മനസിന്റെ വാതായനങ്ങള്‍ തുറക്കുമ്പോള്‍
മനസിന്റെ വാതായനങ്ങള്‍ തുറക്കുമ്പോള്‍
Monday, February 10, 2020 5:19 PM IST
നിസഹായതയുടെ പാരമ്യതയില്‍, സ്വന്തം മനസിന്റെ ജനലുകളും വാതിലുകളും സൈക്യാട്രിസ്റ്റിന്റെ മുന്‍പില്‍ തുറന്നുവയ്ക്കുന്നവരുണ്ട്. അതുവരെ തുറക്കാത്ത മനസിന്റെ മുറികള്‍ തുറന്നിടുമ്പോള്‍ അവര്‍ എന്താവാം തിരിച്ച് പ്രതീക്ഷിക്കുന്നത്? നാളുകളായി മനസില്‍ ഞെരുക്കിപ്പിടിച്ചിരുന്ന നിഗൂഢതകളുടെ രൂക്ഷഗന്ധത്തില്‍നിന്നും അല്പം ആശ്വാസം. കൂടെ പ്രതീക്ഷയുടെയും സാന്ത്വനത്തിന്റെയും പുതുവായുവിന് പ്രവേശിക്കാന്‍ അല്പം വഴിയും. അതല്ലാതെന്താവാന്‍?

ഈ കുറിപ്പ് ആര്‍ക്കൊക്കെ വേണ്ടി?

അടച്ചിട്ട ഒ.പി മുറിയില്‍ ഒരു വ്യക്തിയില്‍ മാത്രമായി ഈ പരിഹാരക്രിയകള്‍ ഒതുങ്ങിപ്പോകുമ്പോള്‍, സമാനപ്രശ്‌നം അനുഭവിക്കുന്ന നിരവധിപേര്‍ എവിടെയൊക്കെയോ നീറിയും പുകഞ്ഞും ജീവിക്കുന്നുവെന്ന സത്യത്തിനു നേരെ കണ്ണടക്കുന്നുമില്ല. ഇങ്ങനെ അഴിയപ്പെടുന്ന രഹസ്യച്ചുരുളുകളില്‍ കുറവല്ലാത്ത ഒരു പങ്ക് സോഷ്യല്‍ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്നത് പറയാതെ വയ്യ.

അവിവാഹിതനായ വീട്ടുജോലിക്കാരന്റെ കൂടെ ഒളിച്ചോടാന്‍ ആഗ്രഹിക്കുന്ന വീട്ടമ്മ, സൈബര്‍ സെക്‌സില്‍ സുഖം കണ്ടെത്തുന്ന ഭര്‍ത്താവ്, പോണ്‍ സൈറ്റുകളില്‍ ആവേശം കണ്ടെത്തുന്ന മക്കള്‍, കാമുകനു വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാകുന്ന കാമുകി... ലൈംഗിക അരാജകത്വത്തിന്റെ നേര്‍ക്കാഴ്ചകള്‍ നീളുന്നു. ഇവരെയൊക്കെ കണ്ടിട്ടുണ്ട്. പക്ഷേ, അങ്ങേയറ്റം പ്രതിസന്ധിയില്‍ അവര്‍ എത്തിയതിന് ശേഷമാണെന്നുമാത്രം. സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ടു ഞാന്‍ അറിഞ്ഞ പ്രശ്‌നങ്ങളിലെല്ലാം പൊതുവായി കണ്ടത്, ശിഥിലമായ കുടുംബബന്ധങ്ങളുടെ കരള്‍ പൊടിയുന്ന കാഴ്ച തന്നെയായിരുന്നു.

അകറ്റിനിര്‍ത്താനാകുമോ നവമാധ്യമങ്ങളെ?

സോഷ്യല്‍ മീഡിയ ഇത്രയും അപകടകരമായ പ്ലാറ്റ്‌ഫോം ആണെന്നാണോ പറഞ്ഞു വരുന്നത്? അല്ലേയല്ല. ലോകം വിരല്‍ത്തുമ്പിലൊതുക്കുന്ന, ഒരു സംഭവം തന്നെ പലരുടെ വീക്ഷണക്കോണുകളിലൂടെ ഒരേ സമയം കാണിക്കുന്ന ഒരു മാന്ത്രികപ്പെിയാണ് സൈബര്‍ ലോകം. ഇവര്‍ ഓരോരുത്തരും പറയുന്നത് അവരുടെ കണ്ണുകളിലൂടെ അവര്‍ കണ്ട പുറം കാഴ്ചകളാണ്. നമ്മുടെ വിമര്‍ശനാത്മകചിന്തയും സത്യം തിരിച്ചറിയാനുള്ള കഴിവും അതിലൂടെ വളരുന്നു. മാത്രമോ, നമ്മുടെ കുികളുടെ പഠനാവശ്യങ്ങള്‍ക്കുവരെ ഇവയെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോള്‍.

എങ്കില്‍ പിന്നെ എവിടെയാണ് പ്രശ്‌നം?

എവിടെയാണ് നമുക്കു തെറ്റുന്നത്? ഈ ഭൂമിയിലെ സകലജീവജാലങ്ങള്‍ക്കും ഒരു താളമുണ്ട്. വിതയ്ക്കുന്നതിനൊരു സമയം. കൊയ്യുന്നതിനൊരു സമയം. ഉണരുന്നതിനും ഉറങ്ങുന്നതിനും തീറ്റ ശേഖരിക്കുന്നതിനും ഇണ ചേരുന്നതിനുമൊക്കെ പ്രകൃതി അവര്‍ക്കായി പ്രത്യേകം പ്രത്യേകം സമയമൊരുക്കിയിട്ടുണ്ട്. നമ്മളും വ്യത്യസ്തരായിരുന്നില്ല.

നമ്മുടെ ജീവിതഭാരം കുറയ്ക്കാന്‍ നമ്മള്‍ത്തന്നെ സൃഷ്ടിച്ച ടെക്‌നോളജി നമ്മുടെ ജീവിതം നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നതു വരെ. സാങ്കേതിക വിദ്യയുടെ കുത്തൊഴുക്കില്‍ നമ്മുടെ ജീവിതക്രമം തന്നെ മാറിത്തുടങ്ങിയപ്പോള്‍ നമുക്ക് വഴി തെറ്റുകയായിരുന്നില്ലേ?
.
അവര്‍ പോലും അറിയാതെ

വൈകാരിക അടിമത്തത്തിന്റെ തലത്തിലേക്ക് ഇവരെ പിന്നീടെത്തിച്ച, സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങാന്‍ നിമിത്തമായതോ, നിസാര കാരണങ്ങളായിരുന്നു. അതായത്, മനസ് തുറക്കാനൊരിടം തേടിയുള്ള യാത്രയും സൗഹൃദത്തിലൂടെ സ്വയം വളരാനുള്ള ആഗ്രഹവും സ്വന്തം ജീവിതത്തിലെ ഏകാന്തതയും വിരസതയും അകറ്റാനുള്ള താത്പര്യവും അപൂര്‍ം ചില വ്യക്തിത്വവൈകല്യങ്ങളും ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ നിരവധി കാരണങ്ങളില്‍ ഏതെങ്കിലുമൊന്ന്.

വേണ്ടേ നമുക്കൊരു മാറ്റം

സോഷ്യല്‍ മീഡിയയെ പടിയടച്ച് പിണ്ഡം വയ്ക്കാതെ തന്നെ നമുക്ക് ഇതിനൊരു പരിഹാരം കണ്ടെത്താനാവില്ലേ? ഉത്തരവാദിത്വത്തോടെയുള്ള ഫോണ്‍ ഉപയോഗം നാം പഠിച്ചേ തീരൂ.

എങ്ങനെ നമുക്ക് മാറാം

എന്തിനാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ നിങ്ങള്‍ ഉപയോഗിക്കുന്നതെന്ന് നിങ്ങള്‍ത്തന്നെ പുനര്‍വിചിന്തനം ചെയ്യുക.

കാരണത്തില്‍ ശരികേടുണ്ടെങ്കില്‍ അതിനുള്ള പ്രതിവിധി തേടുക. സമയകാര്യത്തിലും കൃത്യനിഷ്ഠ പാലിക്കേണ്ടിയിരിക്കുന്നു. ഊണിലും ഉറക്കത്തിലും ഇത് കൊണ്ടു നടക്കേണ്ട കാര്യവുമില്ല. വരുന്ന എല്ലാ സന്ദേശങ്ങളും സദുദ്ദേശപരമെന്ന് തെറ്റിദ്ധരിക്കുകയുമരുത്. ഇന്‍ബോക്‌സ് സന്ദേശങ്ങള്‍ക്ക്, ആവശ്യമെങ്കില്‍ മാത്രം മറുപടി കൊടുക്കുക. അതിലൊന്നും അടിമപ്പെടാതിരിക്കുക. കുടുംബത്തിലെ ആര്‍ക്കും വായിക്കാവുന്ന രീതിയിലുള്ള സുതാര്യത ഇക്കാര്യത്തില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. സ്വകാര്യ ഫോാേകള്‍ പങ്കുവയ്ക്കാന്‍ ഇത്തരം മാധ്യമങ്ങള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്. കഴിവതും മാന്യമായ ഭാഷയില്‍ എഴുതുകയും പ്രതികരിക്കുകയും ചെയ്യുക. കുട്ടികളും ഇത് കണ്ടേക്കാം എന്നോര്‍ക്കണം. സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടി ഇത്തരം മാധ്യമങ്ങളില്‍ മുഖം പൂഴ്ത്തരുത്. ഇതൊരു സാങ്കല്പികലോകമാണെന്നും ജീവനും വിശപ്പുമുള്ള മനുഷ്യര്‍ ചുറ്റിലുമുണ്ടെന്ന കാര്യവും മറക്കാതിരിക്കുക.


ഫ്രണ്ട്‌സ് ലിസ്റ്റ് പെരുപ്പിക്കുമ്പോള്‍ സമയവും കുറെയധികം ചെലവാകുമെന്ന് ഓര്‍ക്കണം. അയാളും ഞാനും തമ്മില്‍ പൊതുവായി എന്തെങ്കിലുമുണ്ടോ? ഈ സൗഹൃദം എന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുമോ? തുടങ്ങിയ കാര്യങ്ങള്‍ മനസില്‍ സ്വയം ചോദിച്ചതിനു ശേഷം മാത്രം മതി ഇത്തരം തെരഞ്ഞെടുപ്പുകള്‍. അശ്ലീലഭാഷയ്ക്ക് മുഖമടച്ച് തന്നെ മറുപടി കൊടുക്കാന്‍ മടിക്കരുത്. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവരോട് തുറന്നു പറയാനും മടിക്കരുത്.

ചാറ്റിംഗ് വില്ലനാകുമ്പോള്‍

മറ്റൊരു പ്രധാന പ്രശ്‌നം തന്നെയാണ് ചാറ്റിംഗ് അഡിക്ഷന്‍. നല്ല സൗഹൃദം മാത്രം ആഗ്രഹിച്ചു തുടങ്ങുന്ന, പിന്നീട് ഇവര്‍ പോലും അറിയാതെ അഡിക്ഷന്റെ തലത്തിലേക്ക് വളരുന്ന ചാറ്റിംഗ് ജാഗ്രത പുലര്‍ത്തേണ്ട വിഷയം തന്നെയാണ്. സൗഹൃദബന്ധത്തിന്റെ കടിഞ്ഞാണ്‍ കൈപ്പിടിയില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പ്രാപ്തിയില്ലാത്തവരും, ആവശ്യത്തിനുള്ള അകലം കാത്തു സൂക്ഷിക്കാന്‍ സാധിക്കാത്തവരും, സമയ നിയന്ത്രണം ഇല്ലാത്തവരും ചാറ്റിംഗ് പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. വൈകാരികമായ അടിമത്തം, അതായത് ചാറ്റിംഗ് സമയം തെറ്റിയാല്‍ അസ്വസ്ഥത, ബന്ധംമൂലം വ്യക്തിജീവിതത്തില്‍ തകര്‍ച്ചകള്‍, ഏകാഗ്രത ഇല്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ വന്ന് തുടങ്ങിയാല്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഒന്നോര്‍ക്കുക

ജീവിതത്തില്‍ സന്തോഷം തരുന്ന കാര്യങ്ങള്‍ വേറെയുമുണ്ട്. ഇളംകാറ്റ്, പങ്കാളിയോടൊപ്പമുള്ള നിമിഷങ്ങള്‍, മക്കളുടെ ഒരു ചിരി, ഒരു തമാശ, പൊട്ടിച്ചിരി, നല്ലൊരു കാല്‍നട, പ്രിയപ്പെട്ട ഭക്ഷണം, അയലത്തെ വൃദ്ധരോട് ഒരു ഹ്രസ്വസംഭാഷണം, കുടുംബം ഒന്നിച്ചൊരു ഉല്ലാസയാത്ര, ഒരു സിനിമ, പുഴയിലൊരു കുളി, പാചകം അങ്ങനെയങ്ങനെ.....

മനുഷ്യനെ മനുഷ്യനാക്കി നിലനിര്‍ത്തുന്നത് സഹാനു ഭൂതി, സഹവര്‍ത്തിത്വം, സാമൂഹ്യബോധം തുടങ്ങിയ വിശേഷ ഗുണങ്ങള്‍ തന്നെയാണ്. നിയന്ത്രണമില്ലാത്ത ടെക്‌നോളജി ഉപയോഗം ഇത്തരം മാനു ഷികഗുണങ്ങള്‍ക്ക് ഒരു ഭീഷണി തന്നെയാണ്. ഫോണ്‍ ഉപയോഗം ഉത്തരവാദിത്വപൂര്‍ണ്ണമാകട്ടെ. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്ന പഴമൊഴി അന്നും ഇന്നും എന്നും പ്രസക്തമാണ്.

കുടുംബത്തിലെ പുതിയ വില്ലന്‍

കാരണങ്ങള്‍ എന്തു തന്നെയായാലും ഒരു മധ്യവര്‍ഗ കുടുംബത്തിലെ സായന്തനക്കാഴ്ച ഏതാണ്ട് താഴെപ്പറയുന്നതുപോലെയായിത്തുടങ്ങിയെന്ന് അനുഭവകഥകള്‍ സാക്ഷ്യ പ്പെടുത്തുന്നു. വ്യത്യസ്ത മുറികളിലിരുന്ന് സോഷ്യല്‍ മീഡിയയില്‍ ചാറ്റ് ചെയ്യുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍.പരസ്പരം ഫോണ്‍ നോക്കാന്‍ ഇരുവര്‍ക്കും അനുവാദവുമില്ല. കുട്ടികളുടെ കലപില ആസ്വദിക്കാനോ അവരുടെ കൊച്ചു വിശേഷങ്ങള്‍ കേള്‍ക്കാനോ ഇവര്‍ക്കാര്‍ക്കും നേരമില്ല. മക്കള്‍ ഫോണില്‍ എന്ത് ചെയ്യുന്നുവെന്ന് അന്വേഷിക്കാനും മാതാപിതാക്കള്‍ക്കു സമയമില്ലാതായി. പങ്കുവയ്ക്കലും തുറന്നു പറച്ചിലുകളുമില്ലാത്ത കുടുംബം എത്ര വിരസമായിരിക്കും! ഇതുമൂലം ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളും നിരവധിയാണ്.

ഡോ.അനു ശോഭ ജോസ് <./b>
സൈക്യാട്രിസ്റ്റ്, എംഎജിജെ ഹോസ്പിറ്റല്‍
മൂക്കന്നൂര്‍, അങ്കമാലി