അമ്മ വേഷങ്ങളില്‍ തിളങ്ങി ശ്രീലക്ഷ്മി
അമ്മ വേഷങ്ങളില്‍ തിളങ്ങി ശ്രീലക്ഷ്മി
Friday, May 22, 2020 4:57 PM IST
ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും പ്രേക്ഷക ഇഷ്ടം നേടിയ കലാകാരിയാണ് ശ്രീലക്ഷ്മി. ഭൂതക്കണ്ണാടി, ഗുരു, ദി കാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഈ താരം ഇന്ന് അമ്മ വേഷങ്ങളിലൂടെയാണ് നിറഞ്ഞു നില്‍ക്കുന്നത്. സ്‌കൂള്‍ പഠനകാലത്ത് നൃത്തവേദികളില്‍ തിളങ്ങിയപ്പോള്‍ ശ്രീലക്ഷ്മിയെ തേടി സിനിമ ചെല്ലുകയായിരുന്നു. പരമ്പരയിലും സിനിമയിലും തുടക്കകാലത്തു തന്നെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടാനും സാധിച്ചു. ഇടവേളയ്ക്കു ശേഷം അഭിനയ മേഖലയിലേക്കു തിരികെ എത്തിയപ്പോഴും പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഈ കലാകാരിയെ തേടിയെത്തി. ന്യൂജനറേഷന്‍ അമ്മയായി തിരക്കേറുന്ന ശ്രീലക്ഷ്മിയുടെ വിശേഷങ്ങള്‍...

? തിരിച്ചുവരവില്‍ അമ്മവേഷങ്ങളില്‍ ഒതുങ്ങിപ്പോകുന്നു എന്നു തോന്നാറുണ്ടോ

എല്ലാത്തരം കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. നിവിന്‍ പോളിയുടെ അമ്മയായി വടക്കന്‍ സെല്‍ഫി, സഖാവ്, വിനീത് ശ്രീനിവാസന്റെ അമ്മയായി മനോഹരം, ആസിഫിന്റെ അമ്മയായി അണ്ടര്‍വേള്‍ഡ് എന്നിവയിലും അഭിനയിച്ചു. അമ്മവേഷം ചെയ്യാന്‍ ആളു കുറവായതിനാലാകാം എന്നെ ഇത്തരം റോളുകളിലേക്കു പരിഗണിക്കുന്നത്. എങ്കിലും ഇനിയും നല്ല കഥാപാത്രങ്ങള്‍ എന്നെ തേടിവരും എന്ന പ്രതീക്ഷയിലാണ് ഞാന്‍. അഭിനയം ഇഷ്ടമായതിനാലാണ് സിനിമയിലേക്കു തിരികെ എത്താനായത്.

തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നോ

കുടുംബമായി ഞങ്ങള്‍ ദുബായിലായിരുന്നു. അഞ്ചു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കുന്നത്. കെ.കെ രാജീവിന്റെ സീരിയലുകള്‍ ഞാന്‍ ചെയ്യുന്നുണ്ടായിരുന്നു. സിനിമയിലേക്ക് വീണ്ടും അവസരം കിട്ടുന്നത് അപ്രതീക്ഷിതമായിാണ്. വിനീത് ശ്രീനിവാസനാണ് ഒരു ദിവസം ഫോണില്‍ വിളിച്ച് നിവിന്റെ അമ്മ വേഷമുണ്ട്, ചെയ്യുമോ എന്ന് ചോദിക്കുന്നത്. അവിടെനിന്ന് പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചു.

പരമ്പരയിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക്

തിരിച്ചുവരവില്‍ ആദ്യം ചെയ്യുന്നത് അമൃത ടിവിയില്‍ സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത അര്‍ധചന്ദ്രന്റെ രാത്രി എന്ന പരമ്പരയാണ്. ഒരു നോവലിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു. അതു ചെയ്തതപ്പോള്‍ വീണ്ടും സംസ്ഥാന അവാര്‍ഡു ലഭിച്ചു. പിന്നീടാണ് കെ.കെ രാജീവിന്റെ പെണ്ണിന്റെ കഥ, അമ്മമനസ് എന്നീ പരമ്പരകള്‍. സിനിമയുടെ ഇടവേളകളില്‍ എപ്പിസോഡുകള്‍ കുറവുള്ള പരമ്പരകളിലാണ് അഭിനയിക്കാറുള്ളത്.

തിരികെ എത്തിയപ്പോള്‍ സിനിമയുടെ മാറ്റം

സിനിമയ്ക്കു സംഭവിച്ച മാറ്റം വളരെ നല്ലതെന്നാണു തോന്നിയത്. സീനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന ബഹുമാനം കിട്ടുന്നുണ്ട്. ടെക്‌നിക്കലി സിനിമ ഒരുപാട് മാറി. ഒരു സന്ദര്‍ഭം തരുമ്പോള്‍ ഒപ്പമുള്ളവരോട് ചര്‍ച്ച ചെയ്തു നമ്മുടേതായ രീതിയില്‍ ഇന്ന് അവതരിപ്പിക്കാനാകും. മുമ്പ് തിരക്കഥയിലെ ഡയലോഗുകള്‍ തെറ്റുകൂടാതെ പഠിച്ച് പ്രോംപ്റ്റിംഗ് കേ് ടൈമിംഗ് അഡ്ജസ്റ്റ് ചെയ്താണ് അവതരിപ്പിക്കുന്നത്.



? കരിയറിന്റെ തുടക്കത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനായല്ലോ

ആറു സിനിമയാണ് അന്നു ഞാന്‍ ചെയ്തത്. അന്നത്തെ എല്ലാ നായകന്മാര്‍ക്കുമൊപ്പം ഓരോ സിനിമ വീതം ചെയ്യാന്‍ സാധിച്ചു. എന്റെ ആദ്യ ചിത്രം പൊരുത്തമായിരുന്നു. പഠിക്കുന്ന സമയത്ത് കലാതിലകമായപ്പോള്‍ പത്രത്തില്‍ വന്ന ഫോട്ടോസ് കണ്ടിട്ടാണ് പൊരുത്തത്തിലേക്ക് അവസരം കിട്ടുന്നത്. പതിനാറ്- പതിനേഴ് വയസുള്ളപ്പോഴാണ് പൊരുത്തം ചെയ്യുന്നത്. പിന്നീട് ദൂരദര്‍ശനു വേണ്ടി ശ്യാമപ്രസാദ് സംവിധാനം ചെയ്ത മരണം ദുര്‍ബലം എന്ന പരമ്പര ചെയ്തു. അതിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും തേടിയെത്തി.

സൂപ്പര്‍താര ചിത്രങ്ങളുടെ നായിക

15 വയസുള്ള കുട്ടിയുടെ അമ്മ വേഷമാണ് ഭൂതക്കണ്ണാടിയില്‍ ഞാന്‍ അവതരിപ്പിച്ചത്. എനിക്കന്നു 20 വയസാണ്. നല്ല ശക്തമായ പുള്ളുവത്തി കഥാപാത്രമായിരുന്നു അത്. നിര്‍മാതാവ് കിരീടം ഉണ്ണിച്ചേട്ടനാണ് ഫോണ്‍ വിളിച്ച് ലോഹിതദാസ് സാറിന്റെ ചിത്രത്തെക്കുറിച്ച് പറയുന്നത്. മമ്മൂട്ടിയാണ് നായകന്‍ എന്നു പറഞ്ഞപ്പോള്‍ പിന്നെ എനിക്കു പൂര്‍ണ സമ്മതമായിരുന്നു. ഷൊര്‍ണൂരിലെ ലൊക്കേഷനിലെത്തിക്കഴിഞ്ഞാണ് കഥാപാത്രത്തെക്കുറിച്ച് അറിയുന്നത്. അത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കുന്നത് ചലഞ്ചിംഗായി എനിക്കും തോന്നി. ലോഹിതദാസ് സാറ് പറഞ്ഞുതന്നതുപോലെയാണ് എല്ലാം ചെയ്തിരിക്കുന്നത്. അതു പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടു. ഒപ്പം മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. രാജീവ് അഞ്ചലിന്റെ ഗുരുവായിരുന്നു പിന്നീട് ചെയ്തത്. ഒരു നാടന്‍ പെണ്‍കുട്ടിയുടെ വേഷം. പതിനഞ്ചു വയസുള്ള കുട്ടിയുടെ അമ്മയില്‍ നിന്നു പാവാടയും ബ്ലൗസുമിട്ടു നടക്കുന്ന പതിനെട്ടുകാരി പെണ്‍കുട്ടിയുടെ കഥാപാത്രം ആകര്‍ഷിച്ചു. പിന്നീട് ദി കാര്‍, താലോലം, മാട്ടുപ്പെട്ടി മച്ചാന്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. വിവാഹത്തോടെ കുടുംബമായി ദുബായില്‍ സെറ്റിലായി.

നൃത്തത്തിനോട് ഇഷ്ടം

ജീവിതത്തിനൊപ്പം എന്നും നൃത്തമുണ്ടായിരുന്നു. ഇപ്പോഴും സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ സമയം കിട്ടുമ്പോള്‍ പ്രോഗ്രാമുകള്‍ ചെയ്യും. കഴിഞ്ഞ ഏഴു വര്‍ഷമായി ടെംപിള്‍ ഓഫ് ആര്‍ട്‌സ് എന്ന നൃത്ത വിദ്യാലയം തിരുവനന്തപുരത്തു നടത്തുന്നുണ്ട്.

കുടുംബം

ഭര്‍ത്താവ് രതീഷും മക്കള്‍ അനന്തും അക്ഷിതും ചേരുന്നതാണ് എന്റെ കുടുംബം. മക്കള്‍ രണ്ടുപേരും പഠിക്കുന്നു. രതീഷ് ദുബായിലാണ് ജോലി ചെയ്യുന്നത്.

ലിജിന്‍.കെ ഈപ്പന്‍