ആറുമാനൂരിലുണ്ട് ജോസ് സാർ വക നല്ല നാടൻ ശർക്കര
Monday, August 5, 2024 12:59 PM IST
മൂന്നര പതിറ്റാണ്ടു മുന്പു നാട്ടിൽ നിന്നു കൈവിട്ടുപോയ കരിന്പ് കൃഷിയും ഉണ്ടശർക്കര നിർമാണവും തിരികെ എത്തിച്ച ഒരു റിട്ട. അധ്യാപകനുണ്ട് കോട്ടയം ആറുമാനൂരിൽ. ആറുമാനൂർ കുഞ്ചറക്കാട്ടിൽ ജോസ് കെ. ഏബ്രാഹം ഒന്പതു വർഷമായി കരിന്പ് കൃഷിയിലും നാടൻ ശർക്കര നിർമാണത്തിലും സജീവമാണ്.
കോട്ടയം ജില്ലയിലെ കിടങ്ങൂർ-അയർക്കുന്നം റൂട്ടിൽ കല്ലിട്ടുനടയിലാണ് ശർക്കര നിർമാണം. അവിടത്തെ ആലപ്പുരയിൽ (കരിന്പ് ശർക്കരയാക്കുന്ന സ്ഥലം) സദാ എരിയുന്ന അടുപ്പിൽ കരിന്പ് നീര് തിളപ്പിച്ചു പാനിയാക്കി, ശർക്കരയുണ്ടാക്കുന്ന ഒരു പറ്റം തൊഴിലാളികളെ എപ്പോഴും കാണാം.
ഇവിടെ വിവിധ തരത്തിലും വലിപ്പത്തിലും ഉത്പാദിപ്പിക്കുന്ന ഉണ്ട ശർക്കര വില്ക്കുകയും ചെയ്യുന്നുണ്ട്. വിളഞ്ഞു പാകമായ കരിന്പിൻ തണ്ടുകൾ വെട്ടിയെടുത്ത് ചക്കിലാട്ടി നീര് എടുക്കുന്നതാണ് ആദ്യപടി.
ഈ നീര് വലിയ ചെന്പിൽ ഒഴിച്ച് അടുപ്പിൽ വച്ചു തിളപ്പിച്ചു വറ്റിച്ചെടുക്കും. നന്നായി കുറുക്കിയെടുത്ത നീര് തടിയിൽ നിർമിച്ച മരവിയിൽ ഒഴിച്ച് ഇളക്കും. പിന്നീട് ചെറുചൂടോടെ വിവിധ വലുപ്പത്തിൽ ഉണ്ടയായി ഉരുട്ടിയെടുക്കും.
ഏലയ്ക്കയും, ചുക്കും, ജീരകവും ചേർത്തു കൂടുതൽ രുചികരമായ രീതിയിലും ഇവിടെ ശർക്കര നിർമിക്കുന്നുണ്ട്. പാരന്പരാഗത രീതിയിൽ ഉണങ്ങിയ കരിന്പിൻചണ്ടിയും, വിറകുമാണ് അടുപ്പ് കത്തിക്കാൻ ഉപയോഗിക്കുന്നത്.
അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്ന ജോസ് സാർ വിരമിച്ചശേഷമാണ് ഉണ്ട ശർക്കര നിർമിക്കാൻ ആരംഭിച്ചത്. വർഷങ്ങൾക്കു മുന്പ് അദ്ദേഹത്തിന്റെ കുടുംബക്കാർ നല്ല കരിന്പ് കൃഷിക്കാരും ശർക്കര ഉത്പാദകരുമായിരുന്നു.
തിരുവല്ലയിലെ കരിന്പ് ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് അത്യുത്പാദന ശേഷിയുള്ള കരിന്പ് വാങ്ങി നട്ടത്. മൂന്ന് ഏക്കറിൽ തുടങ്ങിയ കൃഷി പിന്നീട് കൂടുതൽ സ്ഥലത്തേക്കു വ്യാപിപ്പിച്ചു. കൃഷിയോടൊപ്പം തന്നെ ശർക്കര നിർമാണ യൂണിറ്റും തുടങ്ങി. ആത്മാർഥതയുള്ള ഒരു പറ്റം തൊഴിലാളികളെക്കൂടി കിട്ടിയതോടെ പദ്ധതി വിജയമായി.
ചന്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു വിരമിച്ച റോസമ്മ ടീച്ചറാണ് ഭാര്യ. മക്കളായ നെവിൽ, ബാസ്റ്റിൻ എന്നിവരും ജോസ് സാറിനൊപ്പം ഈ മധുര പ്രസ്ഥാനത്തിൽ സജീവമാണ്.
ഫോണ്: 9447660614