അമിതവണ്ണത്തെ അറിയാം
അമിതവണ്ണത്തെ അറിയാം
Saturday, December 8, 2018 3:38 PM IST
അമിതവണ്ണം മൂലം വിഷമിക്കുന്നവരാണ് മലയാളികളില്‍ ഏറെപ്പേരും. ജങ്ക് ഫുഡിന്റെ ഉപയോഗവും വ്യായാമക്കുറവുമൊക്കെ അമിതവണ്ണത്തിലേക്ക് നയിക്കും. അമിതവണ്ണത്തെക്കുറിച്ച് അറിയാം...

എന്താണ് അമിതവണ്ണം?

ശരീരത്തില്‍ ഉയര്‍ന്ന തോതില്‍ കൊഴുപ്പടിഞ്ഞുകൂടി അമിതവണ്ണം ഉണ്ടാകുന്ന അവസ്ഥയാണ് പൊണ്ണത്തടി. പ്രധാനമായും രണ്ടു തരത്തിലുള്ള പൊണ്ണത്തടിയാണുള്ളത്. വയറിനു ചുറ്റുമായി കൊഴുപ്പടിഞ്ഞു കൂടി ആപ്പിള്‍ പോലെ തടിച്ചു വീര്‍ക്കുന്ന അവസ്ഥയാണ് ആപ്പിള്‍ ഒബിസിറ്റി. ഇങ്ങനെ ഉള്ളവര്‍ക്ക് പ്രമേഹത്തിനും ഹൃദ്രോഗത്തിനുമുള്ള സാധ്യത കൂടുതലാണ്. നിതംബഭാഗത്തും തുടകളിലുമൊക്കെ കൊഴുപ്പേറെ അടിഞ്ഞുകൂടുന്ന അവസ്ഥയാണ് പീര്‍ ഒബിസിറ്റി.

ബിഎംഐ അഥവാ ബോഡി മാസ് ഇന്‍ഡക്‌സ് 23മുതല്‍ 27.5 വരെ ആകുന്നതിനെയാണ് അമിതവണ്ണം എന്നു പറയുന്നത്. ബിഎംഐ 27.5 നു മുകളില്‍ ആയാല്‍ അതിനെ പൊണ്ണത്തടി എന്നു പറയുന്നു.

ഇതു ശ്രദ്ധിക്കാം

* 40 ശതമാനത്തിനു മുകളില്‍ കേരളീയരില്‍ അമിതവണ്ണം കണ്ടുവരുന്നു.
* വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണക്രമവുമാണ് അമിതവണ്ണത്തിനു കാരണം.
* അമിതവണ്ണം മൂലം ശരീരത്തില്‍ രക്തസമ്മര്‍ദ്ദം ഉയരുന്നു. പ്രമേഹം ഉണ്ടാകുന്നു. സന്ധിവാതം, ഹൃദയാഘാതം, വന്‍കുടല്‍ അര്‍ബുദം, കരള്‍ രോഗങ്ങള്‍, വന്ധ്യത, അണ്ഡാശയത്തില്‍ സിസ്റ്റ് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നു.

* അമിതവണ്ണം കുറയ്ക്കാന്‍ ഉറച്ച തീരുമാനം എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
* ചിട്ടയായ ഭക്ഷണരീതി, ദിവസേനയുള്ള വ്യായാമം എന്നിവയിലൂടെ അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ കഴിയും.

ബിഎംഐ ചാര്‍ട്ട്

ഒരു വ്യക്തിയുടെ ശരീരഭാരത്തെ (കി.ഗ്രാം) അയാളുടെ ഉയരത്തിന്റെ വര്‍ഗംകൊണ്ട് (മീറ്റര്‍) ഹരിക്കുമ്പോള്‍ കിട്ടുന്ന മൂല്യമാണ് ബിഎംഐ. ഒരാളുടെ ബിഎംഐ 24.9 വരെയാണെങ്കില്‍ സാധാരണ ഭാരവും 25 നും 29.9 നും ഇടയിലാണെങ്കില്‍ അമിതഭാരവുമായി കണക്കാക്കപ്പെടുന്നു. ബിഎംഐ 30 നു മുകളിലാണെങ്കില്‍ പൊണ്ണത്തടിയുള്ള വ്യക്തിയായി കണക്കാക്കാം. നാല്‍പതിനു മുകളിലാണെങ്കില്‍ രോഗങ്ങള്‍ക്കു കാരണമാകാവുന്ന അമിതവണ്ണമുള്ളവരുടെ ഗണമായ മോര്‍ബിഡ് ഒബീസിറ്റിയില്‍ ചേര്‍ക്കാം.

ഭാരക്കുറവ് <18.5
നോര്‍മല്‍ 18.524.9
ഭാരക്കൂടുതല്‍ 2529.9
അമിതവണ്ണം > 30

ഡോ. ജെഫി ജോര്‍ജ്
കണ്‍സള്‍ട്ടന്റ്, മെഡിക്കല്‍ ഗാസ്‌ട്രോഎന്ററോളജിസ്റ്റ്
ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം