മനസേ...കൈവിട്ടു പോകല്ലേ
മനസേ...കൈവിട്ടു പോകല്ലേ
Tuesday, November 24, 2020 4:16 PM IST
ശാരീരിക പ്രശ്‌നങ്ങള്‍ പോലെതന്നെ പ്രാധാന്യമേറിയതാണു മാനസികപ്രശ്‌നങ്ങളും. ആരോഗ്യമുള്ള മനസുള്ളവര്‍ക്കേ ആരോഗ്യമുള്ള ശരീരമുണ്ടാകൂ. ഈ കൊറോണക്കാലത്ത് ഇത് ഓര്‍ക്കുന്നത് അത്യന്താപേക്ഷിതമാണ്. മനസിനെ തളര്‍ത്തുന്ന കാര്യങ്ങള്‍ നമ്മുടെ ശാരീരിര പ്രതിരോധശക്തിയേയും സാരമായി ബാധിക്കും.

മാനസിക രോഗങ്ങളെല്ലാം തലച്ചോറിന്റെ ഉള്ളിലെ രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിലുകള്‍ മൂലമാണുണ്ടാകുന്നത്. ചില മരുന്നുകളുടെ ഉപയോഗം, മാനസികസമ്മര്‍ദം, തലച്ചോറിലെ അണുബാധ, മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം എന്നിവ ഇതിനു കാരണമായേക്കാം.

പല തരത്തിലുള്ള മാനസിക രോഗങ്ങളുണ്ട്. ഏറ്റവും സാധാരണയായി കണ്ടുവരുന്നത് ഉത്കണ്ഠാരോഗം, വിഷാദം, സ്വഭാവരൂപീകരണ പ്രശ്‌നങ്ങള്‍ എന്നിവയാണ്. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങള്‍, മൂഡ് ഡിസോര്‍ഡര്‍, സൈക്കോട്ടിക് ഡിസോര്‍ഡര്‍, ചിത്തഭ്രമം എന്നു പറയുന്ന സ്‌കീസോഫ്രീനിയ, ആഹാരവുമായി ബന്ധപ്പെട്ട ഈറ്റിംഗ് ഡിസോര്‍ഡര്‍, മാനസികവും വൈകാരികവുമായ ക്ഷതമേറ്റവരില്‍ കാണപ്പെടുന്ന പോസ്റ്റ്‌ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍, മദ്യവും മയക്കുമരുന്നും കൊണ്ടുണ്ടാകുന്ന ചിത്തഭ്രമം എന്നിവയും വിരളമല്ല.

1. വിഷാദം

ഏറ്റവും സാധാരണയായി കണ്ടുവരുന്ന ഒരു മാനസിക പ്രശ്‌നമാണ് വിഷാദം, എപ്പോഴും സങ്കടപ്പെട്ടിരിക്കുക, ആത്മവിശ്വാസക്കുറവ്, സമൂഹത്തില്‍ നിന്ന് ഉള്‍വലിയുക, ഉറക്കക്കുറവ്, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇതു പലപ്പോഴം മൂര്‍ച്ഛിച്ച് ആത്മഹത്യയിലേക്ക് എത്താം. മരുന്നും തെറാപ്പിയും കൗണ്‍സലിംഗും ഒരുമിച്ചുള്ള ചികിത്സാരീതിയാണ് അഭികാമ്യം.

ഉത്കണ്ഠാരോഗങ്ങള്‍

നാലില്‍ ഒരാള്‍ക്ക് എന്ന തോതില്‍ ഇതു നമ്മുടെ സമൂഹത്തില്‍ കാണപ്പെടുന്നു. എന്തിനും ഏതിനും ഉത്കണ്ഠപ്പെടുക, വെപ്രാളം, ഭയം, വിറയല്‍, നെഞ്ചിടിപ്പ്, ഉറക്കക്കുറവ്, ക്ഷീണം, വിയര്‍പ്പ് എന്നിവ ഇവയുടെ പൊതുവെയുള്ള ലക്ഷണങ്ങളാണ്.

പല തരത്തിലുള്ള ഉത്കണ്ഠാരോഗങ്ങളുള്ളതിനാല്‍ ഓരോന്നിനും പ്രത്യേക ചികിത്സയും തെറാപ്പിയുമാണ് കൊടുക്കുന്നത്. മരുന്നുകള്‍ കഴിക്കുന്നതിലൂടെ മനസിന്റെ സമനില കൈവരിക്കാനാകും. അതിനാല്‍ കൗണ്‍സലിംഗ് മാത്രം മതി എന്നു ചിന്തിക്കരുത്. പല തരത്തിലുള്ള ബ്രീത്തിംഗ് വ്യായാമയങ്ങള്‍, റിലാക്‌സേഷന്‍ തെറാപ്പി, കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി, പെരുമാറ്റ ചികിത്സ എന്നിവയും ഫലപ്രദമാണ്. ശരിയായ ഒരു ആഹാരക്രമം ശീലിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, ലഹരി വസ്തുക്കളുടെ ഉപയോഗം ഉപേക്ഷിക്കുക, മറ്റുള്ളവരുമായി നിങ്ങളുടെ വികാരങ്ങള്‍ പങ്കുവയ്ക്കുക. ആവശ്യത്തിനും വിശ്രമം ചെയ്യുക, എന്നിവയും പ്രധാനപ്പെതാണ്.

3. മൂഡ് ഡിസോര്‍ഡര്‍

ഒരാളുടെ മൂഡ് എപ്പോഴും വ്യത്യാസപ്പെട്ടിരിക്കുക അഥവാ അയാളുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുന്ന രീതിയില്‍ വികാരക്ഷോഭങ്ങള്‍ അനുഭവപ്പെടുക എന്നതാണ് ഇതിന്റെ പ്രത്യേകത.

വിഷാദരോഗം, ബൈ പോളാര്‍ ഡിസോര്‍ഡര്‍, സീസണല്‍ അഫക്ട്‌സ് ഡിസോര്‍ഡര്‍, ആര്‍ത്തവത്തോട് അനുഭവബന്ധിച്ചുള്ള മൂഡ് പ്രശ്‌നങ്ങള്‍ എന്നിവ ഇതില്‍പ്പെടുന്നു.

കുറേക്കാലം വിഷാദവും കുറച്ചുകാലം ഉന്മാദവും ദേഷ്യവും വരുന്ന അവസ്ഥയാണ് ബൈ പോളാര്‍ ഡിസോര്‍ഡര്‍, എന്നാല്‍ രോഗി ഇതിനിടയിലുള്ള മാസങ്ങള്‍ സാധാരണ രീതിയിലായിരിക്കും. അക്രമാസക്തി, ദേഷ്യം, ഉറക്കക്കുറവ്, അമിതമായ ലൈംഗിക താല്‍പര്യം, സ്വയംനിയന്ത്രണമില്ലായ്മ, അമിതമായി പണം ചെലവഴിക്കുക തുടങ്ങിയ ഉന്മാദരേഗത്തിന്റെ ലക്ഷണങ്ങള്‍ പുറത്തുവരുമ്പോഴാണ് ഇവരെ ആളുകള്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍ ഇതിനോടനുബന്ധിച്ചുള്ള വിഷാദാവസ്ഥയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഇതിനു രണ്ടിനും കൃത്യമായി മരുന്നു കഴിച്ച് ജീവിതത്തെ ക്രമപ്പെടുത്തേണ്ടതുണ്ട്.


4. സൈക്കോട്ടിക് ഡിസോര്‍ഡര്‍

യാഥാര്‍ഥ്യബോധം വിട്ട് മിഥ്യാചിന്തകളിലേക്കും മിഥ്യാധാരണയിലേക്കും നടന്നു നീങ്ങുന്ന ഒരവസ്ഥയാണിത്. ഇതു വിരളമാണെങ്കിലും ചികിത്സിച്ചില്ലെങ്കില്‍ ജീവിതം തന്നെ കൈവിട്ടുപോകാം. സാധാരണയായി കൗമാരപ്രായത്തില്‍ത്തന്നെ ലക്ഷണങ്ങള്‍ തുടങ്ങും. സംശയരോഗങ്ങള്‍ മുതല്‍ ചിത്തഭ്രമം എന്നു പറയപ്പെടുന്ന സ്‌കീസോഫ്രീനിയ വരെ ഇതില്‍പ്പെടുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലവും ഈ രോഗം പിടിപെടാം.

അനാവശ്യമായ സംശയം, ഉറക്കക്കുറവ്, മിഥ്യാധാരണങ്ങള്‍, അര്‍ഥമില്ലാത്ത സംസാരം, ആരും സംസാരിക്കാതെ തന്നെ ചെവിയില്‍ ശബ്ദങ്ങള്‍ കേള്‍ക്കുക, തന്നെയിരുന്നു പിറുപിറുക്കുക, കൈകള്‍കൊണ്ടു വായുവില്‍ ആംഗ്യങ്ങള്‍ കാണിക്കുക, തന്നെയിരുന്നു ചിരിക്കുക, തന്റെ ചിന്തകള്‍ മറ്റുള്ളവര്‍ അറിയുന്നുവെന്നു പറയുക, തന്നെ മറ്റുള്ളവര്‍ നിയന്ത്രിക്കുന്നതായി തോന്നുക, അമിത ദേഷ്യം, സംശയത്തിനുമേലുള്ള ആക്രമണ സ്വഭാവം എന്നിവയാണ് ലക്ഷണങ്ങള്‍. ചിലപ്പോള്‍ രോഗിയെ കിടത്തി ചികിത്സിക്കേണ്ടിവന്നേക്കാം. മരുന്നു കൂടാതെ മറ്റൊരു ചികിത്സയും തുടക്കത്തില്‍ ഫലിക്കുകയില്ല. കൂടുതല്‍ രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ച അവസ്ഥയില്‍ ഷോക്ക് തെറാപ്പിയും നല്‍കാറുണ്ട്. രോഗലക്ഷണങ്ങള്‍ അല്‍പം ഒതുങ്ങിയതിനുശേഷം തെറാപ്പി, കൗണ്‍സലിംഗ്, കുടുംബാംഗങ്ങള്‍ക്കുള്ള ബോധവത്കരണം എന്നിവയും ഫലപ്രദമാണ്.


പ്രസവശേഷമുള്ള മാനസികരോഗങ്ങള്‍

ഗര്‍ഭകാലത്തും പ്രസവശേഷവും ശാരീരിക ഹോര്‍മോണുകളുടെ വ്യതിയാനം വരുമ്പോള്‍ മസ്തിഷ്‌ക്കത്തിലെ രാസവസ്തുക്കളുടെ അളവു മാറുന്നു. പ്രസവശേഷം വിഷാദരോഗം, ഉന്മാദരോഗം, ചിത്തഭ്രമം, ഉത്കണ്ഠ എന്നിവ വളരെ സാധാരണയായി കാണപ്പെടുന്നു. അതിനാല്‍ ചെറിയ മൂഡ് വ്യത്യാസങ്ങളും വികാരക്ഷോഭങ്ങളും പോലും കാര്യമായി നിരീക്ഷിക്കേണ്ടതാണ്. ഒരു സൈക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും സഹായം വേണം. അമ്മയ്ക്കും കുഞ്ഞിനും ദോഷമില്ലാത്ത മരുന്നുകള്‍ കഴിക്കുന്നതില്‍ തെറ്റില്ല. അവ അനിവാര്യമാണു താനും. കുടുംബത്തിന്റെ പിന്തുണയും കൗണ്‍സലിംഗും വളരെ ഗുണം ചെയ്യും.

മനസിനെ കൈവിടാതിരിക്കുക

ഒരാളുടെ മൂഡ്/ വികാരങ്ങളില്‍ പ്രകടമായ മാറ്റം കാണുകയാണെങ്കില്‍ അയാളെ ഡോക്ടറെ കാണിക്കണം. കുടുംബത്തിന്റെ പിന്തുണയും സ്‌നേഹവും അയാള്‍ക്ക് അനിവാര്യമാണ്. മരുന്നുകള്‍ കഴിക്കാതെ പ്രാര്‍ഥനയും ഭക്തിമാര്‍ഗവും മാത്രം മതി എന്നു ചിന്തിക്കരുത്. മരുന്നുകളോടൊപ്പം കൗണ്‍സലിംഗും തെറാപ്പിയും നല്‍കാം.

ഈ കാലഘട്ടത്തില്‍ എല്ലാവരും വലിയ മാനസികസമ്മര്‍ദത്തില്‍ കൂടി കടക്കുന്നുവെന്ന് തിരിച്ചറിയുക. ഇടയ്ക്ക് സുഹൃത്തുക്കളെ വിളിച്ചു സംസാരിക്കുക, നന്നായി ഇളംവെയില്‍ കൊള്ളുക, സമീകൃതാഹാരം പരിശീലിക്കുക, ചെറിയ ഹോബികളില്‍ ഏര്‍പ്പെടുക, ഈശ്വരചിന്തയും നല്ലതാണ്. സ്ഥിരമായി (നിങ്ങളുടെ ശരീരപ്രകൃതിക്ക് അനുസരിച്ച്) വ്യായാമം ചെയ്യുക. ജീവിതത്തെ പോസിറ്റീവായ മനോഭാവത്തോടുകൂടി നോക്കി കാണണം. ഈ പ്രതിസന്ധിയും കടന്നുപോകും, നാളെ ഇനിയും ജീവിതം പുതിയ പ്രതീക്ഷകള്‍ തരും എന്നു വിശ്വസിക്കുക. കുറച്ചുസമയം പ്രകൃതിയുമായി ചെലവഴിക്കണം. ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുക. ധാരാളം വെള്ളം കുടിക്കണം. ആവശ്യത്തിനു വിശ്രമിക്കുക.

നിങ്ങളുടെ മനസിലെ ചിന്തകള്‍ മറ്റുള്ളവരുമായി തുറന്നു സംസാരിക്കുക. നിങ്ങളെത്തന്നെ തിരക്കുളളവരാക്കണം. മടിയനായി കുത്തിയിരിക്കരുത്. മദ്യവും ലഹരിവസ്തുക്കളും ഉപേക്ഷിക്കണം. സഹായം ആവശ്യമുള്ളപ്പോള്‍ മറ്റുള്ളവരോടു ചോദിക്കുക. നിങ്ങളുടെ തിരക്കേറിയ ജീവിതത്തില്‍ നിന്ന് ചെറിയൊരു ഇടവേള എടുക്കണം. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുക. ഇഷ്ട വിനോദങ്ങളിലേര്‍പ്പെടുക. നിങ്ങളെത്തന്നെ വിലയുള്ളവരായി കരുതണം. നിങ്ങളുടെ ശാരീരികാരോഗ്യം സംരക്ഷിക്കുക. നിങ്ങളുടെ ജീവിതത്തിന്റെ നേട്ടങ്ങളൊക്കെ എഴുതിവയ്ക്കുക, ഇടയ്ക്ക് എടുത്തു നോക്കണം. എല്ലാം ശരിയാകും എന്ന് ഇടയ്ക്ക് പറയുക. നന്നായി ഉറങ്ങുക. ചിയോടെയുള്ള ഒരു ജീവിതരീതി പരിശീലിക്കാം. ചിരിക്കാനും ഫലിതങ്ങള്‍ പറയാനുമായി സമയം ചിലവഴിക്കുക. പുതിയ ചില കാര്യങ്ങള്‍ ചെയ്യുക. പുതിയൊരു കാര്യം പഠിക്കാനും ശ്രമിക്കണം. പരാജയ ഭീതി വേണ്ട. നല്ല ഉപദേശങ്ങള്‍ സ്വീകരിക്കുക.

നിങ്ങളുടെ മാനസികാരോഗ്യം നിങ്ങളുടെ കൈകളിലാണ്. എന്നാല്‍, സഹായം വേണ്ടിടത്ത് അതു ചോദിക്കാന്‍ മറക്കരുത്. ഓര്‍ക്കുക നിങ്ങളുടെ മാനസികാരോഗ്യം നിങ്ങള്‍ക്കും കുടുംബത്തിനും ഏറ്റവും വിലയേറിയ നിധിയാണ്. നിങ്ങള്‍ നിങ്ങളെത്തന്നെ പഴിചാരാതെ സ്വയം അംഗീകരിക്കുക. നിങ്ങള്‍ക്കു സന്തോഷം തരുന്നതും ചെയ്യുവാന്‍ കഴിവുള്ളതുമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതുവഴി നിങ്ങള്‍ക്കു ലഭിക്കുന്ന ഊര്‍ജം വലുതാണ്. മറ്റുളളവരെ കരുതുകയും സഹായിക്കുകയും ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്കു നിങ്ങളെത്തന്നെ മനസിലാക്കാനും ജീവിതത്തിന്റെ സര്‍ദങ്ങളെ അതിജീവിക്കാനുമുള്ള ശക്തി ലഭിക്കും. നിങ്ങളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും ലഭിക്കുന്ന പ്രവൃത്തികള്‍ കണ്ടെത്തി അതില്‍ വ്യാപൃതരാകുക. ശരിയായ മാനസികാരോഗ്യം നിങ്ങളെ തേടിവരും.

ഡോ. നതാലിയ എലിസബത്ത് ചാക്കോ
കണ്‍സള്‍ട്ടന്‍റ് സൈക്യാട്രിസ്റ്റ്, കോട്ടയം