ബോണ്‍സായ്: ആനന്ദകരമായ ഉദ്യാനകല
ബോണ്‍സായ്: ആനന്ദകരമായ ഉദ്യാനകല
ജാപ്പനീസ് ഭാഷയില്‍ ബോണ്‍സായ് എന്നാല്‍ "ചട്ടിയില്‍ ഒരു മരം' എന്നാണര്‍ഥം. 'ബോണ്‍' എന്നാല്‍ ചട്ടിയും സായ് എന്നാല്‍ "മരവു'മെന്നാണ്. പ്രകൃതിയില്‍ കാണുന്ന വലിയ മരങ്ങളെ അവയുടെ അനുപാതത്തില്‍ തന്നെ ചെറുതാക്കിയെടുക്കുന്ന അതിവിദഗ്ധമായ ഒരു ഉദ്യാനകലയാണ് ബോണ്‍സായ് നിര്‍മാണം. ചൈനയിലാണ് ഈ കല ജന്മമെടുത്തത്. ചൈനീസ് ബോണ്‍സായിയെ 'പെന്‍ജിങ്ങ്' എന്നും പറയും. സഞ്ചാര പ്രിയരായ ചൈനയിലെ ബുദ്ധഭിക്ഷുക്കള്‍ അവരുടെ നീണ്ട യാത്രകളില്‍ ഔഷധഗുണമുള്ള മരങ്ങളും സസ്യങ്ങളും ചട്ടികളിലാക്കി കൊണ്ടുപോകുമായിരുന്നു. അങ്ങനെ ഈ കല കൊറിയയിലേക്കും ജപ്പാനിലേക്കുമെത്തി. പുരാതന കാലത്ത് രാജാക്കന്മാരുടെയും പ്രമാണിമാരുടെയും സ്വീകരണ മുറികളെ അലങ്കരിച്ചിരുന്നു ബോണ്‍ സായ്കള്‍. ഇന്നു ലക്ഷക്കണക്കിനു രൂപയുടെ വിപണനസാധ്യതയുള്ള ഒരു വ്യവസായമായിത്തന്നെ ബോണ്‍സായ് നിര്‍മാണം വളര്‍ന്നിരിക്കുന്നു.

ബോണ്‍സായ് നിര്‍മാണരീതി

ഒരു ബോണ്‍സായ്‌യില്‍ പ്രധാനമായി മൂന്നു ഘടകങ്ങളാണു ഉള്ളത്.

1. മരം
2. നടീല്‍ മിശ്രിതം
3. ചട്ടികള്‍

വിത്തു മുളപ്പിച്ചോ, കമ്പുകള്‍ വേരുപിടിപ്പിച്ചോ മരങ്ങള്‍ വളര്‍ത്തിയെടുക്കാം. വിത്തു മുളപ്പിച്ചെടുത്ത ബോണ്‍സായ് ഉണ്ടാക്കുന്നത് ഒരു ഭഗീരഥ പ്രയത്‌നമാണ്. പതിവച്ചോ, ഗ്രാഫ്റ്റിംഗ് നടത്തിയോ ഉചിത മരങ്ങള്‍ തെരഞ്ഞെടുക്കാം. കെട്ടിടങ്ങളുടെ വിള്ളലുകളിലും കുന്നിന്‍ മുകളിലും മഴയും വെയിലും കൊണ്ട് വളര്‍ച്ച മുരടിച്ചു നില്‍ക്കുന്ന ആല്‍, പാല മുതലായ മരങ്ങള്‍ ബോണ്‍സായ് നിര്‍മാണത്തിനുപയോഗിക്കാം. ഇവ ഇളക്കിയെടുത്ത് വേണ്ടവിധം കോതിയൊതുക്കി ഉചിതമായ ചട്ടികളില്‍ നട്ട് ഭംഗിയുള്ള ബോണ്‍ സായ്കള്‍ നിര്‍മിക്കാം. ലേഖകന്റെ ശേഖരത്തിലുള്ള നാല്പതും അമ്പതും വര്‍ഷമായ അരയാല്‍, പേരാല്‍ എന്നിവ അങ്ങനെ ശേഖരിച്ചവയാണ്. ഒരു ബോണ്‍സായ് അതിന്റെ മുഴുവന്‍ ഭംഗിയോടും കൂടി ആസ്വദിക്കുന്നത് പിന്നീടു വരുന്ന തലമുറകളായിരിക്കുമെന്നത് കൗതുകകരമായ കാര്യമാണ്.

തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കുക

മരങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവ വളരുന്ന ഭൂപ്രകൃതിയും കാലാവസ്ഥയും സസ്യശാസ്ത്രപരമായ പ്രത്യേകതകളും അറിഞ്ഞിരിക്കണം. അധികം തണുപ്പുള്ള കാലാവസ്ഥയില്‍ വളരുന്ന മരങ്ങള്‍ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളര്‍ത്തിയാല്‍ ഉദ്ദേശിച്ച ഫലം കിട്ടണമെന്നില്ല. (ഉദാ: പൈന്‍, ജനിപ്പര്‍) കഴിയുന്നതും ചെറിയ ഇലകളോടുകൂടിയ മരങ്ങളാണ് ബോണ്‍സായിയാക്കാന്‍ നല്ലത്. ഉദാ: വാളന്‍പുളി, ഡിവി തുടങ്ങിയവ. നമ്മുടെ നാട്ടില്‍ ബോണ്‍സായ് ആക്കി മാറ്റാന്‍ പറ്റിയ മരങ്ങളുടെ പേരുകള്‍ ചുവടെ:-

1. വാളന്‍ പുളി, 2. കുടം പുളി, 3. ബൊഗൈന്‍വില്ല, 4. പേര, 5. ആല്‍വര്‍ഗത്തില്‍പ്പെട്ട മരങ്ങളായ അരയാല്‍, പേരാല്‍, റെട്ടുസ, ബെന്‍ ജാമിന, 6. കുള്ളന്‍ മാതളനാരകം, 7. കുള്ളന്‍ ഷെഫ്‌ളറ, 8. ഗുല്‍മോഹര്‍, 9. ചൈനീസ് ഓറഞ്ച്

ചൈനയിലും ജപ്പാനിലും മറ്റു പാശ്ചാത്യ നാടുകളിലും വളരുന്ന മരങ്ങള്‍ നമ്മുടെ നാട്ടില്‍ ബോണ്‍സായി ആക്കി മാറ്റാന്‍ പ്രയാസമാണ്. പ്രകൃതിയെ നല്ലവണ്ണം നിരീക്ഷിക്കുന്ന ഒരാള്‍ക്ക് ഒരു നല്ലബോണ്‍സായ് വളര്‍ത്തിയെടുക്കാം.

ചട്ടികള്‍ തെരഞ്ഞടുക്കുമ്പോള്‍

ബോണ്‍സായ്ക്കു വേണ്ട ചട്ടികള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നടാന്‍ ഉദ്ദേശിക്കുന്ന മരത്തിന്റെ തൊലിയുടെ നിറം, ഇലകളുടെയും ശാഖകളുടെയും വ്യത്യാസം, നിറം എന്നിവയുമായി പൊരുത്തപ്പെട്ടു പോകുന്നതായിരിക്കണം ചട്ടികള്‍. സാധാരണയായി വൃത്ത, ചതുര, ദീര്‍ഘചതുരാകൃതികളിലുള്ള ചട്ടികള്‍ ലഭ്യമാണ്. ചിലതിന് ത്രികോണാകൃതിയും കാണാം. ടെറാക്കോട്ട, സിറാമിക്, പോര്‍സലെയില്‍ ചട്ടികള്‍ മാത്രമല്ല, സിമന്റ് ചട്ടികളും ബോണ്‍സായ് വളര്‍ത്താന്‍ ഉപയോഗിക്കുന്നു. ചട്ടിയുടെ അടിയില്‍ വെള്ളം വാര്‍ന്നു പോകാന്‍ പറ്റിയ സുഷിരങ്ങള്‍ അത്യാവശ്യമാണ്. സാധാരണയായി കറുപ്പ്, ചാരം, നീല, പച്ചനിറങ്ങളിലുള്ള ചട്ടികളാണ് ബോണ്‍സായ് നിര്‍മാണത്തിനുപയോഗിക്കുന്നത്. കടും നിറങ്ങള്‍ മരത്തില്‍ നിന്ന് ശ്രദ്ധതിരിക്കുന്നതു കൊണ്ട് ഉപയോഗിക്കാറില്ല.

ബോണ്‍സായ് രീതിശാസ്ത്രമനുസരിച്ച് ചട്ടിയുടെ ആഴം നടീല്‍ മിശ്രിതത്തോടു ചേര്‍ന്നു നില്‍ക്കുന്ന മരത്തിന്റെ വ്യാസത്തിനു തുല്യമായിരിക്കണം. ബോണ്‍സായിയില്‍ ആണ്‍, പെണ്‍ വൃക്ഷങ്ങളുണ്ട്. ഈ സ്വഭാവമനുസരിച്ചു വേണം ചട്ടികള്‍ തെരഞ്ഞെടുക്കാന്‍. മരത്തിന്റെ ആകര്‍ഷകമായ വളവുകള്‍ മൃദുലമായ പുറംതൊലി എന്നിവ പെണ്‍വൃക്ഷത്തെ സൂചിപ്പിക്കുന്നു. ആണ്‍വൃക്ഷമാണെങ്കില്‍ പരുപരുത്ത പുറംതൊലി, ഉണങ്ങി നില്‍ക്കുന്ന ശാഖകള്‍, കട്ടിയുള്ള മരത്തടി, അധികമുള്ള ശാഖകള്‍ പരുപരുത്ത ഇലകള്‍ എന്നിവയാണു ലക്ഷണങ്ങള്‍.


നടീല്‍ മിശ്രിതം

നടീല്‍ മിശ്രിതം തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
1. വെള്ളം കെട്ടിനില്‍ക്കരുത്
2. വേരുകള്‍ വെള്ളവും വളവും എളുപ്പത്തില്‍ വലിച്ചെടുക്കാന്‍ ഉതകുന്നതായിരിക്കണം.
3. മിശ്രിതത്തില്‍ ചെടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഉതകുന്ന പോഷകങ്ങള്‍ അടങ്ങിയിരിക്കണം.


പോട്ടിംഗ് മിശ്രിതം തയാറാക്കല്‍

1. തരിയുള്ള ആറ്റുമണല്‍- രണ്ടു ഭാഗം
2. ഉണക്കിപ്പൊടിച്ച ചാണകം- ഒരുഭാഗം
3. ചുവന്ന മണ്ണ്- ഒരുഭാഗം

കേരളത്തിലെ മണ്ണു പൊതുവെ അംമ്ല സ്വഭാവമുള്ളതിനാല്‍ നടീല്‍ മിശ്രിതത്തിന്റെ കൂടെ ചട്ടിയുടെ വലുപ്പമനുസരിച്ച് ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ കുമ്മായം കലര്‍ത്തികൊടുക്കുന്നതു നന്നായിരിക്കും. ഫംഗസ് രോഗങ്ങള്‍ തടയാനുള്ള മരുന്നുകള്‍ ഒരു ടീസ്പൂണ്‍ വീതം ചേര്‍ക്കുന്നതും നന്നായിരിക്കും.

വെള്ളവും വളവും

ചെടികള്‍ ചട്ടിയില്‍ വളരുന്നതു കൊണ്ട് ജലസേചനത്തില്‍ കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. നടീല്‍ മിശ്രിത്തില്‍ ജലത്തിന്റെ അഭാവമു ണ്ടായാല്‍ ചെടിയുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും അതു ബാധിക്കും. വേനല്‍ക്കാലങ്ങളില്‍ ഒന്നു രണ്ടുപ്രാവശ്യം ഒരു പൂവാളികൊണ്ട് നനച്ചുകൊടുക്കണം. ചാണകവും കടലപ്പിണ്ണാക്കും ഒരു ബക്കറ്റില്‍ കലര്‍ത്തിവച്ച് ഒരാഴ്ചക്കുശേഷം അതിന്റെ തെളിയെടുത്ത് മാസത്തില്‍ ഒരിക്കലെന്നതോതില്‍ ചട്ടിയില്‍ ഒഴിച്ചുകൊടുക്കണം. ചെടി ആരോഗ്യത്തോടെ വളരാന്‍ ഇതു സഹായിക്കും. മൂന്നാഴ്ച കൂടുമ്പോള്‍ വെള്ളത്തിലലിയുന്ന എന്‍പികെ മിശ്രതം രണ്ടുടീസ്പൂണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടിയുടെ സ്വഭാവമനുസരിച്ച് വളര്‍ച്ചാ കാലങ്ങളില്‍ മൂന്നാഴ്ചയിലൊരിക്കല്‍ തളിക്കുക.

വയറിംഗും ശൈലികളും

പ്രകൃതിയില്‍ മരങ്ങളും സസ്യങ്ങളും വളരുന്ന രീതിയനുസരിച്ച് ബോണ്‍സായിയുടെ രൂപത്തിലും വ്യത്യാസം വരുത്താം. സാധാരണയായി അലൂമിനിയം കമ്പികളോ ചെമ്പുകമ്പികളോ വളച്ചുകെട്ടി താഴെപറയുന്ന ശൈലികളില്‍ ബോണ്‍ സായ് ഒരുക്കാവുന്നതാണ്.

1. ഫോര്‍മല്‍ അപ്‌റൈറ്റ്, ഇന്‍ഫോ ര്‍മല്‍ അപ്‌റൈറ്റ്- ഇവയില്‍ ചെടി കുത്തനെ വളരുന്നു.
3. സ്ലാന്റിംഗ് സ്റ്റെല്‍-ചെടികള്‍ ചാ ഞ്ഞു വളരുന്നു.
4. ഫോര്‍മല്‍ കാസ്‌കേഡ് സ്റ്റൈല്‍- ചെടി നീളമുള്ള ചട്ടിയില്‍ ഒരു വെള്ളച്ചാട്ടത്തിലെന്നപോലെ താഴേ യ്ക്കു ചാഞ്ഞു വളരുന്നു.
5. സെമി കാസ്‌കേഡ് സ്റ്റെല്‍- മുന്‍പറഞ്ഞ പോലെ അത്രയും തുങ്ങിവളരാന്‍ അനുവദിക്കാതെ വളര്‍ത്തുന്നത്.
6. റഫ് സ്റ്റൈല്‍: വീണുകിടക്കുന്ന മരത്തിന്റെ ശാഖയില്‍ നിന്നു പുതിയ മരങ്ങള്‍ വളര്‍ത്തുന്ന രീതി.
7. അമ്പര്‍ല സ്റ്റൈല്‍: ഇതിന്റെ മകുടം ഒരു കുടപോലെ തോന്നിക്കുന്നു.
8. റൂട്ട് ഓവര്‍ റോക്ക് സ്റ്റൈല്‍: ഈ ശൈലിയില്‍ ചെടിയുടെ വേരുകള്‍ ഒരു പാറക്കല്ലിനെ ചുറ്റിപടര്‍ന്നു വളരുന്നു.
9. ഫോറസ്റ്റ് സ്റ്റൈല്‍: കാട്ടില്‍ മരങ്ങള്‍ വളരുന്ന ശൈലിയില്‍ വളര്‍ത്തുന്നു.
10. ട്രൈയാങ്കുലര്‍ സ്റ്റൈല്‍: ചെടിയും ശാഖകളും വെട്ടിയൊതുക്കി ത്രികോണാകൃതിയിലാക്കുന്ന രീതി.
11. ബ്രൂം സ്റ്റൈല്‍: ചൂലിന്റെ ആകൃതിയില്‍ കാണപ്പെടുന്ന ബോണ്‍സായി.

ബോണ്‍സായ് ഉണ്ടാക്കുന്നയാളുടെ മനോധര്‍മ്മം പോലെ നിരവധിരീതികള്‍ ഇന്ന് ലോകമെങ്ങും പ്രചാരത്തിലുണ്ട്.

ചട്ടിമാറ്റല്‍

ചട്ടിയില്‍ വേരു നിറഞ്ഞാല്‍ അല്ലെങ്കില്‍ ചെടി മുരടിച്ചാല്‍ വെള്ളവും പോഷകങ്ങളും വലിച്ചെടുക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് ഇതു സംഭവിക്കുന്നതെന്നു മനസിലാക്കണം. ചെടികള്‍ ചട്ടിയില്‍ നിന്ന് ഇളക്കി മാറ്റിയ ശേഷം മൂന്നിലൊരു ഭാഗം വേരു മുറിച്ചു മാറ്റണം. ചട്ടികള്‍ കഴുകി, പുതിയനടീല്‍ മിശ്രിതം നിറച്ച് ചെടി മാറ്റി നടാം. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് റീപ്പോട്ടിംഗിനു പറ്റിയ സമയം. അധികം വളരുന്ന കൊമ്പുകളും ശാഖകളും വെട്ടിയൊരുക്കി ഭംഗിയാക്കാനും ഇതാണു പറ്റിയ സമയം. മനസിനു സന്തോഷം തരുന്ന കുഞ്ഞന്‍ മരങ്ങള്‍ ഇനി നമുക്കും നിര്‍മിക്കാം.

ഡോ. പോള്‍ വാഴപ്പിള്ളി
ഫോണ്‍: 94473 05004.