ജീവിതശൈലിയും അര്‍ബുദവും
ജീവിതശൈലിയും അര്‍ബുദവും
Saturday, March 7, 2020 3:40 PM IST
അര്‍ബുദം ഒരു ജീവിതശൈലീരോഗമാണ് എന്നു പറയാം. തെറ്റായ ജീവിതശൈലിയും (ഉദാ: പുകവലി, മദ്യപാനം, മാനസിക പിരിമുറുക്കം, വ്യായാമക്കുറവ്) അനാരോഗ്യകരമായ ഭക്ഷണരീതിയുംകൊണ്ട് പൊണ്ണത്തടിയെപ്പോലെ കാന്‍സറുണ്ടാകാനുള്ള സാധ്യതയും ഇന്ന് കൂടുതലാണ്. ചില വ്യവസായശാലകളില്‍ ജോലിചെയ്യുന്നവര്‍ക്കു കാന്‍സറുണ്ടാകാന്‍ സാധ്യതയുണ്ട് (തൊഴില്‍ജന്യ അര്‍ബുദം), പരിസ്ഥിതി മലിനീകരണവും (വായുവിന്റെയും കുടിവെള്ളത്തിന്റെയും മലിനീകരണം), അധികം സൂര്യപ്രകാശമേല്‍ക്കുന്നതും കാന്‍സറിനു കാരണമാകുന്നു.

പൊണ്ണത്തടിയും കാന്‍സറും

പൊണ്ണത്തടിയും കാന്‍സറുമായി ബന്ധമുള്ളതായി കണ്ടുപിടിച്ചിട്ടുണ്ട്. വയറ്റില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് സ്തനങ്ങള്‍, ഗര്‍ഭാശയം, പാന്‍ക്രിയാസ് എന്നീ ഭാഗങ്ങളില്‍ കാന്‍സറുണ്ടാകാന്‍ (പ്രത്യേകിച്ചു സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിനു ശേഷം) സാധ്യത കൂട്ടുന്നു. ഇതിനുപുറമേ മലാശയം, വന്‍കുടല്‍, അന്നനാളം, വൃക്ക എന്നീ അവയവങ്ങളിലും കാന്‍സര്‍ ഉണ്ടാകാനിടയുണ്ട്. അമിതവണ്ണം കുറയ്ക്കുകയാണെങ്കില്‍ ഇത്തരം കാന്‍സറുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയും.

ഇതു ശ്രദ്ധിക്കാം

ആരോഗ്യകരമായ ശരീരഭാരമാണു പ്രധാനം. അധികം മെലിയുകയോ അമിതവണ്ണമുണ്ടാകുകയോ ചെയ്യാതെ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ഏതു പ്രായത്തിലും ശരീരഭാരം കൂടുന്നത് ഒഴിവാക്കണം. പൊണ്ണത്തടിയുണ്ടെങ്കില്‍ അതു കുറയ്ക്കുക. കൃത്യമായി വ്യായാമം ചെയ്യണം. അധികം കൊഴുപ്പും ഉപ്പും മധുരവുമുള്ള ഭക്ഷണപദാര്‍ഥങ്ങളും പാനീയങ്ങളും ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.

ആരോഗ്യകരമായ ശരീരഭാരം

പൊണ്ണത്തടികൊണ്ട് അര്‍ബുദം മാത്രമല്ല ഹൃദ്രോഗം, പ്രമേഹം, രക്താതിസമ്മര്‍ദം, ഉയര്‍ന്ന കൊളസ്റ്ററോള്‍ എന്നുതുടങ്ങി മറ്റു ജീവിതശൈലീരോഗങ്ങളും ഉണ്ടാകാനിടയുണ്ട്. അതുകൊണ്ട് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

ആരോഗ്യകരമായ ശരീരഭാരം ഒരു വ്യക്തിയുടെ ഉയരം അനുസരിച്ചിരിക്കും. ഇത് ബിഎംഐ (ബോഡി മാസ് ഇന്‍ഡക്‌സ്) എന്ന കണക്കനുസരിച്ചാണ് രേഖപ്പെടുത്തുന്നത്. ബിഎംഐ കൂടുതലാണെങ്കില്‍ ശരീരത്തില്‍ കൊഴുപ്പ് കൂടുതലാണെന്നും അത് ആരോഗ്യത്തിനു നന്നല്ല എന്നും മനസിലാക്കാം. പ്രമേഹം, ഹൃദ്രോഗം, രക്താതിസമ്മര്‍ദം, കാന്‍സര്‍ എന്നീ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മനസിലാക്കാന്‍ ബിഎംഐയുടെ തോത് ഒരു അളവുകോലായും പരിശോധനാരീതിയായും ഉപയോഗിക്കാം. ബിഎംഐ 18.5 മുതല്‍ 24.9 വരെയാണെങ്കില്‍ ആരോഗ്യകരമെന്നും 25 - 29.9 വരെയാണെങ്കില്‍ വളരെ കൂടുതലെന്നും 30ല്‍ കൂടുതലെങ്കില്‍ അതു പൊണ്ണത്തടിയാണെന്നും കണക്കാക്കാം.

കാന്‍സറും ഭക്ഷണരീതിയും

തെറ്റായ ഭക്ഷണരീതിയും പൊണ്ണത്തടിയും കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു. വായ, തൊണ്ട, അന്നനാളം, ആമാശയം, വന്‍കുടല്‍, സ്തനങ്ങള്‍ എന്നീ ഭാഗങ്ങളിലെ അര്‍ബുദങ്ങള്‍ക്ക് ഭക്ഷണരീതിയുമായി ബന്ധമുള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍

മൃഗക്കൊഴുപ്പിന്റെ അമിതോപയോഗംകൊണ്ടും ചുവന്ന മാംസം (ബീഫ്, മട്ടന്‍, പോര്‍ക്ക് എന്നിവ) അധികം കഴിക്കുന്നതുകൊണ്ടും വന്‍കുടലില്‍ കാന്‍സര്‍ ഉണ്ടാകാം. അതുകൊണ്ട് അത്തരം ഭക്ഷണം ഒഴിവാക്കണം. തൊലി കളഞ്ഞ കോഴിയിറച്ചി ഹാനികരമല്ല. മാംസാഹാരം കഴിയുന്നതും ഒഴിവാക്കുക. സസ്യാഹാരം ശീലമാക്കുന്നതാണ് നല്ലത്.

അധികം എരിവും ചൂടുമുള്ള ഭക്ഷണവും മദ്യപാനവും ആമാശയാര്‍ബുദം ഉണ്ടാകാന്‍ സാധ്യത കൂട്ടുന്നു. അതുകൊണ്ട് അത്തരം ഭക്ഷണം ഒഴിവാക്കുക. മദ്യപാനം നിര്‍ത്തുകയും വേണം.

ഒരിക്കല്‍ ചൂടാക്കിയ എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. പാചകത്തിന് അമിതമായി എണ്ണ ഉപയോഗിക്കാതിരിക്കുക. കൃത്രിമ മസാലകള്‍ കുറയ്ക്കണം. അച്ചാര്‍, കരിഞ്ഞ ഭക്ഷണം, കൂടുതലായി കൃത്രിമമധുരം (ഉദാ: സാക്കറിന്‍) ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍, പൂപ്പല്‍ വന്ന കേടായ ഭക്ഷണം, എണ്ണപ്പലഹാരങ്ങള്‍, ടിന്നിലും പാക്കറ്റിലും വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ (ഇവയില്‍ കേടുവരാതിരിക്കാന്‍ പ്രിസര്‍വേറ്റീവ് ചേര്‍ത്തിരിക്കും), കൂടുതല്‍ ഉപ്പും മധുരവും മസാലയും എണ്ണയും ചേര്‍ത്ത ഭക്ഷണം, പുകച്ചു തയാറാക്കുന്ന ഇറച്ചി, മാംസംകൊണ്ടുള്ള അച്ചാറുകള്‍, കൊഴുപ്പ് കൂടിയ ഭക്ഷണം, അജിനോമോട്ടോ കലര്‍ന്ന ആഹാരം, കൃത്രിമനിറം ചേര്‍ത്ത മധുരപലഹാരങ്ങള്‍ എന്നീ ഭക്ഷണസാധനങ്ങളുടെ അമിതോപയോഗം ഒഴിവാക്കണം

കാന്‍സര്‍ തടയാം; ഈ ഭക്ഷണത്തിലൂടെ

* ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കണം. ഇത് ദിവസേന 400 ഗ്രാം മുതല്‍ 800 ഗ്രാം വരെ കഴിക്കാന്‍ ശ്രമിക്കണം. (ബീറ്റ്‌റൂട്ട്, കാരറ്റ്, ഓറഞ്ച്, പപ്പായ, കാപ്‌സിക്കം, തണ്ണിമത്തന്‍, പേരയ്ക്ക്, മുന്തിരി, തക്കാളി തുടങ്ങിയവ).
* ഗ്രീന്‍ ടീ കുടിക്കുക.
* മഞ്ഞളിലെ കുര്‍ക്കുമിന്‍, ഉള്ളിയിലെ കാര്‍സൈറ്റിന്‍ എന്നീ രാസപദാര്‍ഥങ്ങള്‍ കാന്‍സര്‍ തടയാന്‍ (പ്രത്യേകിച്ച് വന്‍കുടലിലെ കാന്‍സര്‍) സഹായിക്കുന്നു.
* വിറ്റാമിന്‍ ഇ അടങ്ങിയ നട്‌സ്, ബീന്‍സ്, കടല എന്നിവയും സെലീനിയം അടങ്ങിയ ഗോതമ്പ്, ഓട്‌സ്, നട്‌സ് എന്നിവയും വെളുത്തുള്ളിയും കാന്‍സര്‍ (പ്രത്യേകിച്ച് പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ കാന്‍സര്‍) തടയാന്‍ സഹായിക്കും.
* സോയാബീന്‍, സോയാമില്‍ക്ക് എന്നിവ സ്തനങ്ങള്‍, വന്‍കുടല്‍, പ്രോസ്‌റ്റേറ്റ് എന്നീ ഭാഗങ്ങളില്‍ കാന്‍സര്‍ ഉണ്ടാകുന്നത് തടയും.
* കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി എന്നിവ സ്ത്രീകളിലെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ നിയന്ത്രിച്ച് സ്തനാര്‍ബുദം തടയുന്നു.
* തക്കാളിയിലെ ലൈക്കോപ്പിന്‍ എന്ന രാസവസ്തു കാന്‍സര്‍ വരുന്നത് തടയുകയും കാന്‍സര്‍രോഗം വ്യാപിക്കുന്നത് തടയുകയും ചെയ്യുന്നു.
* വെളുത്തുള്ളിയില്‍ കാന്‍സര്‍ തടയുന്ന മുപ്പതോളം ഘടകങ്ങളുണ്ട്. വെളുത്തുള്ളി മുറിച്ച് പത്തുമിനിറ്റിനു ശേഷം പാകം ചെയ്യുന്നതാണ് നല്ലത്.
* നാരങ്ങാനീര് കാന്‍സറിനെ തടയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
* വാഴക്കൂമ്പ്, വാഴപ്പിണ്ടി, ഇലക്കറികള്‍ (മുരിങ്ങയില, ചീര, പുതിനയില, മല്ലിയില തുടങ്ങിയവ),പച്ചക്കറികള്‍ (ഉദാ: മുരിങ്ങക്കായ്, പടവലങ്ങ) എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.

* നെല്ലിക്ക, ഓറഞ്ച്, മുന്തിരി എന്നിവയും കാന്‍സര്‍ തടയാന്‍ സഹായിക്കും.

തൊഴില്‍ജന്യ അര്‍ബുദം

തൊഴിലിന്റെ ഭാഗമായി പല രാസവസ്തുക്കളുമായി ഇടപഴകേണ്ടിവരുന്നവര്‍ക്ക് അര്‍ബുദസാധ്യത കൂടുതലാണ്. തുടര്‍ച്ചയായി കീടനാശിനികള്‍ ഉപയോഗിക്കുന്നവര്‍ക്ക് രക്താര്‍ബുദം (ലുക്കീമിയ), ലസികാവ്യവസ്ഥയുടെ അര്‍ബുദം (ലിംഫോമ) എന്നിവയും ആമാശയം, പ്രോസ്‌റ്റേറ്റ്, ചര്‍മം, ശ്വാസകോശം എന്നീ ഭാഗങ്ങളിലെ കാന്‍സറും ഉണ്ടാകാനിടയുണ്ട്. രാസവസ്തുക്കളുടെ നിര്‍മാണം, റബര്‍ വ്യവസായം, തുകല്‍വ്യവസായം, ഔഷധനിര്‍മാണം, പെട്രോളുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍, പ്രിന്റിംഗ് വ്യവസായം, ഡ്രൈക്ലീനിംഗ് വ്യവസായം തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന ബെന്‍സീന്‍ എന്ന രാസവസ്തു ശ്വാസകോശാര്‍ബുദം, ലുക്കീമിയ, ലിംഫോമ എന്നിവയുണ്ടാകാന്‍ കാരണമാകാറുണ്ട്. ഫര്‍ണിച്ചര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ തടിയുടെ പൊടി ശ്വസിക്കുന്നതു മൂക്കിലും സൈനസുകളിലും കാന്‍സറുണ്ടാക്കുന്നു. പാറ പൊട്ടിക്കുന്ന തൊഴിലാളികള്‍ക്ക് ശ്വാസകോശാര്‍ബുദം ഉണ്ടാകാം. ആസ്ബറ്റോസ് പൊടി ശ്വസിക്കുന്നതും (സിമന്റ്, പൈപ്പ്, പ്ലാസ്റ്റിക്, തുണി, പേപ്പര്‍ തുടങ്ങിയ വ്യവസായവും കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട തൊഴിലാളികള്‍) ശ്വാസകോശാര്‍ബുദത്തിനു കാരണമായേക്കാം. ഹെയര്‍ സലൂണുകളിലും ബ്യൂട്ടിപാര്‍ലറുകളിലും (പ്രത്യേകിച്ചു നഖങ്ങള്‍ ഭംഗിയാക്കുന്നവര്‍) ജോലി ചെയ്യുന്നവര്‍ ഫോര്‍മാല്‍ഡിഹൈഡ് എന്ന രാസപദാര്‍ഥവുമായി ഇടപഴകുന്നത് കാന്‍സറിനു കാരണമാകാം. ബാറിലെ ജോലിക്കാര്‍, വെയിറ്റര്‍മാര്‍ എന്നിവര്‍ പരോക്ഷ പുകവലിക്ക് ഇരയാകുന്നത് (പുകവലിക്കാര്‍ പുറത്തുവിടുന്ന പുക ശ്വസിക്കുന്നത്) ശ്വാസകോശാര്‍ബുദത്തിന് കാരണമായേക്കാം.

പരിസ്ഥിതിയും കാന്‍സറും

അത്യധികമായ സൂര്യപ്രകാശം ഏല്‍ക്കുന്നതും കൂടുതല്‍ നേരം സൂര്യപ്രകാശമേല്‍ക്കുന്നതും ചര്‍മാര്‍ബുദത്തിന് കാരണമാകാറുണ്ട്. മലിനവസ്തുക്കളായ രാസപദാര്‍ഥങ്ങള്‍ കലരുന്നതുമൂലം വെള്ളവും വായുവും മലിനപ്പെടുന്നതും അര്‍ബുദമുണ്ടാക്കാനിടയുണ്ട്. രാസവളങ്ങള്‍, കീടനാശിനികള്‍ എന്നിവയുടെ അമിതോപയോഗം കാന്‍സറിനു കാരണമാകാം. അന്തരീക്ഷവായു മലിനമാക്കുന്നതില്‍ സിഗരറ്റ്പുകയും ഒരു കാരണമാണ്. പുകവലിക്കാര്‍ വലിച്ചു പുറത്തേക്കുവിടുന്ന പുകയില്‍ ശ്വാസകോശാര്‍ബുദമുണ്ടാക്കാനിടയുള്ള പല രാസഘടകങ്ങളുമുണ്ട്. ഈ പുക കലര്‍ന്ന വായു ശ്വസിക്കുന്നതും ശ്വാസകോശാര്‍ബുദം ഉണ്ടാക്കാം. വൃത്തിയാക്കാനുപയോഗിക്കുന്ന ചിലതരം ലായനികള്‍, നാഫ്ത്തലിന്‍ ഗുളികകള്‍ എന്നിവ പുറത്തുവിടുന്ന ചില രാസവസ്തുക്കള്‍ വായുവില്‍ കലരുന്നതും അര്‍ബുദത്തിനു കാരണമാകാറുണ്ട്. പ്ലൈവുഡും മരംകൊണ്ടുണ്ടാക്കുന്ന ഫര്‍ണിച്ചറും മറ്റു വസ്തുക്കളും പുറത്തുവിടുന്ന ഫോര്‍മാല്‍ഡിഹൈഡ് എന്ന രാസവസ്തു കാന്‍സര്‍ ഉണ്ടാക്കും.

കുടിവെള്ളത്തില്‍ ആര്‍സനിക് എന്ന രാസവസ്തുവിന്റെ തോത് കൂടുന്നത് കാന്‍സറിനിടയാക്കാം (വന്‍കുടല്‍, മൂത്രാശയം, കരള്‍, വൃക്ക, ശ്വാസകോശം, ചര്‍മം എന്നീ ഭാഗങ്ങളിലെ കാന്‍സര്‍). ഗ്രാമങ്ങളിലെ ചില കിണറുകളിലെ വെള്ളത്തില്‍ ഉയര്‍ന്ന തോതില്‍ ആര്‍സനിക് കാണാറുണ്ട്. ഇത് 10 പിപിബി (പാര്‍ട്‌സ് പെര്‍ ബില്യണ്‍) എന്ന അളവിനേക്കാള്‍ കൂടുതലാണെങ്കില്‍ ആ വെള്ളം കുടിക്കാന്‍പാടില്ല (പകരം കുപ്പിയില്‍ സീല്‍ ചെയ്തു ലഭിക്കുന്ന വെള്ളം കുടിക്കുന്നതാണ് സുരക്ഷിതം). വെള്ളം അരിക്കുകയോ യന്ത്രംവഴി ഫില്‍ര്‍ ചെയ്യുകയോ ചെയ്താലൊന്നും ആര്‍സനിക് നീക്കം ചെയ്യപ്പെടുന്നില്ല.

മൊബൈല്‍ഫോണില്‍നിന്നു പുറത്തുവരുന്ന റേഡിയേഷന്‍, പ്ലാസ്റ്റിക്കിലടങ്ങിയ ബിപിഎ, സൗന്ദര്യവര്‍ധക വസ്തുക്കളിലെ പാരബെന്‍, ഭക്ഷ്യവസ്തുക്കളിലും പച്ചക്കറികളിലും ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ എന്നിവയുടെ അംശങ്ങള്‍ ഇവയെല്ലാം അര്‍ബുദമുണ്ടാക്കുമെന്ന് പുതുതായി കണ്ടുപിടിക്കപ്പെട്ട ഘടകങ്ങളാണ്.

എന്നാല്‍ മൈക്രോവേവ് അവ്ന്‍, വിയര്‍പ്പുമണം ഇല്ലാതാക്കുന്ന സ്‌പ്രേകള്‍, എറിഞ്ഞുകളയാവുന്ന വെള്ളക്കുപ്പികള്‍ എന്നിവയൊന്നും കാന്‍സര്‍ ഉണ്ടാക്കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കാന്‍സര്‍ തടയാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്:
1. പുകവലിക്കാതിരിക്കുക. പുക ശ്വസിക്കുന്നത് ഒഴിവാക്കണം. പുകവലികൊണ്ട് 90 ശതമാനം ശ്വാസകോശാര്‍ബുദവും 30 ശതമാനം മറ്റ് അര്‍ബുദങ്ങളുണ്ടാകുന്നു.
2. പുകയില ചവയ്ക്കുന്നത് ഒഴിവാക്കുക.
3. മദ്യപാനം ഒഴിവാക്കണം. മദ്യപാനവും പുകവലിയും ഒന്നിച്ചു ചെയ്യുന്നത് കൂടുതല്‍ അപകടമാണ്. സ്തനം, കരള്‍, വന്‍കുടല്‍, മലാശയം, തൊണ്ട, സ്വനപേടകം, അന്നനാളം എന്നിവയിലും കാന്‍സറുണ്ടാവാം.
4. മാംസം, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം, എണ്ണപ്പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക.
5. മീന്‍ കൂടുതലായി കഴിക്കുക.
6. പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുക.
7. ചോക്ലേറ്റ്, പിസ, ശീതളപാനീയങ്ങള്‍ എന്നിവ കുറയ്ക്കണം
8. അമിതമായി ഉപ്പും മധുരവും കഴിക്കാതിരിക്കുക.
9. കൃത്യമായി വ്യായാമം ചെയ്യണം. വ്യായാമക്കുറവുകൊണ്ട് സ്തനാര്‍ബുദം, വന്‍കുടലിലെ അര്‍ബുദം എന്നിവയുണ്ടാകാം.
10. മാനസികപിരിമുറുക്കം കുറയ്ക്കുക
11. ശരീരഭാരം അധികം കൂടുകയോ കുറയുകയോ ചെയ്യാതെ നിലനിര്‍ത്തണം
12. അധികം സൂര്യപ്രകാശം കൊള്ളാതിരിക്കുക.
13. ചിലതരം കാന്‍സറുകള്‍ക്കെതിരായ (അണുബാധകൊണ്ട് ഉണ്ടാകുന്നവ) പ്രതിരോധ കുത്തിവയ്പുകള്‍ നടത്തുക.
14. കാന്‍സര്‍ കണ്ടുപിടിക്കാനുള്ള പരിശോധനകള്‍ ഇടയ്ക്കിടെ നടത്തണം
15. എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഡോക്ടറെ കാണുക.

ഡോ.(മേജര്‍) നളിനി ജനാര്‍ദനന്‍
പൂനെ