പ്രകൃതിദത്ത ഉത്പന്നങ്ങളുമായി ലോകം കീഴടക്കാൻ ദാ... ഒരു കടനാട്ടുകാരൻ
Friday, October 11, 2024 3:18 PM IST
ഉമിക്കിരി മുതൽ കസ്തൂരി മഞ്ഞൾവരെ, റോസ് വാട്ടർ മുതൽ കുങ്കുമാദി തൈലം വരെ. ഇതിനു പുറമേ വിവിധ സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, എണ്ണകൾ, തേൻ തുടങ്ങി നൂറിലധികം ഉത്പന്നങ്ങൾ ലോകത്തിലെ 120 രാജ്യങ്ങളിൽ ഇ-കൊമേഴ്സ് ഓണ്‍ലൈൻ വ്യാപാര ശൃംഖലയിലൂടെ എത്തിക്കുകയാണു മാത്യു ജോസഫ് എന്ന യുവസംരംഭകൻ.
കോട്ടയം ജില്ലയിൽ പാലായ്ക്കു സമീപം കടനാട് എന്ന കൊച്ചു ഗ്രാമത്തിൽ പാലംപറന്പിൽ ജോമോൻ എന്ന മാത്യു ജോസഫ് തുടക്കമിട്ട സംരഭം ഇന്ന് ലോകത്തിലെ നന്പർ വണ്‍ പ്രകൃതി ദത്ത ബ്രാൻഡഡ് ഉത്പന്നങ്ങളാണ്.
കേരള നാച്ചുറൽസ്, കാനൻ നാച്ചുറൽസ്, പ്രീതീസ് ബ്യൂട്ടിക് എന്നീ മൂന്നു ബ്രാൻഡുകളിലാണു പ്രകൃതി ദത്ത ഉത്പന്നങ്ങൾ അദ്ദേഹം ലോക വിപണിയിലെത്തിച്ചിരിക്കുന്നത്.
കേരളത്തിലെ വിവിധ കാർഷിക ഗ്രാമങ്ങളിൽ നിന്നു ശേഖരിക്കുന്ന ഉത്പന്നങ്ങളും ഗോത്രവർഗക്കാർ, ആദിവാസികൾ എന്നിവരിൽ നിന്നു ശേഖരിക്കുന്ന ഉത്പന്നങ്ങൾ സംസ്കരിച്ചു കെമിക്കലുകളൊന്നും ചേർക്കാതെ, ഉത്പന്നത്തിന്റെ തനിമ തെല്ലും നഷ്ടപ്പെടാതെയാണ് ഉപഭോക്താക്കളിലെത്തിക്കുന്നത്.
ജാതിപത്രി, കുടംപുളി, കുരുമുളക്, ഗ്രാന്പു, തിപ്പലി, ഏലയ്ക്ക, കറുവപ്പട്ട, ചുക്ക്, തക്കോലം തുടങ്ങിയവ കർഷകരിൽ നിന്നു ശേഖരിച്ചു കാലടിയിലുള്ള ഫാക്ടറിയിലെത്തിച്ചു പായ്ക്കു ചെയ്ത് അയയ്ക്കുന്നതാണ് രീതി. കർഷകരിൽ നിന്നു തേങ്ങ സംഭരിച്ച് പൊട്ടിച്ച് ഉണക്കി കൊപ്രയാക്കിയാണ് ശുദ്ധമായ വെളിച്ചെണ്ണ തയാറാക്കുന്നത്.
സൾഫർ അംശം ഇല്ലാത്ത മാത്യുവിന്റെ കേരള നാച്ചുറൽ വെളിച്ചെണ്ണയ്ക്ക് ഡിമാൻഡ് ഏറെയാണ്. ആവണക്ക് എണ്ണ, കരിംജീരകം എണ്ണ, വേപ്പെണ്ണ തുടങ്ങിയവയും കേരള നാച്ചുറൽ ബ്രാൻഡിൽ വിപണിയിലുണ്ട്.

മലയോരങ്ങളിലും വനാതിർത്തികളിലും താമസിക്കുന്ന കർഷകരിൽ നിന്നാണ് തേൻ ശേഖരിക്കുന്നത്. ചെറുതേൻ, വൻതേൻ എന്നിവയ്ക്കു പുറമേ കാട്ടിനുള്ളിൽ പോയി ശേഖരിക്കുന്ന കാട്ടുതേനും കേരള നാച്ചുറൽസ് വിപണിയിലെത്തിച്ചിട്ടുണ്ട്.
കേരള നാച്ചുറൽസിന്റെ ഇന്തുപ്പ് ലോക മാർക്കറ്റിൽ ഏറ്റവും ഡിമാൻഡുള്ള ഉത്പന്നമാണ്. ഇരട്ടിമധുരം, രക്തചന്ദനം, രാമച്ചം, മൈലാഞ്ചി, നീലയമരി തുടങ്ങി ആരോഗ്യ സൗന്ദര്യ വർധക ഉത്പന്നങ്ങളുമുണ്ട്.
രാമച്ചത്തിന്റെയും ഇഞ്ചയുടെയും ബാത്ത് സ്കർബർ ലോക മാർക്കറ്റിൽ നന്നായി വിറ്റഴിയുന്ന ഉത്പന്നമാണ്. കേരള നാച്ചുറൽസ്, കാനൻ നാച്ചുറൽസ് ബ്രാൻഡിലായി 40 ഇനം ആരോഗ്യ, സൗന്ദര്യവർധക ഉത്പന്നങ്ങൾ വിപണിയിലുണ്ട്.
ചക്കയും കപ്പയുമാണ് ഭക്ഷ്യഉത്പന്നങ്ങളിൽ പ്രധാനം. ചക്കപൊടി, ചക്ക ഉണക്കിയത്, ചക്കക്കുരുപൊടി, വാട്ടുകപ്പ തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറെയാണ്. മാത്യു ജോസഫിന്റെ കടനാട്ടിലെ വീടിനോടു ചേർന്നാണ് ഓഫീസ് പ്രവർത്തിക്കുന്നത്.
ഭാര്യ പ്രീതിയുടെ നേതൃത്വത്തിൽ തദ്ദേശീയരായ എട്ടുവനിതകൾ ഇവിടെ ജോലി ചെയ്യുന്നു. www. keralanaturals.com എന്ന കേരള നാച്ചുറൽസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഓർഡറുകൾ ലഭിക്കുന്നത്.
ആമസോണ്‍, ഫ്ളിപ് കാർട്ട് തുടങ്ങിയ ഓണ്‍ലൈൻ വ്യാപാര സൈറ്റുകളിലും ഉത്പന്നങ്ങൾ ലഭ്യമാണ്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ പ്രമുഖ ഔട്ട്ലറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും കേരള നാച്ചുറൽ ഉത്പന്നങ്ങൾ കിട്ടും.
2012ൽ ചെറിയ സംരഭമായി തുടങ്ങിയ കേരള നാച്ചുറൽസിന് ഇതിനോടകം ദേശീയ, അന്തർദേശീയ അംഗീകാരങ്ങളും ഗുണമേന്മയ്ക്കുള്ള സർട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട്.
പ്രകൃതി ദത്ത ഉത്പന്നങ്ങൾക്കൊപ്പം നിലവിളക്ക്, ആറന്മുള കണ്ണാടി ഉൾപ്പെടെയുള്ള ഹാൻഡിക്രാപ്റ്റ് ഉത്പന്നങ്ങളും നിർമിച്ചു നൽകുന്നു. ഇതിനു വിപണിയിൽ ആവശ്യക്കാരേറെയാണ്.
ആളുകൾ ആവശ്യപ്പെടുന്ന കൂടുതൽ പ്രകൃതി ദത്തമായ ആരോഗ്യ സൗന്ദര്യവർധക ഉത്പന്നങ്ങളും ഭക്ഷ്യ ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണു മാത്യു ജോസഫ്.
ഒപ്പം ഓർഡർ ചെയ്തു കഴിഞ്ഞാൽ അതിവേഗം സാധനങ്ങൾ ആവശ്യക്കാരുടെ കൈകളിലെത്തിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താനും അദ്ദേഹം ശ്രമിക്കുന്നു.
ഫോണ്‍: 8547886255.