അമ്മു; യാത്രക്കാരുടെ വഴികാട്ടി
അമ്മു; യാത്രക്കാരുടെ വഴികാട്ടി
Wednesday, May 13, 2020 4:14 PM IST
ഓര്‍ഡിനറി എന്ന സിനിമയിലെ ഗവി ഗേള്‍, പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയിലെ ചക്കാട്ട് ഗോപന്‍, കുമ്പളങ്ങി നൈറ്റ്‌സിലെ ഹോം സ്‌റ്റേ നടത്തുന്ന ബേബിമോള്‍... ഇവരൊക്കെ സിനിമാ കഥാപാത്രങ്ങളാണ്. എന്നാല്‍ ഇവരെപ്പോലെ ഒരാള്‍ ഇങ്ങ് കുമരകത്തുണ്ട്. കുമരകത്തെത്തുന്ന വിനോദ സഞ്ചാരികളുടെ സ്വന്തം ഗൈഡായ അമ്മു. ഇവിടെയെത്തുന്ന ടൂറിസ്റ്റുകളെ വിവിധയിടങ്ങളിലും വീടുകളിലും കൊണ്ടുപോകുന്ന ടീമിലെ അംഗമാണ് അമ്മു എന്ന വിദ്യാമോള്‍.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഉത്തരവാദിത്വ ടൂറിസം മിഷന്റെ കുമരകത്തെ വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജില്‍ കമ്യൂണിറ്റി ടൂര്‍ ലീഡറായി പ്രവര്‍ത്തിക്കുകയാണ് ഈ 25കാരി. ഇതിലൂടെ ലഭിക്കുന്ന ചെറിയ വരുമാനത്തിലൂടെ പഠനം നടത്തുന്നതിനൊപ്പം കുടുംബത്തിനു കൈത്താങ്ങാകുകയും ചെയ്യുകയാണ് ഈ പെണ്‍കുട്ടി.

തുടക്കം പേപ്പര്‍ ബാഗ് യൂണിറ്റിലൂടെ

കവണാറ്റിന്‍കര, മാഞ്ചിറ പുളിമ്പറമ്പില്‍ വിക്രമന്റെയും ഷേര്‍ളിയുടെയും നാലു പെണ്‍മക്കളില്‍ മൂന്നാമത്തെയാളായ പി.വി. വിദ്യാമോള്‍ പേപ്പര്‍ ബാഗ് യൂണിറ്റ് ആരംഭിച്ചാണ് ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. ഉത്തരവാദിത്വ ടൂറിസം സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാറും കുമകരത്തെ കോ ഓര്‍ഡിനേറ്റര്‍ ഭഗത് സിംഗുമാണ് വിദ്യയ്ക്ക് കമ്യൂണിറ്റി ടൂര്‍ ലീഡറായി പരിശീലനവും പ്രോത്സാഹനവും നല്‍കിയത്.

പഠനത്തോടൊപ്പം ഇടവേളകളിലാണ് ടൂര്‍ ലീഡറായി പോവുക. ഓരോ വീടുകളിലും സഞ്ചാരികളുമായി എത്തി കാര്‍ഷിക വിളകളെ പരിചയപ്പെടുത്തും. കയറു പിരിക്കലും ഓലമെടയലും തഴപ്പായ നെയ്ത്തും കള്ളുചെത്തും വല വീശലുമെല്ലാം കാണുന്ന ടൂറിസ്റ്റുകളെ ഇന്നാടിന്റെ തനതു പെരുമ വശ്യതയോടെ അു അറിയിക്കുകയാണ്.

ഹാഫ് ഡേ പാക്കേജിനു 600 രൂപയും ഫുള്‍ ഡേ പാക്കേജിനു 1200 രൂപയും പ്രതിഫലം ലഭിക്കും. ആഴ്ചയില്‍ രണ്ടു പാക്കേജുകളെങ്കിലും ലഭിക്കും. സീസണ്‍ സമയത്ത് ടൂര്‍ പാക്കേജുകള്‍ കൂടും. ഒേറെ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കൊപ്പം ഇതോടകം ലീഡറായി അു പോയിട്ടുണ്ട്. വന്നു പോകുന്ന സഞ്ചാരികളുമായി തുടര്‍ന്നും ബന്ധം പുലര്‍ത്തുന്ന അമ്മുവിന് വിവിധ രാജ്യങ്ങളില്‍ സൗഹൃദവലയമുണ്ട്. എംഎസ്‌സി ഫിസിക്‌സ് പഠനം പൂര്‍ത്തിയാക്കിയ അമ്മു ടൂര്‍പാക്കേജ് ഭംഗിയായി മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം ടൂറിസം ഉപരിപഠനത്തിനുള്ള നീക്കത്തിലാണ്.



സഞ്ചാരികളുടെ കൂട്ടുകാരി

വേമ്പനാട്ടു കായലും കെട്ടുവള്ളവും കുമരകവും കരിമീന്‍ രുചിയുമൊക്കെ സഞ്ചാരികള്‍ ഇന്ന് അറിയുന്നത് അമ്മുവില്‍നിന്നാണ്. ദൈവത്തിന്റെ സ്വന്തം നാടുകാണാനെത്തിയ അതിഥികള്‍ക്ക് കുമരകവും കുട്ടനാടും അറിയിക്കാന്‍ അുവിന്റെ അറിവും അനുഭവവും ഏറെയാണ്. കെട്ടുവള്ളത്തില്‍ കുമരകത്തെ പച്ചപുതച്ച കൈത്തോടുകളിലൂടെ സഞ്ചാരികള്‍ക്കൊപ്പം ഒരുവട്ടം കറങ്ങുമ്പോള്‍ തന്നെ സഞ്ചാരികളുടെ ഉറ്റ സുഹൃത്തായി അു മാറും.

തെങ്ങോലത്തലപ്പുകള്‍ മാടിവിളിക്കുന്ന തുരുത്തുകളിലിറങ്ങി അവിടത്തെ വീടുകളും വീട്ടുകാരെയും പരിചയപ്പെു കൂടി കഴിയുന്നതോടെ സഞ്ചാരികളുടെ സ്വന്തമാവുകയാണ് അമ്മു.

കേരളീയ തനിമയില്‍ ഉച്ചയ്ക്ക് തൂശനിലയില്‍ കുത്തരിച്ചോറും കറിവട്ടവും പഴവും പായസവും കൂട്ടി ഊണ്. ചെറിയ മയക്കം കഴിഞ്ഞ് ഗ്രാമ സൗന്ദര്യത്തിന്റെ തനിമയും കുളിര്‍മയും അറിഞ്ഞുള്ള യാത്ര അവസാനിച്ച് പിരിയാന്‍ നേരം അമ്മുവിനു ഷേക്ക് ഹാന്‍ഡ് നല്‍കുമ്പോള്‍ 'നൈസ് ടു മീറ്റ് യു അമ്മു ' എന്നാണ് സഞ്ചാരികള്‍ ചിരിയോടെ പറഞ്ഞുപോവുക. ചുരുങ്ങിയ സമയത്തിനുള്ളില്‍ അമ്മുവിനു ടൂറിസം രംഗത്തെ മികച്ച ഒരു ഗൈഡ് എന്നതിലുപരി സഞ്ചാരികളുടെ പ്രിയപ്പെട്ട സഹയാത്രികയാകാന്‍ കഴിഞ്ഞു .

ജിബിന്‍ കുര്യന്‍
ഫോട്ടോ: അനൂപ് ടോം