അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
Tuesday, June 7, 2022 5:01 PM IST
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത്തെ വലിയ അളവ് ഉപകരണമായിരുന്ന പറ. ചെറിയ അളവിനു ചങ്ങഴിയും നാഴിയും. കാര്‍ഷിക മേഖലയിലാണ് ഇവ പ്രധാനമായും ഉപയോഗിച്ചിരുന്നത്.

ഐശ്വര്യത്തിന്റെ പ്രതീകം കൂടിയായിരുന്നു പറ. ഒരു പറയെങ്കിലും ഇല്ലാത്ത കാര്‍ഷിക കുടുംബങ്ങള്‍ തീരെക്കുറവായിരുന്നു. പറയോടൊപ്പം നാഴിയും, ചങ്ങഴിയും ഉണ്ടാകും. കതിര്‍ മണ്ഡപത്തില്‍ ഇപ്പോഴും നിറപറയിലാണു പൂക്കുല നാട്ടുന്നത്. സുപ്രധാന സന്ദര്‍ഭങ്ങളില്‍ നിറപറയുടെ സാന്നിധ്യം മലയാളികള്‍ ആഗ്രഹിച്ചിരുന്നു. ആരാധനാലയങ്ങള്‍ക്കു ധാന്യങ്ങള്‍ നല്‍കിയിരുന്നത് പറയില്‍ അളന്നാണ്. ക്ഷേത്രോത്സവങ്ങളോട് അനുബന്ധിച്ച് പറയെടുപ്പുകള്‍ ഇപ്പോഴുമുണ്ട്.

നെല്‍വയലുകളില്‍ മെതിച്ചുകൂട്ടുന്ന നെല്ല് അളന്ന് എടുത്തിരുന്നത് പറ ഉപയോഗിച്ചാണ്. തൊഴിലാളികള്‍ക്ക് ആദ്യം പന്ത്രണ്ടില്‍ ഒന്നും, പിന്നെ പത്തില്‍ ഒന്നും, അവസാനം ഏഴില്‍ ഒന്നും ആയിരുന്നു കൂലി. തൊഴിലാളികള്‍ നെല്ല് കൊയ്തു കറ്റയാക്കി കളത്തില്‍ കൊണ്ടുവന്നു മെതിച്ചു കൂട്ടിക്കഴിയുമ്പോള്‍ കൂലിയായി നല്‍കിയിരുന്നതും നെല്ലാണ്. അതിനു പതം എന്നാണു പറഞ്ഞിരുന്നത്. ഏഴില്‍ ഒന്ന് പതം എന്നു പറഞ്ഞാല്‍, തൊഴിലാളി മെതിച്ചുകൂട്ടിയ നെല്ലില്‍ ആദ്യം ഏഴ് പറ മുതലാളിക്ക്. പിന്നെ ഒരു പറ, ഒരു ചങ്ങഴി, ഒരു നാഴി നെല്ല് തൊഴിലാളിക്ക്.

പഴയ കാലത്ത് നെല്ല് അളന്ന് തിരിച്ചിരുന്നത് 'അഗ്രശാല പറ' എന്ന പറ കൊണ്ടായിരുന്നു. അതില്‍ പത്ത് ഇടങ്ങഴി (ചങ്ങഴി) കൊള്ളുമായിരുന്നു. ഔദ്യോഗിക അളവ് ഉപകരണമായി 'അഗ്രശാല പറ' കളം വാണിരുന്ന കാലത്ത് അമ്പലപ്പുഴ ചെമ്പകശേരി രാജാവിന്റെ ഉറ്റമിത്രവും ആശ്രിത നുമായിരുന്ന ചമ്പക്കുളം കല്ലൂര്‍ക്കാട് ഇടവകയിലെ കാണികാടന്‍ ചെമ്പു തകിടില്‍ ഒരു പറ പണിയിച്ച് കാഴ്ച വച്ചു. പത്തിടങ്ങഴി കൊള്ളുന്ന അഗ്രശാല പറക്ക് ബദലായി എട്ടിട ങ്ങഴി അളവുള്ള 'കല്ലൂര്‍ക്കാടന്‍' പറയാണ് കാഴ്ചയായി നല്‍കിയത്.

ഇതില്‍ സംപ്രീതനായ രാജാവ് കല്ലൂര്‍ക്കാടന്‍ പറ രാജ്യത്തെ ഔദ്യോ ഗിക ധാന്യ അളവ് പാത്രമായി പ്രഖ്യാ പിച്ചു. രാജ പ്രീതിക്കും, തന്റെ പെരുമക്കും വേണ്ടി മൂന്നു നൂറ്റാണ്ടു മുമ്പാണ് കാണിക്കാടന്‍ ചെമ്പു പറ രാജാവിന് സമ്മാനിച്ചത്. ഈ കല്ലൂര്‍ ക്കാടന്‍ പറ തിരുവനന്തപുരത്തെ പുരാവസ്തു മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.



ഒരു പറ വിത്ത് ഇടാന്‍ കഴിയുന്ന സ്ഥലത്തിന്റെ അളവാണ് ഒരു പറ കണ്ടം. സാധാരണ നിലയില്‍ അത് പത്ത് സെന്റാണ്. കൃഷി കഴിഞ്ഞ് വിളവ് കണക്കാക്കിയിരുന്നതും പറക്ക ണക്കില്‍ ആയിരുന്നു. ഇന്ന് ഒരു ഹെക്ട റില്‍ ഇത്ര ക്വിന്റല്‍ നെല്ല് കിട്ടി എന്നു പറയുന്നതുപോലെ, പണ്ട് ഒരു പറകണ്ടത്തില്‍ നിന്ന് ഇത്ര പറ നെല്ല് കിട്ടി എന്നാണു പറഞ്ഞിരുന്നത്. പത്താ യത്തില്‍ സൂക്ഷിച്ചിരുന്ന നെല്ലില്‍ നിന്ന് വിതയ്ക്കാനായി കല്ലൂര്‍ക്കാടന്‍പറക്ക് ഒരു നിറപറ അളന്ന് എടുത്തിട്ടേ ബാക്കി അളക്കുമായിരുന്നുള്ളൂ.

അതുപോലെ പത്തായത്തില്‍ നെല്ല് ഇടുമ്പോഴും ആദ്യം ഒരു നിറപറ എടുത്തിട്ടേ ബാക്കി നിക്ഷേപിക്കുമായിരുന്നുള്ളൂ. ചില ഇടങ്ങളില്‍ സൗക ര്യത്തെ കരുതി വലിയപറകളും ഉപ യോഗിച്ചിരുന്നു. അവയില്‍ ചിലതില്‍ രണ്ടും, രണ്ടര ഇരട്ടിയും വരെ കൊള്ളുമായിരുന്നു. കായല്‍ നിലങ്ങ ളിലെ മുതലാളിമാരും, കൂടുതല്‍ കൃഷിയുള്ള ജന്മിമാരും കൂടുതല്‍ വേഗ ത്തില്‍ ജോലി തീര്‍ക്കുന്നതിനുള്ള സൗകര്യത്തെ കരുതി ഇങ്ങനെ ഉള്ള പറകളാണ് ഉപയോഗിച്ചിരുന്നത്.

കളത്തില്‍ ആദ്യം അളക്കുന്നത് മൂപ്പന്‍ ആയിരിക്കണം എന്നത് നിര്‍ബ ന്ധമുള്ള കാര്യമായിരുന്നു. രാശിയുള്ള മൂപ്പനും രാശിയുള്ള പറയും പല കള ങ്ങളിലും ഉണ്ടായിരുന്നു. പറ ഉപയോ ഗിച്ച് നെല്ല് അളക്കുന്ന കളങ്ങളില്‍ നിന്നും ഒരു പ്രത്യേകതരം ഈണ ത്തില്‍ മൂപ്പന്‍മാരുടെ എണ്ണല്‍ ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. ഒന്നേ... ഒന്നേ..... ഒന്നേ രണ്ടേ.....രണ്ടേ.. രണ്ടേ മുന്നേ..... മൂന്നേ.... അങ്ങനെയിരുന്നു അത്.

നെല്പാടങ്ങളിലെ കൊയ്ത്ത് പാട്ടും കൊയ്ത്തും ഒരു പഴങ്കഥയായി മാറിയ പ്പോള്‍ ഐശ്വര്യത്തിന്റെ പ്രതികമാ യിരുന്ന പറയ്ക്ക് അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. നഷ്ടപ്രതാപത്തിന്റെ ഓര്‍ മകളുമായി ഇപ്പോഴും പല തറവാടു കളിലേയും കാഴ്ച മുറികളില്‍ പറകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ആന്‍റണി ആറില്‍ചിറ
ചമ്പക്കുളം