പൊന്നുവിളയിക്കാന്‍ അധികം മണ്ണുവേണ്ട; വലക്കൂട്ട് കൃഷിയുമായി വര്‍ഗീസ്
പൊന്നുവിളയിക്കാന്‍ അധികം മണ്ണുവേണ്ട; വലക്കൂട്ട് കൃഷിയുമായി വര്‍ഗീസ്
മണ്ണില്‍ പൊന്നു വിളയിക്കുന്നവരാണു കര്‍ഷകര്‍. എന്നാല്‍ അതിന് ഏക്കര്‍കണക്കിന് മണ്ണ് വേണമെന്ന ധാരണ ഇവിടെ തെറ്റുകയാണ്. വയനാട് പുല്‍പ്പള്ളി ഷെഡ് സ്വദേശി ചെറുതോട്ടില്‍ വര്‍ഗീസാണ് സ്വന്തമായി വികസിപ്പിച്ച വലക്കൂട്ട് കൃഷിരീതിയിലൂടെ മികച്ച വിളവ് നേടുന്നത്.

വീട്ടിലേക്കുള്ള വഴിയില്‍ മതിലിന് പകരം വലക്കൂടുകളില്‍ ഇരുവശത്തും വിളഞ്ഞുനില്‍ക്കുന്ന കാരറ്റും മധുരക്കിഴങ്ങും. വീടിന്റെ തിണ്ണയില്‍ കുപ്പിയില്‍ മണ്ണും ജൈവ വളവും നിറച്ച് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ശൈലിയില്‍ അടുപ്പിച്ച് നട്ടിരിക്കുന്ന മല്ലിയില, പുതിന, വെളുത്തുള്ളി തുടങ്ങിയവ.

അഞ്ചടി ഉയരത്തില്‍ ഒരു മീറ്റര്‍ വീതിയില്‍ മുറിച്ചെടുക്കുന്ന കമ്പിവല വളച്ചാണ് കൂട് നിര്‍മിക്കുന്നത്. അതിനുശേഷം ഉള്ളില്‍ നെറ്റ് വിരിക്കും. 50 സെന്റീമീറ്റര്‍ വ്യാസമുള്ള വലക്കൂടിനുള്ളില്‍ കരിയില, ചാണകപ്പൊടി, പോട്ടി മിശ്രിതം, കോഴിവളം തുടങ്ങിയവ നിശ്ചിത അളവില്‍ നിറയ്ക്കും. പിന്നീട് ഇതിന്റെ നാല് വശങ്ങളിലുമായി 20 തുളകള്‍ ഇട്ട് വിത്ത് പാകും. വലക്കൂടിന്റെ മുകളിലും തൈകള്‍ നടും.

നനയ്ക്കുന്നതിനായി മണ്ണ് നിറക്കുന്നതിന് മുമ്പായി തുള്ളിനനയ്ക്കാവശ്യമായ സൗകര്യവും ചെയ്യണം. 750 ഓളം രൂപയാണ് ഇത്തരത്തില്‍ ഒരു വലക്കൂട് നിര്‍മിക്കുന്നതിനാവശ്യമായ ചെലവ്. തക്കാളി, വഴുതന, വെണ്ട, പച്ചമുളക് തുടങ്ങിയവയെല്ലാം ഇവിടെ വലക്കൂടിനുള്ളില്‍ കൃഷിചെയ്യുന്നുണ്ട്. 100 വലക്കൂടുകള്‍ ഇത്തരത്തില്‍ ക്രമീകരിക്കാനാണ് പദ്ധതി.

പൂര്‍ണമായും ജൈവ രീതിയില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ പോളി ഹൗസിനോട് ചേര്‍ന്ന് തന്നെ വില്‍ക്കാനാണ് പദ്ധതി. പുല്‍പ്പള്ളി പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ കൃഷി ഓഫീസറുടെ നിര്‍ദേശപ്രകാരം ഈ പദ്ധതി വികസനത്തിനായി വകയിരുത്തിയിട്ടുണ്ട്.


വീടിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം നിരപ്പാക്കി അവിടെ പോളി ഹൗസ് നിര്‍മിച്ച് കൃഷി കൂടുതല്‍ വിപുലമാക്കാനുള്ള ശ്രമത്തിലാണ് വര്‍ഗീസ്. പുല്‍പ്പള്ളി-ബത്തേരി റോഡ് സൈഡില്‍ 20 സെന്റ് സ്ഥലം ഇതിനായി ഒരുക്കിയിട്ടുണ്ട്. പോളി ഹൗസ് നിര്‍മാണവും ആരംഭിച്ചുകഴിഞ്ഞു.

നേരത്തെ പൈപ്പ് കൃഷിരീതി, റിംഗ് കൃഷി, നിലക്കപ്പ തുടങ്ങിയ കൃഷി രീതികള്‍ വര്‍ഗീസ് പരീക്ഷിച്ച് വിജയിച്ചിരുന്നു. വീടിനോട് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന മഴമറയില്‍ വാനില കൃഷിയാണ് ഇപ്പോള്‍ ചെയ്യുന്നത്. കാലാവസ്ഥ വില്ലനായപ്പോഴാണ് വാനില കര്‍ഷകര്‍ക്ക് അന്യമായതെന്ന് ഇദ്ദേഹം പറയുന്നു. ഇതിനായി ചൂടും തണുപ്പം ക്രമീകരിക്കാവുന്ന രീതിയിലാണ് മഴമറ നിര്‍മിച്ചിരിക്കുന്നത്.

താങ്ങുകാലുകള്‍ക്ക് പകരം പൈപ്പില്‍ ചകിരിക്കയര്‍ ചുറ്റി അതിനു മുകളില്‍ ചാണകവും ഗോമൂത്രവും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം തേച്ചുപിടിപ്പിക്കുന്നു. അട്ടക്കാല്‍ പിടിച്ചുകയറുന്നതിന് ഇത് ഏറെ സഹായകമാണ്. മഴമറയുടെ മുകളില്‍നിന്നും എത്തുന്ന വെള്ളം ശുചീകരിച്ച് കിണര്‍ റീചാര്‍ജ് ചെയ്യുന്നതിനായി ഉപയോഗിക്കുന്നു.

വീട്ടിലെ ആവശ്യം കഴിഞ്ഞ് പുറംതള്ളുന്ന വെള്ളം നീറ്റുകക്ക ഉപയോഗിച്ച് ശുദ്ധീകരിച്ച് കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. സ്ഥല പരിമിതിയുള്ളവര്‍ക്കു നിലകളായി കപ്പ നടാനുള്ള വിദ്യയും ഇദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ഒരു തണ്ടില്‍നിന്നും 20 കിലോയോളം കപ്പയും ഇദ്ദേഹം വിളവെടുത്തു. ഫോണ്‍-9744367439

അജിത് മാത്യു