ഈസ്റ്റര്‍ രുചി
Saturday, April 20, 2019 4:20 PM IST
ഈസ്റ്റര്‍ വിരുന്നൊരുക്കാന്‍ പഴമയുടെ രുചി തന്നെയാണ് ഏവര്‍ക്കും പ്രിയം. മധ്യ തിരുവിതാംകൂറിലെ ക്രൈസ്തവ അടുക്കളകളില്‍ ഒരുക്കുന്ന രുചിയും മണവും നിറയുന്ന വിഭവങ്ങളാണ് ഇത്തവണ ഈസ്റ്റര്‍ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്...
കള്ളപ്പം
ചേരുവകള്‍
അരിപ്പൊടി -മൂന്ന് കപ്പ്
യീസ്റ്റ് -അര ടീസ്പൂണ്‍
അല്ലെങ്കില്‍ കള്ള് -മുക്കാല്‍ കപ്പ്
ചിരകിയ തേങ്ങ -ഒന്ന്
ഉപ്പ് -ആവശ്യത്തിന്
പഞ്ചസാര -ഒരു ടേബിള്‍ സ്പൂണ്‍
ജീരകം -അര ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ഒരുപിടി തരിഅരിപ്പൊടി കുറച്ചു വെള്ളംചേര്‍ത്തു കുറുക്ക് (കപ്പി) കാച്ചി മാറ്റിവയ്ക്കുക. ഈ കുറുക്ക് കാച്ചിയതിലേക്ക് ജീരകവും ഒരു തേങ്ങ ചിരകിയതും ചേര്‍ത്ത് അരയ്ക്കണം. ഈ കൂട്ടിലേക്ക് ആവശ്യത്തിന് ഉപ്പും (പഞ്ചസാര വേണമെങ്കില്‍) അല്പം ചേര്‍ക്കുക. യീസ്റ്റും ചേര്‍ക്കണം.(കളളാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് ചേര്‍ക്കാം). എല്ലാംകൂടി യോജിപ്പിച്ചശേഷം പൊങ്ങാന്‍ വയ്ക്കുക. പൊങ്ങിയശേഷം പാനിലൊഴിച്ച് അധികം പരത്താതെ ചുെട്ടടുക്കാം. (യീസ്റ്റിനുപകരം കള്ളാണെങ്കില്‍ കള്ളപ്പം കൂടുതല്‍ രുചികരമായിരിക്കും.)
ബീഫ് പിരളന്‍
ചേരുവകള്‍
ബീഫ് -അര കിലോ
ഇഞ്ചി -രണ്ടു കഷണം
സവാള -രണ്ടെണ്ണം
പച്ചമുളക് (നെടുകെ കീറിയത്) -നാല് എണ്ണം
ഗരംമസാലപ്പൊടി -ഒരു ടീസ്പൂണ്‍
തക്കാളി - ഒരെണ്ണം
മുളകുപൊടി - ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി - അര ടീസ്പൂണ്‍
വെളുത്തുള്ളി -പത്ത് അല്ലി
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
വെള്ളം -ഒരു കപ്പ്
ഉപ്പ് -ആവശ്യത്തിന്
മല്ലിയില -ഒരു കതിര്‍പ്പ്
തയാറാക്കുന്ന വിധം
ഇറച്ചി ഉപ്പ്, ഇഞ്ചി, പച്ചമുളക്, മഞ്ഞള്‍പൊടി, വെള്ളം എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. പാനില്‍ എണ്ണയൊഴിച്ച് സവാള, കുരുമുളകുപൊടി, തക്കാളി, വെളുത്തുള്ളി ചതച്ചത് എന്നിവചേര്‍ത്ത് വഴറ്റണം. ഒരുവിധം വഴന്നുകഴിയുമ്പോള്‍ ഒരു ടീസ്പൂണ്‍ മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി എന്നിവയും മല്ലിയില ഒരെണ്ണവും ചേര്‍ത്തു വഴറ്റി ഇറച്ചി അതിലേക്കിട്ട് വറ്റിച്ച് പിരളനാക്കിയെടുക്കുക.

പാലപ്പം
ചേരുവകള്‍
പച്ചരി -4 കപ്പ്
വെളുത്ത അവല്‍ -രണ്ട് കപ്പ്
യീസ്റ്റ് -അര ടീസ്പൂണ്‍
പഞ്ചസാര-രണ്ടു ടീസ്പൂണ്‍
തേങ്ങ -ഒരെണ്ണം
മുവെള്ള -ഒരെണ്ണം
ഉപ്പ് -അല്‍പം
തയാറാക്കുന്ന വിധം
പച്ചരിയും വെളുത്ത അവലും 78 മണിക്കൂര്‍ കുതിര്‍ക്കുക. അതിനുശേഷം പച്ചരിയും അവലുംകൂടി ആവശ്യത്തിനു വെള്ളംചേര്‍ത്ത് നന്നായി അരയ്ക്കണം. ഇതില്‍ യീസ്റ്റും പഞ്ചസാരയും മുട്ടയുടെ വെള്ളയും ചേര്‍ത്ത് അരയ്ക്കുക. ഈ കൂട്ടിലേക്ക് തേങ്ങയുടെ ഒന്നാംപാല്‍, അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് പൊങ്ങാന്‍ വയ്ക്കണം. പൊങ്ങിയശേഷം പാലപ്പപാനില്‍ ഓരോ തവിവീതം കോരിയൊഴിച്ച് ചുറ്റിച്ച് പാലപ്പമുണ്ടാക്കാം.
മട്ടണ്‍ സ്റ്റ്യൂ
ചേരുവകള്‍
മട്ടണ്‍ -അര കിലോ
സവാള(വലുത്) -ഒരെണ്ണം
പച്ചമുളക് -നാലെണ്ണം
ഉരുളക്കിഴങ്ങ് -150 ഗ്രാം
കാരറ്റ് -150 ഗ്രാം
ഒന്നാംപാല്‍-ഒരു തേങ്ങയുടേത്
രണ്ടാംപാല്‍ -ഒരു തേങ്ങയുടേത്
മൂന്നാംപാല്‍ -ഒരു തേങ്ങയുടേത്
ഏലയ്ക്കാ -10 എണ്ണം
കുരുമുളക് -10 എണ്ണം
കറുവാപ്പ -3 കഷണം
കരയാമ്പൂ -8 എണ്ണം
നെയ്യ് -4 ടേബിള്‍ സ്പൂണ്‍
കിസ്മിസ് -150 ഗ്രാം
കശുവണ്ടിപ്പരിപ്പ് -150 ഗ്രാം
ഉപ്പ് -ആവശ്യത്തിന്
ഇഞ്ചി(കഷണങ്ങളാക്കിയത്)-രണ്ട്
വേപ്പില -രണ്ടു തണ്ട്
തയാറാക്കുന്ന വിധം
കുക്കറില്‍ മണ്‍ ആവശ്യത്തിന് ഉപ്പ്, ഇഞ്ചി ചതച്ചത്, സവാള, പച്ചമുളക് നെടുകെ കീറിയത്, കറിവേപ്പില, തേങ്ങയുടെ മൂന്നാംപാല്‍ എന്നിവ ചേര്‍ത്ത് മുക്കാല്‍ വേവില്‍ വേവിക്കുക. അതിലേക്ക് ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ ചെറുതായി അരിഞ്ഞത്, കറുവാപ്പ, കരയാമ്പൂ, കുരുമുളക്, ഏലയ്ക്ക എന്നിവ ചേര്‍ത്ത് രണ്ടാംപാലില്‍ വേവിക്കണം. (ആവശ്യമുണ്ടെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം). ഇത് രണ്ടു വിസില്‍ വരുംവരെ വേവിക്കുക. അതിനുശേഷം അണ്ടിപ്പരിപ്പ് അഞ്ച് എണ്ണം അരച്ച് ഒന്നാംപാലില്‍ കലക്കി ഈ കൂട്ടിലേക്ക് ചേര്‍ത്ത് പതുക്കെ ഇളക്കി ചൂടാക്കണം. തിളച്ചതിനുശേഷം തീ ഓഫ്‌ചെയ്ത് കിസ്മിസും അണ്ടിപ്പരിപ്പും നെയ്യില്‍ വറുത്തുചേര്‍ക്കുക. മണ്‍ സ്റ്റ്യൂ റെഡി.
വട്ടയപ്പം
ചേരുവകള്‍
നേരിയ അരിപ്പൊടി - മൂന്നു കപ്പ്
തേങ്ങ ചിരകിയത് -രണ്ടു കപ്പ്
അരിപ്പൊടി കുറുക്കിയത് -ഒരു ടേബിള്‍ സ്പൂണ്‍
മുട്ടവെള്ള -ഒന്ന്
പഞ്ചസാര -10 ടേബിള്‍ സ്പൂണ്‍ (ആവശ്യമെങ്കില്‍ കൂടുതല്‍ ചേര്‍ക്കാം)
യീസ്റ്റ് -അര ടീസ്പൂണ്‍
ഏലക്ക -നാല് എണ്ണം
ഉപ്പ് -അല്‍പം
തയാറാക്കുന്ന വിധം
തേങ്ങ നന്നായി അരയ്ക്കുക. മൂന്ന് ടേബിള്‍ സ്പൂണ്‍ നേരിയ ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാര, അര ടീസ്പൂണ്‍ യീസ്റ്റ് എന്നിവ ചേര്‍ത്ത് പൊങ്ങാന്‍ വയ്ക്കണം. തേങ്ങ അരച്ചതിലേക്ക് നേരിയ അരിപ്പൊടിയും അരിപ്പൊടി കുറുക്കിയതും പൊങ്ങിയ യീസ്റ്റും ആവശ്യത്തിന് പഞ്ചസാരയും ഉപ്പും വെള്ളവും ചേര്‍ത്ത് അടിക്കുക. ഈ കൂട്ടിലേക്ക് ഏലക്ക പൊടിച്ചത് ചേര്‍ത്ത് പൊങ്ങാന്‍ വയ്ക്കണം. പൊങ്ങിയശേഷം അപ്പച്ചെമ്പുപാത്രത്തില്‍ നെയ്യ് പുരി കോരിയൊഴിച്ച് ആവിയില്‍ വേവിച്ചെടുക്കുക.
പൈനാപ്പിള്‍ പുഡിംഗ്
ചേരുവകള്‍
ജലാറ്റിന്‍ -നാല് വലിയ സ്പൂണ്‍
വെള്ളം -രണ്ട് വലിയ സ്പൂണ്‍
മു -നാലെണ്ണം
പഞ്ചസാര -അര കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് -ഒരു ടിന്‍
പാല്‍ -രണ്ടേകാല്‍ കപ്പ്
പൈനാപ്പിള്‍ എസന്‍സ് -ഒരു ചെറിയ സ്പൂണ്‍
ക്രീം അടിച്ചത് -രണ്ട് കപ്പ്
പൈനാപ്പിള്‍ പൊടിയായി അരിഞ്ഞ് വേവിച്ചൂറ്റിയത് -2 കപ്പ്
കശുവണ്ടിപ്പരിപ്പ് - കാരമലൈസ് ചെയ്തത് ഭംഗിക്ക്
തയാറാക്കുന്ന വിധം
ജെലാറ്റിന്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം ആ ബൗള്‍ തിളയ്ക്കുന്ന വെള്ളത്തിനു മുകളില്‍വച്ച് ഉരുക്കിയെടുക്കണം. ഒരു പാനില്‍ മുട്ടയും പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിക്കുക. ഇതിലേക്ക് പാലും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് ബൗള്‍ തിളയ്ക്കുന്ന വെള്ളത്തില്‍ ഇറക്കിവച്ച് തുടര്‍ച്ചയായി ഇളക്കി കസ്റ്റാര്‍ഡ് തയ്യാറാക്കണം.
ഈ കസ്റ്റാര്‍ഡിലേക്ക് ജലാറ്റിന്‍ ഉരുക്കിയതും ക്രീമും എസന്‍സും പൈനാപ്പിള്‍ പൊടിയായി അരിഞ്ഞതും ചേര്‍ത്ത് ഇളക്കി പരന്ന ബൗളില്‍ ഒഴിച്ച് ഫ്രിഡ്ജില്‍വച്ച് സെറ്റുചെയ്യുക.
ഏകദേശം 20- 30 മിനിറ്റ് കഴിയുമ്പോള്‍ പുറത്തെടുത്ത് കാരമലൈസ്ഡ് ചെയ്ത് നട്‌സ് വിതറി വീണ്ടും തിരികെ ഫ്രിഡ്ജില്‍വച്ച് സെറ്റുചെയ്ത് എടുക്കണം. പൈനാപ്പിള്‍ പുഡിംഗ് റെഡി.

റീനാ ടോണി
കരിപ്പാപ്പറമ്പില്‍, എറണാകുളം