യൗവനവും ആരോഗ്യവും നല്‍കുന്ന "അദ്ഭുത മരം'
യൗവനവും ആരോഗ്യവും നല്‍കുന്ന "അദ്ഭുത മരം'
Monday, January 11, 2021 3:37 PM IST
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന അദ്ഭുത മരത്തെക്കുറിച്ചുമറിയണം.

കേരളത്തിലെ പച്ചക്കറിവിളകളില്‍ ഏറ്റവും പോഷകമൂല്യമുള്ളത്. ഇതിന്റെ ഇലയും പൂവും കായും ഭക്ഷ്യയോഗ്യമാണ്. 92 ജീവകങ്ങള്‍, 42 നിരോക്‌സീകാരികള്‍, 36 വേദനസംഹാരി ഘടകങ്ങള്‍, 18 അമിനോ ആസിഡുകള്‍, സൂക്ഷ്മമൂലകങ്ങളായ കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്, മാംഗനീസ് തുടങ്ങിയവയാലൊക്കെ സമ്പുഷ്ടമാണ് മുരിങ്ങ. നൂറുഗ്രാം മുരിങ്ങക്കായില്‍ 8.5 ഗ്രാം അന്നജം, 3.2 ഗ്രാം നാര്, 2.1 ഗ്രാം മാംസ്യം, 30 മില്ലിഗ്രാം കാല്‍സ്യം, 0.36 മില്ലിഗ്രാം ഇരുമ്പ്, 461 മില്ലിഗ്രാം പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. മുരിങ്ങക്കായേക്കാള്‍ നാലിരട്ടി മാംസ്യവും രണ്ടിരട്ടി നാരും ആറിരട്ടി കാല്‍സ്യവും മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം മുരിങ്ങയിലയില്‍ ഒന്നരഗ്ലാസ് പാലിലുള്ള കാല്‍സ്യവും ഒരു പഴത്തിലുള്ള പൊട്ടാസ്യവും മൂന്ന് ഓറഞ്ചിലുള്ള ജീവകം സിയുമുണ്ട്. കൂടാതെ ചീരയേക്കാള്‍ മൂന്നിരട്ടി ഇരുമ്പ് മുരിങ്ങയിലയിലുണ്ട്. മുരിങ്ങയില മാത്രമായോ ഇതിനൊപ്പം പരിപ്പോ ചക്കക്കുരുവോ ചേര്‍ത്തോ തോരനും ഒഴിച്ചു കറിയാക്കിയു മൊക്കെ രുചിഭേദങ്ങളൊരുക്കാം. മുരിങ്ങപ്പൂവു മാത്രമായോ മുട്ടചേര്‍ത്തോ സ്വാദിഷ്ടമായ തോരനുണ്ടാക്കാം. മുരിങ്ങക്കുരുവില്‍ നിന്ന് എണ്ണ വേര്‍തിരിച്ചെടുത്ത് സൗന്ദര്യവര്‍ധക വസ്തുക്കളുണ്ടാക്കാം. മുരിങ്ങയുടെ വേരും തൊലിയും ഔഷധമാണ്.

ഒരു മുരിങ്ങ, ഒരായിരം രോഗങ്ങള്‍ക്ക്

ഔഷധഗുണത്തിന്റെ കാര്യത്തിലും മുരിങ്ങ ഒട്ടും പിന്നിലല്ല. മുരിങ്ങയിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനം സുഗമമാക്കുന്നു. മുരിങ്ങയില ചേര്‍ത്ത കറികള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കുന്നു. ശരീരപുഷ്ടിക്കും കൃമിശല്യം ഒഴിവാക്കാനും രക്തശുദ്ധിക്കും മുരിങ്ങയില ഉത്തമം. കണ്ണിലെ തിമിരബാധ തടയുന്നതിനു മുരിങ്ങയില തേന്‍ ചേര്‍ത്തു കഴിക്കാം. മുരിങ്ങയില ജൂസാക്കി ഉപ്പിട്ടു കുടിച്ചാല്‍ വായുകോപം ശമിക്കും. ശരീരവേദന കുറക്കാന്‍ മുരിങ്ങയില ഉണക്കിപ്പൊടിച്ച ചായ കുടിച്ചാല്‍ മതി. മുരിങ്ങയില അരച്ച് ഉപ്പുചേര്‍ത്തു കഴിച്ചാല്‍ ശരീരത്തിലെ നീരും വേദനയും കുറയും. മുരിങ്ങയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും ചേര്‍ത്തുകഴിച്ചാല്‍ ജീവിതശൈലി രോഗങ്ങള്‍ തടയാം. മുലപ്പാല്‍ വര്‍ധിപ്പിക്കും. പുരുഷന്മാരില്‍ ബീജത്തിന്റെ ശരിയായ വളര്‍ച്ചക്ക് മുരിങ്ങക്കായ സഹായിക്കും. ചര്‍മരോഗങ്ങളും അകാലനരയും അലട്ടുന്നവര്‍ക്ക് യൗവനം നിലനിര്‍ത്താനും ഹൃദയം, വൃക്ക, കരള്‍ തുടങ്ങിയവയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും മുരിങ്ങ ഉത്തമമാണ്.

അധികമായാല്‍ മുരിങ്ങയും...

അധികമായാല്‍ അമൃതും വിഷം എന്ന പഴഞ്ചൊല്ലുപോലെ മുരിങ്ങയില അധികമായാല്‍ ദഹനക്കേടും വയറിളക്കവുമുണ്ടാകും. മുരിങ്ങ ഗര്‍ഭം അലസിപ്പിക്കുന്നതിനുപയോഗിക്കുന്ന മരുന്നു കൂടിയായതിനാല്‍ ഗര്‍ഭിണികള്‍ ഗര്‍ഭാവസ്ഥയുടെ ആദ്യമാസങ്ങളില്‍ ഇതു കഴിക്കരുത്.

കാര്‍ഷിക വനവത്കരണവും മുരിങ്ങയും

ശാസ്ത്രീയ പരിപാലനമുറകളിലൂടെ ദീര്‍ഘകാലം വിളവു തരുന്ന മുരിങ്ങ കാര്‍ഷിക വനവത്കരണത്തിനും പച്ചക്കറിവിളയായി വീട്ടുവളപ്പുകളിലും സൂര്യപ്രകാശം നന്നായി കിട്ടുന്ന തരിശുഭൂമികളിലും കൃഷി ചെയ്യാം. വരള്‍ച്ചയെ അതിജീവിക്കാനുള്ള കഴിവുള്ളതിനാല്‍ വെള്ളം കുറവായ സ്ഥലങ്ങളിലും ഇവ നന്നായി വളരും. വെള്ളക്കെട്ടുള്ളിടങ്ങളില്‍ നട്ടാല്‍ വേരുചീഞ്ഞുപോകും. വേരു മണ്ണില്‍ പിടിച്ചാല്‍ അതിവേഗത്തില്‍ വളര്‍ന്നു പൂവിടുകയും കായ്ക്കുകയും ചെയ്യും. നേരിയ അമ്ലതയും (പിഎച്ച് 6.3-7.6) നീര്‍വാര്‍ച്ചയുമുള്ള മണ്ണാണു കൃഷിക്കനുയോജ്യം.


കൃഷിചെയ്യാം, നല്ല ഇനങ്ങള്‍

നാടന്‍ ഇനങ്ങളും കാര്‍ഷികസര്‍വകലാശാലകള്‍ വികസിപ്പിച്ചെടുത്ത ഉത്പാദനശേഷി കൂടിയ ഇനങ്ങളും പ്രചാരത്തിലുണ്ട്. ചാവക്കച്ചേരി, ചെറുമുരിങ്ങ, കാട്ടുമുരിങ്ങ, കൊടികാല്‍ മുരിങ്ങ തുടങ്ങിയവ പ്രധാനപ്പെട്ട നാടന്‍ ഇനങ്ങളാണ്. കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത അത്യുത്പാദനശേഷിയുള്ള ഒരിനമാണ് അനുപമ. 2010-ലാണ് പുറത്തിറക്കിയത്. മണ്ണാറക്കാടു നിന്നുള്ള ഇനത്തില്‍ നിന്നു വികസിപ്പിച്ചതാണിത്. വര്‍ഷത്തില്‍ രണ്ടുതവണ പൂക്കുന്ന ഈ ഇനം ചിരസ്ഥായിയായി വളര്‍ത്താവുന്നതാണ്. കൂടാതെ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത പി.കെ.എം 1, പി.കെ.എം-2, കെ.എം.-1 തുടങ്ങിയ ഒരാണ്ടന്‍ മുരിങ്ങ ഇനങ്ങളുമുണ്ട്.

മേയ്-ജൂണ്‍ മാസങ്ങളില്‍ മുരിങ്ങ നടാം. ഒരാണ്ടന്‍ മുരിങ്ങയുടെ മൂത്തകായില്‍ നിന്നു വിത്തു ശേഖരിക്കാം. വിത്തു നേരിട്ടോ അല്ലെങ്കില്‍ 12 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തോ നടാം. വെള്ളത്തില്‍ കുതിര്‍ത്താല്‍ വേഗത്തില്‍ മുള വരും. ഗ്രോബാഗിലോ കവറുകളിലോ പോട്ടിംഗ് മിശ്രിതം നിറച്ചു വിത്തു പാകാം. തൈകള്‍ കുഴിയെടുത്ത് 2.5 മീറ്റര്‍ അകലത്തില്‍ നടണം. മുരിങ്ങയുടെ കമ്പുവഴിയുള്ള പ്രജനനത്തിനായി ഒന്നു മുതല്‍ 1.5 മീറ്റര്‍ വരെ നീളവും 15-20 സെന്റീമീറ്റര്‍ വ്യാസവുമുള്ള കമ്പുകള്‍ പോളി ബാഗിള്‍ നടാം. മുളപൊട്ടുമ്പോള്‍ മാറ്റി നടാം. നാലു മീറ്റര്‍ അകലത്തിലും അരമീറ്റര്‍ ആഴത്തിലും കുഴികളെടുത്ത്, ഒരു കുഴിയില്‍ 10 കിലോഗ്രാം കാലിവളവും ഒരു കിലോഗ്രാം വേപ്പിന്‍പിണ്ണാക്കും അരകിലോഗ്രാം റോക്ക് ഫോസ്‌ഫേറ്റും ഇട്ടുനടണം. നട്ടുനച്ചശേഷം വേരുറയ്ക്കുന്നതുവരെ നന്നായി പരിപാലിക്കണം. മണ്ണിന്റെ സ്വഭാവം അനുസരിച്ച് പത്തുദിവസം ഇടവിട്ടു നനച്ചുകൊടുക്കണം. കമ്പുവഴി പ്രജനനം നടത്തുമ്പോള്‍ തലഭാഗം മഴവെള്ളമൊലിച്ച് ചീഞ്ഞു പോകാതിരിക്കാന്‍ കവര്‍കൊണ്ട് മുകള്‍ഭാഗം മൂടണം. നട്ടു മൂന്നു നാലു മാസം കഴിയുമ്പോള്‍ ഓരോ ചെടിക്കും 10 കിലോഗ്രാം കാലിവളവും ഒരു കിലോഗ്രാം ചാരവും ചേര്‍ത്തു കൊടുക്കണം. വളപ്രയോഗം നടത്തുമ്പോള്‍ മണ്ണില്‍ ജലാംശമുണ്ടായിരിക്കണം.

തൈകള്‍ ഒരു മീറ്റര്‍ ഉയരം വയ്ക്കുമ്പോള്‍ അഗ്രമുകുളം നുള്ളി കളയുന്നതു ധാരാളം ശിഖരങ്ങളുണ്ടാകാന്‍ സഹായിക്കും. വര്‍ഷത്തില്‍ രണ്ടു തവണ വിളവെടുക്കാം- മാര്‍ച്ച്- ഏപ്രില്‍, ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍. ഒരു ചെടിയില്‍ നിന്നു ശരാശരി 15 കിലോഗ്രാം വിളവു ലഭിക്കും. വിളവെടുപ്പിനു ശേഷം ചുവട്ടില്‍ നിന്ന് ഒരു മീറ്റര്‍ ഉയരത്തില്‍ മരം മുറിക്കണം. ഇങ്ങനെ ചെയ്താല്‍ ചെടികള്‍ പെട്ടെന്നു തളിര്‍ക്കുകയും നാലഞ്ചു മാസത്തിനുള്ളില്‍ വീണ്ടും പുഷ്പിക്കുകയും ചെയ്യും. ഒരാണ്ടന്‍ മുരിങ്ങ 5-6 വര്‍ഷം വരെ ആദായകരമായ വിളവു നല്‍കും. വര്‍ഷംതോറും ഓരോ ചെടിക്കും 10 കിലോഗ്രാം കാലിവളവും അരക്കിലോഗ്രാം റോക്ക് ഫോസ്‌ഫേറ്റും ഒരു കിലോ ചാരവും വിളവെടുപ്പിനു ശേഷം നല്‍കണം. മുരിങ്ങയുടെ തടി മൃദുവായതിനാല്‍ കാറ്റുവീശുമ്പോള്‍ ഒടിഞ്ഞുപോകാതിരിക്കാന്‍ ശാഖകള്‍ വെട്ടി ക്രമീകരിക്കണം.

സ്ഥലപരിമിതിയുള്ളവര്‍ക്ക് ചാക്കുകളിലോ ഗ്രോബാഗുകളിലോ മുരിങ്ങ നട്ടുവളര്‍ത്താം. മട്ടുപ്പാവു കൃഷിയിലും ഇത് ഉള്‍പ്പെടുത്താവുന്നതാണ്. പച്ചക്കറിയായും ഔഷധവിളയായും നമ്മുടെ പുരയിടങ്ങളില്‍ മുരിങ്ങ എന്ന അദ്ഭുത മരത്തിനു ഗണ്യമായ സ്ഥാനം നല്‍കേണ്ടതാണ്.

'മൊറിംഗ ഒലിഫെറ' എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന മുരിങ്ങ, 'മൊറിംഗേസിയ' കുടുംബത്തില്‍പ്പെടുന്നു. ഹിമാലയന്‍ താഴ്‌വരയില്‍ ജനിച്ച് ഇന്ത്യയിലെങ്ങും വ്യാപിച്ച സസ്യമാണ്. ഫോണ്‍. 94955 82 387.

പൂജ എ.പി., അരുണ്‍ജിത്ത് പി.
ഡോ. ഒ.കെ. സ്വാതിജ

കാര്‍ഷിക കോളജ്, വെള്ളയാണി, തിരുവനന്തപുരം