സ്വീറ്റി & യമ്മി ടേസ്റ്റ്
സ്വീറ്റി & യമ്മി ടേസ്റ്റ്
Wednesday, December 4, 2019 3:06 PM IST
കുട്ടിക്കുറുമ്പു കാട്ടുന്ന കുരുന്നുകള്‍ക്കായി എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന മധുരപലഹാരങ്ങളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചോക്കലേറ്റ് മില്‍ക്ക് ഷേക്ക്

ചേരുവകള്‍
ഫ്രീസറില്‍ വച്ച് കട്ടി ആക്കിയ പാല്‍- 250 മില്ലി
കൊക്കോ പൗഡര്‍ - രണ്ടു ടേബിള്‍ സ്പൂണ്‍
ഐസ് ക്രീം - ആറ് സ്‌കൂപ്പ്
ഡാര്‍ക്ക് ചോക്കലേറ്റ് ബാര്‍ പൊടിച്ചത് -കുറച്ച്
പഞ്ചസാര പൊടിച്ചത് -എട്ടു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം
പാല്‍ നന്നായി ഉടച്ചു പൊിക്കുക. ഇതിലേക്ക് കൊക്കോ പൗഡര്‍ ഇട്ട് ബീറ്റര്‍ കൊണ്ട് അടിക്കണം. നന്നായി പതഞ്ഞു വരുമ്പോള്‍ പകുതി ഡാര്‍ക്ക് ചോക്കളേറ്റ് പൊടിച്ചതും പഞ്ചസാരയും കുറച്ച് ഐസ്‌ക്രീമും ചേര്‍ത്ത് ബീറ്റ് ചെയ്യുക. ഗ്ലാസില്‍ ഒഴിച്ച് മുകളില്‍ ഐസ്‌ക്രീമും പൊടിച്ച ബാക്കി ഡാര്‍ക്ക് ചോക്കലേറ്റും ചേര്‍ത്ത് വിളമ്പാം.

ബ്രഡ് ഖാജാ

ചേരുവകള്‍
ബ്രഡ് കഷ്ണങ്ങള്‍ - ആറ് എണ്ണം
പഞ്ചസാര - 100 ഗ്രാം
ഏലക്കാ പൊടി - അര ടീസ്പൂണ്‍
എണ്ണ - വറക്കാന്‍

തയാറാക്കുന്ന വിധം
ബ്രഡിന്റെ നാലുവശവുമുള്ള ബ്രൗണ്‍ കളര്‍ മുറിച്ചു കളഞ്ഞ് രണ്ടായി മുറിക്കുക. എണ്ണ ചൂടാകുമ്പോള്‍ ഈ ബ്രഡ് കഷണങ്ങള്‍ വറുക്കണം. ഒരു പരന്ന പാത്രത്തില്‍ കാല്‍ ലിറ്റര്‍ വെള്ളം ഒഴിച്ച് പഞ്ചസാര ഇട്ടു കമ്പി പാകം ആകുമ്പോള്‍ ഏലക്കാ പൊടി ഇട്ട് ഇറക്കി വയ്ക്കുക. നന്നായി ആറിയ ശേഷം ബ്രഡ് കഷണങ്ങള്‍ ഓരോന്നായി ഇട്ട് ഒന്ന് മുക്കി എടുക്കണം. രുചികരമായ ബ്രഡ് ഖാജാ തയാര്‍.

ഈസി ഗേഹു ഹല്‍വ

ചേരുവകള്‍
ഗോതമ്പുപൊടി - ഒരു കപ്പ്
പഞ്ചസാര - ഒരു കപ്പ്
കശുവണ്ടി - കുറച്ച്
വെള്ളം - മൂന്നു കപ്പ്

തയാറാക്കുന്ന വിധം
ആദ്യം വെള്ളത്തില്‍ പഞ്ചസാരയിട്ട്‌ അലിയിച്ചു ചെറുതീയില്‍ വയ്ക്കുക. ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ചു കശുവണ്ടി വറുത്തു മാറ്റണം. ആ നെയ്യില്‍ ഗോതമ്പുപൊടിയിട്ട്‌ ഇളക്കുക. ചെറിയ ബ്രൗണ്‍ നിറമാകുമ്പോള്‍ പഞ്ചസാര പാനി ഒഴിച്ച് ഇളക്കണം. പാത്രത്തില്‍ നിന്ന് വിട്ടുവരുമ്പോള്‍ നെയ്യ് പുരിയ പ്ലേറ്റിലേക്കിട്ട് ചെറിയ ചൂടോടുകൂടി ഇഷ്ടമുള്ള ഷേപ്പില്‍ മുറിച്ചെടുക്കാം.

ചോക്കലേറ്റ് ഓറിയോ ബോള്‍സ്

ചേരുവകള്‍
ഓറിയോ ബിസ്‌കറ്റ് - 10 എണ്ണം
പഞ്ചസാര - ആറ് ടീസ്പൂണ്‍.
പാല് - കാല്‍ കപ്പ്
വൈറ്റ് ചോക്കലേറ്റ് പൗഡര്‍ - അഞ്ച് ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

ഓറിയോ ബിസ്‌കറ്റ് മിക്‌സിയില്‍ പൊടിക്കുക. പാനില്‍ പൊടിച്ച ബിസ്‌കറ്റും പഞ്ചസാരയും പാലും ചേര്‍ത്ത് ചെറിയ തീയില്‍ ഇളക്കണം. പാത്രത്തിനിന്ന് വിട്ടുവരുമ്പോള്‍ തീ ഓഫ് ചെയ്ത് ആറിയശേഷം ചെറിയ നെല്ലിക്കാ വലുപ്പത്തില്‍ ഉരുട്ടി അരമണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. വൈറ്റ്‌ചോക്കലേറ്റ് ചൂടാക്കി ഈ ബോള്‍സ് അതില്‍ മുക്കി വീണ്ടും അരമണിക്കൂര്‍ തണുപ്പിച്ച് ഉപയോഗിക്കാം.




ഈസി പാല്‍ പേട

ചേരുവകള്‍
മില്‍ക്ക് പൗഡര്‍ - 200 ഗ്രാം
പാല്‍- അരക്കപ്പ്
നെയ്യ് - നാലു ടേബിള്‍ സ്പൂണ്‍
കശുവണ്ടി നെയ്യില്‍ മൂപ്പിച്ചത് - കുറച്ച്

തയാറാക്കുന്ന വിധം
പാനില്‍ നെയ്യും പാലും പാല്‍പ്പൊടിയും ചേര്‍ത്ത് ക ഇല്ലാതെ ഇളക്കുക. ചെറുതീയില്‍ വച്ച് ഇളക്കി പാനില്‍ നിന്ന് വിട്ടുവരുമ്പോള്‍ ഇറക്കിവയ്ക്കണം. ആറിയ ശേഷം ഉരുളകള്‍ ആയി ഉരുട്ടി മദ്ധ്യഭാഗം ഒന്നു പരത്തി അവിടെ കശുവണ്ടി വച്ചു സെറ്റ് ചെയ്യുക.

ബിസ്‌കറ്റ് കേക്ക്
.
ചേരുവകള്‍
ഓറിയോ ബിസ്‌കറ്റ് - 10 എണ്ണം
ടൈഗര്‍ ബിസ്‌കറ്റ് - എട്ട് എണ്ണം
പാല്‍ - അരക്കപ്പ്
ബേക്കിംഗ് പൗഡര്‍ - മുക്കാല്‍ ടേബിള്‍ സ്പൂണ്‍
ഡ്രൈ ഫ്രൂട്ട്‌സ് -കുറച്ച്
വെണ്ണ - രണ്ടു ടീസ്പൂണ്‍

തയാറാക്കുന്ന വിധം
രണ്ടുതരത്തിലുള്ള ബിസ്‌കറ്റും മിക്‌സിയില്‍ പൊടിക്കുക. ഇതിലേക്ക് പാലും ബേക്കിംഗ് പൗഡറും ചേര്‍ത്ത് ബീറ്ററില്‍ അടിച്ചെടുക്കണം. തുടര്‍ന്ന് ഡ്രൈഫ്രൂട്ട്‌സ് ചേര്‍ത്തിളക്കി കുക്കറില്‍ ബേക്ക് ചെയ്‌തെടുക്കാം.

കുക്കറില്‍ ബേക്ക് ചെയ്യുന്ന വിധം (അവ്ന്‍ ഇല്ലാത്തവര്‍ക്ക്)

കുക്കറില്‍ പൊടിച്ച അരക്കിലോ ഉപ്പ് ഇടുക. ഒരു പ്ലേറ്റില്‍ വെണ്ണ നന്നായി നാലു പുറവും പുരണം. അതിലേക്കു തയാറാക്കിയ ബാറ്റര്‍ ഒരു പാത്രത്തില്‍ ഒഴിച്ച് ബേക്ക് ചെയ്ത് എടുക്കാം. 20 മിനിറ്റിനകം കേക്ക് റെഡി. ഇപ്രകാരം ചെയ്യുമ്പോള്‍ കുക്കറിന് വെയ്റ്റ് ഇടേണ്ടതില്ല.

ഫ്രോസണ്‍ ഗ്രീന്‍പീസ് ലഡു

ചേരുവകള്‍
ഫ്രോസണ്‍ ഗ്രീന്‍പീസ് -500 ഗ്രാം
പഞ്ചസാര - 250 ഗ്രാം
നാളികേരം ചുരണ്ടി ചൂടാക്കിയത് - 150 ഗ്രാം
നെയ്യ് - മൂന്ന് ടേബിള്‍ സ്പൂണ്‍
കശുവണ്ടി നെയ്യില്‍ മൂപ്പിച്ചത് - 25 ഗ്രാം

തയാറാക്കുന്ന വിധം
ഗ്രീന്‍പീസ് മിക്‌സിയില്‍ പൊടിക്കുക. പാനില്‍ 15 മില്ലി വെള്ളവും പഞ്ചസാരയും ഇട്ടു നൂല്‍ പാകമാകുമ്പോള്‍ പൊടിച്ച ഗ്രീന്‍പീസ്, പകുതി നാളികേരം, നെയ്യ് എന്നിവ ചേര്‍ത്ത് ഇളക്കണം. പാനില്‍ നിന്ന് വിട്ടുവരുമ്പോള്‍ ഇറക്കി വച്ച് കശുവണ്ടി ചേര്‍ത്ത് ഇളക്കുക. ഉരുളകളായി ഉരുട്ടി ബാക്കി നാളികേരത്തില്‍ ഒന്നു കൂടി ഉരുട്ടി എടുക്കണം.



പദ്മ സുബ്രഹ്മണ്യം
എറണാകുളം