പഠിക്കൂ ആയോധനകല; കീഴടക്കൂ ലോകത്തെ
Wednesday, June 19, 2019 3:58 PM IST
അടവുകളില്‍ ആദ്യഗുരു അമ്മയായിരുന്നു. വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ അമ്മയുടെ അപ്രതീക്ഷിത കിക്ക് ഉണ്ടാകും. ചിലപ്പോള്‍ തലയ്ക്കു നേരെ, ചിലപ്പോള്‍ കാലുകള്‍ക്കോ കൈകള്‍ക്കോ നേരെ... തമാശക്കായിരുന്നെങ്കിലും ആദ്യമൊക്കെ ചെറുതായി വേദനിച്ചു, പിന്നീട് അവയെ തടയാന്‍ ശീലിച്ചു. ആയോധന കലകളിലെ ആദ്യ പാഠം അവിടെ തുടങ്ങുന്നു' ഹോളിവുഡ് അഭിനേത്രിയും കരാട്ടെ ഗ്രാന്‍ഡ് മാസ്റ്ററുമായ സിന്ത്യ ആന്‍ ക്രിസ്റ്റീന്‍ റോത്ത് റോക്കെന്ന സിന്ത്യ റോക്കിന് അടിതടകളെക്കുറിച്ചു പറയാന്‍ നൂറുനാവാണ്. പതിനെടവും പയറ്റി തെളിഞ്ഞ്, ബഹുമതികളേറെ സ്വന്തമാക്കിയ ഈ 62കാരി കരാട്ടെ രാജ്ഞി മാര്‍ഷല്‍ ആര്‍ട്‌സിന്റെ പ്രാധാന്യം ലോകത്തോടു വിളിച്ചുപറയാനുള്ള സഞ്ചാരത്തിലാണ്. ഇതിന്റെ ഭാഗമായി ആദ്യമായി ഇന്ത്യയിലേക്കും കേരളത്തിലേക്കുമെത്തി. കിഴക്കിന്റെ വെനീസിലെത്തിയപ്പോള്‍ സ്ത്രീധനത്തോടും അവര്‍ സംവദിച്ചു... പുരുഷമേധാവിത്വമുണ്ടായിരുന്ന മേഖലയിലേക്ക് എത്തിയതിനെക്കുറിച്ച്, ആയോധനകലകള്‍ അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്, ഹോളിവുഡ് സിനിമകളെക്കുറിച്ച്, കേരളത്തിന്റെ തനതുസൗന്ദര്യത്തേക്കുറിച്ച്...
പുരുഷന്‍മാരോട് പയറ്റി...തെളിഞ്ഞു...
13ാം വയസിലാണ് കരാട്ടെയുടെ ആദ്യപാഠങ്ങള്‍ ഔദ്യോഗികമായി പഠിക്കാന്‍ ആരംഭിച്ചത്. പുരുഷന്‍മാര്‍ അടക്കിവാണിരുന്ന രംഗത്തേക്ക് സ്ത്രീ എത്തുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രശ്‌നങ്ങള്‍ എനിക്കും നേരിടേണ്ടി വന്നു. പുരുഷന്‍മാരെ അപേക്ഷിച്ച് ശക്തി കുറഞ്ഞവരെന്ന ധാരണയില്‍ രണ്ടാംതരമെന്ന സമീപനമായിരുന്നു പലപ്പോഴും. പരിശീലനത്തിനുപോലും പെണ്‍കുട്ടികള്‍ ഇല്ലാത്ത അവസ്ഥ. ആണ്‍കുട്ടികളോടു മത്സരിച്ചുതന്നെയായിരുന്നു പരിശീലനം. അങ്ങനെ തെളിഞ്ഞു. ഇതുവരെയുണ്ടാക്കിയ നേട്ടങ്ങളെല്ലാം ആ പരിശീലനത്തിന്റെ അടിത്തറയില്‍ നിന്നാണ്. ആയോധനകലകളില്‍ പ്രാവീണ്യം നേടുകയും തുടര്‍ച്ചയായി പരിശീലനം നടത്തുകയും ചെയ്താല്‍ ആത്മവിശ്വാസവും ആരോഗ്യവും വര്‍ധിക്കും. എന്റെ ജീവിതം തന്നെ അതിനു തെളിവാണ് സിന്ത്യ പറഞ്ഞു.
തായ്‌കൊണ്ടോ, വുഷു തുടങ്ങി ഏഴു വ്യത്യസ്തരീതികളിലുള്ള കരാെട്ടകളില്‍ പ്രാവീണ്യമുള്ള ഇവര്‍ക്ക് താംഗ്‌സൂഡൂ എന്ന വിഭാഗത്തില്‍ എട്ടാം ഡിഗ്രി ലഭിച്ചിട്ടുണ്ട്. കരാട്ടെയിലെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ഇവരെ തേടിയെത്തി. 1981 - 85 കാലഘത്തില്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം മിഡില്‍ വെയ്റ്റ് കിക്ക് ബോക്‌സിംഗ്/ വെപ്പണ്‍സില്‍ ഇവര്‍ ചാമ്പ്യനുമായിരുന്നു. വനിതാ ചാമ്പ്യനെന്ന നിലയ്ക്ക് ബ്ലാക്ക്‌ബെല്‍റ്റ് മാഗസിന്റെ കവര്‍ചിത്രമാകാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ വനിതയും ഇവരായിരുന്നു. തുടര്‍ച്ചയായി നൂറോളം മത്സരങ്ങളില്‍ പരാജയമെന്തെന്ന് ഇവര്‍ അറിഞ്ഞിട്ടുമില്ല. സ്‌കോര്‍പിയോണ്‍ കിക്കാണ് ഫേവറേറ്റ്.
ആയോധനകലകളുടെ ആവശ്യം
ആരോഗ്യ സംരക്ഷണം മാത്രമല്ല, ആത്മവിശ്വാസം വര്‍ധിപ്പിക്കുകയെന്നതു കൂടി ആയോധനകലകളുടെ ലക്ഷ്യമാണ്. പലയി ടങ്ങളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ആക്രമണങ്ങളുണ്ടാകുന്നുണ്ട്. ഇന്ത്യയിലും ഇതു സംഭവിക്കുന്നതായി മനസിലാക്കാനായി. ഇത്തരം ആക്രമണങ്ങളെ ചെറുക്കാന്‍ ചെറുപ്രായം മുതല്‍തന്നെ ആയോധന കലകളുടെ അഭ്യസനം നല്ലതാണ്. സ്‌കൂള്‍ സിലബസുകളില്‍ തന്നെ ഇവ ഉള്‍പ്പെടുത്തണം. മികച്ച പരിശീലകനെ കണ്ടെത്തി, മുറകള്‍ അഭ്യസിച്ച് കൃത്യമായ പരിശീലനം നടത്തണം. ഇതുവഴി ആത്മവിശ്വാസം വളര്‍ത്താനാകണം. അതിന് ആയോധനകലയെ ഒരു വികാരമായി കൂടി കാണണം, ഇഷ്ടപ്പെടണം. അല്ലാതെ മുറകള്‍ പഠിച്ച് അത് പ്രയോഗിക്കാനുള്ള വിശ്വാസമില്ലെങ്കില്‍ കാര്യമില്ല. മുറകള്‍ അറിയാമെന്ന് എതിരാളികള്‍ മനസിലാക്കിയാല്‍ പിന്നെ നിങ്ങളെ അവര്‍ തൊടില്ല സിന്ത്യ പറയുന്നു.
ഇന്ത്യന്‍ ആയോധനകലകളെയും സിന്ത്യയ്ക്ക് ഏറെ ബഹുമാനമാണ് പ്രത്യേകിച്ച് കളരിപ്പയറ്റിനെ. ഇവിടത്തുകാര്‍ ആയോധനകലകളോട് കാണിക്കുന്ന സമീപനത്തിലും ഇവര്‍ സംതൃപ്തയാണ്. കുട്ടികള്‍ പോലും കരാെയും കുംഗ്ഫുവും പോലുള്ളവ പഠിക്കാനെത്തുന്നത് വലിയ കാര്യമാണെന്നും സിന്ത്യ കൂട്ടിച്ചേര്‍ത്തു.

ഹോളിവുഡ്‌ഹോങ്കോംഗ് ആക്ഷന്‍ സിനിമകളി ലേക്ക്
80കളുടെ ആദ്യത്തില്‍ ആയോധന കലകളുടെ പ്രചരണവുമായി നടക്കുന്ന കാലം. പുതിയ ബ്രൂസ്‌ലിയെ തേടി കോറി യുവാന്‍ എന്ന ഹോങ്കോംഗ് സംവിധായകന്‍ അമേരിക്കയിലെത്തി. ഇവിടെ ആയോധനകലയിലും അഭിനയത്തിലും മികച്ച പ്രകടനം കാഴ്ചവച്ച സിന്ത്യയെ സംവിധായകനു ബോധിച്ചു. യെസ് മാഡം(1985) എന്ന ആദ്യ ആക്ഷന്‍ സിനിമയ്ക്കും ഇവിടെ തുടക്കമായി. നായകനെ തേടിയെത്തിയ സംവിധായകന്‍ നായിക പ്രാധാന്യമുള്ള സിനിമയെടുത്തുവെന്ന് രത്‌നച്ചുരുക്കം. 24 അവേഴ്‌സ് ടു മിഡ്‌നൈറ്റ്, ഡിഫെന്‍ഡ് യുവേഴ്‌സ്‌സെല്‍ഫ് വണ്‍ സൈബര്‍വിഷന്‍ എന്നീ രണ്ടുചിത്രങ്ങളിലും അതേവര്‍ഷം അഭിനയിച്ചു. പിന്നെ ആക്ഷന്‍ ചിത്രങ്ങളുടെ പെരുമഴയായിരുന്നു. ലേഡിഡ്രാഗണ്‍, ടോപ് സ്‌ക്വാഡ്, ഓണര്‍ ആന്‍ഡ് ഗ്ലോറി, ബ്ലഡ് ഫ്യൂറി, ഷാംഗ്ഹായ് എക്‌സ്പ്രസ്, മാജിക് ക്രിസ്റ്റല്‍, പ്രിന്‍സ് ഓഫ് ദ സണ്‍, നോ റിട്രീറ്റ് നോ സറണ്ടര്‍, എക്‌സ്ട്രീം ഫൈറ്റര്‍ തുടങ്ങി ഏറെ ചിത്രങ്ങള്‍. പുരുഷന്‍മാര്‍ക്കൊപ്പം തന്നെ പ്രേക്ഷക ഹൃദയങ്ങളില്‍ സിന്ത്യയുടെ കഥാപാത്രങ്ങളും ഇടം നേടി. പുരുഷതാരങ്ങളില്‍ നിന്നും ഏറെ ബഹുമാനവും ലഭിച്ചു. നിരവധി ടെലിവിഷന്‍ ഷോകളിലും സിന്ത്യ അഭിനേതാവായി.
ആയോധനകലയെ വികാരമായി കണ്ടിരുന്ന സിന്ത്യയെ സംബന്ധിച്ചിടത്തോളം ആക്ഷന്‍ ചിത്രങ്ങളിലെ അഭിനയമെന്നത് അതിന്റെ പ്രചരണം കൂടിയായിരുന്നു. ഈ നൂറ്റാണ്ടിലേക്ക് കടന്നതോടെ സിനിമകള്‍ കുറച്ചു. ആയോധനകലയുടെ അധ്യാപനത്തിനും പരിശീലനത്തിനും പ്രചരണത്തിനുമായി കൂടുതല്‍ സമയം മാറ്റിവയ്ക്കുകയായിരുന്നു അവര്‍. 2019ല്‍ ജൂലൈയോടെ ഒരു ചിത്രത്തില്‍ അഭിനയിക്കാനുള്ള പദ്ധതിയുണ്ട്. ഒപ്പം കേരളത്തിലെ കളരിപ്പയറ്റിനെ കൂടി ഉള്‍ക്കൊള്ളിക്കുന്ന ഒരു ഹോളിവുഡ് ചിത്രവും കേരളത്തില്‍ ചിത്രീകരിക്കുകയെന്ന സ്വപ്‌നവും മനസിലുണ്ട്.
ഇന്ത്യയും കേരളവും...
ആദ്യമായാണ് ഇവിടേക്കെത്തിയത്. നേരത്തേ വരേണ്ടിയിരുന്നുവെന്നാണ് ആദ്യം തോന്നിയത്. കടുത്ത ചൂട് അല്പം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ഇവിടത്തെ ഭക്ഷണവും ആയുര്‍വേദ ചികിത്സയും ഏറെ ആകര്‍ഷിച്ചു. ഇനിയും നിശ്ചയമായും വരും. മലയാളം സിനിമകളെക്കുറിച്ച് അറിയില്ലെങ്കിലും ബോളിവുഡ് സിനിമകളെക്കുറിച്ച് അല്പസ്വല്പമൊക്കെ അറിയാം. ബോളിവുഡ് ഡാന്‍സുകളാണ് ഏറെ പ്രിയം. മകള്‍ക്കും അങ്ങനെ തന്നെയാണ്.
ഇന്ത്യന്‍ സംവിധായകരും കാമറമാന്‍മാരും സ്റ്റണ്ട് മാസ്റ്റര്‍മാരും വളരെയധികം കഴിവുകളുള്ളവരാണെന്നാണ് ഞാന്‍ മനസിലാക്കിയിുള്ളത്. എന്റെ സ്വപ്‌നത്തില്‍ ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുകയെന്നതുമുണ്ട.്
അമേരിക്കയിലെ ഡെലാവെറിലെ വില്‍മിംഗ്ടണില്‍ 1957 മാര്‍ച്ച് എട്ടിനു ജനിച്ച സിന്ത്യ പെന്‍സില്‍വാനിയയിലെ സ്‌കാന്‍ടണിലായിരുന്നു തുടര്‍ന്നുള്ള കാലം. അമേരിക്കയിലും ഹോങ്കോംഗിലുമായിട്ടായിരുന്നു ജീവിതം. കുംഗ്ഫു ഇന്‍സ്ട്രക്ടറായിരുന്ന ഏണസ്റ്റ് റോത്ത്‌റോക്കായിരുന്നു ഭര്‍ത്താവ്. പിന്നീട് വിവാഹമോചിതയായി. ഇവര്‍ക്ക് നൃത്തം ഏറെ ഇഷ്ടപ്പെടുന്ന സ്‌കൈലാര്‍ സോഫിയ റോത്ത്‌റോക്ക് എന്ന മകളുമുണ്ട്. കാലിഫോര്‍ണിയയില്‍ മാര്‍ഷല്‍ ആര്‍ട്‌സ് സ്‌കൂളുകളും നടത്തിയിരുന്നു ഇവര്‍. ശിഷ്ടജീവിതം ആയോധന കലകളുടെ പ്രചാരത്തിനായി ഉഴിഞ്ഞുവച്ചിരിക്കുകയാണ് ഈ പെര്‍ഫക്ട് ഫിറ്റ്.
വി.എസ്. ഉമേഷ്
ഫോട്ടോ: പി. മോഹനന്‍