സ്‌കിന്‍ അലര്‍ജിക്കുള്ള പ്രതിവിധികള്‍
സ്‌കിന്‍ അലര്‍ജിക്കുള്ള പ്രതിവിധികള്‍
Friday, October 30, 2020 5:03 PM IST
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. അതുകൊണ്ടുതന്നെ ത്വക്കിലുണ്ടാകുന്ന അസുഖങ്ങള്‍ ശാരീരികമായും മാനസികമായും നമ്മെ ബാധിക്കും. അതിനാല്‍ അതിന്റെ പ്രാധാന്യം പ്രത്യേകം പരിഗണിക്കേണ്ടതാണ്. നമ്മുടെ ശരീരം അതിന് അന്യമായ ചിലതിനോടു പ്രതികരിക്കും. ശരീരത്തിനുള്ളില്‍ ചെന്നാലും തൊലിപ്പുറമെയായാലും തിരസ്‌കരിക്കാന്‍ ശ്രമിക്കും. അസാധാരണമായ ഈ പ്രതികരണം സൃഷ്ടിക്കുന്ന അവസ്ഥ അതാണ് അലര്‍ജി.

ചില ആഹാര പദാര്‍ഥങ്ങള്‍ ചിലര്‍ക്ക് അലര്‍ജിയാണ്. മറ്റു ചിലര്‍ക്ക് അലര്‍ജി ആവണമെന്നില്ല. അതുപോലെ പൊടി, മാറാല, പുക എന്നിവ ചിലര്‍ക്കു തുമ്മല്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ആ വസ്തു അവര്‍ക്ക് അലര്‍ജിക് ആണ്. തീര്‍ച്ചയായും തൊലിപ്പുറമേ അതിന്റെ പ്രതികരണം കാണിക്കും അതായത് ചൊറിച്ചില്‍, കുരുക്കള്‍, പാടുകള്‍ ഒക്കെ ഉണ്ടാകും. ശരീരത്തിന്റെ ഉള്ളില്‍ ചെന്നതിന്റെ പ്രതിപ്രവര്‍ത്തനം കൂടുതലും തൊലിപ്പുറമേ കാണിക്കാറുണ്ട്. എങ്കില്‍ ഈ അലര്‍ജിക്ക് പ്രതിവിധികളുമുണ്ട്. വളരെ പെട്ടെന്ന് പരിഹരിക്കാവുന്നതും ദീര്‍ഘകാലം മരുന്ന് വേണ്ടുന്നവയും ഇതില്‍പ്പെടും.

സാധാരണയുള്ള ചര്‍മരോഗങ്ങള്‍

പൊടി, ഭക്ഷണം (കടല്‍ വിഭവങ്ങള്‍), ഹെയര്‍ ഡൈ, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ചില മരുന്നുകള്‍, പൂമ്പൊടി, ചിലയിനം തുണികള്‍, സൂര്യപ്രകാശം ഇവയില്‍ നിന്നെല്ലാം ചിലര്‍ക്ക് അലര്‍ജി ഉണ്ടാകാം. ശരീരമാകെ ചൊറിച്ചിലും പിന്നെ തടിച്ചുപൊങ്ങുന്നതും (Urticaria)കാണാറുണ്ട്. ഇങ്ങനെ ചുവന്നു തടിച്ചു പൊങ്ങുന്നത് 24 മണിക്കൂറിനുള്ളില്‍ അപ്രത്യക്ഷമാവുകയും ചെയ്യും. ചിലരില്‍ കണ്ണിനു ചുറ്റിനും ചുണ്ടുകളിലും ജനനേന്ദ്രിയങ്ങളിലും തടിച്ചുപൊങ്ങുകയും അല്ലെങ്കില്‍ ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുവരുകയും ചെയ്യുന്നു. അങ്ങനെ വന്നാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോകണം. ഏതുതരം ഭക്ഷണത്തില്‍ നിന്നും അലര്‍ജി വരാം. അങ്ങനെ വന്നാല്‍ അതിന്റെ ഉപയോഗം കുറയ്ക്കുക.

ഹെയര്‍ഡൈയും സൗന്ദര്യവര്‍ധക വസ്തുക്കളും

വളരെയധികം ആളുകളില്‍ കാണുന്ന ഒന്നാണ് ഹെയര്‍ ഡൈ മൂലമുള്ള അലര്‍ജി. ഹെയര്‍ ഡൈ ഉപയോഗിക്കുമ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെവിക്കു പിറകിലും മുഖത്തും തലയിലും കുരുക്കള്‍ വരുകയും ചെയ്യുന്നു. ചിലരില്‍ മുഖത്തും നെറ്റിയിലും കഴുത്തിലും കറുത്ത നിറത്തിലുള്ള പാടുകള്‍ ഉണ്ടാവുകയും ചെയ്യും. ഹെയര്‍ ഡൈയിലുള്ള അമോണിയ, PD (Para Phenylenediamine) എന്ന ഘടകമാണ് ഈ അലര്‍ജിക്ക് കാരണം. അതിനാല്‍ ഹെയര്‍ ഡൈ ഉപയോഗിക്കുമ്പോള്‍ അമോണിയ, പിപിഡി ഇല്ലാത്ത ഡൈ തെരഞ്ഞെടുക്കുക. ത്വക്‌രോഗവിദഗ്ധന്റെ നിര്‍ദേശപ്രകാരം ഡൈ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. അലര്‍ജി ഉണ്ടോയെന്നു നോക്കാന്‍ ചെവിയുടെ പുറകില്‍ കുറച്ച് ഹെയര്‍ ഡൈ ക്രീം തേക്കണം. 24 മുതല്‍ 48 വരെ മണിക്കൂറിനുള്ളില്‍ റിയാക്ഷന്‍ ഒന്നുമില്ലെങ്കില്‍ അത് ഉപയോഗിക്കാം. മറിച്ച് ചൊറിച്ചിലോ ചുവപ്പോ ഉണ്ടെങ്കില്‍ അത് ഒഴിവാക്കണം.

ചര്‍മത്തിനു നിറം നല്‍കാന്‍ കഴിയുന്നു എന്ന് അവകാശപ്പെടുന്ന പല ക്രീമുകളും ഇപ്പോള്‍ വിപണിയിലുണ്ട്. അതില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളെക്കുറിച്ച് നമുക്കു കൃത്യമായി അറിയില്ല. അതിനാല്‍ അത്തരം ക്രീമുകള്‍ പലരിലും അലര്‍ജി ഉണ്ടാക്കാറുണ്ട്. ത്വക്‌രോഗ വിദഗ്ധന്റെ നിര്‍ദേശമില്ലാതെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ക്രീമുകള്‍ വാങ്ങി ഉപയോഗിക്കുന്ന രീതി നല്ലതല്ല. കാരണം ഓരോരുത്തരുടെയും ത്വക്ക് വ്യത്യസ്തമാണ്.


സൂര്യപ്രകാശത്തില്‍ നിന്നുള്ള അലര്‍ജി

സൂര്യപ്രകാശം നമ്മുടെ ശരീരത്തിന് ആവശ്യമാണ്. കാരണം നുടെ എല്ലുകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിന്‍ ഡി കിട്ടുന്നത് സൂര്യപ്രകാശത്തില്‍ നിന്നാണ്. പക്ഷേ ഈ സൂര്യപ്രകാശം ചിലരില്‍ തൊലി കറുക്കുന്നതിനും (SunTan) അല്ലെങ്കില്‍ അലര്‍ജിക്കും (Dark or White patches) സാധ്യത ഉണ്ട്. അതുകൊണ്ട് സണ്‍സ്‌ക്രീന്‍ നിര്‍ബന്ധമായും ഉപയോഗിക്കുക. സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുമ്പോള്‍ മിനിമം SPF (Sun Protection Factor) 30 ഉം PA+++ (Ultra Violet Rays Protection) ഉള്ളത് ഉപയോഗിക്കണം. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ രാവിലെ ഒമ്പതിനും ഉച്ചയ്ക്ക് ഒന്നിനും ഉപയോഗിക്കുക. എന്നി് എല്ലാ മൂന്നു മണിക്കൂര്‍ കൂടുമ്പോഴും വീണ്ടും പുരുക. വീടിനകത്ത് ഇരുന്നാലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. കാരണം നമ്മുടെ ജനലിന്റെ ഉള്ളില്‍ കൂടെ വരുന്ന സൂര്യരശ്മികള്‍ പോലും ചിലപ്പോള്‍ അലര്‍ജി ഉണ്ടാക്കും.

മറ്റുതരം അലര്‍ജികള്‍

ചിലരില്‍ പൂമ്പൊടി അലര്‍ജി ഉണ്ടാക്കാറുണ്ട്. ചിലരിലും അലക്കു സോപ്പും പാത്രം കഴുകുന്ന സോപ്പുമൊക്കെ അലര്‍ജി ഉണ്ടാക്കും. ഇതുമൂലം കൈകാലുകള്‍ വരണ്ടുപൊട്ടും. ഇത്തരം പ്രശ്‌നമുള്ളവര്‍ പാത്രം കഴുകുന്നതിനുമുമ്പ് കൈയില്‍ കുറച്ച് വെളിച്ചെണ്ണയോ മോയ്‌സ്ചറൈസറോ ഉപയോഗിക്കണം. അല്ലെങ്കില്‍ ഗ്ലൗസ് ഉപയോഗിക്കുക.

കോവിഡ് കാലമായതിനാല്‍ നമ്മള്‍ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചിലരില്‍ സാനിറ്റൈസര്‍ അലര്‍ജി ഉണ്ടാക്കാറുണ്ട്. കാരണം ഇതില്‍ ആല്‍ക്കഹോളിന്റെ അംശം കൂടുതല്‍ ഉള്ളതുകൊണ്ട് ചര്‍മം വരളാന്‍ കാരണമാകുന്നു. അതുപോലെത്തന്നെ മാസ് ഉപയോഗത്തിനു മുമ്പും ശേഷവും മൈല്‍ഡ് ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കണം. എന്നീ മോയിസ്ചറൈസര്‍ ഉപയോഗിക്കുക. മുഖക്കുരു ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മോയിസ്ചറൈസര്‍ തെരഞ്ഞെടുക്കുക. തുണിക്കൊണ്ടുള്ള മാസ്‌ക് ആണെങ്കില്‍ നിത്യവും കഴുകി തേച്ച് ഉപയോഗിക്കണം.

വളരെ പ്രധാനപ്പെ ഒന്നാണ് ഫംഗല്‍ ഇന്‍ഫെക്ഷന്‍. കൂടുതലും ഈര്‍പ്പം കെട്ടിനില്‍ക്കുന്ന ഭാഗത്താണ് അതുകാണപ്പെടുന്നത്. അതുകൊണ്ട് തന്നെ അത് അലര്‍ജി ആയി തെറ്റിദ്ധരിക്കപ്പെടരുത്. അങ്ങനെ വന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മരുന്ന് ഉപയോഗിക്കുക. എന്നാല്‍ പലരും മരുന്നുകടകളില്‍ നിന്ന് സ്റ്റീറോയ്ഡ് ക്രീം വാങ്ങി ഉപയോഗിക്കാറുണ്ട്. ഇത്തരം ഉപയോഗം ചര്‍മത്തിന്റെ കട്ടി കുറയ്ക്കാനും ഫംഗസ് കൂട്ടാനും ഇടയാക്കും. ഏതുതരം അലര്‍ജി ആണെന്ന് കണ്ടുപിടിക്കാന്‍ ഇന്ന് അലര്‍ജി ടെസ്റ്റുകളും പാച്ച് ടെസ്റ്റും ലഭ്യമാണ്. തയാറാക്കിയത് റെജി ജോസഫ്


ഡോ. അമൃത എലിസബത്ത് വര്‍ഗീസ്
കണ്‍സള്‍ട്ടന്റ് ഡര്‍മറ്റോളജി ആന്‍ഡ് കോസ്‌മെറ്റോളജി
മാര്‍ സ്ലീവ മെഡിസിറ്റി, പാല