അഴകാണീ തത്തകള്‍; ആനന്ദകൂടൊരുക്കി "അമ്പാടി'
അഴകാണീ തത്തകള്‍; ആനന്ദകൂടൊരുക്കി "അമ്പാടി'
പെറ്റ്‌സ് തെറാപ്പി എന്നൊരു ശാസ്ത്രശാഖതന്നെയുണ്ടിന്ന്. പ്രത്യേകിച്ച് ഈ കൊറോണക്കാലത്ത് ഇതിനു പ്രസക്തിയുമേറെയാണ്. പിരിമുറുക്കം മാറ്റി മാനസികാരോഗ്യം വര്‍ധിപ്പിക്കുന്ന ഒന്നാണ്, കണ്ണിനു കുളിര്‍മ പകരുന്ന പലവര്‍ണ്ണങ്ങള്‍ വാരിവിതറുന്ന പക്ഷികള്‍. ഇവയുടെ ഇമ്പമേറിയ ശബ്ദം കേട്ടുകൊണ്ടും വര്‍ണങ്ങള്‍ വാരിവിതറിയ മേനി കണ്ടുക്കൊണ്ടും കുറച്ചുസമയം നിന്നാല്‍തന്നെ മനസ് സന്തോഷഭരിതമാകും. ഇത് അനുഭവിച്ചറിയണമെങ്കില്‍ ഇവിടെത്തണം. ഇത് അമ്പാടിയില്‍ വീട്ടില്‍. ആലപ്പുഴ കായംകുളം കറ്റാനത്തെ ഈ വീടിന്റെ പിറകിലെ 35 കൂടുകളിലുള്ളത് ലക്ഷങ്ങള്‍ വിലമതിക്കുന്ന പക്ഷികള്‍. ഇവിടെ ആഫ്രിക്കന്‍ തത്തകളുടെ വൈവിധ്യ ശേഖരമൊരുക്കിയിരിക്കുകയാണ് നാല്‍പ്പത്തഞ്ചുകാരനായ മനുക്കുട്ടന്‍. അഞ്ചാംക്ലാസില്‍ തുടങ്ങിയ പക്ഷിക്കമ്പം 45-ാം വയസിലും തുടരുന്നു. ജോടിക്ക് 15,000 രൂപയുള്ള ഗ്രീന്‍ ജീക്ക് മുതല്‍ 75,000 രൂപയ്ക്കു മുകളിലും മോഹവിലയും ലഭിക്കുന്ന ഗ്രേപാരറ്റ് വരെ ഇന്നു മനുകുട്ടന്റെ ശേഖരത്തിലുണ്ട്.

മോഹവില വിളയുന്ന പക്ഷിവിപണി

മുട്ടവിരിഞ്ഞ് പക്ഷിക്കുഞ്ഞുങ്ങളിറങ്ങിയാല്‍ ഫോട്ടോ സഹിതം ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് ഗ്രൂപ്പുകളിലിടും. വിപണി വണ്ടിയും വിളിച്ച് വീട്ടിലെത്തുമെന്ന് മനുക്കുട്ടന്‍ പറയുന്നു. പക്ഷിവളര്‍ത്തലുകാര്‍ നടത്തുന്ന പ്രത്യേക വാഹന സര്‍വീസുകളില്‍ കയറ്റിയും ആവശ്യക്കാര്‍ക്ക് പക്ഷിക്കുഞ്ഞുങ്ങളെ എത്തിക്കുന്നുണ്ട്. ഒരുമാസം 30-40 കുഞ്ഞുങ്ങളെ വില്‍ക്കാറുണ്ട്. രണ്ടു തരത്തിലാണ് കുഞ്ഞുങ്ങളെ വില്‍കുന്നത്. വിരിഞ്ഞഉടനെ തന്നെ കുഞ്ഞൊന്നിന് ഇനമനുസരിച്ച് 15,000 മുതല്‍ വില ഈടാക്കി വില്‍ക്കും. ഇതിനെ വാങ്ങി 30-50 ദിവസം കൈതീറ്റകൊടുത്ത് വളര്‍ത്തി വിറ്റാല്‍ വില ഇരട്ടിയിലധികമാണ്. ഇങ്ങനെ കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി വില്‍ക്കുന്നവരാണ് ഒരു കൂട്ടര്‍. പക്ഷികളെ വളര്‍ത്തി കുഞ്ഞുങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ വില്‍ക്കുന്ന ബ്രീഡര്‍മാരാണ് മറ്റൊന്ന്.

തത്തകളിലെ ഇനവൈവിധ്യം

ഗ്രീന്‍ ജീക്ക്, സണ്‍ കൊണൂര്‍, ക്രിംപ്‌സണ്‍ ബെല്ലി, ഗ്രേപാരറ്റ്, ക്രിംസ്, മോംഗ്, പൈനാപ്പിള്‍ കൊണൂര്‍- നീല, മഞ്ഞ ഷേഡുകള്‍, ബ്‌ളൂ പൈനാപ്പിള്‍, ബ്‌ളൂ ഗ്രീന്‍ ചിക്, ബ്‌ളൂ സിലമണ്‍, ഗ്രീന്‍ ചിക്ക് യല്ലോ ഷേഡ് റെഡ്ഫാക്ടര്‍, ആഫ്രിക്കന്‍ ഗ്രേ പാരറ്റ് തുടങ്ങി 20 ഇനം തത്തകള്‍ മനുക്കുട്ടന്റെ ശേഖരത്തിലുണ്ട്. പരിചയമില്ലാത്തവരെ കണ്ടാല്‍ പിന്നെ ആകെ കലപിലയാണ്. തീറ്റയിലെ കൃത്യതയാണ് ഇവരുടെ പ്രജനനത്തിലും കളറിലുമെല്ലാം പ്രധാന പങ്കുവഹിക്കുന്നത്.

തീറ്റക്രമം

മൂന്നുനേരം കൃത്യമായ തീറ്റക്രമമാണ് ഇവിടുള്ളത്. രാവിലെ ഏഴുമുതല്‍ പതിനൊന്നു വരെ സ്പ്രൗട്ട് എന്ന തീറ്റയാണു നല്‍കുന്നത്. കടല, ചെറുപയര്‍, ഗ്രീന്‍പീസ്, പച്ചക്കപ്പലണ്ടി തുടങ്ങിയവയുടെ മിശ്രിതമാണിത്. 11 മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെ പഴവര്‍ഗങ്ങള്‍ നല്‍കും. പപ്പായ, മാതളനാരങ്ങ, പേരക്ക, ആപ്പിള്‍ തുടങ്ങിയവയെല്ലാം അരിഞ്ഞ് പാത്രങ്ങളില്‍ നല്‍കും.

ഉച്ചകഴിഞ്ഞ് ഒന്നിന് സൂര്യകാന്തിക്കുരു, മത്തന്‍കുരു, ഓട്‌സ്, ഉണക്ക ഏത്തയ്ക്ക, കപ്പലണ്ടി, ചോളം, ഉണക്കമുളക്, ഡ്രൈ ഫ്രൂട്‌സ് തുടങ്ങി 18 ധാന്യചേരുവകളുള്ള വിദേശധാന്യമിശ്രിതമാണു നല്‍കുന്നത്. പിന്നെ തീറ്റയൊന്നും നല്‍കില്ല. വൈകുന്നേരം തീറ്റ, വെള്ളപാത്രങ്ങള്‍ കഴുകി ഉണക്കുന്നു.

വിരയിളക്കല്‍ നിര്‍ബന്ധം

മൂന്നു മാസത്തിലൊരിക്കല്‍ വിരയിളക്കല്‍ നിര്‍ബന്ധം. ഇതിനായി 'വോംഔട് ജെല്ല്' ഒരു മില്ലിലിറ്റര്‍ 80 മില്ലിലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒരു ജോഡിയെ ഇട്ടിരിക്കുന്ന കൂട്ടില്‍ നല്‍കും. വിരയിളക്കല്‍ നടക്കുന്നതിന്റെ തലേന്ന് ഉച്ചയ്ക്കുമുതല്‍ പക്ഷികൂട്ടില്‍ നിന്നു വെള്ളം മാറ്റും. പിറ്റേദിവസത്തെ പ്രഭാതഭക്ഷണത്തിനുശേഷം വിരമരുന്നു ചേര്‍ത്ത വെള്ളം നല്‍കും. നല്ല ദാഹമുള്ളതിനാല്‍ അതുമുഴുവന്‍ പക്ഷികള്‍ കുടിക്കും. വിരയിളക്കുന്ന ദിവസം ധാന്യങ്ങള്‍ മാത്രമേ നല്‍കൂ.

മുട്ടയിടാനുള്ള പ്രക്രിയ തുടങ്ങിയ പക്ഷികള്‍ക്ക് വിരമരുന്നു നല്‍കില്ല. കാത്സ്യം, വിറ്റാമിനുകള്‍ എന്നിവയെല്ലാം വെള്ളത്തില്‍ ചേര്‍ത്ത് ആഴ്ചയിലൊരിക്കല്‍ നല്‍കും. മൂന്നു മില്ലിലിറ്റര്‍ കാത്സ്യം സിറപ്പ് വെള്ളത്തില്‍ കലര്‍ത്തിയാണു നല്‍കുന്നത്. മുട്ടയുടെ തോടിനു കട്ടികിട്ടാന്‍ ഇതാവശ്യമാണ്. അല്ലെങ്കില്‍ മുട്ടയിറങ്ങിവരുമ്പോള്‍ പകുതി പുറത്തും അകത്തുമായി നിന്ന് പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്. ഇത് പക്ഷിയില്‍ രോഗബാധയുണ്ടാക്കാം. മരണത്തിനും കാരണമായേകാം. കായംകുളം ടൗണില്‍ നിന്ന് മൊത്തമായാണ് പക്ഷികള്‍ക്കുള്ള പഴവര്‍ഗങ്ങള്‍ വാങ്ങുന്നത്. 10,000 രൂപയുടെ തീറ്റ ഒരുമാസം വേണ്ടിവരും.

വര്‍ഷം മൂന്നു വിരിയല്‍

ശാസ്ത്രീയ പരിചരണത്തിലൂടെ വര്‍ഷം മൂന്നു തവണ കുഞ്ഞുങ്ങളെ വിരിയിക്കുന്നു. ക്രിംസിന് വര്‍ഷത്തില്‍ മൂന്നു ബ്രീഡിംഗ് നടക്കും. തള്ളപ്പക്ഷി മുട്ടയിട്ട് കുഞ്ഞായിക്കഴിയുമ്പോള്‍ ആണിനെ കൂട്ടില്‍ നിന്നു മാറ്റും. ഒരു മാസത്തിനു ശേഷം ഇവരെ പിന്നെയും ഒന്നിച്ചിട്ടാണ് മൂന്നു ബ്രീഡിംഗ് സാധ്യമാക്കുന്നത്. മോംഗ് എന്നയിനം തത്തകള്‍ കൂടിനുമുകളില്‍ മരച്ചില്ലകള്‍ അടുക്കിയ ശേഷമേ കൂടിനകത്തുകയറി മുട്ടയിടൂ. ഇതിനായി ഇവയ്ക്ക് മരച്ചില്ലകള്‍ കൂട്ടിലിട്ടുകൊടുക്കണം. ഇങ്ങനെ ഓരോയിനം തത്തയുടെയും സ്വഭാവം പഠിച്ചുവേണം വളര്‍ത്താനെന്നു മനു പറയും.ഹാന്‍ഡ് ഫീഡിംഗ്

പക്ഷി കൂടൊരുക്കുന്നതു മുതല്‍ കൂട്ടില്‍ വളര്‍ത്തുകാരന്റെ ശ്രദ്ധയുണ്ടാകണം. വലിയകൂടിനു പിന്നിലായാണ് പക്ഷികള്‍ക്കു മുട്ടയിടാനുള്ള മരത്തില്‍ തീര്‍ത്ത കൂടുസ്ഥാപിച്ചിരിക്കുന്നത്. ഇതിനുപിന്നിലായി ഒരു വാതിലും ക്രമീകരിച്ചിട്ടുണ്ട്. കുഞ്ഞുവിരിയുമ്പോള്‍ മുതല്‍ കൂട്ടില്‍ ശ്രദ്ധയുണ്ടാകണം. ചില പക്ഷികള്‍ കുഞ്ഞുങ്ങള്‍ക്ക് തീറ്റകൊടുക്കില്ല. ഇവയെ പുറത്തെടുത്ത് ഹാന്‍ഡ് ഫീഡിംഗ് നടത്തണം. ഇതിനു പ്രത്യേക സിറിഞ്ചുണ്ട്. ന്യൂട്രിബേര്‍ഡ് - എ-19 എന്ന തീറ്റ കലക്കി അഞ്ച് എംഎല്‍ ഒരു നേരം എന്ന തോതില്‍ ദിവസം അഞ്ചു നേരം വരെ കൊടുക്കും. സിറിഞ്ചുപയോഗിച്ചു കൈത്തീറ്റ കൊടുക്കുമ്പോള്‍ ദ്രാവകം കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിലേക്കു കടക്കാതെ വേണം കൊടുക്കാന്‍. ഇങ്ങനെ പോയാല്‍ കുഞ്ഞ് ചത്തുപോകും. ഒരുമാസം വരെ ഇങ്ങനെ കൈത്തീറ്റ നല്‍കിയശേഷം വില്‍ക്കുകയാണ് പതിവ്.

സാധാരണ ഒരു പക്ഷി മുട്ടയിട്ടാല്‍ 19-ാം ദിവസം മുട്ടവിരിയും. രണ്ടു മുതല്‍ അഞ്ചുവരെ മുട്ടകള്‍ ഒരു കൂട്ടില്‍ കാണും. തന്തപ്പക്ഷിയും തള്ളപ്പക്ഷിയും ചേര്‍ന്നാണു കുഞ്ഞുങ്ങള്‍ക്കു തീറ്റ നല്‍കുന്നത്. കണ്ണു തുറക്കാത്ത കുഞ്ഞുങ്ങളെ എടുക്കുമ്പോള്‍ രണ്ടുമണിക്കൂര്‍ ഇടവിട്ട് കൈതീറ്റ നല്‍കണം. ഇങ്ങനെ പുറത്തെടുക്കുന്ന കുഞ്ഞുങ്ങള്‍ 40-50 ദിവസത്തിനുള്ളില്‍ തനിയെ തീറ്റയെടുക്കും. ഇതിനായി അവരെ പരിശീലിപ്പിക്കുകയും വേണം. 35-40 ദിവസമായിക്കഴിയുമ്പോള്‍ വൈകുന്നേരം മാത്രം തീറ്റ നല്‍കും. രാവിലെ വിശക്കുന്നതിനാല്‍ തനിയെ തീറ്റയെടുക്കാന്‍ ശ്രമിക്കും. സാവധാനം ഇവര്‍ തനിയെ തീറ്റയെടുക്കുകയും ചെയ്യും.

പാമ്പിനെ ഓടിക്കാന്‍ പട്ടി

പാമ്പ്, മരപ്പട്ടി മുതലായവയുടെ ശല്യത്തില്‍ നിന്നെല്ലാം പക്ഷികളെ രക്ഷിക്കുന്നത് പരിശീലനം നേടിയ നാടന്‍പട്ടിയാണ്. ആഴ്ചയിലൊരിക്കല്‍ കൂടിനു സമീപത്ത് മണ്ണെണ്ണ സ്‌പ്രേചെയ്യാറുണ്ട്. പാമ്പിനെ തുരത്തുന്നതിനു വേണ്ടിയാണിത്.

കിളികളുടെ തീറ്റ അവശിഷ്ടം കോഴികള്‍ക്ക്

നാടന്‍, ബീവി-380, കരിങ്കോഴികള്‍ തുടങ്ങിയവയെ പക്ഷിക്കൂടിനു സമീപത്തെ കൂട്ടില്‍ വളര്‍ത്തുന്നു. ഇടയ്ക്ക് ഇവയെ തുറന്നുവിടും. പക്ഷികളുടെ ഭക്ഷണാവശിഷ്ടങ്ങള്‍ കൂടിനടിയില്‍ നടന്ന് ഇവ തിന്നു തീര്‍ക്കും. അഞ്ചേക്കറില്‍ നെല്‍കൃഷിയും ചെയ്യുന്നുണ്ട് മനു.

രജിസ്‌ട്രേഷനും ഡിഎന്‍എ സര്‍ട്ടിഫിക്കേറ്റും

കേന്ദ്രസര്‍ക്കാരിന്‍റെ പരിവേഷ് എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താണ് മനു സംരംഭം മുന്നോട്ടു കൊ ണ്ടുപോകുന്നത്.

http://parivesh.nic.in/ എന്ന വൈബ്‌സൈറ്റുവഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വിദേശ പക്ഷികളെ വളര്‍ത്തുന്നവര്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര നിയമമുണ്ട്. പക്ഷികളുടെ ഡിഎന്‍എ സര്‍ട്ടിഫിക്കേഷനും നടത്താറുണ്ട്. ഇതിനായി നിരവധി ഏജന്‍സികളുണ്ട്. പൂനയിലെ ലാബിലാണ് മനു പരിശോധന നടത്തുന്നത്. പൂര്‍ണവളര്‍ച്ചയെത്തിയ പക്ഷികളുടെ ഹൃദയഭാഗത്തു നിന്ന് മൂന്നോ നാലോ തൂവല്‍ ശേഖരിച്ച് ലാബില്‍ നിന്നു ലഭിക്കുന്ന അണുവിമുക്തമായ കവറില്‍ കൊറിയര്‍ ചെയ്തു വിടും. കവര്‍ ലാബിലെത്തുമ്പോള്‍ അവര്‍ വിളിക്കും. ഒരു പക്ഷിക്ക് 150 രൂപയാണ് പരിശോധന നിരക്ക്. ഇതടച്ചുകഴിഞ്ഞാല്‍ പക്ഷി ആണോ പെണ്ണോ എന്നുള്ള റിസള്‍ട്ട് മൊബൈലിലും പിന്നീട് സര്‍ട്ടിഫിക്കറ്റ് കൊറിയറിലും ലഭിക്കും. ഇങ്ങനെ ചെയ്യണമെങ്കില്‍ പക്ഷി വിരിഞ്ഞ് 7-10 ദിവസത്തിനുള്ളില്‍ ലോഹമോതിരം കാലിലിടണം. പക്ഷിക്ക് നാലു വിരലുകളാണുള്ളത്. 10 ദിവസത്തിനു മുകളില്‍ പോയാല്‍ പിറകിലത്തെ വിരല്‍ ഉറയ്ക്കും. പിന്നീട് മോതിരമിടാന്‍ സാധിക്കില്ല. മോതിരത്തില്‍ പക്ഷിയുടെ നമ്പര്‍, വളര്‍ത്തുന്നയാളുടെ ഫോണ്‍നമ്പര്‍ എന്നിവയാണ് രേഖപ്പെടുത്തുന്നത്. ഈ നമ്പരാണ് ഡിഎന്‍എ നമ്പരായി ലാബില്‍ പരിഗണിക്കുന്നത്. ശരിക്കും പക്ഷിയുടെ പേരാണ് വളര്‍ത്തുകാര്‍ ഇടുന്ന ഈ നമ്പര്‍. പക്ഷിവിപണിയില്‍ ഡിഎന്‍എ നമ്പറിനും സര്‍ട്ടിഫിക്കേറ്റിനും വലിയ വിലയാണുള്ളത്. ഫോണ്‍: മനു:-95261 11222.

ടോം ജോര്‍ജ്
ഫോട്ടോ: മനു യു.ആര്‍.