ലെമണ്‍ മെഡോസിലെ ലമണ്‍ കിംഗ് വണ്‍
ലെമണ്‍ മെഡോസിലെ ലമണ്‍ കിംഗ് വണ്‍
Monday, January 27, 2020 12:27 PM IST
നാരകം കൃഷി ചെയ്ത് പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം രൂപ വരുമാനം നേടുകയാണ് പാലാ പൂവരണി പച്ചാത്തോട്ടില്‍ കുമ്പളന്താനുത്തു വീട്ടില്‍ ബാബു ജേക്കബ്. നാരാങ്ങാവെള്ളം, ഫ്രഷ് ലൈം ഇവ കുടിക്കാത്തവര്‍ ആരുമില്ല, നമ്മുടെ ഭക്ഷണത്തിലെ പ്രധാന തൊടുകറിയാണ് നാരങ്ങാ അച്ചാര്‍. വിറ്റാമിന്‍ സി, കാല്‍സ്യം, പൊട്ടാസ്യം, അയണ്‍ എന്നിവയുടെ കലവറയായ നാരങ്ങ ആരോഗ്യം പ്രദാനം ചെയ്യുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. നാരങ്ങാവെള്ളത്തില്‍ ചേര്‍ക്കാനും അച്ചാറിടാനുമൊക്കയുള്ള നാരങ്ങയില്‍ ഭൂരിഭാഗവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. എന്നാല്‍ തന്റെ വീടിനോടു ചേര്‍ന്നുള്ള ഏഴു സെന്റിലെ 14 ചെറുനാരകത്തില്‍ നിന്നും വര്‍ഷം മുഴുവന്‍ നൂറുമേനി വിളയിക്കുകയാണ് ബാബു. തറവാട്ടു വീട്ടിലുണ്ടായിരുന്ന ഒരു നാരകത്തില്‍ നടത്തിയ പരീക്ഷണം വിജയകരമായതാണ് ബാബുവിനെ ചെറുനാരക കൃഷിക്കാരനാക്കി മാറ്റിയത്. വലിയമരമായി വളര്‍ന്ന ആ നാരകത്തില്‍ പതിവച്ചു പുതിയ തൈകള്‍ ഉത്പാദിപ്പിച്ചു.

അവനട്ടു വളര്‍ത്തിയപ്പോള്‍ നല്ല വിളവാണ് ലഭിച്ചത്. ചെറുനാരങ്ങ മലയാളികളുടെ ഇഷ്ടവിഭവമാണെങ്കിലും വ്യാവസായികാടിസ്ഥാനത്തില്‍ അധികമാരും കൃഷി ചെയ്യാത്ത ഉത്പന്നമാണെന്നു തിരിച്ചറിഞ്ഞതോടെ ബാബു നാരക കൃഷിയിലേക്കു തിരിഞ്ഞു. സാധാരണ എല്ലാവരുടെയും വീട്ടില്‍ ഒരുനാരകമെങ്കിലും കാണും. അതില്‍ കുറിച്ചു നാരങ്ങയും ഉണ്ടാകും. ചിലതാകട്ടെ മുരടിച്ച് വളര്‍ച്ചയില്ലാതെ നില്‍ക്കും. ശരിയായ കൃഷിരീതി അറിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭിക്കുന്നതെന്നാണ് ബാബുപറയുന്നത്. നല്ല തൈയ്ക്ക് നല്ല പരിചരണം നല്‍കുകയാണെങ്കില്‍ നാരകത്തില്‍ നിന്നു നല്ല വിളവു ലഭിക്കുമെന്നാണ് ബാബു പറയുന്നത്.

നാരകതൈ നട്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കായ് ലഭിച്ചുതുടങ്ങു മെന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ മികച്ച രീതിയില്‍ ഫലം ലഭിക്കാന്‍ തുടങ്ങും. നാലു വര്‍ഷമായ ഒരു നാരകത്തി ല്‍നിന്ന് 150 മുതല്‍ 200 കിലോ വരെ നാരങ്ങ ലഭിക്കുമെന്നു ഈ കര്‍ഷകന്‍ പറയുന്നു. നാരങ്ങയുടെ ഡിമാന്‍ഡ് അനുസരിച്ചാണ് വില നിശ്ചയിക്ക പ്പെടുന്നത്. ഒരു കുലയില്‍ എട്ടുമുതല്‍ പത്തുവരെ നാരങ്ങ ഉണ്ടാകും. നാരങ്ങ പഴുത്തു കഴിയുമ്പോള്‍ മഞ്ഞക്കളര്‍ ലഭിക്കും. ഫ്രഷ് ജ്യൂസുകള്‍ക്കും മറ്റുമായി പച്ചനാരങ്ങയ്ക്കും നല്ല ഡിമാന്‍ഡുണ്ട്. കഴിഞ്ഞ നാലു വര്‍ഷമായി 700 കിലോ നാരങ്ങ ബാബു വിപണിയിലെത്തിക്കുന്നുണ്ട്. പൈകയിലെ ഫാര്‍മേഴ്‌സ് ക്ലബിന്റെ കര്‍ഷക മാര്‍ക്കറ്റും കേറ്ററിംഗ് യൂണിറ്റുകളുമാണ് ബാബുവിന്റെ വിപണന കേന്ദ്രം. ആഴ്ചയില്‍ 50 മുതല്‍ 80 കിലോ വരെ നാരങ്ങ വില്‍ക്കുന്നു. കിലോയ്ക്ക് 80- 90 രൂപയാണു വില. നല്ല വിലയുള്ളപ്പോള്‍ കിലോയ്ക്ക് 130 രൂപ വരെ ലഭിച്ചിട്ടുണ്ട്. നാരകത്തില്‍ പതിവച്ചാണ് പുതിയ തൈകളുണ്ടാക്കുന്നത്.

വേരുപിടിക്കുന്ന തൈകള്‍ ഗ്രോ ബാഗുകളിലേക്കു മാറ്റും. ഈ തൈകള്‍ വില്‍പനയും നടത്തുണ്ട്. ലെമണ്‍ മെഡോസ് എന്നു പേരിട്ടിരിക്കുന്ന നാരകനഴ്‌സറിയില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ബുക്ക് ചെയ്ത് തൈകള്‍ വാങ്ങാന്‍ സൗകര്യമൊരുക്കിയിരിക്കുന്നു.നാരക കൃഷിയേക്കുറിച്ച് കേട്ടറിഞ്ഞ് നിരവധിയാളുകള്‍ തൈകള്‍ വാങ്ങാന്‍ ബാബുവിന്റെ നഴ്‌സറിയിലെത്തുന്നുണ്ട്. തൈകള്‍ നല്‍കുന്നതൊടൊപ്പം നാരകകൃഷി എങ്ങനെ ചെയ്യണമെന്നും ഈ കര്‍ഷകന്‍ പഠിപ്പിക്കും. നാരക കൃഷി ലാഭമായതോടെ ഇതു വിപുലീകരിക്കാനുള്ള ശ്രമത്തിലാണു ബാബു. ഈ വര്‍ഷം 150 ചെറുനാരക തൈകള്‍ നട്ടുകഴിഞ്ഞു. അടുത്ത വര്‍ഷത്തേക്ക് 170 നാരക തൈകള്‍കൂടി കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ് ഈ കര്‍ഷകന്‍. കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഇനം തൈകളാണ് ബാബുവിന്റെ നഴ്‌സറിയിലുള്ളത്.

14 വര്‍ഷത്തെ വിദേശജോലിക്കുശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ കൃഷിയില്‍ ഒരുകൈ നോക്കാമെന്ന് വിചാരിച്ചു. പൂര്‍വികരില്‍നിന്ന് ലഭിച്ച കൈപുണ്യം കൃഷിയിടത്തില്‍ പരീക്ഷിച്ച ബാബു തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു. ഓരോ കൃഷിക്കും ഓരോ സ്ഥലങ്ങള്‍ നീക്കിവയ്ക്കുന്ന പൂര്‍വികരുടെ രീതി ബാബുവും പിന്തുടര്‍ന്നു. എങ്കിലും ഏറ്റവും പ്രാധാന്യം നല്‍കിയിരി ക്കുന്നത് ചെറുനാരക കൃഷിക്കാണ്. നാരക കൃഷിക്കു പുറമേ മറ്റു കൃഷികളും ബാബുവിന്റെ കൃഷിത്തോട്ടത്തിലുണ്ട്. നാരകത്തോട്ടത്തോടു ചേര്‍ന്ന് പാറക്കുളം കെട്ടിയെടുത്ത് മനോഹരമായ മീന്‍കുളമാക്കിയിരിക്കുന്നു. കട്‌ലയും രോഹുവും ഉള്‍പ്പെടെ നിരവധി വളര്‍ത്തു മത്സ്യങ്ങളാണ് ഇവിടെ നീന്തിത്തുടിക്കുന്നത്. ഈ കുളത്തിലെ വെള്ളമാണ് നാരക തോട്ടം നനയ്ക്കാനായി ഉപയോഗിക്കുന്നത്. ഫലവൃക്ഷങ്ങളുടെ ഒരു തോട്ടം തന്നെ ഒരുക്കിയിരിക്കുകയാണ് ബാബുവിന്റെ കൃഷിയിടത്തില്‍. റബുട്ടാന്‍, മംഗോസ്റ്റിന്‍, മുട്ടപഴം, ഫാഷന്‍ ഫ്രൂട്ട് എന്നിവയും കൃഷി ചെയ്യുന്നു. കൂടാതെ റബറും കമുകും ജാതിയും ഒക്കെ നട്ട് സമ്മിശ്രകൃഷിയിടമാക്കി മാറ്റിയിരിക്കുന്നു പുരയിടത്തെ. ഒരു വിളയെത്തന്നെ ആശ്രയിച്ചു കഴിയുകയെന്നത് ഇനി യുള്ള കാലത്ത് അല്പം ബുദ്ധി മുട്ടുള്ള കാര്യമാണെന്നാണ് ബാബുവിന്റെ പക്ഷം.

ഭാര്യ ബിന്‍സിയും മക്കളായ ആഞ്ചലോയും ക്രിസ്റ്റീനയും ബാബുവിനെ കൃഷയില്‍ സഹായിക്കാനായി എപ്പോഴും കൂടെയുണ്ട്. പൂവരണി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ്, മീനച്ചില്‍ പഞ്ചായത്തിന്റെ 2019-ലെ അവാര്‍ഡ് എന്നിവ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ജിബിന്‍ കുര്യന്‍
ഫോട്ടോ അനൂപ് ടോം