നാടകനടിമാരായ ആറന്മുള പൊന്നമ്മ, നെയ്യാറ്റിന്‍കര കോമളം, സി.കെ രാജം തുടങ്ങിയ നടിമാര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചത് മഹിളാലയത്തിലൂടെയാണ്. മലയാളത്തിന്റെ ആദ്യ ചലച്ചിത്ര നായികയായ കമലവുമായി അഭിമുഖസംഭാഷണം നടത്താനും എനിക്കു സാധിച്ചു. ടെലിവിഷന്‍ ചാനലുകള്‍ രംഗത്തുവന്നതോടെ കമലത്തെ ടിവിയുടെ വെള്ളിവെളിച്ചത്തില്‍ ജനം കണ്ടു. ഇവിടെ എനിക്കു വളരെ വേദന തോന്നിയ ഒന്നുണ്ട്. ആദ്യമലയാള ശബ്ദ ചലച്ചിത്രമായ ബാലനിലെ നായികയെ ടിവി ചാനലാണ് ആദ്യമായി ജനസമക്ഷം എത്തിക്കുന്നതെന്ന ഒരു വാര്‍ത്ത ഉണ്ടായിരുന്നു. ആകാശവാണിയുടെ വലിയ ഉദ്യമം പലരും സൗകര്യപൂര്‍വം മറക്കുന്നതില്‍ വേദന തോന്നാറുണ്ട്.
സ്ത്രീ ശാക്തീകരണത്തിനായി ആകാശവാണി പിന്നീടു നടത്തിയ പല പരിപാടികള്‍ക്കും ഒരു ആധാരശക്തിയായി മാറാന്‍ മഹിളാലയം പരിപാടി ഒരു കാരണമായി.
കുട്ടികളുടെ ഗായകസംഘം വിദ്യാലയങ്ങളില്‍ ആദ്യമായി കുട്ടികളുടെ ഗായകസംഘം രൂപീകരിച്ചത് ആകാശവാണിയാണ്. ഞാന്‍ പറഞ്ഞ ആശയം സ്റ്റേഷന്‍ ഡയറക്ടര്‍ ഇ.എം.ജെ വെണ്ണിയൂര്‍ സ്വീകരിച്ചതുകൊണ്ടാണ് ഗായകസംഘം സാക്ഷാത്കരിക്കാന്‍ സാധിച്ചത്.
ആദ്യ ഗായകസംഘത്തിലെ കുട്ടികളിലൊരാളാണ് ഇന്നത്തെ മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര. പില്‍ക്കാലത്ത് ഗായകസംഘത്തിന്റെ പാട്ടുകള്‍ വലിയ ജനശ്രദ്ധ നേടി. ആകാശവാണി നിലയങ്ങളിലെല്ലാം ഗായകസംഘം രൂപീകരിച്ചു. ആകാശവാണി ആനുവല്‍ അവാര്‍ഡുകളുടെ നിരയില്‍ ഈ ഗായകസംഘം പാടുന്ന പാട്ടുകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തി. ഞാന്‍ പ്രൊഡ്യൂസര്‍ ആയിരിക്കുമ്പോള്‍ മൂന്നു പ്രാവശ്യം തിരുവനന്തപുരം നിലയത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. ഇതേത്തുടര്‍ന്നാണ് മുതിര്‍ന്നവരുടെ ഗായകസംഘം ആകാശവാണി രൂപീകരിച്ചത്.
പഴയകാല ആകാശവാണി ജീവിതം മുന്‍കാലങ്ങളില്‍ ആകാശവാണി പരിപാടി അവതരിപ്പിക്കുന്നവര്‍ക്കു പ്രക്ഷേപണം ചെയ്യുന്ന വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവ് ഉണ്ടായിരിക്കണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. ഉത്തമരായ പ്രഭാഷകരെയും അഭിമുഖസംഭാഷണം നടത്തേണ്ട പ്രഗത്ഭരെയും കണ്ടെത്തി അവരുമായി വിഷയത്തെക്കുറിച്ച് ചര്‍ച്ച നടത്തിയ ശേഷം വേണം റെക്കോര്‍ഡ് ചെയ്യാന്‍. റിഹേഴ്‌സലും നടത്തണമെന്നു നിഷ്‌കര്‍ഷിച്ചിരുന്നു.
പ്രോഗ്രാമിനു വരുന്ന പ്രശസ്തരെ സ്വീകരിക്കുക മുതല്‍ ചെക്കു വാങ്ങി കൊടുക്കുന്നതുവരെയുള്ള ചുമതലകളും പ്രൊഡ്യൂസറുടേതായിരുന്നു. ഇന്നത്തെപ്പോലെ കോണ്‍ട്രാക്ട് അയയ്ക്കുന്ന രീതി അന്നില്ല.
അതുപോലെ ആധുനിക സജ്ജീകരണങ്ങളുള്ള സ്റ്റുഡിയോ സംവിധാനമോ റെക്കോര്‍ഡിംഗ് സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലമായിരുന്നതിനാല്‍ ആകാശവാണിയില്‍ ഒരേസമയത്ത് നിരവധി പരിപാടികള്‍ റെക്കോര്‍ഡ് ചെയ്യുന്ന രീതിയുണ്ട്. അതിനാല്‍ സ്റ്റുഡിയോകളുടെ ലഭ്യതയ്ക്കുവേണ്ടിയുള്ള പ്രൊഡ്യൂസര്‍മാരുടെ നെട്ടോട്ടം ഇല്ലാതെയാക്കാന്‍ സംവിധാനം ഉണ്ടായിരുന്നു. എന്നാല്‍ സ്റ്റുഡിയോ അലോട്ട്‌മെന്റ് സംവിധാനം ശരിയായി പാലിക്കാതെ വരുമ്പോള്‍ പ്രൊഡ്യൂസര്‍മാര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതും സാധാരണമായിരുന്നു. ഒരിക്കല്‍ ഒരു പ്രധാന ചര്‍ച്ചയ്ക്കായി ഞാന്‍ മൂന്നു വിഐപികളെ ക്ഷണിച്ചിരുന്നു. അവരോട് പറഞ്ഞ റെക്കോര്‍ഡിംഗ് സമയമായിട്ടും സ്റ്റുഡിയോ ലഭിക്കാതെവന്നു. എനിക്ക് അലോട്ട് ചെയ്ത സ്റ്റുഡിയോയില്‍ നടന്നുകൊണ്ടിരുന്ന റെക്കോര്‍ഡിംഗ് നീണ്ടുപോയതാണ് കാരണം. സ്റ്റുഡിയോയില്‍ നിന്ന് വിഐപി മുറിയിലേക്കും തിരിച്ചും ഞാന്‍ എത്രവട്ടം ഓടിയെന്ന് അറിയില്ല. പറഞ്ഞ സമയത്ത് റെക്കോര്‍ഡ് ചെയ്തില്ല എന്നു പറഞ്ഞ് വിഐപികള്‍ സ്റ്റുഡിയോ വിട്ടുപോയി. ഞാന്‍ അന്ന് അനുഭവിച്ച സമ്മര്‍ദം വളരെ കടുത്തതായിരുന്നു. അന്ന് സ്‌റ്റേഷന്‍ ഡയറക്ടറായിരുന്ന കെ.നാരായണന്‍ നായര്‍ (ജനകീയ ഡയറക്ടര്‍) വളരെ നല്ല വ്യക്തികൂടിയായിരുന്നതിനാല്‍ വിഐപികളെ നേരിട്ടു വിളിച്ച് മറ്റൊരു ദിവസം റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.
വളരെ പെട്ടെന്നു ദേഷ്യംവരുന്ന ധാരാളം പ്രഗത്ഭരുണ്ട്. അവരെയൊക്കെ അനുനയിപ്പിച്ച് പ്രോഗ്രാം റെക്കോര്‍ഡ് ചെയ്യുക എന്നത് വലിയ കടമ്പയായിരുന്നു.
ആകാശവാണി നിലയങ്ങള്‍ നേരിടുന്ന പരിമിതികള്‍ ഒന്നും നോക്കാതെ ചെറിയ പിഴവു പറ്റിയാല്‍ ഉടനെ മെമ്മോ നല്‍കുന്ന ഡയറക്ടര്‍മാരും അന്ന് ഉണ്ടായിരുന്നു. ഇതുമാത്രമല്ല ജോലിഭാരവും പ്രതിസന്ധികളും വളരെ കൂടുതലായിരുന്നു.
ഓരോ പരിപാടിക്കും വിശദമായ ഷെഡ്യൂള്‍ തയാറാക്കി മാസങ്ങള്‍ക്കുമുമ്പേ ഡല്‍ഹിയില്‍നിന്നുള്ള അനുമതി വാങ്ങണം. ദിവസവുമുള്ള പ്രക്ഷേപണത്തിന് ചാര്‍ട്ട് ഉണ്ടാക്കണം. അതില്‍നിന്ന് ഒരിനം മാറ്റണമെങ്കില്‍ മേലുദ്യോഗസ്ഥന്റെ അനുമതി വാങ്ങണം. അങ്ങനെ ഇന്നത്തെ നിലയാംഗങ്ങള്‍ക്കു പരിചിതമല്ലാത്ത വിലക്കുകളുടെ ഒരു ലോകം ആയിരുന്നു അന്ന്. ഒരു ഉദാഹരണം പറയാം: കൊച്ചുകവിത എന്നു ഞാന്‍ ചാര്‍ട്ടില്‍ എഴുതി അനുവാദം വാങ്ങിയ കവിതാലാപനത്തില്‍ മഹാകവി ഉള്ളൂര്‍ രചിച്ച കുട്ടിക്കവിത പ്രക്ഷേപണം ചെയ്തു. കൊച്ചുകവിത എന്നാല്‍ കുട്ടികള്‍ എഴുതുന്ന കവിത എന്നു പറഞ്ഞ് പിന്നീട് പ്രശ്‌നങ്ങളുണ്ടായി. നാടകങ്ങളുടെ കാര്യമെടുത്താല്‍ പ്രമേയം മാത്രമല്ല ചില വാക്കുകളെ ചൊല്ലിയും വലിയ കോലാഹലം ഉണ്ടാകുമായിരുന്നു.
റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും പ്രോഗ്രാം എഡിറ്റ് ചെയ്യുന്ന മെഷീനും ഒഴിയുന്നതും നോക്കി രാത്രിവരെ ക്യൂ നിന്ന അനുഭവങ്ങളുമുണ്ട്.
ആകാശവാണി മടക്കിനല്‍കിയത് വളരെയേറെയുണ്ട്. പ്രക്ഷേപണകലയുടെ ആചാര്യനായ ജി.പി.എസ് നായര്‍ സ്റ്റേഷന്‍ ഡയറക്ടറായിരുന്ന കാലത്താണ് ആകാശവാണിയില്‍ ഞാന്‍ എത്തുന്നത്. നേരത്തേ പറഞ്ഞതുപോലെ വലിയ ഉത്തരവാദിത്വവും കടിഞ്ഞാണുകളും നിലനിന്ന കാലം. അന്ന് പ്രൊഡ്യൂസര്‍മാര്‍ സര്‍വവിജ്ഞാനികള്‍ ആയിരിക്കണം എന്നൊരു അലിഖിത നിയമമുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് പല മേഖലകളെയുംകുറിച്ച് ആഴത്തില്‍ അറിയാന്‍ സാധിച്ചു. ആകാശവാണിയില്‍ ഞാന്‍ എത്തുമ്പോള്‍ ഡയറക്ടറെ കൂടാതെ ഭരണസാരഥിയായുണ്ടായിരുന്നത് സാഹിത്യസംഗീത പ്രതിഭയായ മാലി മാധവന്‍നായരാണ്. ടി.എന്‍.ഗോപിനാഥന്‍ നായര്‍, നാഗവള്ളി ആര്‍.എസ് കുറുപ്പ്, ജഗതി എന്‍.കെ ആചാരി, ജോസഫ് കൈമാപറമ്പന്‍, പി.ഗംഗാധരന്‍ നായര്‍, കെ.ജി സേതുനാഥ്, മടവൂര്‍ ഭാസി, എസ്.രാമന്‍കുട്ടി നായര്‍ തുടങ്ങിയ അതിപ്രഗത്ഭര്‍ അന്ന് ആകാശവാണിയില്‍ പ്രവര്‍ത്തിച്ചിരുന്നു.
തകഴി, കേശവദേവ്, പി.കുഞ്ഞിരാമന്‍ നായര്‍ ഉള്‍പ്പെടെയുള്ള സാഹിത്യമഹാരഥന്മാരെയും സംഗീതസമ്രാുകളെയും നാടകചലച്ചിത്രകലാപ്രതിഭകളെയും എല്ലാം അടുത്തറിയാന്‍ എനിക്കു സാധിച്ചു. മഹാകവി പി.കുഞ്ഞിരാമന്‍ നായരുമായി വളരെയധികം ആത്മബന്ധം ഉണ്ടായിരുന്നു. മഹാകവിക്ക് ആകാശവാണി സ്വന്തം കുടുംബം പോലെയായിരുന്നു. ബാലലോകത്തിനുവേണ്ടി പഞ്ചതന്ത്രം കഥകളുടെ ഒരു ആവിഷ്‌കാരം പഞ്ചാമൃതം എന്ന പേരില്‍ പി. എഴുതി നല്‍കിയിരുന്നു. അതിന്റെ ചിത്രീകരണം കഴിഞ്ഞ ശേഷമാണ് മഹാകവി വിടവാങ്ങിയത്. പി. മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് ആകാശവാണിയില്‍ കയറിവന്നു സുഹൃത്തില്‍നിന്ന് നേരിട്ട വഞ്ചനയെക്കുറിച്ച് പറഞ്ഞ് വിങ്ങിക്കരഞ്ഞത് ഇന്നും വേദനിപ്പിക്കുന്നു.
കുടുംബം നല്‍കിയ ശക്തി എന്റെ ഭര്‍ത്താവ് കെ.യശോധരന്‍ തന്നെയാണ് എന്നെ ഞാനാക്കിയ വ്യക്തി. ആകാശവാണിയിലേക്കുള്ള അപേക്ഷ അയയ്ക്കുന്നതുമുതല്‍ തിരക്കേറിയ എന്റെ ഔദ്യോഗിക ജീവിതത്തില്‍ എല്ലാ പ്രോത്സാഹനങ്ങളുമായി ഒപ്പം നിന്നു. സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പില്‍ മാസ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവിയായാണ് വിരമിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയും തുണയുമായിരുന്ന അദ്ദേഹം ഇന്നു ഞങ്ങളോടൊപ്പമില്ല. മക്കളായ മായ, പ്രിയദര്‍ശിനി, ഡോ.ഹരികൃഷ്ണന്‍, ഗോപീകൃഷ്ണന്‍, മരുമക്കളായ പി.കുമാര്‍, പഞ്ചമി, പ്രഭു, ഡോ. അനിത കൃഷ്ണന്‍, പേരക്കുികള്‍ എന്നിവരുടെ സ്‌നേഹത്തിലാണ് ഞാനിപ്പോള്‍.
ജീവിതം പഠിപ്പിച്ചത് ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന വ്യക്തിയാണു ഞാന്‍. ജീവിതത്തെ രണ്ടു രീതിയില്‍ സമീപിക്കാമെന്ന് എനിക്കു തോന്നാറുണ്ട്. ഒന്നുകില്‍ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന വേദനകള്‍ മുഴുവന്‍ തലയിലേറ്റി ജീവിതം ദുരിതപൂര്‍ണമാണെന്നു വിശ്വസിച്ച് രക്ഷപ്പെടലുകള്‍ക്കു ശ്രമിക്കാതെ ജീവിക്കുക. ഇല്ലെങ്കില്‍ ജീവിതത്തെ വളരെ പോസിറ്റീവായി മാറ്റുക. അതായത് വേദനകളെയും നഷ്ടങ്ങളെയും മാറ്റിനിര്‍ത്തി സ്വയം സന്തോഷം കണ്ടെത്തുക. ജീവിതത്തിന്റെ നല്ലവശങ്ങളില്‍ മനസ് കേന്ദ്രീകരിച്ച് ജീവിതത്തെ അര്‍ഥവത്താക്കുക. രണ്ടാമത്തെ വഴിയാണ് ഞാന്‍ സ്വീകരിക്കുന്നത്.
എസ്.മഞ്ജുളാദേവി