്നാണ്. ഇതിന് 'ചിത്രകാരന്റെ ഫലകം' എന്നും അര്‍ഥമുണ്ട്. യഥാര്‍ഥത്തില്‍ ഇലകള്‍ക്ക് രൂപാന്തരം സംഭവിച്ചുണ്ടായ പൂപ്പാളിയാണ് ഇതിന്റെ പൂ. പൂപ്പാളിയുടെ മധ്യഭാഗത്തു നിന്ന് പുറപ്പെടുന്ന തിരിയിലാണ് യഥാര്‍ഥത്തിലുള്ള പൂക്കള്‍ പ്രത്യക്ഷപ്പെടുന്നത്. തിരിയില്‍ സൂക്ഷിച്ചു നോക്കിയാല്‍ ആകര്‍ഷകമല്ലാത്ത ഇതിന്റെ ചെറിയ പൂക്കള്‍ കാണാം. പൂപ്പാളിയുടെ ആകൃതിയനുസരിച്ച് ആന്തൂറിയം പല പേരുകളില്‍ അറിയപ്പെടുന്നു.

അമേരിക്കയിലെ ഉഷ്ണ മേഖലാപ്രദേശങ്ങളാണ് ആന്തൂറിയത്തിന്റെ ജന്മദേശം. ശ്രീലങ്ക, ജപ്പാന്‍, അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങള്‍ ആന്തൂറിയം ഇറക്കുമതിയില്‍ മുന്‍പന്തിയിലാണ്. ഹൃദയാകൃതിയിലുള്ള, വിവിധനിറത്തിലുള്ള ഭംഗിയുള്ള പൂപ്പാളിയും ഞെട്ടില്ലാത്ത പൂക്കളുള്ള തിരിയും ചേര്‍ന്നതാണ് കട്ട് ഫ്‌ളവറായി വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്നത്. പൂപ്പാത്രത്തില്‍ ആറാഴ്ചയോളം ഇവ കേടുകൂടാതെയിരിക്കും. ഇതുകൊണ്ടാണ് ഇവയ്ക്ക് പുഷ്പവിപണിയില്‍ ഇത്രയേറെ പ്രിയം. ആന്തൂറിയം ജനുസില്‍ 600 ലധികം ഇനങ്ങളുണ്ടെങ്കിലും പ്രചാരത്തിലുള്ളവ 6-7 ഇനങ്ങള്‍ മാത്രമാണ്. നല്ല ആന്തൂറിയം ചെടിക്ക് ചില പ്രത്യേക ഗുണങ്ങള്‍ ഉണ്ടായിരിക്കണം.

1. ധാരാളം കന്നുകള്‍ ഉത്പാദിപ്പിക്കാനുള്ള കഴിവ്.
2. ആകര്‍ഷക നിറമുള്ള പൂപ്പാളി
3. പൂപ്പാളിയുടെ ഹൃദയാകാരം
4. പൂപ്പാളിയില്‍ കാണുന്ന ചുളിവുകളും കുമിളകളും
5. പൂപ്പാളിയുടെ തിളക്കം
6. പൂപ്പാളിയേക്കാള്‍ ചെറിയ തിരി
പ്രചാരത്തിലുള്ള ആന്തൂറിയം ഇനങ്ങള്‍
1. ആന്തൂറിയം ആന്‍ഡ്രിയാനം
2. ആന്തൂറിയം ഷെര്‍ബിയാറ്റം
3. ആന്തൂറിയം വിച്ചി
4. ആന്തൂറിയം ക്ലാരി നെര്‍വിയം
5. ആന്തൂറിയം വാരൊക്യാനം
6. ആന്തൂറിയം ക്രിസ്റ്റലൈനം

ആന്തൂറിയം ആന്‍ഡ്രിയാനം എന്ന ഇനത്തില്‍പ്പെടുന്നവയാണ് സാധാരണയായി വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. ചുവപ്പ്, വെള്ള, ഓറഞ്ച്, നിറങ്ങളിലും ഇവയുടെ വര്‍ണഭേദങ്ങളും ലഭ്യമാണ്. ഇവയില്‍ പലതും പോളണ്ടില്‍ വികസിപ്പിച്ചെടുത്ത ഇനങ്ങളാണ്. അഗ്നിഹോത്രി, കലിംപോണ്ട് റെഡ് എന്നിവ ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ഇനങ്ങളാണ്.

കൃഷിരീതി

ഗൃഹോദ്യാനങ്ങള്‍ക്കു വേണ്ടിയും വാണിജ്യാടിസ്ഥാനത്തിലും ആന്തൂറിയം കൃഷിചെയ്യാം. മാതൃസസ്യത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന ചെറു സസ്യങ്ങളും വിത്തുമുളപ്പിച്ചെടുക്കുന്ന തൈകളും ടിഷ്യൂകള്‍ച്ചര്‍ തൈകളും ചെറിയ കഷണങ്ങള്‍ മുറിച്ച് നട്ടുണ്ടാക്കുന്ന തൈകളുമാണ് നടീല്‍ വസ്തു. ചെടികള്‍ ചട്ടികളിലും നിലത്തും വളര്‍ ത്താം. ചട്ടികളില്‍ വളര്‍ത്തുമ്പോള്‍ പൂക്കള്‍ കൂടും. നിലത്തുവളര്‍ത്തുമ്പോള്‍ കന്നുകള്‍ കൂടുന്നതായി കണ്ടിട്ടുണ്ട്.

വെള്ളവും വെളിച്ചവും

നടാന്‍ ഉപയോഗിക്കുന്ന ചെടിയുടെ ഇനം, പ്രായം, കാലാവസ്ഥ എന്നിവ അനുസരിച്ച് സൂര്യപ്രകാശത്തിന്റെ ആവശ്യകതയിലും വ്യത്യാസം വരും. നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് ഇഷ്ടപ്പെടാത്ത ചെടിയാണ് ആന്തൂറിയം. ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ സൂര്യപ്രകാശത്തിന്റെ കാഠിന്യമനുസരിച്ച് തണലത്തേക്ക് മാറ്റിവയ്ക്കാനുള്ള സൗകര്യമുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുമ്പോള്‍ മതിയായ സൂര്യപ്രകാശം ലഭിക്കുന്നതിന് ഗ്രീന്‍നെറ്റ് ഉപയോഗിക്കാം. തണല്‍ നല്‍കാതിരുന്നാല്‍ ഇലകളും പൂക്കളും കാലക്രമേണ ചെടി തന്നെയും നശിക്കും. പകല്‍ താപനില 25 ഡിഗ്രി സെല്‍ഷ്യസു മുതല്‍ 30 സെല്‍ഷ്യസ് വരെയും രാത്രി താപനില 18 ഡിഗ്രി മുതല്‍ 22 ഡിഗ്രി വരെയുമാണ് ചെടിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യം. അന്തരീക്ഷ താപനില 70 - 80 ശതമാനം വരെയായിരിക്കണം.
ചെടിച്ചട്ടിയില്‍ വളര്‍ത്തുന്നരീതി

വലിയ ചെടികള്‍ക്ക് 15 ഇഞ്ച് ചട്ടികളാണുത്തമം. ചെറിയ ചെടികള്‍ ചെറിയ ചട്ടിയില്‍ നടണം.

പോട്ടിംഗ് മിക്‌സചര്‍

ഇഷ്ടികക്കഷണങ്ങള്‍, ഓടിന്‍ കഷണങ്ങള്‍, മരക്കരി, നാരുകളഞ്ഞ് ചെറുതാക്കിയ ചകിരിക്കഷണങ്ങള്‍ എന്നിവയാണ് ചെടിനടാന്‍ ഉപയോഗിക്കുന്നത്. ചകിരിക്കഷണങ്ങള്‍ കാത്സ്യം നൈട്രേറ്റ് ലായനിയില്‍ ഒരാഴ്ചയില്‍ മുക്കി വയ്ക്കുന്നത് ചെടിക്ക് ഹാനികരമായ 'ടാനിന്‍' എന്ന രാസവസ്തുവിനെ നശിപ്പിക്കാന്‍ സഹായിക്കും. ചട്ടിയുടെ അടിയില്‍ ഓടിന്‍ കഷണം, ഇഷ്ടി കക്കഷണം, മരക്കരി, ചകിരി ക്കഷണം എന്നിവ വൃത്താകൃതിയില്‍ ഇടവിട്ട് പകുതിവരെ നിറയ്ക്കുക. നടാനുള്ള ചെടി, ചട്ടിയുടെ മധ്യഭാഗത്ത് നിര്‍ത്തിയശേഷം, ചട്ടിയുടെ മുക്കാല്‍ ഭാഗത്തോളം മേല്‍പറഞ്ഞ മിശ്രിതംകൊണ്ടു നിറച്ച് ചെടി ഉറപ്പിച്ചു നിര്‍ത്തുക. അതിനുശേഷം വെള്ളമൊഴിച്ച് ചട്ടി തണലത്തേക്ക് മാറ്റിവയ്ക്കുക.


കൂടുതല്‍ ചെടികള്‍ നിലത്ത് കൃഷി ചെയ്യുന്നതാണ് നല്ലത്. നല്ല ഇളക്കമുള്ളതും വളക്കൂറുള്ളതുമായ മണ്ണായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. നന്നായി കിളച്ച് മണ്ണ് നല്ലവണ്ണം പൊടിഞ്ഞതിനു ശേഷം രണ്ടു മീറ്റര്‍ വീതിയിലും 20 സെന്റീ മീറ്റര്‍ പൊക്കത്തിലും വരമ്പുകള്‍ തീര്‍ക്കണം. രണ്ടു വരമ്പുകള്‍ക്കിടയില്‍ 50 സെന്റീ മീറ്റര്‍ വീതിയില്‍ നടപ്പാത ഉണ്ടായിരിക്കുന്നത് നല്ലതാണ്. വരമ്പുകളില്‍, മുമ്പേ പറഞ്ഞ പോട്ടിംഗ് മിശ്രിതം ചെറിയ കൂനകളായി തീര്‍ത്ത് അവയ്ക്കു നടുവില്‍ ഓരോ ചെടികള്‍ നടാം. ഓരോ ചെടിയും 45 സെന്റീമീറ്റര്‍ അകലത്തിലായിരിക്കണം നടേണ്ടത്. ചട്ടിയിലായാലും, നിലത്തായാലും നാലോ അഞ്ചോ ഇലകള്‍ നിര്‍ത്തിയശേഷം ബാക്കിയുള്ള ഇലകള്‍ മുറിച്ചു മാറ്റുന്നത് കൂടുതല്‍ പൂക്കളുണ്ടാകാന്‍ സഹായിക്കും.

വളപ്രയോഗം

ആന്തൂറിയം ഒരു ദുര്‍ബല സസ്യമായതിനാല്‍ ജൈവവളങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. അമ്പതു ഗ്രാം നിലക്കടലപിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കും ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്നു ദിവസത്തോളം വച്ചശേഷം അതിന്റെ തെളിയെടുത്ത് മൂന്നിരട്ടി വെള്ളം ചേര്‍ത്ത് ചെടിയുടെ തടത്തിലോ ചട്ടിയിലോ ഒഴിച്ചു കൊടുക്കാം.

ചിലര്‍ മീന്‍, ഇറച്ചി എന്നിവ കഴുകിയ വെള്ളവും ഒഴിക്കാറുണ്ട്. ഇങ്ങനെ ഒഴിച്ചാല്‍ ചട്ടികള്‍ വീടിനടുത്തു വയ്ക്കുമ്പോള്‍ ദുര്‍ഗന്ധമുണ്ടാകാന്‍ സാധ്യതയുണ്ട്. പഴകിയ കോഴിവളവും ചാണകസ്‌ളറിയും ഉത്തമവളങ്ങളാണ്. ചെടിനട്ട് ഒരുമാസം കഴിഞ്ഞതിനു ശേഷം മാത്രമേ രാസവളം നല്‍കാവൂ. 17:17:17 അല്ലെങ്കില്‍ 19:19:19 കൂട്ടുവളം രണ്ട് ടീസ്പൂണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് മൂന്നാഴ്ചയോ ഒരു മാസമോ കൂടുമ്പോള്‍ ചെടിച്ചട്ടിയിലോ മണ്‍തടത്തിലോ ഒഴിച്ചു കൊടുക്കാവുന്നതാണ്.

രോഗങ്ങള്‍

ആന്തൂറിയത്തെ കീടങ്ങളും പുഴുക്കളും ആക്രമിക്കാം. മൈറ്റ്, എഫിഡ്, മീലിബഗ്, ത്രിപ്‌സ് എന്നിവയാണ് ആന്തൂറിയത്തെ നശിപ്പിക്കുന്ന കീടങ്ങള്‍. ഇവയെ നിയന്ത്രിക്കുന്നതിനായി മാലത്തിയോണ്‍ രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യാം.

പൂപ്പല്‍ രോഗങ്ങള്‍

1. കോളറ്റോട്രിക്കം
ഈ പൂപ്പല്‍ രോഗം മൂലം തിരിയും ഇലത്തണ്ടും വേഗം അഴുകിപ്പോകും. ബെന്‍ലേറ്റ്, ഡൈത്തേന്‍ എം-45 ഇവയില്‍ ഏതെങ്കിലുമൊന്ന് ഒരു ടീസ്പൂണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് മാസത്തിലൊരിക്കല്‍ സ്‌പ്രേ ചെയ്ത് ഇവയെ നിയന്ത്രിക്കാം.

2. പിത്തിയം, ഫൈറ്റോഫ്‌തോറ
ഈ പൂപ്പലുകള്‍ കാരണം വേരുചീയല്‍ ഉണ്ടാകാം. വായൂസഞ്ചാരം കുറയുന്നതും ശരിയായ നീര്‍വാര്‍ച്ചയില്ലാത്തതും ജൈവവളം ആവശ്യത്തിലധികം ഉപയോഗിക്കുന്നതുമായ സ്ഥലങ്ങളില്‍ ഈ രോഗം രൂക്ഷമാണ്. ക്യാപ്ടാന്‍ എന്ന കുമിള്‍ നാശിനി രണ്ടുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി രണ്ടാഴ്ച കൂടുമ്പോള്‍ ചുവട്ടില്‍ ഒഴിച്ചു കൊടുക്കാവുന്നതാണ്.

3. ആന്ത്രാക്‌സിനോക്ക്‌സ്:- ഇലകളിലും, പൂപ്പാളിയിലും കറുത്ത പൊട്ടുകള്‍ പോലെ പ്രത്യക്ഷപ്പെടുന്ന ഈ പൂപ്പല്‍രോഗം, കാറ്റിലൂടെയും വെള്ളത്തിലൂടെയും ഇലകളിലൂടെയും പൂക്കളിലൂടെയും വളരെ വേഗം ആക്രമിക്കുന്നു. ഡൈത്തേന്‍എം- 45 എന്ന കുമിള്‍ നാശിനി രണ്ടാഴ്ച ഇടവിട്ട് തളിക്കുന്നത് ഈ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

അലങ്കാരത്തിനും ആദായത്തിനും അനുയോജ്യമായ ഒരു ചെടിയാണ് ആന്തൂറിയം. കേരളത്തിലെ കാലാവസ്ഥയും ഈ ചെടിക്ക് അനുകൂലമാണ്. അതുകൊണ്ടുതന്നെ നിരവധിപേര്‍ ആന്തൂറിയം കൃഷിയിലേക്ക് ആകൃഷ്ടരാകുന്നുണ്ട്.

ഡോ. പോള്‍ വാഴപ്പിള്ളി
മുന്‍ പ്രഫസര്‍, സര്‍ജറി, മെഡിക്കല്‍ കോളജ്, പരിയാരം
ഫോണ്‍: ഡോ. പോള്‍- 94473 05004.