പ്രമേഹത്തിന് ആയുര്‍വേദ പരിഹാരം
പ്രമേഹത്തിന് ആയുര്‍വേദ പരിഹാരം
Saturday, January 25, 2020 3:32 PM IST
ഭാരതജനസംഖ്യയുടെ 8.8 ശതമാനം ആളുകള്‍ പ്രമേഹബാധിതരാണ്. കേരളത്തിലേത് ഏകദേശം രണ്ടിരട്ടിയിലധികവുമാണ്. ടൈപ്പ് 1, ടൈപ്പ്2 ഇങ്ങനെ രണ്ട് വിധത്തിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. ഇവയില്‍ ടൈപ്പ്1 ജന്മനാതന്നെ ഉണ്ടാകുന്നതും ടൈപ്പ്2 ഇന്ന് കൂടുതലായി കണ്ടുവരുന്നതും ജീവിതശൈലി വ്യതിയാനം കൊണ്ടുണ്ടാകുന്നതും ആണ്.

കാരണങ്ങള്‍

ടൈപ്പ് 2 പ്രമേഹത്തിന് പ്രധാന കാരണം ജീവിതശൈലീ വ്യതിയാനമാണ്. ഇത് ചയാപചയ പ്രവര്‍ത്തനത്തില്‍ (Meta-bolic Disease) ഉണ്ടാകുന്ന തകരാറുകള്‍ മൂലമാണ് സംഭവിക്കുന്നത്.

ക്രമം തെറ്റിയും സമയം തെറ്റിയുമുള്ള അമിത ആഹാരശീലങ്ങള്‍, ഫാസ്റ്റ് ഫുഡ് ഉപയോഗം, വ്യായാമമില്ലായ്മ, മാനസിക സംഘര്‍ഷം എന്നിവയെല്ലാം കാരണങ്ങളാകുന്നു. ഇവ നമ്മുടെ ദഹനവ്യവസ്ഥയെയും ഉപാപചയപ്രവര്‍ത്തനത്തെയും താറുമാറാക്കുകയും വിവിധ ജീവിതശൈലീ രോഗങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും.

ലക്ഷണങ്ങള്‍

അമിതമായ ക്ഷീണം, തളര്‍ച്ച, കൂടെക്കൂടെ മൂത്രം പോകുക, കലങ്ങിയ പതയോടുകൂടിയ മൂത്രം, വായ വരള്‍ച്ച, അമിതമായ ദാഹം, കൈകാല്‍ പുകച്ചില്‍, തരിപ്പ്. മൂത്രത്തില്‍ ഉറുമ്പരിക്കുന്നതും മറ്റൊരു രോഗലക്ഷണമാണ്.

രോഗസാധ്യത കൂടുതലുള്ളവര്‍

തൈറോയ്ഡ് ഗ്രന്ഥിയിലോ, കരളിലെ അസുഖമുള്ളവര്‍, പിസിഒഡി ഉള്ള സ്ത്രീകള്‍ അമിതവണ്ണമുള്ളവര്‍, ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍, പാരമ്പര്യമായി പ്രമേഹരോഗബാധിതര്‍.



ആയുര്‍വേദ വീക്ഷണത്തില്‍

പ്രമേഹം കഫദോഷദൃഷ്ടിയും ക്ലേഭദൃഷ്ടിയും കൊണ്ടുണ്ടാവുന്ന ദീര്‍ഘകാലാനുബന്ധിയായ രോഗമായിട്ടാണ് ആയുര്‍വേദം വിവക്ഷിക്കുന്നത്.

പഥ്യാപഥ്യങ്ങള്‍പഥ്യം (ശീലിക്കാവുന്നവ)

അന്നജം കുറഞ്ഞ അളവിലുള്ള ഭക്ഷണം, നാരുകള്‍ കൂടുതലുള്ള പച്ചക്കറികള്‍, ഗോതമ്പ്, യവധാന്യം. ചെറുപയര്‍, ചെറുപയര്‍ പരിപ്പ്, കൊഴുപ്പു കുറഞ്ഞ മാംസങ്ങള്‍, ചെറു മത്സ്യങ്ങള്‍, മധുരം കുറഞ്ഞ പഴങ്ങള്‍ (പകുതി പഴുത്ത പപ്പായ, പേരയ്ക്ക), മാതളനാരങ്ങ, നെല്ലിക്ക, റോബസ്റ്റ.

അപഥ്യം (ഒഴിവാക്കേണ്ടവ)

മധുരമുള്ളവ (പഞ്ചസാര, ശര്‍ക്കര, തേന്‍), ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്‍, ഉഴുന്ന്, തൈര്, മൈദ എന്നിവയുടെ അമിതോപയോഗം, എണ്ണയില്‍ വറുത്ത ആഹാരം, അമിതമായ ഉപ്പിന്റെ ഉപയോഗം, ലഹരി പദാര്‍ഥങ്ങള്‍, ചായ, കാപ്പി എന്നിവയുടെ അമിതോപയോഗം, ഡ്രൈ ഫ്രൂട്ട്‌സ്.

യോഗയുടെ പ്രാധാന്യം

ആയുര്‍വേദം പോലെതന്നെ യോഗയും പ്രമേഹനിയന്ത്രണത്തിന് വളരെയധികം പ്രയോജനപ്രദമാണ്. യോഗാഭ്യാസം ഒരു വ്യായാമം എന്നതിലുപരി മാനസിക പിരിമുറുക്കത്തെ തടയും. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം. രോഗമില്ലാത്തവരില്‍ മാനസിക സംഘര്‍ഷം കുറയ്ക്കുക വഴി രോഗസാധ്യത കുറയ്ക്കാന്‍ കഴിയും. യോഗാഭ്യാസങ്ങളില്‍ തന്നെ അര്‍ദ്ധമത്സ്യേന്ദ്രാസനം, പശ്ചിമോത്താനാസനം, ധനുരാസനം,ഭുജംഗാസനം, പവനമുക്താസനം എന്നിവയും നല്ലതാണ്.

ഡോ. വൃന്ദ ജി.നായര്‍
വൃന്ദാവനം ആയുര്‍വേദ ലിമിറ്റഡ്
മൂവാറ്റുപുഴ