നടപ്പാകാത്ത താങ്ങുവിലയും
നടപ്പാകാത്ത താങ്ങുവിലയും
Tuesday, August 27, 2019 3:39 PM IST
കൃഷിവികസനത്തിന് വന്‍പദ്ധതികളൊന്നുമില്ലാതെ കേന്ദ്രബജറ്റ്. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ കന്നിബജറ്റില്‍ കൃഷിയെ കാര്യമാക്കിയിട്ടില്ല. മോദി 2.0 സര്‍ക്കാരിന്റെ ബജറ്റില്‍ അഞ്ചു ട്രില്യന്‍ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാണ് സ്വപ്നം കാണുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വിഹിതം കാര്‍ഷിക മേഖലയ്ക്കുവേണ്ടി നീക്കിവച്ചു എന്ന് ബജറ്റ് അവകാശപ്പെടുന്നുണ്ട്. പ്രധാന്‍ മന്ത്രി കൃഷി സമ്മാന്‍ നിധി (പിഎം കിസാന്‍), പിഎം കിസാന്‍ പെന്‍ഷന്‍ യോജന എന്നീ പദ്ധതികള്‍ക്കുനീക്കിവച്ചിരിക്കുന്ന തുക കിഴിച്ചാല്‍ കാര്യമായ വര്‍ധനഒന്നുമില്ല.

പ്രായോഗികമായി നടപ്പിലാകാത്ത താങ്ങുവില

കര്‍ഷകര്‍ക്ക് ഉത്പാദനച്ചെലവും അതിന്റെ 50 ശതമാനവും കൂടിച്ചേരുന്ന തുക താങ്ങുവിലയായി നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താങ്ങുവില പ്രഖ്യാപിച്ച മിക്കവിളകള്‍ക്കും ഉത്പാദനച്ചെലവിന്റെ 40 ശതമാനത്തോളം താഴെയാണ് വിപണിയില്‍ ലഭിക്കുന്നത്. ഇതു പരിഹരിക്കാനുള്ള വ്യക്തമായ പരിപാടികള്‍ ബജറ്റിലില്ല. കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കുന്നതിന് ഈ ബജറ്റില്‍ 3000 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. വിപണി വില താങ്ങുവിലയിലും താഴെ പോയാല്‍ അത്തരം കര്‍ഷകരുടെ അക്കൗണ്ടിലേക്കു നല്‍കുന്നതിനുള്ള പിഎംആശ പദ്ധതിക്കുവേണ്ടി 1500 കോടി രൂപയും ഈ വര്‍ഷം വിനിയോഗിക്കും.

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് 2016 ലെ കേന്ദ്ര ബജറ്റു മുതല്‍ നടത്തുന്ന പ്രഖ്യാപനം ഈ ബജറ്റിലും ആവര്‍ത്തിച്ചിട്ടുണ്ട്. ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തെ കാര്‍ഷിക വളര്‍ച്ചാനിരക്ക് 2.9 ശതമാനമായിരുന്നു. ഇത് 15 ശതമാനമായാലേ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകൂ. ഇത്തരത്തില്‍ കാര്‍ഷികവളര്‍ച്ച എങ്ങനെ വര്‍ധിപ്പിക്കുമെന്നതിനെക്കുറിച്ച് ഒന്നും ബജറ്റില്‍ മിണ്ടിയിട്ടുമില്ല. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ നിര്‍ദേശങ്ങള്‍ അടങ്ങിയ 14 റിപ്പോര്‍ട്ടുകള്‍ നീതി ആയോഗ് തയാറാക്കി പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള ഒരു നടപടിയും കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ചിട്ടില്ല.

ഉത്പന്നങ്ങളുടെ മൂല്യവര്‍ധനവിനും കാര്‍ഷിക വിപണിയുടെ പരിഷ്‌കാരത്തിനുമുള്ള വലിയ പദ്ധതികളൊന്നും ബജറ്റിലില്ല. കാര്‍ഷിക യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് നടപടികളുണ്ടാകുമെന്ന് സാമ്പത്തിക സര്‍വേയില്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അതിനുള്ള പദ്ധതികളും ഈ ബജറ്റിലില്ല. കടക്കെണിയില്‍ കുടുങ്ങി രാജ്യത്ത് ഒരു വര്‍ഷം 12000 ലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. കര്‍ഷകരുടെ കടഭാരം ലഘൂകരിക്കുന്നതിനോ കടം എഴുതിത്തള്ളുന്നതിനോ ഒരു നിര്‍ദേശവും ബജറ്റിലില്ല. വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ 50 ശതമാനത്തിലേറെ ഗ്രാമങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാല്‍ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനു പകരം ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ വിഹിതം 1084 കോടിരൂപ ഈ ബജറ്റില്‍ വെട്ടിക്കുറയ്ക്കുകയാണ് ധനമന്ത്രി ചെയ്തത്. സീറോബജറ്റ് നാച്വറല്‍ ഫാമിംഗ് രീതികള്‍ സ്വീകരിക്കാനാണ് ബജറ്റില്‍ ധനമന്ത്രി ആവശ്യപ്പെടുന്നത്. ഇതിന്റെ ശാസ്ത്രീയവശങ്ങള്‍ പഠിക്കാന്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിനോട് നീതി ആയോഗ് ആവശ്യപ്പെട്ടിട്ടേയുള്ളൂ. വ്യക്തമായ പഠനങ്ങള്‍ കൂടാതെയുള്ള ഇത്തരം പ്രഖ്യാപനങ്ങള്‍ ഉത്പാദനത്തെ എങ്ങനെ സഹായിക്കുമെന്ന് ആലോചിക്കേണ്ടതുണ്ട്.

സീറോ ബജറ്റ് കൃഷിയെക്കുറിച്ച് പ്രതിപാദിക്കുന്ന നിര്‍മ്മല സീതാരാമന്റെ ബജറ്റിലെ കൃഷിയും ഏറെക്കുറെ സീറോയാണ്. കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനുമുള്ള ആത്മാര്‍ഥമായ ശ്രമം ബജറ്റിലില്ല.

പിഎം കിസാന്‍ പെന്‍ഷന്‍ യോജനയ്ക്ക് 900 കോടി

എല്ലാ കര്‍ഷകര്‍ക്കും വര്‍ഷത്തില്‍ മൂന്നു തവണയായി ആറായിരം രൂപ നല്‍കുന്ന പിഎം കിസാന്‍ നിധിക്കുവേണ്ടി 75,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 60 വയസെത്തുന്ന കര്‍ഷകര്‍ക്കു പെന്‍ഷന്‍ നല്‍കുന്നതിനുള്ള പിഎം കിസാന്‍ പെന്‍ഷന്‍ യോജനക്ക് 900 കോടി രൂപയാണ് ബജറ്റ് വിഹിതം. പിഎം കിസാന്‍ പദ്ധതി വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല.

രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി പ്രഖ്യാപിച്ച പത്തിന പരിപാടിയിലെ ഒരു പദ്ധതി ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പഴം-പച്ചക്കറികള്‍ എന്നിവയില്‍ സ്വയംപര്യാപ്തത ലക്ഷ്യം വയ്ക്കുന്നു. ഇവയുടെ കയറ്റുമതി പ്രോത്സാഹനവും ലക്ഷ്യങ്ങളില്‍ പെടുന്നു.

മത്സ്യമേഖലയ്ക്കായി മത്സ്യസമ്പദ്‌യോജന

മത്സ്യമേഖലയുടെ സമഗ്രവികസനത്തിനായി പ്രധാനമന്ത്രി മത്സ്യസമ്പദ്‌യോജന എന്ന പദ്ധതി കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കും. ഈ മേഖലയുടെ അടിസ്ഥാന സൗകര്യവികസനം, ആധുനികവത്കരണം, ഉത്പാദനം, ഉത്പാദനക്ഷമത, ഗുണമേന്മാ നിയന്ത്രണം, മൂല്യവര്‍ധന തുടങ്ങിയവയ്ക്കുള്ള പദ്ധതികള്‍ ഇതിന്റെ ഭാഗമായി നടപ്പാക്കും.

മൂല്യവര്‍ധനയ്ക്ക് സ്വകാര്യ സംരംഭകത്വം

കര്‍ഷകരുടെ ഉത്പന്നങ്ങള്‍ മൂല്യവര്‍ധന നടത്തി വിപണിയിലെത്തിക്കുന്നതിന് സ്വകാര്യ സംരംഭകത്വം പ്രോത്സാഹിപ്പിക്കും. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ അന്നദാതാക്കളായ കര്‍ഷകരെ ഊര്‍ജദാതാക്കളായി മാറ്റും. അതിരുകളില്‍ വൃക്ഷങ്ങളും മുളയും നടുന്നത് പ്രോത്സാഹിപ്പിക്കും. സഹകരണ സംഘങ്ങളിലൂടെ കാലിത്തീറ്റ നിര്‍മാണം, ക്ഷീര സംഭരണം, സംസ്‌കരണം, വിപണനം എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും.


വനിതകള്‍ക്ക് 'നാരീ ടു നാരായണി'

'നാരീ ടു നാരായണി' എന്ന പേരി ല്‍ ബജറ്റില്‍ പ്രഖ്യാപിട്ടിട്ടുള്ള ചില പദ്ധതികള്‍ കാര്‍ഷിക മേഖലയിലെ വനിതകള്‍ക്കും പ്രയോജനം ചെയ്യും. വനിതാ സ്വയംസഹായ സംഘങ്ങള്‍ ക്കു നല്‍കുന്ന പലിശ ഇളവ് പദ്ധതി രാജ്യത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. വനിതാ സ്വയം സഹായസംഘങ്ങളിലെ അംഗീകൃത അംഗങ്ങള്‍ക്ക് ജന്‍ ധന്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ 5000 രൂപ ഓവര്‍ ഡ്രാഫ്റ്റ് അനുവദിക്കും. ഈ സംഘത്തിലെ ഒരംഗത്തിന് മുദ്ര പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെ ബാങ്ക് വായ്പ അനുവദിക്കും.

മഴവെള്ളക്കൊയ്ത്ത് ജല്‍ ജീവന്‍ മിഷനിലൂടെ

ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി മഴവെള്ളക്കൊയ്ത്ത് ഭൂഗര്‍ഭ ജലപുനരുജ്ജീവനം, വീടുകളില്‍ നിന്നുള്ള പാഴ്‌വെള്ളം കൃഷിക്ക് ഉപയുക്തമാക്കല്‍ എന്നിവ നടപ്പാക്കും. രൂക്ഷമായ ജലക്ഷാമം നേരിടുന്ന 256 ജില്ലകളിലെ 1592 ബ്ലോക്കുകളില്‍ ജല്‍ ശക്തി അഭിയാന്‍ എന്ന പദ്ധതി തുടങ്ങും. വരള്‍ച്ചയുടെ സാഹചര്യത്തില്‍ ജലസംരക്ഷണം ദേശീയ പദ്ധതിയായി നടപ്പാക്കുന്നതിനുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളൊന്നും ബജറ്റിലില്ല. ജലശക്തി മന്ത്രാലയം നടപ്പാക്കുന്ന അഞ്ചു പ്രമുഖ പദ്ധതികളുടെ വിഹിതം 2018-19 ബജറ്റിലെ 33099 കോടിയില്‍ നിന്നും ഈ ബജറ്റില്‍ 34297 കോടി രൂപയായി ഉയര്‍ത്തി. പ്രധാനമന്ത്രി കൃഷി സീഞ്ചായി യോജനയുടെ വിഹിതം കഴിഞ്ഞ ബജറ്റിലെ 2954.69 കോടി രൂപയില്‍ നിന്നും 3500 കോടി രൂപയായി ഉയര്‍ത്തി. ഈ പദ്ധതിക്ക് അനുവദിച്ച തുക മുഴുവനും വിനിയോഗിക്കാനായിട്ടില്ല. അനന്തമായി നീളുന്ന പുതിയ ജലസേചന പദ്ധതികളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല.

ജീവിതവും ബിസിനസും സുഗമമാക്കുന്നതിന് പ്രഖ്യാപിച്ച പദ്ധതികള്‍ കര്‍ഷകര്‍ക്കും ബാധകമാക്കുമെന്നാണ് നിര്‍മ്മല സീതാരാമിന്റെ വാഗ്ദാനം. സംസ്ഥാനങ്ങളുമായി ആലോചിച്ച് ദേശീയ കാര്‍ഷിക വിപണി (ഇ-നാം) വഴിയുള്ള വ്യാപരം കൂടുതല്‍ സുഗമമാക്കും. രാജ്യത്തെ 585 എപിഎംസി വിപണികളെ ദേശീയ കാര്‍ഷിക വിപണിയുടെ ഇലക്‌ട്രോണിക് മാര്‍ക്കറ്റിംഗ് സംവിധാനം വഴി ബന്ധിപ്പിച്ചിരുന്നു. അന്തര്‍സംസ്ഥാന കാര്‍ഷിക വ്യാപാരവും എപിഎംസി വിപണികള്‍ തമ്മിലുള്ള വ്യാപാരവും ഇനിയും സുഗമമായിട്ടില്ല. അഗ്രിക്കള്‍ച്ചറല്‍ പ്രൊസ്യൂസ് മാര്‍ക്കറ്റിംഗ് കമ്മറ്റികളുടെ (എപിഎംസി) നിയന്ത്രണത്തിലുള്ള സഹകരണ വിപണികള്‍ കര്‍ഷകര്‍ക്ക് ന്യായമായ വരുമാനം ലഭിക്കുന്നത് തടയുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ധനമന്ത്രി പറയുന്നു.

സംരംഭകത്വത്തിന് അസ്പയര്‍

സംരംഭകത്വം, പുതിയ കണ്ടുപിടിത്തങ്ങള്‍ ഗ്രാമീണ വ്യവസായങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുവാന്‍ അസ്പയര്‍ എന്ന പദ്ധതി തുടങ്ങും. ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്റേഴ്‌സ് (ടിബിഐ), ലൈവ്‌ലിഹുഡ് ഇന്‍കുബേറ്റേഴ്‌സ് എന്നിങ്ങനെ രണ്ടുതരം വ്യാവസായ ഇന്‍കുബേറ്ററുകള്‍ ഈ പദ്ധതിയുടെ കീഴില്‍ സ്ഥാപിക്കും. കാര്‍ഷിക-ഗ്രാമീണ മേഖലകളിലെ വികസനത്തിന് ഈ ഇന്‍കുബേറ്ററുകള്‍ സഹായകമാകും.

ഗ്രാമീണ-കാര്‍ഷിക മേഖല കള്‍ക്ക് 25 ലക്ഷം കോടി

25 ലക്ഷം കോടി രൂപ ഗ്രാമീണ-കാര്‍ഷിക മേഖലകളില്‍ നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 20 ലക്ഷം കോടിരൂപയുടെ നിക്ഷേപം കണ്ടെത്തിയാലെ ഈ ലക്ഷ്യം കൈവരിക്കാനാകു. വികസന-സാമ്പത്തിക സ്ഥാപനങ്ങളിലൂടെ ഈ തുക കണ്ടെത്താന്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയെ നിയമിക്കുമെന്നു മാത്രമാണ് ബജറ്റിലെ പ്രഖ്യാപനം. രാഷ്ട്രീയ കൃഷി വികാസ് യോജന, ദേശീയ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, പരമ്പരാഗത് കൃഷി വികാസ് യോജന, ദേശീയ ജൈവകൃഷി പദ്ധതി തുടങ്ങി ഹരിത വിപ്ലവ കുട എന്ന പൊതു തലക്കെട്ടില്‍ വരുന്ന 18 സുപ്രധാന കേന്ദ്രപദ്ധതികള്‍ക്കുള്ള വിഹിതത്തില്‍ കാര്യമായ വര്‍ധന ബജറ്റില്‍ വരുത്തിയിട്ടില്ല.

വിള ഇന്‍ഷ്വറന്‍സിന് 14,000 കോടി

കേന്ദ്ര വിള ഇന്‍ഷ്വറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമയോജനയുടെ വിഹിതം കഴിഞ്ഞ വര്‍ഷത്തെ 12,975.70 കോടി രൂപയില്‍ നിന്നും ഈ വര്‍ഷം 14,000 കോടി രൂപയായി വര്‍ധിപ്പിച്ചു. 561 ലക്ഷം കര്‍ഷകരാണ് ഇപ്പോള്‍ വിള ഇന്‍ഷ്വറന്‍സ് അംഗങ്ങളായുള്ളത്. ഹ്രസ്വകാലവായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് മൂന്നു ശതമാനം പലിശ ഇളവു നല്‍കുന്നതിന് 18000 കോടി രൂപ ഈ വര്‍ഷത്തെ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.

മുള, തേന്‍, ഖാദി ഉത്പന്നങ്ങള്‍ എന്നിവയക്ക് സ്ഫുര്‍ട്ടി

മുള, തേന്‍, ഖാദി ഉത്പന്നങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനും വികസനത്തിനുമായി സ്ഫുര്‍ട്ടി (എസ്എഫ്‌യുആര്‍ടിഐ)എന്ന പേരില്‍ ഒരു പുതിയ പദ്ധതി ആരംഭിക്കും. ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഗ്രാമങ്ങളില്‍ കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ സ്ഥാപിക്കും. ഈ സാമ്പത്തിക വര്‍ഷം 100 ക്ലസ്റ്ററുകള്‍ ആരംഭിക്കും.

ഡോ. ജോസ് ജോസഫ്